Image

അതിര്‍ത്തികള്‍ അടയ്ക്കുമ്പോള്‍ (ഏബ്രഹാം തോമസ്)

Published on 19 March, 2020
അതിര്‍ത്തികള്‍ അടയ്ക്കുമ്പോള്‍ (ഏബ്രഹാം തോമസ്)
ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ അതിര്‍ത്തിയാണ് യു.എസ്.എയും കാനഡയും തമ്മിലുള്ളത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും, കനേഡിയന്‍ പ്രധാനമന്ത്രിയും 5,500 മൈല്‍ ദൈര്‍ഘ്യമുള്ള അതിര്‍ത്തി അടയ്ക്കുവാന്‍ തീരുമാനിച്ചു. കൊമേഴ്‌സിനും അത്യാവശ്യ സേവനങ്ങള്‍ക്കും മാത്രമേ ഇരു രാജ്യങ്ങളും അതിര്‍ത്തി തുറന്നുകൊടുക്കുകയുള്ളൂ. കൊറോണ വൈറസ് ഭീതിയിലാണ് നടപടി.

മരുന്ന്, ഭക്ഷണം, ഇന്ധനം എന്നിവയുടെ നീക്കം നിയന്ത്രിക്കേണ്ടതില്ലെന്നു ട്രംപും, കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും തമ്മില്‍ ധാരണയായി. എന്നാല്‍ ഈ ധാരണ വ്യവസായ- ഉത്പാദന രംഗത്തെ ആശങ്ക അകറ്റിയില്ല. വിദേശ ഓട്ടോ നിര്‍മ്മാതാക്കളുടെ അമേരിക്കന്‍ പ്ലാന്റുകളില്‍ സ്‌പെയര്‍ പാര്‍ട്‌സുകള്‍ സമയത്തിനു എത്തിയില്ലെങ്കില്‍ നിര്‍മ്മാണം അവതാളത്തിലാകും. കോവിഡ് 19 പടരുന്നതിന്റെ ഭീതിയില്‍ തൊഴിലാളികളുടെ ഹാജര്‍ നില തൃപ്തികരമല്ലാത്ത അവസ്ഥയിലാണ് സ്‌പെയര്‍ പാര്‍ട്‌സുകളുടെ ക്ഷാമം. ഫോര്‍ഡും ജനറല്‍ മോട്ടോര്‍സും തങ്ങളുടെ പ്ലാന്റുകള്‍ താത്കാലികമായി അടച്ചിടുകയാണെന്നറിയിച്ചു. നോര്‍ത്ത് അമേരിക്ക ഒട്ടാകെയുള്ള നിര്‍മാതാക്കളുടെ സപ്ലെ ചെയിനുകള്‍ (വിതരണ ശൃംഖല) പ്രശ്‌നങ്ങള്‍ എങ്ങനെ തരണം ചെയ്യും എന്നാലോചിക്കുന്നു.

യു.എസ്.എയും മെക്‌സിക്കോയും തമ്മിലുള്ള അതിര്‍ത്തിയും അടച്ചിട്ടിരിക്കുകയാണ്. 600 ബില്യന്‍ ഡോളറിന്റെ വ്യാപാരമാണ് പ്രതിവര്‍ഷം അതിര്‍ത്തി കടന്ന് ഇരു രാജ്യങ്ങളും ചെയ്യുന്നത്. കൊറോണ വൈറസ് പ്രതിസന്ധി രൂക്ഷമായാല്‍ അത് നോര്‍ത്ത് അമേരിക്കയ്ക്ക് കൊടും വിപത്തായിരിക്കുമെന്നു ഡാലസ് ഫെഡറല്‍ റിസര്‍വ് ബാങ്കിന്റെ സീനിയര്‍ എക്കണോമിസ്റ്റ് ഹേസസ് കനാസ് പറഞ്ഞു.

പരന്നുകിടക്കുന്ന ഈ ഇന്‍ഡസ്ട്രിയല്‍ ഹബില്‍ (കേന്ദ്രത്തില്‍) 2,25,000 പേര്‍ യു.എസ് ഉടമസ്ഥതയിലുള്ള 330 പ്ലാന്റുകളില്‍ (മാക്വിലാഡോറാസുകളില്‍) ജോലി ചെയ്യുന്നു. അതിര്‍ത്തിയിലുള്ള നാല് ജോലികളില്‍ ഒന്നു വീതമെങ്കിലും അതിര്‍ത്തി കടന്നുള്ള വ്യാപാരങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. സാമ്പത്തികമായി സംഭവിക്കുന്ന എല്ലാ തകര്‍ച്ചകളുടേയും പ്രത്യാഘാതം ആഗോളതലത്തില്‍ അനുഭവപ്പെടും. "ഈ സാമ്പത്തിക വ്യവസ്ഥകള്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ഡാലസ് മുതല്‍ മിഷിഗണ്‍, യു.എസ്.എ മുഴുവന്‍, ജര്‍മനി, കാനഡ, ചൈന, ലോകരാജ്യം മുഴുവനുമുള്ള കമ്പനികളുടെ പ്രാതിനിധ്യം ഈ അതിര്‍ത്തിയില്‍ കാണാം' മാക്വില വ്യവസായ പ്രമുഖയായ സെസിലിയ ലെവിന്‍ ഒക്കായ പറഞ്ഞു.

ഇന്‍ഡക്‌സ് ഹുവാരസ് എന്നറിയപ്പെടുന്ന മാക്വിലോ ഡോറ അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഈ വ്യവസായ മേഖല ഇപ്പോള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നുവെങ്കിലും എപ്പോള്‍ വേണമെങ്കിലും ഗുരുതരാവസ്ഥയിലാകാമെന്നു പറഞ്ഞു.

ടെക്‌സസിലെ അല്‍പാസോയും മെക്‌സികോയിലെ സിയുഡാഡ് ഹുവാരസും പരമ്പരാഗതമായും, രക്തബന്ധങ്ങളിലൂടെയും വ്യവസായികമായും അടുത്തിടപഴകുന്ന, അതിര്‍ത്തിക്കിരുവശവുമുള്ള രണ്ട് നഗരങ്ങളാണ്. സാധാരണ ദിവസങ്ങളില്‍ അതിര്‍ത്തി കടക്കല്‍ വളരെ തിരക്കുപിടിച്ചതാണ്. അതിര്‍ത്തിയിലൂടെ പ്രതിദിനം ഒരു ബില്യന്‍ ഡോളറിന്റെ ബിസിനസ് നടക്കുന്നു. ടോയ്‌ലെറ്റ് പേപ്പറിന്റെ അധിക പ്രിയമുള്ള ഈ നാളുകളില്‍ ഒരമ്മ കുറെ ടോയ്‌ലെറ്റ് പേപ്പര്‍ റോളുമായി മെക്‌സിക്കന്‍ ഭാഗത്തുനിന്ന് അല്‍പാസോയില്‍ കാത്തുനില്‍ക്കുന്ന മകന്റെ അടുക്കലേക്ക് തിരക്കിട്ട് നീങ്ങുന്ന കാഴ്ച കൗതുകകരമായി പലര്‍ക്കും അനുഭവപ്പെട്ടു.

ഏറെ കൗതുകകരമായത് മകന്റെ അടുക്കലേക്ക് ചെന്ന അമ്മ (56-കാരിയായ ട്രിനിഡാഡ് സാമ്പ്രനോ)യെ കെട്ടിപ്പിടിക്കാന്‍ മകന്‍ വിസമ്മതിച്ച കാഴ്ചയാണ്. അല്‍പാസോയില്‍ ഇതിനകം മൂന്നു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.

മെക്‌സിക്കന്‍ പാരമ്പര്യത്തില്‍ ആളുകള്‍ കണ്ടുമുട്ടുമ്പോള്‍ കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്യുന്നത് സാധാരണമാണ്. മെക്‌സിക്കന്‍ പ്രസിഡന്റ് ആന്‍ഡ്രെ മാനുവല്‍ ലോപ്പസ് ഒബ്രഡോര്‍ ഇപ്പോഴും ഇങ്ങനെ ചെയ്യുന്നത് വിമര്‍ശനവിധേയമായിരിക്കുകയാണ്. സാധാരണ ഫ്‌ളൈറ്റുകളില്‍ യാത്ര ചെയ്യുകയും കോറോണ വൈറസിനെ ഗൗരവത്തിലെടുക്കാതെ സംസാരിക്കുകയും ചെയ്യുന്നതും പ്രതിക്ഷേധങ്ങള്‍ക്ക് ഇടയാക്കിയിരിക്കുകയാണ്. രോഗം പകരാന്‍ സാധ്യത കൂടുതലുള്ളതാണ് പെസോഡെല്‍ നോര്‍ട്ടെ മേഖല. ഇവിടെ മൂന്നു സംസ്ഥാനങ്ങളും രണ്ട് രാജ്യങ്ങളും അനവധി സംസ്കാരങ്ങളും ഒന്നുചേരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക