Image

ഭാഗ്മതിയുടെ തീരത്തെ കല്യാണമേളം (ചരിത്രമുറങ്ങുന്ന നേപ്പാൾ-10: മിനി വിശ്വനാഥൻ)

Published on 16 March, 2020
ഭാഗ്മതിയുടെ തീരത്തെ കല്യാണമേളം (ചരിത്രമുറങ്ങുന്ന നേപ്പാൾ-10: മിനി വിശ്വനാഥൻ)
പശുപതിനാഥിൽ നിന്ന് ഞങ്ങൾ ഇറങ്ങുമ്പോഴേക്ക് ആകാശം നന്നായി തെളിഞ്ഞിരുന്നു. ദക്ഷയാഗകഥകൾക്ക് സാക്ഷ്യമായി നിൽക്കുന്ന ഗുഹ്യേശ്വരി ക്ഷേത്രമാണ് അടുത്ത ലക്ഷ്യമെന്ന് നരേഷ് ആദ്യം തന്നെ പറഞ്ഞിരുന്നു. പശുപതി നാഥനെ വണങ്ങിയതിന്റെ ഫലം പൂർത്തിയാവണമെങ്കിൽ ഇവിടെയുള്ള സതീദേവിയേയും കണ്ട് തൊഴണമത്രെ.

ശക്തിപീഠങ്ങളിലൊന്നായ ഈ ക്ഷേത്ര ഐതിഹ്യവും ദക്ഷയാഗവുമായി ബന്ധപ്പെട്ടതാണ്.  ഭർത്താവായ ശിവൻ തന്റെ കൺമുന്നിൽ അപമാനിക്കപ്പെട്ടപ്പോൾ സതീദേവി യാഗാഗ്നിയിൽ ചാടി ജീവനൊടുക്കുകയും കോപാന്ധനായ ശിവൻ സതീദേവിയുടെ ശരീരം തോളിലിട്ട് ലോകം മുഴുവൻ നടന്നുവെന്നും അപ്പോൾ ദേവിയുടെ ശരീരഭാഗങ്ങൾ ഭൂമിയിൽ അൻപത്തിയൊന്നിടങ്ങളിലായി വീഴുകയുണ്ടായി എന്നൊരു വിശ്വാസമുണ്ട്. ഈ ഇടങ്ങൾ ശക്തി പീഠങ്ങൾ എന്നാണ് അറിയപ്പെടുന്നത്. അതിൽ ദേവിയുടെ ഊരുക്കൾ പതിച്ച സ്ഥലമാണ് ഗുഹ്യേശ്വരി ക്ഷേത്രം. അതു കൊണ്ട് തന്നെ ഹിന്ദു വിശ്വാസപ്രകാരം വളരെ പവിത്രമായ പുണ്യ ക്ഷേത്രങ്ങളിലൊന്നും മഹാതീർത്ഥാടന കേന്ദ്രവുമാണ് ഇത്. ഗുഹ്യേശ്വരി എന്ന ക്ഷേത്രനാമം തന്നെ ലളിതാസഹസ്രനാമത്തിലെ ദേവിയുടെ എഴുനൂറ്റി ഏഴാമത്തെ ഗുഹ്യരൂപിണി എന്ന പേരിൽ നിന്നുണ്ടായതാണത്രെ.

ഇവിടെ മഹാമായാരൂപത്തിൽ ദേവിയും കാപാലി ഭാവത്തിൽ ശിവനും ആരാധിക്കപ്പെടുന്നു. താന്ത്രികവിധിപ്രകാരമുള്ള പൂജാകർമ്മങ്ങളാണിവിടെ നടക്കുന്നത്. ഭക്തർക്ക് ആഗ്രഹിക്കുന്നതെന്തും സമ്മാനിക്കുന്ന മനോ കാമനാദേവി കൂടിയാണ് ഇവിടത്തെ മഹാമായ.

ഭാഗ്മതി നദിയുടെ തീരത്ത് തന്നെയാണ് ഈ ക്ഷേത്രവും സ്ഥിതി ചെയ്യുന്നത്. പക്ഷേ പശുപതിനാഥ ക്ഷേത്രത്തിന് വിപരീതമായി ഇവിടെ ചുറ്റുപാടുകൾക്ക് ഒട്ടും ശുചിത്വം ഉണ്ടായിരുന്നില്ല. ഭാഗ്മതിക്കു കുറുകെ ഒരു പാലം കടന്നാണ് ക്ഷേത്രത്തിൽ പ്രവേശിക്കേണ്ടത്. നിറയെ വിവിധ വർണ്ണങ്ങളിലുള്ള തോരണങ്ങൾ തൂക്കിയിട്ട് ആ പാലം മുഴുവൻ അലങ്കരിച്ചിരുന്നു.

കളിപ്പാട്ടങ്ങളും പൂജാ സാധനങ്ങളും, കറുകമാലകൾക്കൊപ്പം പൂമാലകളും വിൽക്കാനായി ഒരുക്കി വെച്ച സ്ത്രീകൾ കൈകൊട്ടി ശബ്ദമുണ്ടാക്കി ഞങ്ങളുടെ ശ്രദ്ധ ക്ഷണിച്ചു. ശ്രദ്ധിക്കാതെ മുന്നോട്ട് നടന്നപ്പോൾ നമ്മുടെ നാട്ടിലേത് പോലെ പിൻവിളികളോ ശ്രദ്ധക്ഷണിക്കലുകളോ ഉണ്ടായില്ല എന്നത് ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. അലസതാവിലസിതന്മാരായ വെച്ചു വാണിഭക്കാർ നേപ്പാളിന്റെ പ്രത്യേകതയാണെന്ന് തോന്നുന്നു.

ചുവന്ന നിറമുള്ള മൺചായം തേച്ച ക്ഷേത്ര കവാടത്തിൽ ഇരുവശത്തും ബുദ്ധിസ്റ്റ് രീതിയിൽ രണ്ടു കണ്ണുകൾ ആലേഖനം ചെയ്തതിനു താഴെ ഗണപതിയും സുബ്രഹ്മണ്യനും കാവൽ നിൽക്കുന്നതായി കാണാം. ഉള്ളിലെ ക്ഷേത്രച്ചുവരുകളും അതേ പോലെ ചുവന്ന മൺചായം പൂശിയവ തന്നെയായിരുന്നു.

പടികൾ കയറി ഞങ്ങൾ ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ചു. വളരെ പുരാതനമായ ഒരു ക്ഷേത്രമായിട്ടും പ്രധാനക്ഷേത്രത്തിലൊഴികെ എടുത്തു പറയത്തക്ക ശില്പചാരുതകൾ ഒന്നുമുണ്ടായിരുന്നില്ല.ലിച്ചാ
വി രാജ വംശത്തിന്റെ ഭരണകാലത്ത് രാജാശങ്കർദേവ് തന്ത്രവിദ്യാ ശാസ്ത്രത്തിൽ പ്രമുഖനായ നരസിംഹ ഠാക്കൂറിന്റെ സഹായത്തോടെ ഉണ്ടാക്കിയതാണിത്..

ആയിരത്തി അറുനൂറ്റി അമ്പത്തിനാലിൽ രാജാ പ്രതാപമല്ല പുനർനിർമ്മിച്ച ഈ ക്ഷേത്രവും ഭൂകമ്പത്തിൽ നാശനഷ്ടക്കൾക്ക് വിധേയമായിട്ടുണ്ടായിരുന്നു. പ്രധാനക്ഷേത്രചുമര് സ്വർണ്ണ നിറത്തിലുള്ള ലോഹപാളികളിൽ കൊത്തുപണികൾ ചെയ്ത് ഉറപ്പിച്ചതാണ്. സാധാരണ നേപ്പാളി പാരമ്പര്യ ശൈലിക്ക് പകരമായി ഭൂട്ടാൻ പഗോഡ വാസ്തുശാസ്ത്ര രീതിയിലാണ് ഇതിന്റെ നിർമ്മിതി. പ്രധാന ക്ഷേത്രത്തിൽ മുകൾഭാഗത്ത് നാലു ഭാഗവും നിരീക്ഷിച്ചു കൊണ്ട് സർപ്പശിരസ്സുകൾ കാണാം. പ്രധാന ക്ഷേത്രത്തിന് ചുറ്റുപാടും ചുറ്റമ്പലം പോലെ നിർമ്മിതികളും ഉണ്ട്‌. ആ ഭാഗത്തൊന്നും പറയത്തക്ക ശില്പചാരുതകൾ കാണാനില്ല.

ക്ഷേത്രമുറ്റത്ത് എത്തിയ ഞങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ട് അവിടെ കല്യാണമേളം നടക്കുകയായിരുന്നു. യാഗകുണ്ഡത്തിൽ ഹോമം ചെയ്തു കൊണ്ട് പലയിടങ്ങളിലായി പൂജാരികൾ നിരന്നിരിക്കുന്നുണ്ടായിരുന്നു.

ചുവന്ന സാരിയുടുത്ത് പാരമ്പര്യ രീതിയിൽ അണിഞ്ഞൊരുങ്ങിയ വധുക്കൾക്കൊപ്പം കോട്ടും സൂട്ടുമണിഞ്ഞ വരൻമാർ കാരണവൻമാരുടെയും പൂജാരിയുടെയും നിർദ്ദേശങ്ങൾ അനുസരിച്ച് ചടങ്ങുകളിൽ പങ്കാളികളായി. വിവാഹം കഴിഞ്ഞ നവദമ്പതികളും ബന്ധുക്കളും സെൽഫി കളെടുക്കുകയും ഫോട്ടോകൾക്ക് പോസ് ചെയ്യുകയും ചെയ്തു.

ഈകൂട്ടത്തിൽ വിവാഹവേഷമണിഞ്ഞ് വൃദ്ധ ദമ്പതികളും കൃത്രിമ നാണത്തോടെ വിവാഹം കഴിക്കുന്നത് കണ്ടപ്പോൾ ഞങ്ങൾക്ക് സംശയം തോന്നി. അതൊരു വിശേഷപ്പെട്ട ദിവസമായതിനാൽ നടത്തുന്ന ഒരാചാരമാണെന്ന് കൂട്ടത്തിലൊരാൾ വിശദീകരിച്ചു.   അന്നപ്രാശത്തിനായി കുഞ്ഞുങ്ങളും, വിവാഹത്തിന് യുവജനങ്ങളും, വിവാഹ ബന്ധം ഊട്ടിയുറപ്പിക്കുന്നതിന് വൃദ്ധരും ഇവിടെയെത്തുന്ന ദിവസമാണത്രെ അത്.
ഏതായാലും ഞങ്ങൾ ചുറ്റി നടന്ന് പല ക്ഷണിക്കാക്കല്യാണങ്ങളിലും പങ്കെടുക്കുകയും പലരോടൊപ്പവും ഫോട്ടോ എടുക്കുകയും ചെയ്ത് ആ ആഘോഷങ്ങളിൽ പൂർണ്ണമസ്സോടെ പങ്കെടുത്തു.

ഒടുവിൽ  പ്രധാന ക്ഷേത്രത്തിന്റെ ഉള്ളിലേക്ക് പ്രവേശിച്ചു. ഒരു ഗുഹാക്ഷേത്രം പോലെ തോന്നിച്ച അതിന്റെ ചുവരിൽ വലിയ ഒരു കാളീരൂപവും വെള്ളി കുംഭവും ഉണ്ടായിരുന്നു. പുഷ്പാർച്ചനകളോടെ അവിടെ ചടഞ്ഞിരിക്കുന്ന പൂജാരി ഞങ്ങൾക്ക് നിലത്ത് ശയന രീതിയിൽ പ്രതിഷ്ഠിച്ച ദേവീരൂപം കാണിച്ചു തന്നു . പ്രകൃതിദത്തമായ ഉറവ് വെള്ളത്താൽ ആ പ്രതിഷ്ടാരൂപം സ്വയം ശുദ്ധമാവുന്നുമുണ്ടായിയിരുന്നു. ഇവിടെയാണ് സതീദേവിയുടെ ഊരുക്കൾ പതിച്ചത് എന്ന് അദ്ദേഹം പറഞ്ഞു. പ്രസാദമായി ജമന്തിപ്പൂക്കൾ ആ സങ്കല്പ സ്ഥാനത്ത് നിന്ന് എടുത്ത് തന്നു.

അവിടെ എവിടെയും പണത്തിന് വേണ്ടി കണക്ക് പറച്ചിലുകൾ ഉണ്ടായില്ലെന്നത് എന്നെ അത്ഭുതപ്പെടുത്തി. സ്ത്രീശക്തിയെ മനോകാമനാ ദേവിയായി  ആരാധിക്കുന്നതിനാലാവും ചോറൂണിനായി വന്ന പെൺകുട്ടികളുടെയും മാതാപിതാക്കളുടെയും തിരക്കായിരുന്നു ഉള്ളിൽ .

വിചിത്രകഥകളായി കുട്ടിക്കാലത്ത് കേട്ട് മനസ്സിൽ നിറച്ച കാര്യങ്ങൾ നേരിട്ട് കാണുമ്പോഴുള്ള വികാരം പറഞ്ഞറിയിക്കാനാവില്ല....

പരമ പ്രണയികളായ ശിവശക്തിയെ സാക്ഷി നിർത്തി പുതു ജീവിതം ആരംഭിക്കുന്ന നവ വധൂവരൻമാരുടെ പ്രതീക്ഷാനിർഭരമായ പ്രാർത്ഥനയിൽ അനുഗ്രഹങ്ങൾ ചൊരിയുമ്പോഴും തോളിൽക്കിടക്കുന്ന സതീദേവിയുടെ ശരീരഭാഗങ്ങൾ താഴെ വീഴുന്നതറിയാതെ, ദു:ഖത്താലും കോപത്താലും ആകുലനായ പരമശിവനെന്ന പ്രണയിയുടെ നൊമ്പരം ആ അന്തരീക്ഷത്തിൽ അലയടിക്കുന്നതായി തോന്നി.

മനസ്സ് നിറഞ്ഞ് നിശബ്ദമായിത്തന്നെയാണ് അവിടെ നിന്നും പടിയിറങ്ങിയത്. ഈ ക്ഷേത്രത്തിന് തൊട്ടടുത്തായി കാടു പിടിച്ച മട്ടിൽ കിടക്കുന്ന കുറെ പുരാതന നിർമ്മിതികൾ കണ്ടു. പരമ്പരാഗത നേപ്പാൾ വാസ്തുശില്പ രീതിയിലായിരുന്നില്ല ആ കെ ട്ടിടങ്ങൾ. പഴയ കൊട്ടാരത്തിന്റെ ഭാഗമാണിതെന്നും, ഇപ്പോൾ ഇവിടെ ആരും വരാറില്ലെന്നും നാട്ടുകാരിലൊരാൾ പറഞ്ഞു. കാടുപിടിച്ച് കിടക്കുന്ന നഷ്ടപ്രതാപങ്ങൾ വീണ്ടും മനസ്സിൽ സങ്കടമുണർത്തി.

അപ്പോഴേക്കും ക്ഷേത്രത്തിന് താഴെയുള്ള ഒഴിഞ്ഞ സ്ഥലത്ത് വിവാഹ സത്കാരത്തിനുള്ള തുണിപ്പന്തലുകൾ ഉയർന്നു കഴിഞ്ഞിരുന്നു. ഓരോരു പാർട്ടിയുടെയും സാമ്പത്തിക സ്ഥിതി അലങ്കാരങ്ങളിൽ നിന്ന് തന്നെ തെളിയുന്നുണ്ടെങ്കിലും ആഘോഷങ്ങൾ എല്ലാവർക്കും ഒരുപോലെ തന്നെ. ചെറിയ കുട്ടികൾ എല്ലാ പന്തലുകളും സന്ദർശിച്ച്
മധുരപലഹാരങ്ങളുടെ രുചി നോക്കി.

വധൂവരൻമാർ ചേർന്നിരുന്ന് മധുരം പങ്കു വെച്ചു.
ഭാഗ്മതിയിൽ നിന്നുയരുന്ന തണുത്ത കാറ്റിൽ പ്രണയ മന്ത്രങ്ങൾ ഉയരുന്നതായി തോന്നി ....

ഞങ്ങൾക്ക് ഏറെ സമയമുണ്ടായിരുന്നില്ല ... ബുദ്ധവിഹാര കേന്ദ്രങ്ങളിലേക്കാണ് അടുത്ത യാത്ര.
ആ വിശേഷങ്ങളുമായി അടുത്ത ആഴ്ച വീണ്ടും.
ഭാഗ്മതിയുടെ തീരത്തെ കല്യാണമേളം (ചരിത്രമുറങ്ങുന്ന നേപ്പാൾ-10: മിനി വിശ്വനാഥൻ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക