Image

അഞ്ച് മിനിറ്റിനുള്ളിൽ കൊറോണ ഫലമറിയാം

പി.പി.ചെറിയാൻ Published on 29 March, 2020
അഞ്ച് മിനിറ്റിനുള്ളിൽ കൊറോണ ഫലമറിയാം

ന്യൂയോര്‍ക്ക്:അഞ്ചു മിനിറ്റിനുള്ളിൽ കൊറോണ വൈറസ് പരിശോധനാ ഫലമറിയാൻ കഴിയുന്ന  യന്ത്രം വികസിപ്പിച്ചതായി അമേരിക്കയിൽ പ്രവർത്തിക്കുന്ന അബോട്ട് ലബോറട്ടറീസ്. കയ്യിലെടുക്കാവുന്ന യന്ത്രത്തിൽ, കൊറോണ വൈറസ് പോസിറ്റീവാണെങ്കിൽ അഞ്ചു മിനിറ്റിനുള്ളിലും നെഗറ്റീവ് ആണെങ്കിൽ 13 മിനിറ്റിനുള്ളിലും അറിയാൻ കഴിയുമെന്നാണ് അബോട്ടിന്റെ അവകാശവാദം.

കൊറോണ വൈറസ് അതിവേഗത്തിൽ വ്യാപിക്കുന്ന സാഹചര്യത്തിൽ രോഗ സ്ഥിരീകരണം കഴിയുന്നത്ര വേഗം നടത്താൻ കഴിയുന്നത് കൊറോണക്കെതിരെയുള്ള പോരാട്ടത്തിൽ ലോകത്തിനാകമാനം വലിയ പ്രതീക്ഷ നൽകുമെന്നാണ് കരുതുന്നത്. പരീക്ഷണാടിസ്ഥാനത്തിലുള്ള ഉപയോഗത്തിന് ആരോഗ്യരംഗത്തുള്ളവർക്ക് ഉപകരണം ലഭ്യമാക്കാൻ യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ(എഫ്ഡിഎ) നിർമ്മിച്ച അബോട്ട് കമ്പനിക്ക് അടിയന്തര അനുമതി നൽകിയിട്ടുണ്ട്.

ഒരു ടോസ്റ്ററിന്റെ മാത്രം വലിപ്പമുള്ള ഉപകരണത്തിന്റെ പ്രവർത്തനം മോളിക്യുലാർ ടെക്നോളജി ഉപയോഗിച്ചാണ്. ഒരു പ്രത്യേക കേന്ദ്രത്തിലേക്ക് അയച്ച് ഫലത്തിനു കാത്തിരിക്കാതെ കൊറോണ ഹോട്ട്സ്പോട്ട് ആയ സ്ഥലങ്ങളിലെല്ലാം ഈ ഉപകരണം എത്തിക്കാൻ കഴിഞ്ഞാൽ രോഗികളെ കണ്ടെത്തി എളുപ്പം ക്വാറന്റൈൻ ചെയ്യാനും ചികിത്സ ആരംഭിക്കാനും കഴിയുമെന്നാണ് ഇതിന്റെ മറ്റൊരു നേട്ടമായി ലബോറട്ടറി അവകാശപ്പെടുന്നത്. അടിയന്തര ഉപയോഗത്തിനുള്ള അനുമതി മാത്രമേ നിലവിൽ എഫ്ഡിഎ നൽകിയിട്ടുള്ളൂവെന്നും അബോട്ട് കമ്പനി അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക