വാഷിംഗ്ടണ്‍: കൊറോണ വെെറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ അമേരിക്കയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഏപ്രില്‍ 30 വരെ നീട്ടി. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് ഇക്കാര്യം അറിയിച്ചത്. അമേരിക്കയില്‍ മരണം 2400 കടന്നു. ന്യൂയോര്‍ക്കില്‍ മാത്രം 1000 പേര് മരിച്ചിട്ടുണ്ട്. അമേരിക്കയില്‍ ആകെ രോഗബാധിതരുടെ എണ്ണം 1,41,854 ആണ്.
ഇതോടെ സാമൂഹിക അകലം പാലിക്കല്‍ നിയന്ത്രണങ്ങള്‍ 30 ദിവസം കൂടി നീട്ടാന്‍ തീരുമാനിച്ചു. നിയന്ത്രണങ്ങളില്‍ ഇളവു വരുത്തുമെന്നും ഈസ്റ്റര്‍ പ്രമാണിച്ച് ഏപ്രില്‍ 12-ഓടെ രാജ്യം സാധാരണ നിലയിലേക്ക് എത്തുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. അതിനിടയിലാണ് നിയന്ത്രണം നീട്ടാന്‍ തീരുമാനിച്ചത്.
അടുത്ത രണ്ടാഴ്ചത്തേക്ക് കൂടി കൊറോണ ബാധിച്ചുള്ള മരണങ്ങള് അമേരിക്കയില്‍ തുടരുമെന്ന് ട്രംപ് പറഞ്ഞു. ജൂണോടെ വൈറസ് ബാധ യു.എസില്‍ നിയന്ത്രണവിധേയമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയില്ലെങ്കില്‍ യു.എസില്‍ രണ്ട് ലക്ഷത്തോളം ആളുകള്‍ കൊറോണ ബാധിച്ച് മരിക്കുമെന്ന് കൊറോണ വൈറസ് ടാസ്ക് ഫോഴ്സ് തലവന്‍ ഡോ.ആന്റണി ഫൗസി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് നിയന്ത്രണങ്ങള്‍ ദീര്‍ഘിപ്പിക്കാനുള്ള തീരുമാനമുണ്ടായതെന്നുമാണ് റിപ്പോര്‍ട്ട്.
അതേസമയം, ലോക രാജ്യങ്ങളില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം കുതിച്ചുയരുന്നു. ആകെ 7,21,584 പേരില്‍ വൈറസ് ബാധ സ്ഥിരീകരിച്ചു. 33,958 പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടു. ഇതുവരെ 1,49,122 പേര് രോഗമുക്തി നേടി. നിലവില്‍ 177 രാജ്യങ്ങളില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. വൈറസ് ബാധിതരുടെ എണ്ണത്തില്‍ യൂറോപ്പും അമേരിക്കയും ആണ് മുന്നിലുള്ളത്. യൂറോപ്പില്‍ മാത്രം രോഗബാധിതരുടെ എണ്ണം മൂന്നര ലക്ഷം കടന്നു. ഇറ്റലി- 97,689, സ്പെയിന്-80,110, ജര്‍മനി-62,095 എന്നിങ്ങനെയാണ് രാജ്യങ്ങള്‍ കണക്കുകള്‍.