Image

എന്റെ ഹൃദയരാഗങ്ങൾ (കിഷോർ ദാസ്)

Published on 16 March, 2020
എന്റെ ഹൃദയരാഗങ്ങൾ (കിഷോർ ദാസ്)
പുസ്തകങ്ങൾ നമ്മൾ ഒരിക്കൽ വായിക്കുന്നു.അവയിൽ ഏറെ ഇഷ്ടമായവ പുനർവായനക്കായി കരുതിവെക്കുന്നു.
അപൂർവ്വമെങ്കിലും ചില പുസ്തകങ്ങളുടെ വായന പാതിവഴിയിൽ വിഷമത്തോടെയെങ്കിലും അവസാനിപ്പിക്കേണ്ടിവരുന്ന സന്ദർഭങ്ങളുമുണ്ട്.എന്നാൽ ഇതിൽനിന്നെല്ലാം വ്യത്യസ്തമായി വായന കഴിഞ്ഞാലും കൺവെട്ടത്ത് എപ്പോഴും വേണമെന്നാഗ്രഹിക്കുന്ന ചില പുസ്തകങ്ങളുണ്ട്.എളുപ്പം കൈയ്യിലെടുക്കാവുന്ന സ്ഥലത്ത് അവയെ സൂക്ഷിക്കുകയും ഇടക്കെല്ലാം അതിനെയെടുത്ത് ഒന്ന് താലോലിച്ച് തിരികെ വക്കുകയും ചെയ്യുന്നു.പുസ്തകങ്ങൾ തരംതിരിച്ച് അടുക്കിവെക്കാനായി വിശാലമായ അലമാരകൾ സ്വന്തമായി ഉള്ളവർപോലും ഇങ്ങനെ ചെയ്യാറുണ്ട്.ചില മനുഷ്യരുടെ സാമീപ്യം നമുക്ക് ആശ്വാസം പകരാറുണ്ടല്ലോ.ഭൗതീക നേട്ടങ്ങൾക്കപ്പുറത്ത് അവരുടെ സാന്നിധ്യത്തിലെ സ്വാസ്ഥ്യം നമ്മൾ ഇഷ്ടപ്പെടുന്നു.മനുഷ്യർക്കിടയിൽ അപൂർവ സൗഹൃദങ്ങളെ ഇത്തരത്തിൽ വളരാറുള്ളൂ എന്നതുപോലെതന്നെയാണ് പുസ്തകത്തിന്റെ കാര്യത്തിലും.
അങ്ങിനെയുള്ള ചെറിയ പുസ്തക ശ്രേണിയിലേക്ക് ശ്രീകുമാരൻ തമ്പിയുടെ 'എന്റെ ഹൃദയരാഗങ്ങൾ' ഞാൻ എടുത്ത് വെക്കുന്നു.ഹൃദയത്തോട് ചേർത്തുവയ്ക്കുന്നു എന്നുതന്നെ സാരം.

ഒരു ബഹുമുഖപ്രതിഭയായ അദ്ദേഹത്തെ ഏറെ അടുത്തറിയാൻ സഹായിക്കുന്നവയാണ് ഇതിലെ ലേഖനങ്ങൾ.സംഗീതവും സാഹിത്യവും സിനിമയും മാത്രമല്ല പരിസ്ഥിതിശാസ്ത്രവും കൃഷിയും പാരമ്പര്യവും ജ്യോതിഷവുമെല്ലാം ഇതിൽ കടന്നുവരുന്നുണ്ട്.
അവയിലോരോന്നിലും അദ്ദേഹത്തിനുള്ള അപാരമായ പാണ്ഡിത്യം വെളിപ്പെടുന്ന സന്ദർഭങ്ങളുണ്ടെങ്കിലും എവിടെയും അഹങ്കാരത്തിന്റെ നിഴൽ വീഴാതെ ഒരു സുഹൃത്തിനോട് സംസാരിക്കുന്ന ശൈലിയിലാണ് അദ്ദേഹം നമ്മോട് സംവദിക്കുന്നതെന്ന് എടുത്തുപറയേണ്ട ഒന്നാണ്.

'ആയിരം കാവ്യ ചുംബനങ്ങൾ' എന്ന അധ്യായത്തിൽ നിറയുന്നത് അദ്ദേഹവും ശ്രീ യേശുദാസും തമ്മിലുള്ള അപൂർവ സൗഹൃദത്തിന്റെ ചൈതന്യമാണ്.
ഇണക്കങ്ങളും പിണക്കങ്ങളും പരിഭവങ്ങളും സാന്ത്വനങ്ങളുമൊക്കെയായി ആ സുഹൃദ് ബന്ധം സഹോദരബന്ധമായി വളർന്നുവെന്ന് അദ്ദേഹം പറയുന്നു.ജയചന്ദ്രൻ പാടിയ എന്റെ അനവധി ഗാനങ്ങൾ സൂപ്പർ ഹിറ്റുകളായിട്ടുണ്ട്.ബ്രഹ്മാനന്
ദൻ പാടിയ
ചില പാട്ടുകൾക്കും പ്രചാരം ലഭിച്ചിട്ടുണ്ട്.
എങ്കിലും സിനിമാരംഗത്ത് എനിക്ക് അവഗണിക്കാനാവാത്ത ഒരു സ്ഥാനം നേടിത്തന്നത് യേശുദാസിന്റെ ശബ്ദ സൗഭാഗ്യത്താൽ അനുഗ്രഹീതങ്ങളായിത്തീർന്ന
എന്റെ നൂറുകണക്കിന് പാട്ടുകൾ തന്നെയായാണെന്ന് അദ്ദേഹം പറയുമ്പോൾ തലകുലുക്കി സമ്മതിക്കാതെ തരമില്ലല്ലോ.
എത്രയെത്ര നല്ല പാട്ടുകളാണ് ഓർമ്മയിൽ ഓടിയെത്തുന്നത്.ഇലഞ്ഞിപ്പൂമണം,
ഹൃദയ സരസ്സിലെ,പൊൻവെയിൽ മണിക്കച്ച,ഉത്തരാ സ്വയംവരം,മദംപൊട്ടിച്ചിരിക്കുന്ന,ആകാശ ദീപമേ,ആകാശം ഭൂമിയെ വിളിക്കുന്നു,
ആറാട്ടിനാനകൾ,അകലെയകലെ,വൈക്കത്
തഷ്ടമി,ചന്ദ്രികയിലലിയുന്നു,ചന്ദ്രബിംബം,അവൾ ചിരിച്ചാൽ, സുഖമെവിടെ ദുഃഖമെവിടെ,മനോഹരി നിൻ,ആ നിമിഷത്തിന്റെ,നീലാംബുജങ്ങൾ,മംഗളം നേരുന്നു,പൊട്ടിക്കരഞ്ഞുകൊണ്ടോമനെ,ഒരു മുഖം മാത്രം .. ഈ ലിസ്റ്റ് ഇങ്ങനെ നീണ്ടുപോകുകയാണ്.

'ആത്മസൗന്ദര്യത്തിന്റെ അമൃതപ്രവാഹം' ഒ.എൻ.വി യുടെ ചാരുതയാർന്ന കവിതകളെക്കുറിച്ചും കവിതയുടെ സൗന്ദര്യം നിറഞ്ഞൊഴുകുന്ന സിനിമാഗാനങ്ങളെ കുറിച്ചുള്ളതുമാണ്.

ഇടപ്പള്ളിക്കവിതകളുടെ ആഴങ്ങളിലേക്കിറങ്ങിച്ചെല്ലുന്ന ഒരു ലേഖനമുണ്ടിതിൽ.ജീവിതത്തിനേക്കാൾ സൗന്ദര്യം മരണത്തിനുണ്ടെന്ന കവിയുടെ സിദ്ധാന്തം മിക്കവാറും എല്ലാ കവിതകളിലും മറഞ്ഞും തെളിഞ്ഞും കിടക്കുന്നുണ്ടെന്നും കവിയുടെ ഇഷ്ടകാമുകി മരണം തന്നെ ആയിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

അകാലത്തിൽ മരണം കൂട്ടിക്കൊണ്ടുപോയ നടി ശ്രീവിദ്യയെ അദ്ദേഹം വിശേഷിപ്പിക്കുന്നത് ഒരു ജീനിയസ് എന്നാണ്.ലേഖനം വായിച്ചുകഴിയുമ്പോൾ നമ്മളും അതിനോട് യോജിക്കാതിരിക്കില്ല.

ഞാൻ അന്ധവിശ്വാസിയല്ല.
അന്ധവിശ്വാസമായി പുച്ഛിച്ച് തള്ളപ്പെടുന്ന പല ആചാരങ്ങൾക്കും ശാസ്ത്രീയമായ അടിസ്ഥാനമുണ്ടെന്ന് ഞാൻ മനസ്സിലാക്കിയിട്ടുണ്ടെന്നും പറഞ്ഞുകൊണ്ട് 'മനസ്സിന്റെ മായാജാലം മാത്രമോ?’ എന്ന അധ്യായത്തിൽ അദ്ദേഹം പങ്കുവെക്കുന്ന ജീവിതത്തിലെ രണ്ട് പ്രധാന സ്വപ്നസദൃശ്യമായ സംഭവങ്ങൾ വായന കഴിഞ്ഞാലും നമ്മുടെ മനസ്സിൽ ഒരു ചോദ്യചിഹ്നമായി നിലകൊള്ളാതിരിക്കില്ല.
മരണശേഷം അദ്ദേഹത്തെ കാണാനെത്തിയ വിജയശ്രീയെയും ജയനെയും കുറിച്ചുള്ളതാണ് ആ കുറിപ്പ് എന്നുമാത്രം പറയുന്നു.അനുഭവങ്ങൾ അദ്ദേഹത്തിന്റെ വാക്കുകളിൽ നേരിട്ട് കേൾക്കുക.

'ദുനിയാ കെ രഖ് വാലെ' യിൽ നിറയുന്നത് മുഹമ്മദ് റഫിയുടെ ഗാനങ്ങളെക്കുറിച്ചുള്ള ചിന്തകളാണ്.നമ്മളിൽ പലരും ഹിന്ദി സിനിമാഗാനങ്ങൾ ആസ്വദിക്കുന്നത് അതിന്റെ സാരം മുഴുവൻ ഗ്രഹിച്ചുകൊണ്ടൊന്നുമല്ല.
എന്നാൽ അർത്ഥം മനസ്സിലാക്കി കേൾക്കുമ്പോൾ ആസ്വാദനത്തിന് കുറച്ചുകൂടി തെളിമയും ശോഭയും വർധിക്കുന്നുവെന്നുതന്നെയാണ് സ്വാനുഭവം.
ഇവിടെ അദ്ദേഹം റഫി പാടി അനശ്വരമാക്കിയ ഏതാനും ഹിന്ദി ഗാനങ്ങളുടെ ആത്മാംശം പകർന്നുതരുന്നത് തേൻതുള്ളിപോലെ മധുരമാർന്ന കാവ്യത്മക ഭാഷയിലാണ്.
ഹിന്ദി ഭാഷയിൽ ശ്രീകുമാരൻ തമ്പിക്കുള്ള പരിജ്ഞാനം പ്രസിദ്ധമാണ്.
അതുകൊണ്ടുതന്നെ അദ്ദേഹം ആസ്വദിക്കുകയും ആവർത്തിച്ച് കേൾക്കാറുള്ളതുമായ കുറേക്കൂടി ഗാനങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു പുസ്തകമായി മലയാളികളായ ഗാനാസ്വാദകർക്ക് നൽകിയിരുന്നെങ്കിൽ എന്നാശിച്ചുപോകുന്നു ഈ ലേഖനത്തിലൂടെ കടന്നുപോകുമ്പോൾ.

'സന്ധ്യാരാഗം മാഞ്ഞുകഴിഞ്ഞു' എന്ന അധ്യായത്തിൽ ആർ.കെ.ശേഖറിനെയും അദ്ദേഹത്തിന്റെ സംഗീതസംഭാവനകളെയും ഓർക്കുകയാണ്.ശേഖറിന്റെ തോളത്തുചവുട്ടി വിജയപീഠത്തിലേക്ക് കയറിയവർ അനേകം പേരുണ്ടെന്നും അവരിൽ ആ സഹായത്തെ കൃതജ്ഞതാപൂർവ്വം ഇന്നും സ്മരിക്കുന്ന ഒരേ ഒരു സംഗീത സംവിധായകൻ എം.കെ.അർജുനൻ മാഷ് മാത്രമാണെന്നും അദ്ദേഹം പറഞ്ഞുവെക്കുന്നു.
താമരപ്പൂ നാണിച്ചു,മണിവർണ്ണനില്ലാത്ത വൃന്ദാവനം,ഉഷസോ സന്ധ്യയോ,
സന്ധ്യാരാഗം മാഞ്ഞുകഴിഞ്ഞു എന്നിങ്ങനെ ഒരുപിടി നല്ല ഗാനങ്ങൾ ആർ.കെ.ശേഖറിന്റേതായുണ്ട്.
പക്ഷെ എന്റെ അഭിപ്രായത്തിൽ അദ്ദേഹം സംഗീതലോകത്തിന് നൽകിയ വലിയ സംഭാവന ദിലീപ് ആയിരുന്നുവെന്നാണ്.
അതേ ലോകം കീഴടക്കിയ ആ മഹാസംഗീതജ്ഞൻ എ.ആർ.റഹ്മാൻ തന്നെ.
ആ സംഗീതവിസ്മയത്തെ ലോകത്തിന് സമ്മാനിക്കുക എന്നതുതന്നെ ആയിരുന്നിരിക്കണം അദ്ദേഹത്തിന് ജഗതീശ്വരൻ നൽകിയ ജീവിത ദൗത്യം.
ഇതൊരിക്കലും അദ്ദേഹം അനശ്വരമാക്കിയ ഗാനങ്ങളെയും സിനിമാപശ്ചാത്തല സംഗീതത്തെയും മറന്നുകൊണ്ട് പറയുന്നതല്ല.

'സ്വന്തമെന്ന പദം' എന്ന ചിത്രത്തിന്റെ വാതിൽപ്പുറ ചിത്രീകരണത്തിനായി അദ്ദേഹവും സുഹൃത്തുക്കളുമായി കാഷ്മീരിലേക്ക് നടത്തിയ യാത്രയുടെ ഓർമ്മകൾ മനോഹരമായ ഏത് സഞ്ചാരകൃതിയെയും കവച്ചുവെക്കുന്നതും വായനാസുഖം പകരുന്നതുമാണ്.

ഈ പുസ്തകത്തിന്റെ ഹൃദ്യാനുഭവങ്ങളെക്കുറിച്ച് പറയാൻ ഇനിയുമേറെയുണ്ട്.വിസ്താരഭയത്താൽ ഞാൻ അതിന് മുതിരുന്നില്ല.ഇനിയും വായിച്ചിട്ടില്ലാത്ത സുഹൃത്തുക്കളുടെ ശ്രദ്ധയെ ക്ഷണിച്ചുകൊണ്ട് കുറിപ്പിവിടെ അവസാനിപ്പിക്കട്ടെ.
എന്റെ ഹൃദയരാഗങ്ങൾ (കിഷോർ ദാസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക