Image

'നീലച്ചിറകുള്ള മൂക്കുത്തികൾ ' (നോവൽ-1 - സന റബ്സ്)

Published on 09 March, 2020
'നീലച്ചിറകുള്ള മൂക്കുത്തികൾ ' (നോവൽ-1 - സന റബ്സ്)
നീലച്ചിറകുള്ള മൂക്കുത്തികള്‍-1

2009-ഫെബ്രുവരി മാസത്തിലെ  ഒരു പുലര്‍കാലം.
ഒറീസ്സയിലെ പ്രസിദ്ധമായ കൊണാര്‍ക്ക്  സൂര്യക്ഷേത്രത്തിന്റെ  ഉരുണ്ട രഥചക്രങ്ങളില്‍  തൊട്ടുകൊണ്ട്‌ മിലാന്‍ ആകാശത്തേക്കൊരു ചുടുചുംബനമെറിഞ്ഞു. 

ആ മധുരത്തിലെ ചൂട് മുഴുവന്‍ കിട്ടിയതുപോലെ  പെട്ടെന്ന് മേഘങ്ങളിലൊരു  ഇളം ചുവപ്പുണ്ടായി!
“വെറുതെ ആകാശത്തേക്ക് കളയണോ ഈ നറുംചുണ്ടുകളുടെ സമ്മാനങ്ങള്‍?
തൊട്ടരികിലെ നിശ്വാസം കേട്ടവള്‍ തലതിരിച്ചു.
“പിന്നേ....എവിടേയാണ്‌ കൊടുക്കേണ്ടത് ഈ സമ്മാനങ്ങള്‍? കുസൃതിയോടെ അവള്‍ ചോദിച്ചു.
“ഇവിടെ...ഈ വിശിഷ്ടഭോജ്യം എന്നും രുചിക്കാന്‍ ഈയുള്ളവന്‍ അരികിലുള്ളപ്പോള്‍.”പറഞ്ഞുകൊണ്ടായാള്‍ അവളെ വീണ്ടും ആര്‍ത്തിയോടെ  പുണര്‍ന്നു.
“ഏയ്..ഡോണ്ട് യു നോ, ദിസ്‌ ഈസ്‌ എ പബ്ലിക്‌ പ്ലേസ്...”കുതറിക്കൊണ്ട് മിലാന്‍ അയാളെ വിടുവിച്ചു.
“അതിനെന്താ ...നാളെ നമ്മള്‍ ഒരുമിക്കുകയാണ്. ഒരുമിച്ചു ജീവിക്കാന്‍ തുടങ്ങുകയാണ്...കാണട്ടെ...എല്ലാവരും...”

മിലാന്‍ അയാളുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കി. “ഈ പറയുന്നത് സത്യമാണോ...വിദേത്...എനിക്കെന്തോ ഇപ്പോഴും വിശ്വസിക്കാന്‍…..ആവാത്തത്പോലെ.........എന്തോ....”

“എന്തുകൊണ്ട്..? പറയൂ..നിനക്കെപ്പോഴും ഈ സംശയമാണ്...എന്തുകൊണ്ടാണീ സംശയം....” അയാള്‍ അവളെ പിടിച്ചു തനിക്കഭിമുഖമായി നിറുത്തി.
“ഞാനൊരു സെലിബ്രിറ്റി ആയതിനാലാണോ...അതോ  എന്നോടൊത്തുള്ള ജീവിതത്തിലുള്ള സംശയമാണോ ...?” അയാളാ കണ്ണുകളിലേക്കു ഉറ്റുനോക്കി.

മിലാന്‍ പ്രണോതിയുടെ കണ്ണുകളില്‍ വീണ്ടുമാ നീലവെളിച്ചമുണ്ടായി.

“അതല്ല വിദേത്... വിദേതിന്റെ. ഇപ്പോള്‍ ഉടനെയുള്ള   ഡിവോര്‍സ്..പിന്നെ മകള്‍... ഡിവോര്‍സ്  വാങ്ങി ഉടനെതന്നെ  നമ്മള്‍ വിവാഹം കഴിക്കുമ്പോള്‍...എന്തായിരിക്കും വിദേതിന്റെ മകളുടെ റിയാക്ഷന്‍....? പ്രത്യേകിച്ച് ഇത് ആദ്യവിവാഹമല്ലല്ലോ വിദേത്. എന്തെങ്കിലുമൊരു ചെറിയ കാര്യങ്ങള്‍ കിട്ടാന്‍ വേണ്ടി കാത്തിരിക്കയാണ്‌ ലോകം...മീഡിയയുടെ കാര്യമാണെങ്കില്‍ പറയുകയും വേണ്ട..” മിലാന്‍ പറഞ്ഞു നിറുത്തി അയാളെ നോക്കി.

“ഓഹ്...മൈ സില്ലി ഗേള്‍.” ചിരിച്ചുകൊണ്ടയാള്‍ വീണ്ടും തലകുടഞ്ഞു.

“ഇത് എന്റെ  സ്വകാര്യ ജീവിതമാണ്‌...നിന്‍റെയും, പിന്നെ ഞാനും റോസ്‌ലിനും ഉടനെയല്ലല്ലോ  ഡിവോര്‍സ്  വാങ്ങുന്നത്. നാല് വര്‍ഷമായി പിരിഞ്ഞിട്ട്. ഒരു വിവാഹത്തിന്‍റെ ചട്ടക്കൂടില്‍ നില്‍ക്കാന്‍ സാധിക്കുന്നില്ലെങ്കില്‍, അതാരോ ആവട്ടെ, തീര്‍ച്ചയായും ഇറങ്ങിപ്പോരണം. തമ്മില്‍ ആഗ്രഹമില്ലാത്തവര്‍ എന്തിനൊരു കുടയില്‍ കയറി മഴയും വെയിലും നനയണം? അത്രയേ ഇവിടെയും നടക്കുന്നുള്ളൂ. ഡോണ്ട് യു നോ ദാറ്റ്‌?” ഒന്ന് നിറുത്തി അവളെ ഒന്നൂടെ ചേര്‍ത്ത് നിറുത്തി അയാള്‍ തുടര്‍ന്നു. .
“പിന്നെ എന്റെ മകള്‍ മൈത്രേയി...അവള്‍ വളരെ ലിബറല്‍ ആയ കുട്ടിയാണ്. ഇതെന്‍റെ മൂന്നാം വിവാഹമാണ് എന്നാര്‍ക്കാണ് അറിയാത്തത്? അവളെ പോലൊരു മകള്‍ എനിക്കൊരു ഭാഗ്യമാണ്.ഇടുങ്ങിയ മനസ്സല്ല അവള്‍ക്ക് ...”
എന്തോ ഓര്‍ത്തിട്ടെന്നപോലെ പെട്ടെന്നയാള്‍ തിരിഞ്ഞു അവളെ നോക്കി.

“ആളുകള്‍ പറയുമ്പോലെ ഈ വിവാഹവും പരാജയപ്പെടും എന്ന് നീ കരുതുന്നുവോ...?”
 മിലാന്‍ തിരിഞ്ഞു  അയാളുടെ വായ് പൊത്തി. അവളുടെ നിറഞ്ഞ കണ്ണുകള്‍ കണ്ടു അയാളുടെ കണ്ണുകളില്‍ പ്രണയവും അലിവും ഒരുമിച്ചു പൂത്തു.

“ഇതാണ് എനിക്കിഷ്ടമില്ലത്തത്. നാളെ നീ റായ് വിദേത് ദാസിന്റെ  പ്രിയതമയാണ്‌. വെറുതെ എപ്പോഴും ഈ കണ്ണുകള്‍ നിറച്ചുവെയ്ക്കരുത്.ചിരിക്കുന്ന കണ്ണുകളേയാണ് ഞാന്‍ മോഹിച്ചത്...അറിയില്ലേ...” 

അന്തരീക്ഷത്തിലെ ഇളം തണുപ്പിലും നേര്‍ത്ത കാറ്റിലും ഉലയുന്ന അവളുടെ ദുപ്പട്ടയിലെ ഓളങ്ങള്‍ അയാളുടെ മുഖത്ത് ഇടയ്ക്കിടെ വന്നുരുമ്മി മാറി.

“മിലാന്‍....” വളരെ ആര്‍ദ്രമായ വിളിയൊച്ച.
“ഉം.....” നേര്‍ത്ത സ്വരത്തില്‍ അവള്‍ വിളികേട്ടു.

“ഇങ്ങനെ കൂടെ ചേര്‍ത്തു പിടിക്കാനാണ് എപ്പോഴും മനസ്സ് തുടിക്കുന്നത്...” അവളുടെ ഇടതൂര്‍ന്ന  കറുത്ത മുടിയിഴകളിലൂടെ അയാളുടെ വിരലുകള്‍ പരതിയുഴറി.
“യു നോ ഹൌ എലഗന്റ്റ് യു ആര്‍ ഇന്‍ ദിസ്‌ ബ്ലൂ ഡ്രസ്സ്‌...? നീല എന്തിന്‍റെ നിറമാണെന്ന് നിനക്കറിയാമോ...?

“ഉം .....” വീണ്ടുമവള്‍ ആ ലാളനത്തില്‍ മൂളി.

“എന്നാല്‍ പറയ്....എന്തിന്റെയാണ്....” അയാളുടെ മിനുസമുള്ള കവിളുകള്‍ അവളുടെ കവിളില്‍ ഒരുമ്മിനീങ്ങിക്കൊണ്ടിരുന്നു.
“കടലിന്റെ....ആകാശത്തിന്റെ.....”

“ഓഹ് മൈ ലിറ്റില്‍ ഏയ്‌ഞ്ചല്‍......ആ കടലും ആകാശവും സമ്മേളിക്കുന്ന നമ്മുടെയീ പ്രണയത്തിന്‍റെ നിറമാണത്.” 
അയാളുടെ മുഖം വീണ്ടുമവളുടെ കാതിനരികിലെത്തി. ആ നിമിഷം അങ്ങനെതന്നെ അയാള്‍ക്കു   കൊടുത്തുകൊണ്ട് അവളും ഒരു നിമിഷം മിഴിപൂട്ടി.

ക്ഷേത്രത്തെ ഒന്ന് ചുറ്റി വരുമ്പോഴും അയാളിലെ കൊച്ചുകുട്ടി അവളോട്‌ ചേര്‍ന്ന്ചേര്‍ന്നു 
 നടന്നുകൊണ്ടിരുന്നു.
“ശരി, നമുക്കിപ്പോള്‍ പോയാലോ...പാക്കിംഗ് ഒന്നും കഴിഞ്ഞില്ലല്ലോ നാളെ മുംബൈയിലെ റിഹേര്സല്‍ ക്യാമ്പില്‍ എത്തേണ്ടതല്ലേ. നാല് ദിവസം കഴിഞ്ഞാല്‍  പ്രോഗ്രാം ആണ്. അറിയില്ലേ..” തന്‍റെ ബൈനക്കുലേറ്ററിലൂടെ ദൂരക്കാഴ്ചകള്‍ ഒപ്പിയെടുക്കവേ മിലാന്‍ പെട്ടെന്ന് സമയത്തെക്കുറിച്ച് ബോധവതിയായി.
“ഇനിയും സമയമുണ്ട്...നീ ട്രെയിനില്‍ അല്ലല്ലോ പോകുന്നത്. ഫ്ലൈറ്റില്‍ അല്ലേ...ഡല്‍ഹിക്ക് ഞാനും പോകുന്നു...എയര്‍പോര്‍ട്ടില്‍   ഒരുമിച്ചു പോകാം.”

“അങ്ങനെ ഒരുമിച്ചു പോണോ....”
“അതെന്താ ...നിനക്ക് വേറെ എന്തേലും പ്രോഗ്രാം ...? അയാള്‍ കണ്ണുകളുയര്‍ത്തി അവളെ നോക്കി.
മിലാന്‍ ഒന്ന് സംശയിച്ചു.. “അതല്ല...എയര്‍പോര്‍ട്ടില്‍ എല്ലാരും ഉണ്ടാകില്ലേ...പ്രത്യേകിച്ച് പത്രക്കാര്‍.”

“മിലാന്‍.....മിലാന്‍...” ഇപ്രാവശ്യം അയാള്‍ അല്പ്പം മുഷിച്ചിലോടെയാണ് അവളുടെ പേര് ഉച്ചരിച്ചത്.

“ഓഹ്...ഓക്കേ ..ഓക്കേ ...പോകാം...” മിലാന്‍ അയാളുടെ കൈകളില്‍ തൊട്ടുകൊണ്ട്‌ തന്നെ കാറിലേക്ക് കയറി. നേര്‍ത്ത  തണുപ്പുണ്ടായിരുന്നു അപ്പോഴും അന്തരീക്ഷത്തിനും കാറിനുള്ളിലും.
റിസപ്ഷനില്‍ ഉണ്ടായിരുന്നവര്‍ അയാളെ കണ്ടു ബഹുമാനത്തോടെ എഴുന്നേറ്റു. മിലാനെ തല കുമ്പിട്ടു വണങ്ങി. മിലാന്‍ എല്ലാവരോടും ഹൃദ്യമായിതന്നെ ചിരിച്ചു.
“ഈ ചിരി എപ്പോഴും ചുണ്ടിലും കണ്ണിലും ഉണ്ടാകണം.” അവളുടെ കൈകളില്‍ നിന്ന് അപ്പോഴും പിടിവിടാതെ മുന്നോട്ടു നടക്കുമ്പോള്‍ ദാസ്‌ അല്പം താഴ്ന്ന ശബ്ദത്തില്‍ പറഞ്ഞു.
“ബിക്കോസ്...നാളെ എപ്പോഴും നീ എന്റെയൊപ്പമുണ്ടാകുമ്പോള്‍ നിന്‍റെ മുഖമായിരിക്കും  എല്ലാവരും ശ്രദ്ധിക്കുക...വിദേതന്‍ ദാസിന്റെ ഈ മിസ്സിസ് ഇപ്പോള്‍ ചിരിച്ചെങ്കില്‍ എപ്പോള്‍ കരയും എന്നറിയാന്‍...ബ്ലഡീ ....”
രോഷത്തോടെ അയാള്‍ നിറുത്തി.

“വിദേത്...പ്ലീസ്‌....” മിലാന്‍ വീണ്ടുമയാളുടെ കൈകള്‍ മുറുകെ പിടിച്ചു.
ദേഷ്യം വരുമ്പോള്‍ ചുവക്കുന്ന അയാളുടെ മൂക്കിലേക്ക് അവള്‍ കുറച്ചൊരു ആഗ്രഹത്തോടെ നോക്കി.

“ഈ പാപ്പരാസികള്‍ എപ്പോഴും പുറകെയുള്ളതിനാല്‍ പ്രൈവസി  ഒട്ടും ഫീല്‍ ചെയ്യുന്നില്ല...കാണുന്നില്ലേ?” അയാള്‍  ശബ്ദം താഴ്ത്തി വീണ്ടും പറഞ്ഞു.
ഒരു കൈകൊണ്ടവളെ തന്നിലേക്ക് ചേര്‍ത്ത് മറുകയ്യില്‍ കീയുമായി തന്റെ സ്യുട്ടിലേക്ക് നടക്കുമ്പോള്‍ അയാളുടെ തലയെടുപ്പിനെ കുറച്ചൊരു ആരാധനയോടെയും അഭിമാനത്തോടെയും തന്നെ മിലാന്‍ നോക്കികാണുകയായിരുന്നു. 

കുറച്ചു ദിവസങ്ങള്‍ക്കൂടി കഴിഞ്ഞാല്‍ ലോകം ആരാധിക്കുന്ന ഈ പുരുഷന്‍ തന്റെ സ്വന്തമായിതീരുകയാണ്. പലരും കൊതിച്ചിട്ടും അടുത്തേക്ക് എത്താനാവാത്ത ഈ സ്വപ്നം തന്റെ കൈകള്‍ക്കുള്ളില്‍ ഉറങ്ങിയുണരാന്‍ ഇനി ഏതാനും ദിവസങ്ങളേയുള്ളൂ.

റായ് വിദേതന്‍ ദാസ്‌!
ലോകത്തിനു വജ്രസൂര്യശോഭ നല്കികൊണ്ട് വെട്ടിത്തിളങ്ങുന്ന ബിസിനസ്സ് ടയ്ക്കുണ്‍!!

മുംബൈ,കൊല്കൊത്ത ,ഡല്‍ഹി  എന്നീ മേട്രോപോളിടന്‍ നഗരങ്ങളില്‍ പന്തലിച്ചു കിടക്കുന്ന തന്റെ വേരുകളെ അതിലും ആഴത്തില്‍ ലോകത്തിന്റെ  നാനാഭാഗങ്ങളിലേക്ക് വ്യാപിപ്പിച്ചു തൊടുന്നതെല്ലാം വജ്രമാക്കുന്ന മാന്ത്രിക വ്യവസായി!!
ജനിച്ചതും വളര്‍ന്നതും 
 കൊല്ക്കത്തയിലാണെങ്കിലും ഇപ്പോള്‍ മുംബയില്‍.

അയാള്‍ കൈ തൊടാതെ വെച്ചിരിക്കുന്ന ഒരു പ്രധാന  മേഖല ഇന്ത്യന്‍ രാഷ്ട്രീയ ചതുരംഗമാണെങ്കിലും ഒട്ടുമിക്ക സാസ്കാരിക പ്രവര്ത്തനങ്ങളിലും അരമനകസേരകളിലും  കളം ചവിട്ടുന്നത് ആ സൂപ്പര്‍ കമ്പ്യൂട്ടര്‍ ബ്രെയിന്‍ തന്നെയാണ്.
കൊല്ക്ക്ത്തയിലെ വളരെ ചെറിയൊരു കടയിലിരുന്നു തന്നിലേക്ക് മാത്രം വന്നിരുന്ന ചുരുക്കം  കസ്റ്റമേഴ്സിന്  വൈരക്കല്ലുകള്‍ നല്കി്യിരുന്ന അയാളുടെ പിതാവ്  ചിരമിനഹാര്‍  ദാസില്‍ നിന്നാണ് ലോകമറിയപ്പെടുന്ന ബിസിനസ് ശ്രിംഗങ്ങള്‍  അയാള്‍ പറന്നു കയറിയത്.

രണ്ട് വിവാഹങ്ങളില്‍ നിന്നും സ്വതന്ത്രനായവാന്‍! ആദ്യവിവാഹത്തില്‍ ഒരു മകളുണ്ട്. മൈത്രേയി വിദേത്. ഏഴ് വയസ്സുള്ള തന്റെ  മകളെ ദാസിനു നല്കികയാണ്‌ ആദ്യഭാര്യ  മേനക പടിയിറങ്ങിപോയത്.

അയാളുടെ അമ്മ താരാദേവി അണിഞ്ഞിരുന്ന ഒറ്റക്കല്ലുള്ള വൈരമൂക്കുത്തി ഇന്നുമയാള്‍ തന്റെ ഭാര്യപദവിയാടി  അരങ്ങൊഴിഞ്ഞുപോയ രണ്ടു സ്ത്രീകള്‍ക്കും   കൈമാറിയില്ല എന്നത് എല്ലാവരെയും അമ്പരപ്പിച്ച കാര്യമായിരുന്നു. അതിന്റെ കാരണം  അയാളിലും അയാളുടെ അന്തപ്പുരത്തിലും കറങ്ങി വീശുന്ന കാറ്റിനു മാത്രമറിയുന്നൊരു രഹസ്യമാണത്രെ!
സുപ്രധാനമായ ഒരു കാര്യത്തിനും തീരുമാനമെടുക്കാന്‍ അയാള്‍ ആരുടേയും ഉപദേശം തേടാറില്ല.
തന്റെ ചടുലമായ സംഭാഷണ മികവുകൊണ്ടും നാനാഭാഷകളില്‍ ഉള്ള  
പ്രാവീണ്യം കൊണ്ടും കത്തുന്ന മിഴികളിലെ കാന്തശക്തികൊണ്ടും
ബിസിനസ്സ് സാമ്രാജ്യം മാത്രമല്ല അയാള്‍   കീഴടക്കിയത്. 
അയാള്‍ കയറിയിരിക്കുന്നത്  സുന്ദരികളായ സ്ത്രീകളുടെയും പെണ്‍കുട്ടികള്‍ മനസിനകത്താന്. വലിയ  സെലിബ്രിറ്റികള്‍ക്ക് പോലും കിട്ടാത്ത  ആരാധനയുടെ കൊടുമുടിയിലാണ് പെണ്മനസ്സുകളില്‍ റായ് വിദേതന്‍ ദാസ്സിന്റെ സ്ഥാനം!
ആ മിഴികളില്‍ ചാടി ആത്മഹത്യ ചെയ്യുവാന്‍ അയാളുടെ കൊട്ടരവാതില്‍ക്കല്‍ നീണ്ട നിര തന്നെയുണ്ടെന്നത് അയാളുടെ സ്വകാര്യ അഹങ്കാരവും കൂടിയാണ്.
സ്യൂട്ടില്‍ എത്തി പെട്ടെന്ന് ഫ്രെഷ് ആയി  മിലാന്‍ പോകാന്‍ തയ്യാറായി . തന്റെ ഹാഫ് സ്ലീവ് ടോപ്പിന് മുകളില്‍ ഒരു കോട്ട് എടുത്തിടും മുന്നേ അയാള്‍ അവളെ വീണ്ടും കരവലയത്തിലേക്കിട്ടു. അവളുടെ ക്യാമിലേക്ക് ഒന്ന്  നോക്കുകയും ചെയ്തു.
“എന്തൊക്കെ റെക്കോര്‍ട്  ‌ ചെയ്തു ഇതില്‍? സംഭാഷണം മാത്രമോ....അതോ...?”
വിദേത് വിളിക്കുമ്പോഴെല്ലാം വോയിസ്‌ റെക്കോര്‍ട്   ചെയ്തു പിന്നീടു അത് കേള്‍ക്കാന്‍  അവള്‍ക്ക്  വളരെയിഷ്ടമാണ്. അയാളെയും അത് കേള്‍പ്പിച്ചു ചിലപ്പോഴെല്ലാം കളിയാക്കാറുണ്ട്. അയാളുടെ ആ ചോദ്യം കേട്ട് കുസൃതിയോടെ അവള്‍ ചിരിച്ചു.
“എല്ലാം...”
“എല്ലാം...?”
“ഉം..എനിക്ക് കാണാന്‍ തോന്നുമ്പോള്‍ കാണാന്‍..കേള്‍ക്കാന്‍ തോന്നുമ്പോള്‍ കേള്‍ക്കാന്‍..."
അയാളൊന്നു അമര്‍ത്തി മൂളി.
“പോവുകയല്ലേ...” പതിയെ അവള്‍ അയാളുടെ മുടിയില്‍ തൊട്ടു.
തന്‍റെ മുടിയില്‍ സ്പര്‍ശിച്ച  ആ വിരലുകളിലേക്ക് കൂടുതല്‍ ആഴത്തില്‍ അയാള്‍ ചേര്‍ന്നു . ശാന്തമായ ഒരു തിരപോലെ നിന്ന ആ നിമിഷം ഭ്രാന്തമായ ഒരു തിരയുടെ കിതപ്പിലേക്ക് ഉണരാന്‍ തുടങ്ങുന്ന നിമിഷത്തെ തടവിലാക്കിക്കൊണ്ട് അയാളുടെ ചുണ്ടുകള്‍ പതുക്കെ മന്ത്രിച്ചു.

“യെസ്...മൈ ഹോട്ട് ബട്ടര്‍ഫ്ലൈ ..! പോകാം...”

തന്‍റെ മുടിയിലേക്ക് ഒരു കുഞ്ഞിനെപ്പോലെ അയാള്‍ തലപ്പൂഴ്ത്തുമ്പോഴെല്ലാം അവളുടെ മനസ്സ് ചിറകിട്ടടിച്ചു. ഓ ഗോഡ്, വിദേതിന്റെ ചില സ്പര്‍ശങ്ങള്‍  തന്നിലെ വാത്സല്യത്തെയാണ് ഉണര്‍ത്തുന്നത്.  ഇയാള്‍.., ഈ മനുഷ്യന്‍..., തന്‍റെ ഹൃദയത്തിന്‍റെഏതു ഭാഗമാണീ തൊടുന്നത്...?

അയാളെ പതുക്കെ  വിടുവിച്ചുകൊണ്ട് അവള്‍ പറഞ്ഞു. ”നേരമായി...”
“സ്റ്റേ ദേര്‍ ബേബി...സ്റ്റേ... ലിറ്റില്‍ മോര്‍...ബി മൈ മദര്‍ നൌ...പ്ലീസ്..”
സൂര്യക്ഷേത്രത്തിന്‍റെ  താഴികക്കുടങ്ങളില്‍ ചേക്കേറിയ പ്രാവുകള്‍ ഒറ്റനിമിഷം കൊണ്ട് ഒരുമിച്ച് പറന്നു. ചിറകുകളില്‍ നിന്നും പൊഴിഞ്ഞ അരുമയായ തൂവലുകള്‍ അപ്പുറത്തെ പഞ്ചനക്ഷത്രഹോട്ടലിന്റെ   രണ്ട് ഹൃദയങ്ങളില്‍ നേര്‍ത്ത  നൂലായി തൊട്ടിലാടി.

“സ്റ്റേ ദേര്‍ ബേബി...സ്റ്റേ...ഒരു നിമിഷം നീയെന്‍റെ അമ്മയാകൂ...” റായ് വിദേതന്‍ ദാസിന്റെ ചിലമ്പുന്ന ഹൃദയത്തെ അടക്കിപ്പിടിക്കാന്‍ മിലാന്‍ പ്രണോതിയുടെ ചിറകുകള്‍ വാനംതേടി ഉയര്‍ന്നു. 

        sana rubs ph: 91 751 025 6742


                                       (തുടരും)
'നീലച്ചിറകുള്ള മൂക്കുത്തികൾ ' (നോവൽ-1 - സന റബ്സ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക