Image

സർക്കാരങ്ങന്യൊക്കെ പറയും. സത്യം പറഞ്ഞോളീ....ങ്ങക്ക് പേടീണ്ടോ? (പ്രസന്ന ജനാർദ്ദൻ)

Published on 25 March, 2020
സർക്കാരങ്ങന്യൊക്കെ പറയും. സത്യം പറഞ്ഞോളീ....ങ്ങക്ക് പേടീണ്ടോ? (പ്രസന്ന ജനാർദ്ദൻ)
'ഭീതി വേണ്ട; കരുതല്‍ മതി'
"സർക്കാരങ്ങന്യൊക്കെ പറയും. സത്യം പറഞ്ഞോളീ. ങ്ങക്ക് പേടീണ്ടോ?"
"അങ്ങനെ ചോയ്ച്ചാൽ.. ബടെ പ്പോ ഞാനും ഓളൂല്ലേ വയസ്സായതായിട്ട്? ഓള്ക്ക് ലേശം വലിവിൻ്റെ അസുഖം ണ്ടല്ലോ. ഇനിയ്ക്കാണെങ്കി നാലഞ്ചു വർഷായിട്ട് പ്രഷറിൻ്റെ ഗുളികേം ണ്ട്.''

"അയിനിപ്പോ ങ്ങള് പൊറത്ത്യ്ക്കൊന്നും എറങ്ങ്ണില്ലല്ലോ."

"അദ് ശര്യാണ്. പ്പോ രമണീം തൊഴിലൊറപ്പിന് പോണത് നിർത്തി. സ്വാതിയ്ക്ക് സ്ക്കൂളൂല്ല. ദാസൻ ഈ വർഷം എന്തായാലും വരൂല്ലല്ലോ. ഞാളാരും പൊറ്ത്തിയ്ക്കെറങ്ങാറേ ല്ല.''

"അപ്പൊ വീട്ട്ത്തെ കാര്യം?''

''അയിനിപ്പോ ഞങ്ങക്ക് വല്യേ ധൂർത്തൊന്നൂല്ലെയ്. രമണീടേല് ഇട്ത്ത് വെച്ച കാശോണ്ട് പലേരക്ക് സാമാനം ഒന്നിച്ച് കൊറച്ച് വാങ്ങി. പിന്നെ, ഓനയച്ച കാശ് ത്തിരി ബാങ്കിലിടാതെ കയ്യില്ണ്ട്. പിന്നേ... എടയ്ക്കൊന്ന് മുക്കവല വരെ നടന്ന് കടേപ്പോയിരുന്നതായിരുന്നു ഞാനാകെ ചെയ്തിര്ന്നത്. അതു നിന്നു."

"ദാസനെന്ത് പറേണു?"

"ഓനിപ്പോ പണീ ണ്ട്. പക്ഷേ, എപ്പ വേണെങ്കിലും ഓഫീസു പൂട്ടുംന്നാണ് പറേണത്. ഓനതൊന്നും പേടില്ല. പട്ടിണിക്കാലൊന്നും നമ്മക്ക് പുത്തരിയല്ലാന്ന്. മീനും പാലും നിർത്തീല് സ്വാതിയ്ക്കാ വല്യ സങ്കടം. പക്ഷെ, തൊക്കെ ജീവിതത്തില് അറിഞ്ഞ് പോകണ്ട പാഠങ്ങളല്ലേ?"

"അപ്പൊ ങ്ങള് കംപ്ലീറ്റ് ഓക്ക്യാണ്. ല്ലേ?"

"അയെങ്ങന്യാടാ? ഇത്ര അട്ത്ത് ണ്ടായ അന്നെന്നെ പ്പൊ മൊഖത്തോടുമൊഖം കാണാമ്പറ്റ്വോ? ഫോണിലല്ലേ?"

"അദൊക്കെ ഈയൊരു രണ്ടുമൂന്നാഴ്ച കഴിഞ്ഞാ കാണാലോ ഉത്തമേട്ടാ. കൊറോണ്യൊക്കൊന്ന് മാറട്ടെ."

"അദാണിൻ്റെയൊരു വെഷമം. ഞങ്ങളെപ്പോലെ പത്തമ്പത്തഞ്ചു കഴിഞ്ഞോര്യൊന്നും നി യ്യൊന്നും കാണല്ണ്ടാവില്ല. ഓള്ക്കാണെങ്കീ പണ്ടേ ആസ്മ.. ഓളില്ലാതെ ഞാനില്ലെടാ. അതൊറപ്പാ."

"അദെന്താ ഉത്തമേട്ടാ ങ്ങള് അങ്ങനെ പറഞ്ഞത്?"

"ന്നാലും ചാനലിലൊക്കെ എപ്പഴും പറയിണ്ടെടാ. ഇറ്റലീലൊക്കെ പ്രായായോര് മുഴോനെ ചത്തില്ലേ?"

"അദ്  ശര്യാണ്. ങ്ങളൊക്കെ സൂക്ഷിക്കണം. വയസ്സമ്മാരൊക്കെ വട്യാവുംന്നാ ന്യൂസിലൊക്കെ പറയ്ണദ്. ഞങ്ങളെപ്പോലെ ള്ളോർക്കൊന്നും ഒന്നും പേടിയ്ക്കാനില്ല."

"അദെന്താടാ യ്യ് അങ്ങനെ പറയ്ണദ് ? അണക്ക് അച്ഛനുമമ്മേംണ്ടെങ്കി യ്യ് ങ്ങനെ പറയ്വോ?"

"ദ് പ്പൊ ഞാമ്പറഞ്ഞതല്ലല്ലോ. എല്ലാരും പറയ് ണ്ട്. പേപ്പറിലും ന്യൂസിലുമൊക്കെ ള്ളദല്ലേ?"

"സഹജീവികളോട് ത്തിരി കരുണ വേണെടാ. അൻ്റെ പ്രായല്ലേ ഞങ്ങടെ ദാസൻ? ഓനെന്താ പറഞ്ഞത് ന്നറിയ്യോ? ഒരൂസം അര മണിക്കൂറിലധികം ന്യൂസു കാണാമ്പാടില്ലെന്ന് നിയമം വെച്ചിരിയ്ക്കാണ്. ഞങ്ങള് എല്ലാരും കൂട്യാണ് പ്പൊ എല്ലാ പണീം. ന്ന്ട്ട് പണി തീർന്ന് എല്ലാരും കൂടി ടീവീല് ദിവസം ഒന്നോ രണ്ടോ സിനിമ കാണും. ജന്തുക്കൾടെ ചാനലും സഞ്ചാരോം ഒക്കെ കാണാം. വാർത്ത മാത്രം രാവിലെ ഒന്നു വെക്കും. രാത്രി ഓൻ വിളിക്കും. പ്പൊ പണ്ടത്തേക്കാൾ കൂടുതല് നേരം ഓരോരുത്തരോടും സംസാരിക്കും. രമണി സ്വാതീനെ കെളയ്ക്കാൻ പഠിപ്പിച്ചു. ഓള് ഏഴിലല്ലേ? ഇന്നാള് തുന്നൽ പഠിയ്ക്കേണ് ന്ന് പറഞ്ഞ് ൻ്റെ തോർത്തിൻ്റെ അരികൊക്കെ കളറ് നൂലോണ്ട് തുന്നിത്തന്നു. ദാസനാണെങ്കി ഓളെ ഞാൻ തെങ്ങ് കേറ്റം പഠിപ്പിയ്ക്കണം ന്ന്. ഇപ്പൊ കൊറച്ച് നേരം അദും പഠിപ്പിയ്ക്കും. വെറുതേ ന്യൂസും കണ്ട് പ്രാന്ത് പിടിച്ചാ എന്താ ഗുണംന്നാ ഓൻ ചോദിയ്ക്കാ. ഞങ്ങള് തത്കാലം പൊറത്തെറങ്ങില്ല. കൊറോണ കഴിഞ്ഞാലും ദൈവം സഹായിച്ച് മ്മള് ബടെ ത്തന്നെ ണ്ടാവും. യ്യ് വരണം. സ്വാതി എളനീരിട്ടു തരും. ഞങ്ങള് നല്ലോണം ശ്രദ്ധിയ്ക്ക്ണ് ണ്ടെടാ. അപ്പൊ വെയ്ക്കട്ടെ. കൊറോണ കഴിഞ്ഞിട്ട് കാണാ. യ്യ് വലി നിർത്താത്തോണ്ട് ഒന്ന് ശ്രദ്ധിച്ചോട്ടോ. ആർക്കാ എന്താന്ന് ദൈവത്തിനറയാം.''
..............................
...................

പ്രതിരോധം വേണം. ശ്രദ്ധ വേണം. മുൻകരുതലുകളും മുന്നറിയിപ്പുകളുമാകാം. പക്ഷെ, ഭീതി വേണ്ട. ഭയപ്പെടുത്തുകയുമരുത്.
കുറച്ച് ഭീതിയൊക്കെ ഉള്ളവർ തുടർച്ചയായി വാർത്ത കാണുന്നത് ഒഴിവാക്കണം. പ്രത്യേകിച്ചും പ്രായമായവരും മറ്റ് ആരോഗ്യ പ്രശ്നങ്ങളുള്ളവരും ഉത്കണ്ഠാരോഗങ്ങളിലേയ്ക്കു വീണു പോകാതിരിയ്ക്കാൻ കൂടെയുള്ളവർ ശ്രദ്ധിയ്ക്കണം. മരണമാണു തൊട്ടു മുൻപിൽ എന്ന ചിന്ത ഉണ്ടാക്കി അവരെ കൊലക്കയർ കാത്തു കഴിയുന്ന കുറ്റവാളികളുടെ മാനസികാവസ്ഥയിലേയ്ക്ക്  കൊണ്ടുവരാതിരിയ്ക്കുക. സമൂഹത്തെ നന്നാക്കാൻ കാത്തു നിൽക്കാതെ തത്കാലം ഇപ്പോൾ നാം നന്നാകുക. അഹങ്കാരമില്ലെങ്കിലും ആത്മവിശ്വാസത്തോടെ ഇരിയ്ക്കുക.

സർക്കാരങ്ങന്യൊക്കെ പറയും. സത്യം പറഞ്ഞോളീ....ങ്ങക്ക് പേടീണ്ടോ? (പ്രസന്ന ജനാർദ്ദൻ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക