Image

എന്തിനാണീ ജോലി ചെയ്യുന്നത്? ( ശിവകുമാർ)

Published on 25 March, 2020
എന്തിനാണീ ജോലി ചെയ്യുന്നത്? ( ശിവകുമാർ)
'ഇനിയും വയ്യ, മടുത്തു ഈ ജോലി. വേറെ എന്തെങ്കിലും നിവൃത്തിയുണ്ടായിരുന്നെങ്കിൽ...
രാവിലെ എണീക്കുമ്പോൾ തന്നെ, 'ഇന്നും ആ നശിച്ച ജോലിക്ക് പോകണമല്ലോ... വല്ല ഹർത്താലോ ചുഴലിക്കാറ്റോ ഭൂകമ്പമോ വന്നിരുന്നെങ്കിൽ ഇന്നൊരു ദിവസമെങ്കിലും സമാധാനം ഉണ്ടായേനേ ' എന്നു ചിന്തിക്കുന്ന ധാരാളം ആളുകൾ നമുക്കിടയിലുണ്ട്.

അവർക്കായി സ്ട്രെസ് മാനേജ്മെൻറ് ടിപ്സ് മുതൽ യോഗ വരെ പലതും നിർദ്ധേശിക്കപ്പെടുന്നതും പലരും അതൊക്കെ പരീക്ഷിക്കുന്നതും സാധാരണ കണ്ടുവരുന്നതാണ്.

എന്റെ മാനേജ്മെൻറ് ശൈലിയിലെ ആദ്യ പരിഗണന തന്നെ എനിക്ക് റിപ്പോർട്ട് ചെയ്യുന്ന ഒരു സ്റ്റാഫ് പോലും ഇത്തരമൊരു മനോഭാവത്തോടെ ജോലിയെ സമീപിക്കരുതെന്നാണ്. അതവരോട് പറയുകയും ഇടവേളകളിൽ അക്കാര്യം ഉറപ്പുവരുത്തുകയും ചെയ്യാറുണ്ട്.

തൊഴിൽ സംതൃപ്തി ഒട്ടുമില്ലാത്ത സാഹചര്യത്തിലാണ് ഇത്തരം മനോഭാവം ഉടലെടുക്കുന്നത് എന്ന് സാമാന്യമായി പറയാം. എന്നാൽ എന്താണ് തൊഴിൽ സംതൃപ്തി എന്നു ചോദിച്ചാൽ മിക്കവരും മേൽപോട്ട് നോക്കുകയും ചെയ്യും.

എന്തിനാണ് ജോലി ചെയ്യുന്നത് എന്ന് ചോദിച്ചാൽ, ശമ്പളത്തിന് വേണ്ടിയാണ് എന്നതാണ് മിക്കവാറും ആളുകൾ കരുതിയിരിക്കുന്നത് എന്ന് മനസ്സിലാക്കാൻ കഴിയും.

ജീവിതവൃത്തിക്കുള്ള ധനം മാത്രമല്ല തൊഴിലിൽ നിന്നും നമ്മുക്ക് ലഭിക്കുന്നതെന്ന് ഒരൽപം ചിന്തിച്ചാൽ മനസ്സിലാക്കാനാവും.

ശമ്പളത്തിനപ്പുറം, തൊഴിൽ നമ്മുക്ക് നൽകുന്ന ഒന്നാണ് സാമൂഹിക അംഗീകാരം. ഏത് തൊഴിൽ ചെയ്യുന്നയാൾക്കും സമൂഹത്തിൽ ഒരു നിലയുണ്ട്. തൊഴിലില്ലായ്മ രൂക്ഷമായിരുന്ന കാലത്ത് ജീവിച്ചവർക്ക് അത് നന്നായി അറിയാം.

നമ്മൾ വിദ്യാഭ്യാസത്തിലൂടെ ആർജ്ജിച്ച അറിവുകൾ, കഴിവുകൾ എന്നിവ പ്രയോഗത്തിൽ കൊണ്ടുവരാനുള്ള അവസരമാണ് തൊഴിൽ നമ്മുക്ക് തരുന്നത് എന്നുകൂടി നാം മനസ്സിലാക്കണം. തൊഴിൽ സംബന്ധമായ കാര്യങ്ങളിൽ അറിവും നൈപുണ്യവും വിപുലപ്പെടുത്താനുള്ള സാഹചര്യം മിക്ക തൊഴിലുകളും സൃഷ്ടിക്കുന്നുമുണ്ട്.

നമ്മുടെ പ്രവൃത്തി പരിചയം, ആശയ വിനിമയശേഷി, വ്യക്തികളുമായി ഇടപഴകാനുള്ള കഴിവ്, നേത്യത്വപാടവം, പ്രശ്നങ്ങളെ അഭിമുഖീകരിക്കാനും പരിഹരിക്കാനുമുള്ള ആർജ്ജവം, സമൂഹത്തിലെ വിവിധ തലങ്ങളിലുള്ള, വിവിധ പ്രായങ്ങളിലുള്ള ആളുകളുമായി ബന്ധപ്പെടാനുള്ള അവസരം, പുതിയ സൗഹൃദങ്ങൾ സൃഷ്ടിക്കാനുള്ള സാദ്ധ്യതകൾ, പുതിയ കാര്യങ്ങൾ പഠിക്കാനും പ്രയോഗിക്കാനുമുള്ള സാഹചര്യം തുടങ്ങി എണ്ണിയാലൊടുങ്ങാത്ത പ്രയോജനങ്ങൾ തൊഴിലിലൂടെ നമ്മുക്ക് കൈവരുന്നുണ്ട് എന്ന് അധികമാരും മനസ്സിലാക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം.

ഇക്കാര്യങ്ങൾ മനസ്സിലാക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യുമ്പോൾ മാത്രമേ, ഒരാൾ പൂർണ്ണമായ അർത്ഥത്തിൽ ജോലി ചെയ്യുന്നു എന്നു പറയാനാവു.

മറിച്ച് മാസാവസാനം കിട്ടുന്ന ശമ്പളം മാത്രം മുന്നിൽ കണ്ടാണ് ജോലി ചെയ്യുന്നതെങ്കിൽ ജോലി വിരസമാവുമെന്നു മാത്രമല്ല പലപ്പോഴും ക്ലേശകരവുമാവും.

തൊഴിലിന് ശമ്പളത്തിനപ്പുറം നൽകാനാവുന്ന സാദ്ധ്യതകൾ കൂടി പരിഗണിച്ചു നോക്കിയാൽ തൊഴിലിനോടുള്ള നമ്മുടെ മനോഭാവത്തിൽ മാറ്റം വരുന്നത് കാണാം. നമ്മെ നവീകരിക്കാൻ, നമ്മുടെ കഴിവുകളെ മെച്ചപ്പെടുത്താൻ കിട്ടിയ നല്ലൊരു അവസരമായി തൊഴിലിനെ കണ്ടു തുടങ്ങിയാൽ, ജോലി സമയം തീരാനുള്ള കാത്തിരിപ്പും മുഷിപ്പും, സന്തോഷത്തിനും ഉത്സാഹത്തിനും വഴി മാറുന്നത് അനുഭവിച്ചറിയാൻ കഴിയും.

ജോലിയോടുള്ള നമ്മുടെ കാഴ്ചപ്പാടിൽ, മനോഭാവത്തിൽ മാറ്റം വന്നാൽ പകുതിയിലധികം പ്രശ്നങ്ങളും തീരും.

പക്ഷേ, പ്രശ്നങ്ങൾ ഇക്കാര്യം കൊണ്ട് പൂർണ്ണമായി അവസാനിക്കണമെന്നില്ല. സഹപ്രവർത്തകർ പാരകളാണെങ്കിലോ, ബോസ് ഒരു കീറാമുട്ടിയാണെങ്കിലോ കാര്യം കുഴഞ്ഞില്ലേ?
തൊഴിലിടത്തിൽ സമാധാനമുണ്ടാവുകയില്ലല്ലോ.

പലപ്പോഴും, പല സ്ഥാപനങ്ങളിലും, കൃത്യമായി ജോലിക്ക് വരാത്ത, അല്ലെങ്കിൽ കൃത്യസമയത്തിന് ഹാജരാകാത്ത , ചില കേസുകളിൽ മദ്യപിച്ച് പോലും ജോലിക്കെത്തുന്ന, ചില ആളുകളെ ഇഷ്ടക്കുറവോടെ തന്നെ അധികാരികൾ സഹിക്കുന്നത് കാണാൻ കഴിയും. 99% വും അവരുടെ ജോലിയിലുള്ള മിടുക്കും വൈദഗ്ദ്യവും തന്നെയായിരിക്കും ഇതിനുള്ള കാരണം.

അതായത്, സ്വന്തം ജോലി അഥവാ ഏൽപ്പിക്കുന്ന പണി കൃത്യമായും, പെർഫക്ടായും, ചെയ്യുന്ന ആളുകൾ അധികാരികൾക്ക് എന്നും സ്വീകാര്യരാണ് എന്നു ചുരുക്കം.

ഇതിൽ നിന്നും മനസ്സിലാക്കേണ്ടത്, നിങ്ങളുടെ ജോലിയിൽ നിങ്ങൾക്ക് വൈദഗ്ദ്യമുണ്ടെങ്കിൽ, മിടുക്കുണ്ടെങ്കിൽ എവിടെയും നിങ്ങൾക്കൊരു സ്ഥാനമുണ്ടാവും എന്നതാണ്. നല്ലൊരു കുക്കായാലും ഡ്രൈവറായാലും മെക്കാനിക്കായാലും എൻജിനീയറായാലും ഡോക്ടറായാലും സെയിൽസ് മാനായാലും ഡാറ്റാ എൻട്രി ഓപ്പറേറ്ററായാലും ചെരുപ്പു തുന്നുന്ന ആളായാലും വിദഗ്ദൻ / വിദഗ്ദക്ക് വിലയുണ്ട് അഥവാ മൂല്യമുണ്ട്, ലോകത്തെവിടെയായാലും.

അതു കൊണ്ട് ചെയ്യുന്ന ജോലി എന്തു തന്നെയായാലും അതിൽ അറിവും കഴിവും വർദ്ധിപ്പിക്കുക. പെർഫക്ഷന് വേണ്ടി ശ്രമിക്കുക. സ്ഥാപനത്തിലെ ഏറ്റവും മികച്ച ഉദ്യോഗസ്ഥരിൽ ഒരാളാവാൻ പ്രയത്നിക്കുക.

ഒരു എക്സപർട് ആയി നിങ്ങൾ വളർന്നാൽ അധികാരികൾക്ക്, മാനേജ്മെന്റിന് നിങ്ങളോടുള്ള മനോഭാവം മാറുന്നത്, ഉറപ്പായിട്ടും കാണാൻ സാധിക്കും. അനുഭവങ്ങൾ ഒരുപാടുണ്ട്.

പക്ഷേ, എത്ര ശ്രമിച്ചിട്ടും ജോലിയിൽ ക്ഷമത കൈവരിക്കാൻ കഴിയുന്നില്ല, ജോലി ചെയ്യാനോ ജോലിയിൽ കൂടുതൽ കാര്യങ്ങൾ പഠിക്കാനോ താൽപര്യമില്ല. അതു കൊണ്ട് തന്നെ വിജയിക്കാൻ കഴിയുന്നില്ല എന്നതാണ് പ്രശ്നമെങ്കിൽ എന്തു ചെയ്യണമെന്നതാണ് ഇനി നോക്കേണ്ടത്.

ഏതൊരു ജോലിയും ഇഷ്ടപ്പെട്ട്, ആസ്വദിച്ച് ചെയ്യുമ്പോഴാണ് തൊഴിൽ സംതൃപ്തി ഉണ്ടാവുന്നത് എന്ന് എല്ലാവർക്കുമറിയാം. പക്ഷേ ചെയ്യുന്ന ജോലി ഇഷ്ടമല്ല എങ്കിൽ എന്തു ചെയ്യും.?

ഒരു വീട്ടിലെ ജോലികൾ, മക്കൾക്കായി പകുത്തു നൽകി എന്നു കരുതുക. അടുക്കളയിൽ കയറാനേ ഇഷ്ടമില്ലാത്തയാൾക്ക് കുക്കിംഗും, യാതൊരു വൃത്തിയും ശ്രദ്ധയുമില്ലാതെ സാധനങ്ങൾ വലിച്ചു വാരിയിടുന്ന ആൾക്ക്, ക്ലീനിംഗും വീടിന് പുറത്ത് പോവാൻ ഇഷ്ടമില്ലാത്തയാൾക്ക് പർച്ചേസിംഗും തുടങ്ങിയ ഉത്തരവാദിത്തങ്ങൾ ഏൽപ്പിച്ചാലും ജോലി നടക്കും. പക്ഷേ, കാര്യക്ഷമമായി നടക്കുകയില്ല എന്നുറപ്പാണല്ലോ? എങ്ങിനെയെങ്കിലും ജോലി തീർക്കുക എന്നല്ലാതെ ഇഷ്ടപ്പെട്ട് ചെയ്യാൻ അവർക്ക് സാധിക്കുകയില്ലല്ലോ?

ജോലിയെ നമ്മൾ ഇഷ്ടപ്പെടണമെങ്കിൽ അത് നമ്മുടെ ഇഷ്ടവുമായി ബന്ധമുള്ളതായിരിക്കണം. നമ്മളിൽ പലരും നമ്മുടെ അഭിരുചികളുമായി, താൽപ്പര്യങ്ങളുമായി, കഴിവുകളുമായി ബന്ധപ്പെട്ട ജോലികളായിരിക്കില്ല മിക്കപ്പോഴും ചെയ്യുന്നത്. അത് തന്നെയാണ് ജോലി ഒരു ഭാരമായി തോന്നുന്നതിന്റെ പ്രധാന കാരണവും.

പോംവഴി രണ്ടാണുള്ളത്. ചെയ്യുന്ന ജോലിയിൽ നമ്മുടെ കഴിവുകളും താൽപര്യങ്ങളും ഉൾപ്പെടുത്തുക. അതല്ലെങ്കിൽ അത്തരം സാദ്ധ്യതകളുള്ള തൊഴിലിലേക്ക് മാറുക.

വീട്ടുകാരുടെ താൽപര്യപ്രകാരമോ, ജോലി കിട്ടാനുള്ള എളുപ്പത്തിനായോ, ഏതെങ്കിലും ഒരു കോഴ്‌സ് പഠിച്ച് പോയത് കൊണ്ട്, ജീവിതകാലം മുഴുവൻ അതുമായി ബന്ധപ്പെട്ട ജോലി തന്നെ ചെയ്യേണ്ട യാതൊരു കാര്യവുമില്ല. ഇഷ്ടപ്പെട്ട മേഖലയിലേക്ക്, സാദ്ധ്യമായ സമയത്ത് മാറുന്നതാണ് ഉചിതം. അത് സർക്കാർ ജോലിയിൽ നിന്നാണെങ്കിൽ പോലും ചെയ്യുന്നത് തെറ്റാവുമെന്ന് പറയാൻ കഴിയില്ല.( ശ്രീകണ്ഠൻ നായരെപ്പോലുള്ളവർ AlR ലെ ജോലി രാജിവച്ചാണ് ഏഷ്യാനെറ്റിൽ ചേരുന്നത് എന്നോർമ്മിക്കാം)

ജീവിതം ഒന്നേയുള്ളു. ജീവിതത്തിന്റെ മുക്കാൽ ഭാഗവും ചിലവഴിക്കുന്നതാവട്ടെ തൊഴിലിലുമാണ്. തൊഴിലിൽ സന്തോഷവും സമാധാനവുമില്ലെങ്കിൽ ജീവിതത്തിന്റെ പകുതിയും പാഴാക്കുന്നുവെന്നർത്ഥം.

സ്വയം ചിന്തിക്കുക, തിരിച്ചറിയുക, തീരുമാനിക്കുക, പ്രവർത്തിക്കുക, പ്രയത്നിക്കുക ഒരു നല്ല തൊഴിലിനായി. ഇഷ്ടപ്പെട്ട മേഖലയിൽ സന്തോഷവും ഉത്സാഹവും ആവേശവും നിറഞ്ഞ തൊഴിൽ ജീവിതം ഏവർക്കും ആശംസിക്കുന്നു.
എന്തിനാണീ ജോലി ചെയ്യുന്നത്? ( ശിവകുമാർ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക