Image

പ്രവാസികളും ജീവിച്ചു പോകട്ടെ (ബിന്ദു ഫെർണാണ്ടസ്)

Published on 29 March, 2020
പ്രവാസികളും ജീവിച്ചു പോകട്ടെ (ബിന്ദു ഫെർണാണ്ടസ്)
വാക്കുകൾ ആയുധങ്ങളാക്കി പോകുന്നത് നിവൃത്തി കെടുമ്പോഴാണ്.ചുറ്റുപാടുകൾ മുഴുവൻ ഒരാൾക്ക് എതിരായ് പോകുമ്പോഴാണ്.നിർബന്ധത്തിൻ്റെ മുൾമുനയിൽ നിർത്തി ചെയ്യാൻ ഇഷ്ടമില്ലാത്ത കാര്യങ്ങൾ ചെയ്യിക്കാൻ ശ്രമിക്കുമ്പോഴാണ് . ജന്മനാ ചിലർക്ക് കിട്ടുന്ന മഹത്തരമായ ഒരു കഴിവാണ് എഴുതാനുള്ള കഴിവ്. എന്നാൽ എന്നെ പോലെ ഉള്ള ചിലർക്ക് എഴുതുന്നത് മനസ് തുറക്കലാണ്. 

ലോകത്തിൽ കാണുന്ന പല കൊള്ളരുതായ്മകളും മനസിനെ വല്ലാതെ മുറിപ്പെടുത്തുമ്പോൾ .അനുഭവങ്ങളുടെ തീച്ചൂളയിൽ കൂടെ കടന്ന് പോയി പിന്നീട് തിരിഞ്ഞ് നോക്കുമ്പോൾ അതെത്ര തീക്ഷ്ണമായി സ്വന്തം ജീവിതത്തെ മാറ്റി മറിച്ചു എന്ന് കാണുമ്പോൾ .താൻ അനുഭവിച്ചത്.നേരിട്ടത് .കടന്ന് പോയത് .കണ്ട് മുട്ടിയത് വിവരിക്കാൻ ശ്രമിക്കുമ്പോൾ .അപ്പോഴാണ് മനസ്സിലെ വികാര വിചാരങ്ങൾ എഴുത്തുകളായി പരിണമിക്കുന്നത്.

സത്യമായും എഴുതുമ്പോൾ മനസ്സിൽ കെട്ടി നിൽക്കുന്ന ഭാരം ഒഴിഞ്ഞ് പോകുന്ന പ്രതീതിയാണ് .നമ്മളെ കേൾക്കാൻ ഒരാൾ ഉണ്ടെന്നത് എത്ര ആശ്വാസം പകരുന്നുവോ .അത് പോലെ തന്നെയാണ് നമ്മളെ വായിക്കാൻ ഒരാൾ എങ്കിലും ഉണ്ടാവുക എന്നത്.

അന്യരാജ്യത്ത് ജീവിക്കാൻ വന്നത് ഗതികേട് കൊണ്ട് തന്നെയാണ്. ഇന്നത് ഒരു അനുഗ്രഹമായി തോന്നുന്നു എങ്കിലും ഒറ്റപ്പെടലിൻ്റെ ഒരു പാടു തുരുത്തുകളിൽ കുരുങ്ങി കിടന്ന് സങ്കടപ്പെട്ട് കണ്ണീർ ഒഴുക്കിയ നാളുകളുണ്ട് ഓരോ പ്രവാസിക്കും .അത്തരത്തിൽ ഒറ്റപ്പെട്ട് പോയ ഒരു പ്രവാസിയുടെ നിലവിളികളാണ് എൻ്റെ പല എഴുത്തുകളും.... ഒരിക്കലും ഒരു എഴുത്തുകാരിയായ് അറിയപ്പെടണമെന്ന് ഞാൻ ആഗ്രഹിച്ചിട്ടില്ല.
 
ഒരു പാട്ട് ഞാൻ മീഡിയയിൽ ഷെയർ ചെയ്യുമ്പോൾ പോലും അതെൻ്റെ മനസ്സിൻ്റെ സന്തോഷത്തിനായ് ചെയ്യുന്നതാണ് . മുറ്റത്ത് വിടർന്ന പൂവ്.. അടുക്കള തോട്ടത്തിൽ ഉണ്ടായ കായ് ഇതിൻ്റെയൊക്കെ ഫോട്ടോ ഫേസ് ബുക്കിൽ ഇടുമ്പോൾ .. ലൈക്കുകൾ കിട്ടുന്നത് സന്തോഷം എങ്കിലും .വീണ്ടും വീണ്ടും ആ നിറങ്ങളിലേക്ക് ഫലങ്ങളിലേക്ക് നോക്കുമ്പോൾ മനസ്സിൽ സന്തോഷത്തിൻ്റെ വലിയ നിറവാണ് ഉണ്ടാകുന്നത്.

ഇന്നലെ അമേരിക്കയിലെ ഇ-മലയാളി  ഓൺലൈൻ പത്രത്തിൻ്റെ റെക്കോർഡ് ഷെയർ ആയിരുന്നു ഞാൻ എഴുതിയ ഒരു ആർട്ടിക്കിൾ എന്ന് അതിൻ്റെ നടത്തിപ്പുകാർ എന്നോട് പറഞ്ഞപ്പോൾ ഞാൻ സത്യത്തിൽ ഞെട്ടിപ്പോയി. അമേരിക്കയുടെ പല ഭാഗങ്ങളിൽ ഉള്ള അമേരിക്കൻ പ്രവാസികൾ ഇൻ ബോക്സിലൂടെ എന്നോട് നന്ദി അറിയിച്ചപ്പോൾ .സന്തോഷം കൊണ്ട് കണ്ണുനീർ .പൊടിഞ്ഞു .ഞാൻ എൻ്റെ വാക്കുകൾ തൊട്ടത് ഒരു പാട് നോവുന്ന അപമാന ഭാരം കൊണ്ട് തല കുനിഞ്ഞ് പോകുന്നു എന്ന് തോന്നിയ അനാവശ്യ പഴി കേട്ട അമേരിക്കൻ പ്രവാസികളുടെ ഹൃദയത്തെ കൂടെ ആയിരുന്നു എന്നറിഞ്ഞപ്പോൾ അഭിമാനം തോന്നി.

നാട് വിട്ട ഓരോ പ്രവാസിയും ഒരു ദിവസം ഒരിക്കൽ എങ്കിലും സ്വന്തം നാടിനെ ഓർക്കാതിരിക്കുന്നില്ല . പ്രാർത്ഥനയിൽ വിശ്വാസമുള്ള ഒരു പ്രവാസിയും തൻ്റെ ജന്മനാടിനെ തൻ്റെ പ്രാർത്ഥനയിൽ ചേർത്ത് നിർത്താതിരിക്കുന്നില്ല.പ്രവാസി
കൾ സ്വന്തം നാടിനെ സഹായിക്കും പോലെ സാമ്പത്തികമായി എത്ര പേർ സഹായിക്കുന്നുണ്ടാകും ?

നാട്ടിലെ ഓരോ ചലനം പോലും പ്രവാസി എത്ര ദൂരെയാണ് എങ്കിലും മണത്തറിയുന്നു എന്ന് എത്ര പേർ മനസ്സിലാക്കുന്നു ? സ്വന്തക്കാരെയും നാട്ടുകാരെയും സഹായിച്ച് സഹായിച്ച് സ്വന്തം കുടുംബം ജീവിതം കുളം തോണ്ടിയ പ്രവാസികൾ എത്രയുണ്ട്...?

പ്രവാസികൾ അതേത് നാട്ടിലായും മനുഷ്യരാണ് .സ്വന്തം സങ്കടങ്ങൾ ബുദ്ധിമുട്ടുകൾ അമർഷങ്ങൾ .അതൊക്കെ ആരോടെങ്കിലും ഒന്ന് പറഞ്ഞ് തീർക്കാൻ പോലും ഗതികേട് ഉള്ളവർ.അവരുടെ സങ്കടം തീർക്കാൻ.. സന്തോഷം പങ്കിടാൻ,അമർഷം തീർക്കാൻ,അനുഭവങ്ങൾ പങ്ക് വെക്കാൻ ,വാക്കുകൾ ചിലപ്പോൾ ആയുധങ്ങളാക്കും.,

ആരെയും മുറിപ്പെടുത്താനല്ല ആ വാക്കുകൾ. ഓരോ മനുഷ്യനും പോരാടുകയാണ്. ജീവിക്കാൻ . പ്രവാസികളും പോരാട്ടത്തിൻ്റെ പാതയിൽ തന്നെയാണ് . നാട്ടുകാർക്ക് മനസ്സിലാക്കാൻ പറ്റാത്ത അവർ അറിയാത്ത ഒരു പാട് പ്രയാസങ്ങളോട് പൊരുതിയാണ് ഓരോ പ്രവാസിയും ജീവിക്കാൻ അവരെ ആശ്രയിച്ചിരിക്കുന്ന കുടുംബങ്ങൾക്ക് താങ്ങാകാൻ പോരാടുന്നത് .അവരുടെ വികാര വിചാരങ്ങൾ പങ്ക് വെക്കാൻ അയൽപക്കം കുറവാണ് 
.
അന്യനാടുകളിൽ അപ്പോൾ അവർ മുഖ പുസ്തകത്തിൽ അവരുടെ വികാര വിചാരങ്ങൾ, വേദനകൾ, ആകാംക്ഷകൾ, അനുഭവങ്ങൾ, പകർത്തി പോകും. ആരെയെങ്കിലും അത് മുറിപ്പെടുത്തുന്നു എങ്കിൽ വിട്ട് കളയുക .പ്രവാസികളും ജീവിച്ച് പോകട്ടെ
പ്രവാസികളും ജീവിച്ചു പോകട്ടെ (ബിന്ദു ഫെർണാണ്ടസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക