Image

ഇരുട്ട് കൊണ്ട് സ്ത്രീ വിരുദ്ധത എന്ന ഓട്ട അടയ്ക്കുമ്പോൾ (ഗംഗ.എസ്)

Published on 17 March, 2020
ഇരുട്ട് കൊണ്ട് സ്ത്രീ വിരുദ്ധത എന്ന ഓട്ട അടയ്ക്കുമ്പോൾ (ഗംഗ.എസ്)
ഒരു മൂത്ത സ്ത്രീ വിരുദ്ധന്റെ ഫാൻസിനെ കണ്ട് ഞെട്ടിയിരിയ്ക്കുന്നു അഥവാ അങ്ങനെ ഞെട്ടിയതായി അഭിനയിയ്ക്കുന്നു കേരളത്തിലെ ന്യൂനപക്ഷം വരുന്ന പുരോഗമന ചിന്താഗതിക്കാർ, ഈ കൊറോണ കാലത്ത്.
കൊറോണയെ നേരിട്ട് കണ്ടാൽ പോലും ഇത്രയും ഞെട്ടില്ല.
സ്ത്രീ വിരുദ്ധതയിൽ ആണോ ആളിന്റെ ഡോക്ടറേറ്റ് എന്ന് സംശയം ഉണ്ട്.

പക്ഷേ ആളിന്റെ ഫാൻസിൽ ചെറുപ്പക്കാർ ഉണ്ട് എന്നതാണ് അസ്വസ്ഥതയും ആശങ്കയും ഉണ്ടാക്കുന്ന വസ്തുത.
കുറെ കൊല്ലങ്ങൾക്കു മുൻപ് ഒരു പ്രസിദ്ധ വനിത മാസിക നടത്തിയ സർവേയിൽ പങ്കെടുത്ത മലയാളി ആൺകുട്ടീകളുടെ, നൂറ്റാണ്ടുകൾ പഴക്കം ഉള്ള മനോനിലയെ കുറിച്ച് എഴുതിയിരുന്നു. .
ഭൂരിപക്ഷം പെൺകുട്ടികളും പുരോഗമന ചിന്ത ഉള്ളവർ ആണെന്നും.

( ഇപ്പോൾ രണ്ടും സമാസമം ആയിട്ടുണ്ട് )

അന്ന് ആ സർവേ ആരെയെങ്കിലും ആശങ്കപ്പെടുത്തി എന്ന് തോന്നുന്നില്ല. എങ്കിൽ നമ്മുടെ വിദ്യാഭ്യാസത്തിന്റെ നിലവാരവും സാമ്പ്രദായിക രീതികളും എന്നേ ഉടച്ചു വാർത്തേനെ.
ഡിഗ്രിയും പി ജി യും ഡോക്ടറേറ്റും എടുത്ത ആൾക്കാർ ഈവിധം സ്ത്രീ വിരുദ്ധതയും മണ്ടത്തരങ്ങളും ആധികാരികം എന്ന് തോന്നത്തക്ക വിധത്തിൽ വിളിച്ചു പറയണം എങ്കിൽ,

അത്‌ നൂറ്റൊന്ന് പ്രാവശ്യം ആവർത്തിച്ചു ബലപ്പെടുത്തി പുതിയ തലമുറയിലെ ആൺകുട്ടികൾ എങ്കിൽ,
അവരുടെ അച്ഛനമ്മമാർ നിരക്ഷരർ അല്ല ചിലപ്പോൾ പി ജി വരെ എടുത്തവർ ഉണ്ടാകും അവരിൽ എങ്കിൽ ,

എത്ര മാത്രം മലിനമാക്കപ്പെട്ടു കഴിഞ്ഞു ഇവിടുത്തെ വിദ്യാഭ്യാസം.
അക്ഷര ജ്ഞാനം മാത്രം അല്ല വിദ്യാഭ്യാസം.

അറിവും ജ്ഞാനവും സംസ്കാരവും സമജീവി ഭാവവും വിവേകവും എല്ലാം ഒത്തു ചേർന്നത് ആണ്.
ഉയർന്ന നിലവാരമുള്ള പൊതു ബോധവും നൽകാൻ വിദ്യാഭ്യാസത്തിന് കഴിയണം.

അത്ര പിന്നിലേയ്ക്ക് ഒന്നും പോകണ്ട.
പീഡന കേസിൽ ഒരു എം എൽ എ യെ ജയിലിൽ ഇട്ടതും ആൾ പുറത്തിറങ്ങിയപ്പോൾ അണികൾ ഒരുക്കിയ സ്വീകരണം.
ഇരയ്ക്ക് കിട്ടിയ കല്ലേറുകൾ, അധിക്ഷേപങ്ങൾ.
ബിഷപ്പ് പീഡന വിവാദത്തിൽ പെട്ടപ്പോൾ കന്യാസ്ത്രിയ്ക്ക് ആണോ ബിഷപ്പിന് ആണോ സ്വീകരണം കിട്ടിയത്?
ഇപ്പോഴും സ്ഥാനമാനങ്ങൾ ഉള്ളത് ആർക്ക്?

നടിയെ ആക്രമിച്ച കേസിൽ വിവാദ നടന് കിട്ടിയ, കിട്ടി കൊണ്ടിരിയ്ക്കുന്ന സ്വീകാര്യത കാണുന്നുണ്ട് അല്ലേ !
ശബരിമല വിഷയവും കൂട്ടത്തിൽ കൂട്ടാം.
ഇവിടെ എല്ലാ സന്ദർഭങ്ങളിലും ഇരയാക്കപ്പെട്ട സ്ത്രീ അധിക്ഷേപത്തിന് വീണ്ടും വീണ്ടും ഇരയാകുകയും മറുപക്ഷത്തു പുരുഷന് വൻ സ്വീകരണം കിട്ടുകയും ചെയ്തത്, ചെയ്യുന്നത് സൗകര്യ പൂർവ്വം നമ്മൾ മറന്നത് ആണോ?
വാക്ക് കൊണ്ടുള്ള കല്ലേറിൽ അഭിമാനത്തിന് ക്ഷതം ഏറ്റു, ഒറ്റപ്പെടലിനും കുറ്റപ്പെടുത്തലുകൾക്കും നടുവിൽ കുഴഞ്ഞു വീണാലും ,
ഒത്തുതീർപ്പ് സന്ധി സംഭാഷണങ്ങൾക്ക് വഴങ്ങാത്ത ഇരയെ വീണ്ടും വീണ്ടും സൈബർ റേപ്പിന് ഇരയാക്കുമ്പോൾ,

ഒരു കുറ്റബോധമോ ആത്മ നിന്ദയോ തോന്നാത്ത വിധം കരിങ്കല്ല് പോലെ ഉറച്ചു പോയ ആണാധിപത്യ മനോഭാവം എന്താണ് അർഹിയ്ക്കുന്നത്?
ശിക്ഷയോ അഭിനന്ദനമോ?
പുരുഷന് എതിരെ ഏത് സ്ത്രീ ഏത് തരം ആരോപണം ഉന്നയിച്ചാലും, എത്ര തെളിവ് ഉണ്ടെന്ന് വന്നാലും, പുരുഷനെ രക്ഷപ്പെടുത്തി കൊണ്ട് പോകുന്നു അണികൾ / ഫാൻസ്‌ അഥവാ പൊതു സമൂഹം സ്ത്രീകൾ ഉൾപ്പെടെ.
( ഏറ്റവും പരിഹാസ്യം ആയ വസ്തുത ഭൂരിപക്ഷം സ്ത്രീകളും ഇക്കാര്യത്തിൽ പുരുഷ തലച്ചോർ കൊണ്ട് ചിന്തിയ്ക്കുന്നു എന്നത് ആണ്.

മുൻപേ പറഞ്ഞ വിദ്യാഭ്യാസം സ്ത്രീയെ സ്വതന്ത്ര വ്യക്തി പോട്ടെ, ചിന്താശേഷി പോലും ഉള്ളവൾ ആക്കുന്നില്ലെങ്കിൽ, അല്ലെങ്കിൽ അതിന് സഹായിയ്ക്കുന്നില്ല എങ്കിൽ, ആ വിദ്യാഭ്യാസത്തിൽ എന്തോ ഗുരുതര തകരാർ ഉണ്ട്. )
അതിന് അധികാരത്തിന്റെ സർവ്വ സന്നാഹങ്ങളും കൂട്ട് നിൽക്കുന്നു.
അത്‌ കൊണ്ട് കൂടിയാണ് ഭരണ അധികാരങ്ങളുടെ താക്കോൽ സ്ഥാനങ്ങളിൽ വ്യക്തിത്വം ഉള്ള സ്ത്രീകൾ എത്താത്തത് എന്ന സത്യം എത്ര പേർ അംഗീകരിയ്ക്കും.
നട്ടെല്ലുള്ള സ്ത്രീ എങ്ങാൻ അധികാരത്തിൽ എത്തിയാൽ, ( പേടിയ്‌ക്കേണ്ട അത്ര പെട്ടെന്ന് എത്തില്ല ) അഴിമതിക്കാരെക്കാൾ കൂടുതൽ അസ്വസ്ഥർ ആകാൻ പോകുന്നതും പീഡനക്കാർ ആയ പുരുഷൻമാർ തന്നെ.
കുടുംബം എന്ന സംവിധാനം തന്നെ തകരാറിൽ ആവാൻ സാധ്യത ഉണ്ട്.
പീഡന കേസുകൾ സമ്മർദ്ദവും അനുനയവും ഭീഷണിയും ഉപയോഗിച്ച് ഒതുക്കി തീർക്കുകയോ ഒത്തുതീർപ്പിൽ എത്തുകയോ ചെയ്യാൻ നിര്ബന്ധിതർ ആവുന്നു ഭൂരിപക്ഷവും. അല്ലെങ്കിൽ മുകളിൽ പറഞ്ഞവരുടെ അനുഭവങ്ങൾ ഉണ്ടാവും.
സ്ത്രീ തോൽവി എന്ന പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തപ്പെടുന്നു.
സ്ത്രീ ആണ് എല്ലായിടത്തും തോൽക്കേണ്ടവൾ എന്നോ തെറ്റുകാരി എന്നോ അതിന് അർത്ഥമില്ല.
ഒരു പുരോഗമന സമൂഹത്തിൽ ആകട്ടെ ഇത് പോലെ കേസുകൾ ഒതുക്കി തീർക്കേണ്ടി വരില്ല.
നിർഭാഗ്യവശാൽ, എന്താണ് ഒരു പുരോഗമന സമൂഹം എന്നത് പോലും അറിയാത്ത ജനത ആണ് നമ്മൾ.
സ്ത്രീ രണ്ടാം പൗര ആകുന്ന ഒരു നാട്ടിൽ, എത്ര മെട്രോകളും , എക്സ്പ്രസ് ഹൈവെ കളും യുദ്ധോപകരണങ്ങളും കൊണ്ട് നിറഞ്ഞാലും,
ചൊവ്വയിലോ ശനിയിലോ പോയി വരാനുള്ള സാങ്കേതിക വിദ്യ സ്വന്തമാക്കിയാലും,
മുഴുവൻ ഡിജിറ്റൽ ഇടപാട് ആയാലും ,
മതേതര ജീവിതം ഉണ്ടായാലും,
പുരോഗമനം എന്നത് സാധ്യമല്ല എന്ന് എത്ര പേർക്ക് അറിയാം ?
ഇത് ഒക്കെ എല്ലാവർക്കും അറിയാം.
പക്ഷേ കണ്ണടച്ച് ഇരുട്ടാക്കുന്നു. അതേ ഇരുട്ട് കൊണ്ട് സ്ത്രീ വിരുദ്ധത എന്ന ഓട്ട അടയ്ക്കുന്നു.
അതിന് പൊതു സാമൂഹിക ബോധത്തിന്റെ പിൻബലവും പിന്തുണയും ഉണ്ട്.
എന്റെ സംശയം പിന്നെ എന്തിന് ഈ മുതലക്കണ്ണീർ?

നമ്മൾ വിതച്ച സ്ത്രീ വിരുദ്ധത വിളഞ്ഞു പഴുത്തു ഇപ്പോൾ കതിർ ( പതിര് ) ആയി കൊയ്യുന്നു. ഇനിയും ഇതേ ക (പ)തിർ മാത്രമേ ഈ വയലിൽ വിളയൂ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക