Image

കൊറോണ പ്രതിരോധം: ഇറ്റലിയിലേക്ക് ക്യൂബന്‍ വൈദ്യസംഘം

Published on 23 March, 2020
കൊറോണ പ്രതിരോധം: ഇറ്റലിയിലേക്ക് ക്യൂബന്‍ വൈദ്യസംഘം

റോം: കൊറോണയെന്ന മഹാമാരി താണ്ഡവമാടുന്ന സാഹചര്യത്തില്‍ ഇറ്റലിക്ക് സഹായഹസ്തം നീട്ടുകയാണ് ക്യൂബ. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി തങ്ങളുടെ വൈദ്യസംഘത്തെ ക്യൂബ ഇറ്റലിയിലേക്ക് അയച്ചു.


ഡോക്ടര്‍മാരും നഴ്‌സുമാരും അടങ്ങുന്നതാണ് 52അംഗ സംഘം. ഇറ്റലിയില്‍ കൊറോണ ഏറ്റവും കൂടുതല്‍ നാശം വിതച്ച ലോംബാര്‍ഡിയിലേക്കാണ് വൈദ്യസംഘം എത്തുന്നത്. 


കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ഇറ്റലിക്കു പുറമേ വെനസ്വേല, നിക്കാരഗ്വ, ജമൈക്ക,സുരിനാം, ഗ്രനേഡ എന്നിവിടങ്ങളിലേക്കും ക്യൂബ വൈദ്യസംഘത്തെ അയച്ചിരുന്നു.

ഇതാദ്യമായല്ല മഹാമാരികളുടെ സമയത്ത് വിദേശരാജ്യങ്ങളിലേക്ക് ക്യൂബ വൈദ്യസംഘത്തെ അയക്കുന്നത്. 


ഹെയ്തിയില്‍ കോളറയുടെ സമയത്തും എബോളയുടെ സമയത്ത് പടിഞ്ഞാറന്‍ ആഫ്രിക്കയിലേക്കും ക്യൂബ വൈദ്യസംഘങ്ങളെ അയച്ചിരുന്നു.


ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ഇറ്റലിയില്‍ 59,138പേര്‍ക്കാണ് കൊറോണ ബാധിച്ചത്. ഇതില്‍ 7,024പേര്‍ രോഗമുക്തി നേടി. 5,476പേര്‍ മരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക