Image

കൊറോണ : ത്വരിത ടെസ്റ്റ് മെഷീന്‍ ജര്‍മനി കണ്ടുപിടിച്ചു

Published on 26 March, 2020
 കൊറോണ : ത്വരിത ടെസ്റ്റ് മെഷീന്‍ ജര്‍മനി കണ്ടുപിടിച്ചു


ബര്‍ലിന്‍: കോവിഡ് 19 എന്ന മഹാമാരിയില്‍ ലോകം ഭീതിയില്‍ കഴിയുന്‌പോള്‍ വൈറസുണ്ടോ എന്നു പരിശോധിച്ചു ഫലം വെളിവാക്കുന്ന ഉപകരണം ജര്‍മനിയില്‍ വികസിപ്പിച്ചെടുത്തു. വെറും രണ്ടര മണിക്കൂറിനുള്ളില്‍ കൊറോണ ബാധയുടെ ഫലം വ്യക്തമാക്കുന്ന മെഷീന്‍ ഏപ്രില്‍ ആദ്യം മാര്‍ക്കറ്റുകളില്‍ ലഭ്യമാക്കുമെന്നും കന്പനി ചെയര്‍മാന്‍ ഡോ. വോള്‍ക്കര്‍ ഡെന്നര്‍ അറിയിച്ചു.

ആഗോള തലത്തില്‍ ഓട്ടോമോട്ടീവ് മേഖലയിലെ കന്പനി ഭീമനായ ജര്‍മനിയിലെ സ്റ്റുട്ട്ഗാര്‍ട്ട് ആസ്ഥാനമായുള്ള ബോഷ് കന്പനിയുടെ മെഡിക്കല്‍ ടെക്‌നോളജി വിഭാഗമാണ് ടെസ്റ്റ് മെഷീന്‍ വികസിപ്പിച്ചെടുത്തത്. വൈറസ് പരിശോധന വേഗത്തിലും സുരക്ഷിതമായും നടത്തുമെന്നാണ് പരന്പരാഗത ജര്‍മന്‍ കന്പനിയായ ബോഷ് അവകാശപ്പെടുന്നത്.

കൊറോണ രോഗിയുടെ മൂക്കില്‍ നിന്നോ തൊണ്ടയില്‍ നിന്നോ ഒരു
ചോപ്സ്റ്റിക്ക്(രവീുെശേരസ) ഉപയോഗിച്ച് സാന്പിള്‍ എടുത്ത് പരിശോധനയ്ക്ക് ആവശ്യമായ എല്ലാ ഘടകങ്ങളും സജ്ജീകരിച്ച് ഒരു കാര്‍ട്രിഡ്ജ് വഴി ഉടനടി വിശകലന ഉപകരണത്തില്‍ ചേര്‍ത്തുവെച്ചാണ് ലാബില്‍ ടെസ്റ്റ് നടത്തുന്നത്.

ഉപയോക്തൃ സൗഹൃദമായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ടെസ്റ്റ് മെഷീനില്‍ പരിശോധന നടത്താന്‍ വിദഗ്ധരുടെ ആവശ്യം വേണ്ടെന്നാണ് കന്പനി പറയുന്നത്. 

24 മണിക്കൂറിനുള്ളില്‍ ഒരു ഉപകരണത്തിന് പത്ത് ടെസ്റ്റുകള്‍ വരെ നടത്താന്‍ കഴിയും. വിവിധ ലബോറട്ടറികളിലും സ്റ്റട്ട്ഗാര്‍ട്ടിലെ റോബര്‍ട്ട് ബോഷ് ഹോസ്പിറ്റലിലും ഇതുവരെ ഏതാനും ഡസന്‍ അനലൈസറുകള്‍ ഉണ്ട്. ഉപകരണങ്ങളുടെ ഉല്‍പാദനത്തിനായി സ്റ്റുട്ട്ഗാര്‍ട്ടിലെ വൈബ്ലിംഗെനിലുള്ള മെഡിക്കല്‍ ടെക്‌നോളജി ലൊക്കേഷനില്‍ ശേഷിയുണ്ടന്നും കന്പനി വ്യക്തമാക്കുന്നു.

നിലവില്‍ കൊറോണ ടെസ്റ്റിന്റെ ഫലം പുറത്തുവരണമെങ്കില്‍ 24 മുതല്‍ 48 മണിക്കൂര്‍ വരെ സമയം ആവശ്യമായിരിക്കെ, ഇപ്പോഴത്തെ അടിയന്തര ഘട്ടത്തില്‍ ബോഷ് കന്പനിയുടെ കണ്ടുപിടുത്തം ആശങ്കയിലായിരിക്കുന്ന ആഗോള ജനതയ്ക്ക് അല്‍പ്പം ആശ്വാസം പകരുന്നതാണ്.

വൈറസിനെതിരായ പോരാട്ടത്തിലെ നിര്‍ണായക ഘടകങ്ങളിലൊന്നാണ്
സമയം. കൊറോണ അണുബാധകള്‍ക്കായി ബോഷ് കന്പനി ദ്രുത പരിശോധന ടെസ്റ്റ് മെഷീന്‍ വികസിപ്പിച്ചെടുത്തത് സമയവും പണവും ലാഭിക്കാമെന്നും കന്പനി പറയുന്നു. രണ്ടര മണിക്കൂറിനുള്ളില്‍ അണുബാധ തിരിച്ചറിയാന്‍ കഴിയും എന്നതാണ് ഇതിന്റെ പ്രത്യേകത.
ദ്രുതഗതിയിലുള്ള പരിശോധനകള്‍ ലോകാരോഗ്യ സംഘടനയുടെ ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിച്ചാണ് നിര്‍മിച്ചതെന്നും കന്പനി പറയുന്നു.

ഇതുവരെയായി വൈറസിനെതിരെയുള്ള ശക്തമായ പോരാട്ട വിപ്‌ളവത്തിന്റെ അന്തിമ വിജയമായി ഈ കണ്ടുപിടുത്തത്തെ ലോകം വിശേഷിപ്പിച്ചു.
1886 ല്‍ സ്ഥാപിതായ ബോഷ് കന്പനിയില്‍ ആഗോള തലത്തില്‍ 4,09,900
ജോലിക്കാരാണുള്ളത്. സ്റ്റുട്ട്ഗാര്‍ട്ടിലെ ബോഷ് കന്പനിയില്‍ ഒട്ടനവധി മലയാളികളും ജോലി ചെയ്യുന്നുണ്ട്. 78 മില്ല്യാര്‍ഡ് യൂറോ വിറ്റുവരവുള്ള ബോഷ് ജര്‍മനിയുടെ മറ്റൊരു ഐക്കണ്‍ കൂടിയാണ്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക