Image

കോവിഡ്-19 നൂറു ചോദ്യങ്ങള്‍ രണ്ട് ഉത്തരങ്ങള്‍--ഗ്രാഹ്യത, ജാഗ്രത (ബി ജോണ്‍ കുന്തറ)

Published on 19 March, 2020
കോവിഡ്-19 നൂറു ചോദ്യങ്ങള്‍ രണ്ട് ഉത്തരങ്ങള്‍--ഗ്രാഹ്യത, ജാഗ്രത (ബി ജോണ്‍ കുന്തറ)
പ്രസിഡന്റ് ട്രമ്പ് യുദ്ധകാല രാജ്യരക്ഷാ നടപടികള്‍ പ്രഖ്യാപിച്ചിരിക്കുന്നു-രണ്ടാം ലോകമഹായുദ്ധതിനു ശേഷം ഇതാദ്യം.

സി.ഡി.സി (സെന്റ്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള്‍) ദിനംപ്രതി നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്-- സാധാരണ ജനതക്ക് ഏത് വിധത്തിലെല്ലാം ഈ വൈറസിനെ നേരിടാം നമുക്കുള്ള പ്രതിവിധികള്‍ എന്തെല്ലാം. സിഡിസി.കൊം വെബ്‌സൈറ്റ് കൂടാതെ ടെലിഫോണ്‍ 800 232 4636.

ഇതിനോടകം നാമെല്ലാം മനസ്സിലാക്കിയിരിക്കുന്നു കൊറോണ പകരുന്നത് വൈറസ് ബാധിച്ച വ്യക്തിയില്‍ നിന്നും വായൂ മുഖാന്തരമോ സ്പര്‍ശനം വഴിയോ ആണെന്ന്. നമുക്കറിഞ്ഞു കൂട ആരെല്ലാം ഈ വൈറസ് വഹിച്ചുകൊണ്ട് നടക്കുന്നു എന്ന്. വാഹകന്‍ പോലും ഇതറിയുന്നില്ലായിരിക്കും.  അതിനാലാണ് ഇന്നു നാം കാണുന്ന പൊതു സ്ഥാപനങ്ങള്‍, ജോലി സ്ഥലങ്ങള്‍ എല്ലാം അടക്കണം എന്ന് നിര്‍ദ്ദേശം നല്‍കുന്നത്. ചുരുക്കത്തില്‍ നമ്മുടെ പലേ ജീവിത രീതികള്‍ക്കും കുറച്ചു നാളത്തേക്ക് മാറ്റങ്ങള്‍ വരുത്തേണ്ടിയിരിക്കുന്നു.

പ്രധാന കാരണം ഈ രോഗത്തിന് ഇന്നത്തെ നിലയില്‍ ഒരു ചികിത്സയുമില്ല. എന്നിരുന്നാല്‍ത്തന്നെയും ഒരു നല്ല വിഭാഗത്തിന് ആശ്വസിക്കാം, കൊറോണ നിലവില്‍ ആരോഗ്യമുള്ളവര്‍ക്ക് ഒരു മാരക ഭീഷണിയല്ല. സാധാരണ പനി മാതിരി ഇവിടെ സൂക്ഷിക്കേണ്ടത് ഈ പനി നമ്മില്‍ നിന്നും മറ്റുള്ളവരിലേയ്ക്ക് പകരുന്നതിനു നാം അനുവദിക്കരുത്. അതിനാണ് സ്വയം സംസര്‍ഗ നിഷേധം പാലിക്കേണ്ടത്. പലേ മരുന്നുകളും പരീക്ഷിച്ചു നോക്കുന്നുണ്ട് താമസിയാതെ ഒരു ചികിത്സ കണ്ടുപിടിക്കും എന്നാശിക്കാം.

ഇതിനോടകം 10 സംസ്ഥാനങ്ങളില്‍ ഡ്രൈവ് ത്രൂ പരിശോധനാ കേന്ദ്രങ്ങള്‍ തുറന്നു. എന്നാല്‍ എല്ലാവര്‍ക്കും ചുമ്മാ കാറോടിച്ചു ചെന്ന് ടെസ്റ്റ് നടത്താം എന്നു കരുതരുതേ. അതിനു മുന്‍പ് വിദഗ്ദരെ കണ്ട ശേഷംആപ്പൊയിന്റെമെന്റ് എടുക്കണം. താമസിയാതെ മറ്റു പലേ സംസ്ഥാനങ്ങളിലും ഈ സൗകര്യം നടപ്പിലാക്കും ഇതില്‍ സഹകരിക്കുന്നതിന് രാജ്യത്തെ പ്രധാന ചില സ്ഥാപനങ്ങള്‍ മുന്നില്‍ എത്തിയിരിക്കുന്നു.

വെറുതെ പരിഭ്രാന്തരായിട്ട് കാര്യമില്ല. ഇവിടാണ് നമ്മുടെ സാമാന്യബോധം പ്രവര്‍ത്തിക്കേണ്ടത്. ഒന്നാമത് ശ്രദ്ധിക്കൂ, നാം വസിക്കുന്ന 10 മൈല്‍ ചുറ്റളവില്‍ കോവിഡ് രോഗം എത്തിയിട്ടുണ്ടോ? തദ്ദേശ വാര്‍ത്തകള്‍ കേട്ടാല്‍ അറിയുന്നതിനു സാധിക്കും. എത്തിയിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും കൂടുതല്‍ മുന്‍കരുതലുകള്‍ ആവശ്യം.സാധിക്കുമെങ്കില്‍ പരിസരം വിട്ടു പോകാതിരിക്കുക പൊതുസ്ഥലങ്ങള്‍ ഒഴിവാക്കുക.

ഒറ്റക്കു താമസിക്കുന്നവര്‍ക്കായിരിക്കും ഈയൊരവസ്ഥയില്‍ മാനസികമായ ബുദ്ധിമുട്ടുകള്‍ വരുവാന്‍ സാധ്യത. ഇവിടെ അടുത്ത ബന്ധുമിത്രാദികള്‍ക്കും സ്‌നേഹിതര്‍ക്കും ഒരു സഹായ ഹസ്തം നീട്ടുന്നതിനു പറ്റണം . എന്നും ഫോണില്‍വിവരങ്ങള്‍ അന്വേഷിക്കുക പ്രത്യേകിച്ചും പ്രായം ചെന്നവരെങ്കില്‍. അവര്‍ക്ക് എന്തെകിലും ആവശ്യമുണ്ടെങ്കില്‍ അത് എത്തിച്ചുകൊടുക്കുന്നതിനു ശ്രമിക്കുക.

ആരോഗ്യം നല്ലതെങ്കില്‍ വീട്ടില്‍ സ്ഥിരം അടച്ചുപൂട്ടി ഇരിക്കണമെന്നില്ല പുറത്തിറങ്ങി നടക്കുക കൊറോണ വൈറസ് എട്ടടിയില്‍ കൂടുതല്‍ സഞ്ചരിക്കില്ല ആയതിനാല്‍ അയല്‍വക്കത്തു നിന്നും ദൂരം സഞ്ചരിച്ചു നമ്മില്‍ എത്തുകില്ല. വീടിനുചുറ്റും സ്ഥലമുണ്ടെങ്കില്‍ കൃഷികളില്‍ താല്‍പ്പര്യം കാട്ടുക, പുസ്തകങ്ങള്‍ വായിക്കുവാന്‍ ശ്രമിക്കുക യോഗ ശീലമാക്കുക. ഇങ്ങനെഒക്കെ സ്വയം ഏകാന്തത പാലിക്കുന്നവര്‍ക്ക് സമയം ചിലവഴിക്കുന്നതിനു പറ്റും .

ടേക് ഇറ്റ് ഈസി നിലപാട്, ക്ഷമാശീലം, സഹനശീലം ഇവ ആയിരിക്കും ഈ സാഹചര്യത്തില്‍ നമുക്കെല്ലാം സഹായത്തിനെത്തുന്നത്. ഇതെല്ലാം കുറവുള്ളവര്‍ എല്ലാം വളര്‍ത്തി എടുക്കുന്നതിന് ഇതൊരവസരമാക്കി മാറ്റുക.
ബി ജോണ്‍ കുന്തറ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക