Image

'നമ്മൾ അതിജീവിക്കും' എന്ന് പറഞ്ഞാൽ കൊറോണ പോവില്ല (പ്രദീപ് ഭാസ്കർ)

Published on 17 March, 2020
'നമ്മൾ അതിജീവിക്കും' എന്ന് പറഞ്ഞാൽ കൊറോണ പോവില്ല (പ്രദീപ് ഭാസ്കർ)
2019 ഡിസംബർ ആദ്യം വുഹാനിലെ സീഫുഡ് ഹോൾസെയിൽ മാർക്കറ്റിലായിരുന്നു കൊറോണ വൈറസ്-2019 അഥവാ കോവിഡ്-19 എന്ന മാരകവൈറസിന്റെ സാന്നിദ്ധ്യം ആദ്യമായി കണ്ടതെന്നാണ് പറയപ്പെടുന്നത്. അപ്പോഴത് ശാസ്ത്രീയമായി സ്‌ഥിരീകരിക്കപ്പെട്ടിട്ടില്ലായിരുന്നു. ഡിസംബർ മുപ്പത്തൊന്നോടെ പുതിയ വൈറസിന്റെ പകർച്ചയുണ്ടാക്കിയേക്കാവുന്ന അപകടകരമായ ആഘാതത്തിന്റെ കാഠിന്യം ഏകദേശം സ്‌ഥിരീകരിക്കപ്പെടുകയും ചെയ്തു. മരപ്പട്ടി, കഴുത, പട്ടി, മുതല, കോഴി, ഒട്ടകം, പാമ്പ്, ഞണ്ട്, കുറുക്കൻ, മീൻ, പച്ചക്കറി, മയിൽ, ഏലി, ആട്, മുയൽ, ആമ, പന്നി, വവ്വാൽ, പച്ചമരുന്നുകൾ, സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങി മനുഷ്യനൊഴികെയുള്ളവയുടെയൊക്കെ വൻ വില്പനകേന്ദ്രമാണ് ഈ സ്‌ഥലം. അസുഖബാധ സ്‌ഥിരീകരിക്കപ്പെട്ട ഉടൻ തന്നെ, അതായത് ജനുവരി ഒന്നാം തീയതി ചൈനീസ് സർക്കാർ ആ മാർക്കറ്റ് അടച്ചുപൂട്ടി. ഒപ്പം തന്നെ, വന്യമൃഗങ്ങളുടെ വില്പനയും കശാപ്പും നിരോധിക്കുകയും ചെയ്തു. മനുഷ്യരിലേക്കുള്ള വൈറസിന്റെ സഞ്ചാരപാത ഇത്തരം ജീവികളിലൂടെയാകാം (പ്രത്യേകിച്ച് പാമ്പ്, വവ്വാൽ, ഏലി മുതലായവയുടെ) എന്ന വിദഗ്ദ്ധരുടെ അഭിപ്രായമായിരുന്നു ഇത്തരമൊരു നിരോധനത്തിനുള്ള കാരണം. SARS എന്ന കൊറോണ വൈറസ് വവ്വാലിൽ നിന്ന് മരപ്പട്ടി / വെരുക് കളിലേക്കും, മരപ്പട്ടി / വെരുക് കളിൽ നിന്ന് മനുഷ്യരിലേക്കും പകർന്നു എന്നാണ് പറയപ്പെടുന്നത്. MERS എന്ന കൊറോണ വൈറസാകട്ടെ, വവ്വാലിൽ നിന്ന് ഒട്ടകങ്ങളിലേക്കും, ഒട്ടകങ്ങളിൽ നിന്ന് മനുഷ്യരിലേക്കും പടർന്നുപിടിച്ചു എന്നാണ് പറയപ്പെടുന്നത്. (ഈ വവ്വാൽ തിയറി പൂർണ്ണമായും തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും മിക്കവാറും വിദഗ്ദ്ധർ ഈ സാദ്ധ്യതയെത്തന്നെയാണ് അനുകൂലിക്കുന്നത്.) ഇവ രണ്ടും ജീവനുള്ള മൃഗങ്ങളെ വിൽക്കുന്ന മാർക്കറ്റുകളിൽ നിന്നാണ് പുറപ്പെട്ടതെന്നാണ് വിദഗ്ദ്ധാഭിപ്രായം. ജനുവരി ഏഴാം തീയതിയോടെ പുതിയ കൊറോണ വൈറസിനെക്കുറിച്ച് ചൈനീസ് സർക്കാർ ഔദ്യോഗികമായി അറിയിപ്പ് പുറപ്പെടുവിച്ചു. അപ്പോഴേക്കും ഏകദേശം മുന്നൂറോളം പേർ അസുഖബാധിതരാകുകയും നാലുപേർ മരണപ്പെടുകയും ചെയ്തിരുന്നു. എന്നാൽ പുതിയ വൈറസിന്റെ ഉത്ഭവസ്‌ഥാനം / പകർച്ചയുടെ പാത ഇപ്പോഴും അജ്ഞാതമാണ്. വുഹാനിലെ മൃഗമാർക്കറ്റ് അടച്ചുപൂട്ടിയതോടെ അത് കണ്ടെത്തുക ഇനി അത്ര എളുപ്പവുമല്ലെന്നാണ് പറയപ്പെടുന്നത്.

ചൈനയിലെ അഞ്ചാമത്തെ വലിയ നഗരമാണ് വുഹാൻ. വലിയ തിരക്കുപിടിച്ച ഈ നഗരത്തിൽ നിന്ന് ദിവസേന മൂവായിരത്തി അഞ്ഞൂറോളം പേരാണ് മറ്റു രാജ്യങ്ങളിലേക്ക് വിമാനമാർഗം യാത്ര ചെയ്യുന്നത്. കച്ചവടനഗരമായതിനാൽ ആഭ്യന്തരയാത്രകളും വളരെയധികം സജീവമാണ്. ഈ സാഹചര്യമാണ് കൊറോണ വൈറസ് ബാധ ഇത്ര പെട്ടെന്ന് ലോകമാകെ പടരാനുണ്ടായ കാരണം.

കൊറോണ എന്ന ലാറ്റിൻ വാക്കിന്റെ അർത്ഥം കിരീടം എന്നാണ്. കൊറോണ വൈറസുകളുടെ ചുറ്റും കിരീടത്തിലേതു പോലുള്ള ചില തൊങ്ങലുകൾ കാണപ്പെടുന്നതുകൊണ്ടാണ് അവക്ക് ഈ പേര് ലഭിച്ചത്. പൂച്ചകൾ, വവ്വാലുകൾ, ഒട്ടകങ്ങൾ, ആടുകൾ, പക്ഷികൾ തുടങ്ങിയവയെയൊക്കെ കാര്യമായി ബാധിക്കുന്ന ധാരാളം കൊറോണ വൈറസുകളുണ്ട്. അവയിൽ, ഏഴോളം കൊറോണ വൈറസുകൾ മാത്രമാണ് മനുഷ്യരെ ബാധിക്കുന്നവ. അതിൽത്തന്നെ Covid-19, SARS, MERS തുടങ്ങിയവ മാത്രമാണ് ശ്വാസകോശരോഗത്തിനും, മരണത്തിനും കാരണമായേക്കാവുന്നവ. ബാക്കിയുള്ളവ അത്രയൊന്നും അപടകാരികളല്ലെന്നാണ് പഠനങ്ങൾ പറയുന്നത്. അവ ചെറിയ ജലദോഷം കൊണ്ടൊക്കെ സമാധാനപ്പെടുകയും, ഒഴിഞ്ഞുപോവുകയും ചെയ്യും.

പനി, കടുത്ത ചുമ, ശ്വാസതടസം, സന്ധിവേദന തുടങ്ങിയവയാണ് കൊറോണ വൈറസ്-2019 അഥവാ Covid-19വൈറസ് ബാധയുടെ പ്രാഥമിക ലക്ഷണങ്ങളായി പറയപ്പെടുന്നത്. പക്ഷേ, ഇത്തരത്തിലുള്ള എല്ലാ ലക്ഷണങ്ങളും കൊറോണ മൂലം ആകണമെന്നുമില്ല. അസുഖബാധയുണ്ടോയെന്ന് വിദഗ്ദ്ധപരിശോധനകൾക്കു ശേഷം ഡോക്ടറാണ് തീരുമാനിക്കേണ്ടത് എന്നത് മറക്കരുത്.

രോഗബാധിതനായ ഒരാൾ ചുമക്കുമ്പോഴോ തുമ്മുമ്പോഴോ തെറിച്ചുവീഴുന്ന ശരീരസ്രവങ്ങളുടെ സൂക്ഷ്മമായ തുള്ളികൾ സമീപത്തുള്ളയാളുടെ കണ്ണിലോ, മൂക്കിലോ, വായിലോ പ്രവേശിക്കാൻ ഇടവരുമ്പോഴാണ് കൊറോണ വൈറസ് പകരുന്നത്. ഏതെങ്കിലും പ്രതലത്തിൽ പതിച്ച ഇത്തരം തുള്ളികൾ കൈകളിൽ പറ്റുകയും, നാം അറിയാതെ ആ കൈകൊണ്ട് മുഖമോ, കണ്ണോ, മൂക്കോ തുടക്കുകയും ചെയ്യുമ്പോഴും വൈറസ് പകരാം. അതുകൊണ്ടാണ് കൈകഴുകുന്നത് രോഗപ്രതിരോധത്തിന്റെ പ്രധാന വഴിയാണെന്ന് പറയുന്നത്. രോഗലക്ഷണങ്ങൾ പൂർണ്ണമായും പുറത്തുവരാൻ രണ്ടു ദിവസം മുതൽ രണ്ടാഴ്ച്ച വരെ സമയമെടുക്കും.

മിന്നുന്നതെല്ലാം പൊന്നല്ല എന്നുപറയുന്നത് പോലെ, രോഗലക്ഷണമുള്ളവരെല്ലാം രോഗികളല്ല! എങ്കിലും, രോഗലക്ഷണമുള്ളവർ പൊതുവിടങ്ങളിൽ പോകുമ്പോൾ മാസ്ക് ധരിക്കുന്നതോ, തൂവാല കൊണ്ട് മുഖം മറക്കുന്നതോ മറ്റുള്ളവരിലേക്കുള്ള അണുബാധ തടയുന്നതിന് നല്ലതാണ്. ഇടയ്ക്കിടെ കൈ കഴുകുന്നതും, കൈകൊണ്ട് മുഖം സ്പർശിക്കാതിരിക്കുന്നതും അണുബാധ തടയാൻ നല്ലതാണ്. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആരോഗ്യപ്രവർത്തകരുമായി ബന്ധപ്പെട്ട്, സംശയനിവൃത്തി വരുത്തേണ്ടത് ഈ പകർച്ചവ്യാധിയെ തടയാനുള്ള ഒന്നാമത്തെ വഴിയാണ്.

Covid-19എന്ന പുതിയ കൊറോണ വൈറസിന് മരുന്ന് കണ്ടെത്തിയിട്ടില്ല എന്നത് കൂടുതൽ ശ്രദ്ധ വേണമെന്നതിന്റെ പ്രധാന്യമാണ് കാണിക്കുന്നത്. ഇതുവരെ മരുന്ന് കണ്ടെത്താത്ത ഈ രോഗത്തെ പടർന്നുപിടിക്കാത്ത രീതിയിൽ കൈകാര്യം ചെയ്യുകയാണ് നമുക്ക് ആകെ ചെയ്യാൻ കഴിയുന്ന കാര്യം. അതിനായി ലോകാരോഗ്യ സംഘടനയും, ആരോഗ്യരംഗത്തെ വിദഗ്ദ്ധരും താഴെപ്പറയുന്ന ചില മുൻകരുതലുകളാണ് നിർദ്ദേശിക്കുന്നത്:

1. രോഗലക്ഷണങ്ങളുള്ളവരുമായോ, രോഗികളുമായോ അടുത്ത് ഇടപഴകാതിരിക്കുക.

2. അണുനാശിനി ഉപയോഗിച്ച് വൃത്തിയായി കഴുകാത്ത കൈകൾ കൊണ്ട് മുഖത്തോ, ചുണ്ടുകളിലോ, വായിലോ, കണ്ണിലോ, മൂക്കിലോ തൊടാതിരിക്കുക.
3. രോഗമോ, രോഗലക്ഷണങ്ങളോ ഉണ്ടെങ്കിൽ വീട്ടിൽ നിന്ന് പുറത്തിറങ്ങാതിരിക്കുക. ഒപ്പം, പൊതുസമ്പർക്കം പരമാവധി വേണ്ടെന്നു വെയ്ക്കുക.
4. തുമ്മുമ്പോഴോ ചുമക്കുമ്പോഴോ തൂവാല കൊണ്ടോ ടിഷ്യൂ പേപ്പർ കൊണ്ടോ മുഖം മറയ്ക്കുക. ഉപയോഗശേഷം അവ സുരക്ഷിതമായ രീതിയിൽ സംസ്കരിക്കുക.
5. സ്‌ഥിരമായി ഉപയോഗിക്കുന്ന സാധനങ്ങളും, സ്‌ഥലങ്ങളും വൃത്തിയായി തുടയ്ക്കുകയും, അണുവിമുക്തമായി സൂക്ഷിക്കുകയും ചെയ്യുക.
6. രോഗലക്ഷണമുള്ളവരും രോഗികളുംആരോഗ്യപ്രവർത്തകരും നിർബന്ധമായുംമാസ്ക് ധരിക്കുക.

എല്ലാവരും മാസ്ക് ധരിക്കേണ്ടതില്ലെന്നാണ് ആരോഗ്യരംഗത്തെ വിദദ്ധർ പറയുന്നത്. രോഗലക്ഷണമുള്ളവരും രോഗികളും മാസ്ക് ധരിക്കുക തന്നെ വേണം. ആരോഗ്യപ്രവർത്തകരും നിർബന്ധമായും മാസ്ക് ഉപയോഗിക്കണം. നമ്മുടെ വിപണിയിൽ ലഭ്യമായത് ഒറ്റത്തവണ ഉപയോഗിക്കാവുന്നയിനം മാസ്‌കുകളാണ്. അത്തരം മാസ്കുകൾ ആറു മണിക്കൂറിൽ കൂടുതൽ നേരം ഉപയോഗിക്കാൻ പാടുള്ളതല്ല. മാത്രവുമല്ല, ഉപയോഗശേഷം അവ കൃത്യമായി സംസ്കരിക്കുന്നതും രോഗവ്യാപനം തടയുന്നതിൽ പ്രധാനമാണ്.

7. മുറി അറിവുകൾ മനസ്സിൽ കൊണ്ടുനടന്ന് വെറുതെ ടെൻഷനടിക്കാതിരിക്കുക. ആ ഡിപ്രഷൻ നമ്മുടെ ആരോഗ്യത്തെയും, അതുവഴി രോഗപ്രതിരോധശേഷിയെയും മോശമായി ബാധിച്ചേക്കാം.

ചരുക്കിപ്പറഞ്ഞാൽ, മനഃശുദ്ധിയും ശരീരശുദ്ധിയും രോഗവ്യാപനം തടയുന്നതിൽ പ്രധാനമാണ്. അപ്പോൾ തോന്നിയേക്കാം, എന്താണീ മനഃശുദ്ധിയെന്ന്. താൻ മൂലം മറ്റുള്ളവരിലേക്ക് ഈ രോഗം പടരരുത് എന്ന കരുതലാണത്. ഒരു നല്ല മനുഷ്യന് ഉറപ്പായും ഉണ്ടായിരിക്കേണ്ട സാമൂഹ്യബോധമാണത്. ആ കരുതലിന് കരുത്ത് പകരുന്നതാകട്ടെ, ശരീരശുദ്ധിയാണ് താനും.

എന്തായാലും, പരിഭ്രാന്തി കൊണ്ട് നമുക്ക് ഈ രോഗത്തെ നേരിടാനാവില്ല. കൃത്യമായ യുക്തിയുടെയും, ശാസ്ത്രബോധത്തിന്റെയും പിൻബലത്തോടെ മാത്രമേ നമുക്ക് ഇതിനെ നേരിടാനാകൂ. ശാസ്ത്രലോകം വൈകാതെ ഈ പകർച്ചവ്യാധിക്കുള്ള മരുന്ന് കണ്ടെത്തുക തന്നെ ചെയ്യും.

വാൽ: കൊറോണക്ക് മലയാളം അറിയില്ല എന്ന് മറക്കണ്ട. അതുകൊണ്ടുതന്നെ, 'നമ്മൾ അതിജീവിക്കും' എന്ന് പറഞ്ഞോണ്ടിരുന്നാൽ മാത്രം അത് പേടിച്ചോടില്ല. ഏറ്റവും കുറഞ്ഞത് മുകളിൽ പറഞ്ഞിട്ടുള്ള അത്രയെങ്കിലും മുൻകരുതലുകൾ ശ്രദ്ധയോടെ ചെയ്യണം. നമ്മുടെയും നമുക്ക് ചുറ്റുമുള്ളവരുടെയും അതിജീവനത്തിന് അതുമാത്രമാണ് വഴി. രോഗം വരാതിരിക്കാനുള്ള മുൻകരുതലുകളാണ് രോഗം പടരാതിരിക്കാനുള്ള ഏറ്റവും ഉത്തമമായ വഴി. മറക്കാതിരിക്കുക, ഒരാളുടെ അനാസ്‌ഥ മതി ഒരു നാടാകെ രോഗാതുരമാകാൻ...

(Break the Chain ന്റെ ഭാഗമായി എഴുതുന്നത്.)
Join WhatsApp News
Same Feather Birds 2020-03-17 14:39:49
Fmr GOP Rep Duncan Hunter was just sentenced to 11 months in prison for breaking campaign finance laws. He was one of the first two US Reps to endorse Trump. The other? Convicted fmr GOP Rep Chris Collins, who was sentenced to 26 months in prison. Birds of a feather. bobby needs to stop kissing trump's ass. He can get corona or worse virus from him, then his whole family will be affected.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക