Image

പ്രിയമുള്ള ന്യൂയോര്‍ക്ക്… (ബിന്ദു ടിജി)

Published on 28 March, 2020
പ്രിയമുള്ള ന്യൂയോര്‍ക്ക്… (ബിന്ദു ടിജി)
മോഹത്തിന്റെ കൊടുമുടിക്കു ഞാന്‍ പണ്ടേ ഒരു പേര് ഇട്ടിരുന്നു "ന്യൂ യോര്‍ക്ക്." നിശ്ചലമായ സന്ധ്യകളിലും വിഭ്രമം നിറഞ്ഞ പ്രഭാതങ്ങളിലും മുറ്റത്ത് കോലങ്ങള്‍ വരച്ചിട്ട അഗ്രഹാരത്തെരുവ്  പോലെ  ചില ദൃശ്യങ്ങള്‍ കടന്നു വരും . ഈ ഓര്‍മ്മകള്‍ക്ക് “ഏഴാം കടലിനക്കരെ” യോളം പഴക്കമുണ്ട്. ഇന്നോളം മറക്കാനാവാത്ത അര്‍ത്ഥം  ചികഞ്ഞെടുക്കാന്‍ ഇതുവരെയാവാത്ത ഒരു സ്വപ്നത്തിന്റെ വിചിത്ര നിറങ്ങളുണ്ട് .

ടെലിവിഷന്‍  പ്രചാരമായിട്ടില്ലാതിരുന്ന കാലത്ത്  ലോക രാജ്യങ്ങളുടെ തെരുവുകളെ കുറിച്ച്  സ്വപ്നം കാണുകയോ ഒരുസിനിമയിലൂടെ ഏകദേശ രൂപം ലഭിക്കുകയോ മാത്രമായിരുന്നു മാര്‍ഗ്ഗം. വിദേശത്ത് ചിത്രീകരിച്ച സിനിമ വരുമ്പോഴൊക്കെ അച്ഛന്‍ ഞങ്ങളെ കൊണ്ടുപോകും. ഏഴാം കട ലിനക്കരെ വന്നപ്പോള്‍ ഇതാ ന്യൂയോര്‍ക്ക് കാണാം എന്ന ആവേശത്തില്‍ ഞങ്ങള്‍ പുറപ്പെട്ടു . 

“സുരലോക ജലധാര” കണ്ടതോടെ  നയാഗ്രയുടെ അടുത്ത് ചെല്ലണം  ആ വെള്ളത്തുള്ളികള്‍ ഒന്ന് കാണണം ...എന്ന കലശലായ മോഹം മനസ്സിലിട്ട് ഉറങ്ങി. സിനിമകള്‍ കണ്ടു വരുന്ന ദിവസം ആ സിനിമയുമായി ബന്ധപ്പെട്ട സ്വപ്നം കാണുക അക്കാലത്ത് പതിവാണ് . അന്ന് രാത്രി ഉറക്കത്തില്‍ ഞാന്‍ പറന്നത് ന്യൂയോര്‍ക്കിലേക്കായിരുന്നു. തിരക്ക് പിടിച്ച തെരുവുകള്‍ എനിക്ക് പരിചിതമായ ഇടുങ്ങിയ അഗ്രഹാര തെരുവുകള്‍ പോലെയും  നിറങ്ങളുടെ  ഉത്സവം അവിടെ നടക്കുന്നതായും ഞാന്‍ അവിടെ  ഓടിനടന്നു  കാലങ്ങളോളം വാങ്ങാന്‍ മോഹിച്ച നിറമുള്ള  ധാരാളം കുപ്പിവളകള്‍ വാങ്ങി എന്നുമായിരുന്നു ആ സ്വപ്നം. 

പല സ്വപ്ന ങ്ങളും കാണുന്നതിന്റെ പിറ്റേന്ന് തന്നെ മറന്നു പോകലാണ് പതിവ്. പക്ഷേ ഈ ദൃശ്യങ്ങള്‍ മാത്രം െ്രെപമറി സ്കൂള്‍ പ്രായം തൊട്ടിന്നു വരെ മായാതെ മനസ്സില്‍ നില്‍ക്കുന്നു.  ആ സ്വപ്നത്തിന്റെ അര്‍ത്ഥങ്ങള്‍ പലപ്പോഴും മനസ്സറിയാതെ തിരഞ്ഞും മറന്നും കാലങ്ങള്‍ കടന്നു പോയി അന്ന് മുതല്‍ ന്യൂയോര്‍ക്ക് ഒരു സ്വപ്നലോകമായി മനസ്സിലുണ്ട് .

പിന്നീട് രണ്ടു വട്ടം ആ മഹാനഗരം കാണാന്‍ ഭാഗ്യം കിട്ടി. അതോടൊപ്പം നയാഗ്രയും ആ സ്പടിക തെളിമയുള്ള ജലകണങ്ങളും. മതിയാവോളം ആ ജലധാര നോക്കി നിന്നു. ടൈംസ് 
 സ്ക്വയറില്‍ ഒരു സായാഹ്നം മുഴുവന്‍ ചെലവഴിച്ചിട്ടും കണ്ണ് തുറന്നു നഗരം ദര്‍ശിച്ചിട്ടും ഇന്നും എനിക്ക് ന്യൂയോര്‍ക്ക് കുഞ്ഞിലേ കണ്ട സ്വപ്നമായി തന്നെ ഹൃദയത്തില്‍ നില്‍ക്കുകയായിരുന്നു . 

പക്ഷേ ഈ ദിവസങ്ങളിലെ ടെലിവിഷന്‍ ദൃശ്യങ്ങള്‍ ആ സ്വപ്നം മായിച്ചു കളയും പോലെ ഒരു തീവ്ര വേദന.  ദുഃഖങ്ങളുടെ നേര്‍ കാഴ്ചയില്‍ അന്ന് കണ്ട നിറകാഴ്ചകള്‍ മങ്ങുന്നു. ഉടഞ്ഞ കുപ്പിവളപൊട്ടുകള്‍ നെഞ്ചില്‍ തുളച്ചുകയറുന്നു. പ്രിയമുള്ള ന്യൂയോര്‍ക്ക് നീ വേഗം ശാന്തമാകുക. നിനക്ക് വര്‍ണ്ണകുപ്പായങ്ങളും വെള്ളിവെളിച്ചവും മതി. കണ്ണീരിന്റെ കരിമ്പടം നീക്കി നീ തിരിച്ചു വരിക .. അതിവേഗം….ചിരിയില്‍ കുളിച്ച്. ലോകം മുഴുവന്‍ നിന്നെ സ്‌നേഹിക്കുന്നു ... കാത്തിരിക്കുന്നു .

Join WhatsApp News
Sudhir Panikkaveetil 2020-03-29 16:03:45
തന്റെ സ്വപ്ന നഗരിയായ ന്യുയോർക്കിനെ അകലെയിരുന്നു സ്നേഹിക്കയും ഇപ്പോൾ ആ നഗരം കടന്ന്പോകുന്ന വ്യാകുലവസ്ഥയിൽ സങ്കടപ്പെടുകയും ചെയ്യുന്ന ഒരു എഴുത്തുകാരിയുടെ മനോവികാരങ്ങൾ ഒരു ഗദ്യകവിതപോലെ കുറിച്ചിരിക്കുന്നു. ഇവിടെ സ്വാതന്ത്ര്യത്തിന്റെ ഒരു പ്രതിമയുണ്ട് എല്ലാവരെയും സ്വാഗതം ചെയ്തു നിൽക്കുന്നു. കൊറോണ വൈറസുകൾ പൂർണ്ണമായി സംഹരിക്കപ്പെടുമ്പോൾ ഈ നഗരം വീണ്ടും സന്ദർശിക്കുക.
Rajeev 2020-03-30 00:33:18
ബിന്ദു , പ്രിയ നാട്ടുകാരീ .. ഗദ്യകവിത പോലുള്ള ഈ എഴുത്ത് ഹൃദയത്തിൽ തട്ടി . ഇവിടെ ന്യൂ ജേഴ്‌സിയിൽ താമസിച്ചു ന്യൂയോർക്കിൽ ജോലി ചെയ്തു വരുന്ന എനിയ്ക്ക് അതിന്റെ ഇരട്ടി ഹൃദയവികാരമെന്നു കൂട്ടിക്കോളൂ . ന്യൂയോർക്കിൽ താമസിയ്ക്കുന്ന സഹപ്രവർത്തകരുടെ അവസ്ഥ പറയേണ്ട കാര്യമില്ലല്ലോ ....അതിജീവിയ്ക്കും ...നഷ്ടങ്ങൾ ഉണ്ടാകും ..പക്ഷെ അതിജീവിയ്ക്കും ..ന്യൂയോർക്ക് ഉയർത്തെഴുന്നേൽക്കും. കാത്തിരിയ്ക്കുക ..നന്ദി ...സ്നേഹം .. രാജീവ്
Bindu Tiji 2020-03-30 10:19:45
ഞാൻ എഴുതിയതെല്ലാം സത്യമാണ് .... വേദന യാണ് . എഴുതാത്ത ന്യൂയോർക്ക് ഇനിയുമുണ്ട് .. എന്നെങ്കിലും ഇനിയും എഴുതുമായിരിക്കും . രണ്ടാൾക്കും നന്ദി ....be safe
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക