Image

കോളനി ചെറിയൊരു വാക്കാണ് (സുമേഷ് മോഹൻ)

Published on 19 March, 2020
കോളനി ചെറിയൊരു വാക്കാണ് (സുമേഷ് മോഹൻ)
കുല ഗോത്ര വർഗ്ഗ മഹിമകളുടെ മുന്നിൽ പിടിച്ചു നില്ക്കാൻ കെൽപ്പില്ലാത്തവന്റെ വരവിടമാണ് കോളനി.
കോളനി ചെറിയൊരു വാക്കാണ്
പറയുമ്പോൾ വെറുപ്പിന്റെയും അറപ്പിന്റെയും രസം കൂടി ഉമിനീരിൽ കലർന്നുവരുന്നൊരു ചവർപ്പ് വാക്ക് !
നന്നായിട്ടൊന്നു മൂക്ക് ചീറ്റിയാൽ അടുത്തവീടിന്റെ ഓലമറയിൽ പതിച്ചു കീഴേക്കു ഞാന്നിറങ്ങുന്ന ശ്ലേഷ്മത്തിന് സഞ്ചരിക്കാൻ വേണ്ട സെക്കന്റുകളുടെ ദൂരമാണ്‌ കോളനികളുടെ വീടടുപ്പം !
കോളനിയൊരുകൂട്ടം വീടുകളുടെ അടുപ്പുകല്ല് പോലുള്ള വിന്യാസം മാത്രമല്ല.
മിനിമൽ പ്രൈവസികൊണ്ട് തൃപ്തി പെടേണ്ടി വരുന്ന വിശാലമായ മുറ്റമുള്ള ഒറ്റവീടുകൾ സ്വപ്നം കണ്ടുറങ്ങുന്ന ജീവികളുടെ അഭിലാഷങ്ങളുടെയും ആഗ്രഹങ്ങളുടെയും ശവപ്പറമ്പാണ് ..
വിയർപ്പ് മണക്കുന്ന മനുഷ്യരുടെ മുശുക്ക് മണമുള്ള മുറികളുള്ള ചെത്തിത്തേക്കാ വീടുകളുടെ പെരുക്കമാണ് കോളനികൾ.

അറിഞ്ഞൊന്നു ശൃoഗരിച്ചാൽ സീൽകാരശബ്ദം അപ്പുറത്തെ വീട്ടിലെ ഉറക്കം കളയുന്ന നിശ്വാസപ്പേടിയുടെകൂടെയിടമാണ് കോളനികൾ...
പിള്ളേരുറങ്ങിയിട്ടൊന്നു പുല്കാൻ വേണ്ടി കാത്തിരിക്കേണ്ടി വരുന്നവന്റെയുമവളുടെയും നിശ്വാസം കെട്ടി മറിയുന്ന ഒറ്റ മുറി ഉഷ്ണകൂടാണ് കോളനി വീട്.

കോളനി എല്ലാ മോശങ്ങളുടെയും പണിപ്പുരയാണ്.
വൃത്തികേടുകൾ സകലതും രാവിലെ മുതൽ വൈകുന്നേരം വരെ ഊതികാച്ചി അടിച്ചു പരത്തി സമൂഹത്തിലേക്ക് വിടുന്നത് കോളനിക്കാരാണ്.!!?
മറ്റു വീടുകളിൽ മുല്ലയും തെച്ചിയും പൂക്കുമ്പോൾ കോളനി വീട്ടിൽ പൂക്കുന്നത്‍
കോളനിയിലെ വീട്ടിലെ ചെടികളാണ്.

കൾച്ചർ എന്ന വാക്കിന്റെ മുന്നിൽ കോളനി ചേർത്താലത് കോളനി സംസകാരമാണ്.
പിള്ളേര് എന്ന വാക്കിന്റെ മുന്നിൽ കോളനി ചേർത്താലത് കോളനി പിള്ളേരാണ്!!
മുന്നിൽ ചേർത്ത് വച്ചാലൊരു ജീവിതം തന്നെ പറയാൻ കഴിയുന്നൊരു വാക്ക് മാത്രമല്ല കോളനി. ഒരു കൂട്ടം ആളുകളുടെ ഐഡന്റിറ്റിയും അവരുടെ വരവ് സ്ഥലവും പോക്ക് സ്ഥലവും അടയാളപ്പെടുത്തുന്ന ഇടം കൂടെയാണ് കോളനി.
വീട്ടുപേര് പോലെ നാട്ട് പേര് പോലെയവസാനം നാല് സെന്റിന്റെ ആറടി താഴ്ചയിൽ എവിടെയൊരു കുഴിക്കുള്ള ആഴമുണ്ടോ അതിൽ ഞെരുങ്ങി കിടക്കുമ്പോൾ പോലും
പരേതന്റെ പേരിന്റെ ഒപ്പം ചേർത്ത് പറഞ്ഞെങ്കിൽ മാത്രം മനസ്സിലാവുന്ന ജിയോഗ്രാഫിക്കൽ ബർത് പ്ളേസുകൂടിയാണ് കോളനി..
ചാത്തൻ കളറു കുപ്പായങ്ങളുടെയും ഭൂരിപക്ഷ കറുപ്പ് മനുഷ്യരുടെയും ജീവിതം കുഴിച്ചിട്ടിരിക്കുന്ന ഐസൊലേഷൻ വാർഡാണ് കോളനി .
കോളനിയിലെ പിള്ളേര് കോളനി പിള്ളേരാണ്
കോളനിയിലെ കൂട്ടം കോളനി കൂട്ടവും .

മറ്റൊരു കൂട്ടം മനുഷ്യർ വസിക്കുന്നതെന്നു മുഖ്യധാരാ മാന്യർ കരുതുന്ന അന്യഗ്രഹമാണ് കോളനികൾ .
പലപ്പോഴും പലരും പറഞ്ഞു പറഞ്ഞവസാനം പുറത്ത് കടന്നാലും കാലിൽ പറ്റിയ അഴുക്ക് പോലെ പിന്നാലെ കൂടുന്ന ഐഡന്റിറ്റിയാണ് കോളനിയെന്നത് ...
കോളനി കോളനിയാണ് കോളനിപെണ്ണുങ്ങൾക്ക് കോളനി പിള്ളേരെ പ്രസവിക്കാനുള്ള പ്രത്യേകയിടം !
ചത്താലും പോകാത്തോരു ഐഡന്റിറ്റിയാണ് കോളനി .

കോളനികളല്ലാത്ത പലർ പലപ്പോഴായി കോളനിയെ നിർവചിച്ചുതന്നത് വാരിയിട്ടടുക്കിയെടുത്തത് ! 

കോളനി ചെറിയൊരു വാക്കാണ് (സുമേഷ് മോഹൻ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക