Image

കൊറോണ: രണ്ടാമതൊരു വരവ് കൂടി പ്രതീക്ഷിക്കാമെന്ന് ഡോ.വില്യം ഹാള്‍

Published on 07 March, 2020
കൊറോണ: രണ്ടാമതൊരു വരവ് കൂടി പ്രതീക്ഷിക്കാമെന്ന് ഡോ.വില്യം ഹാള്‍
കോവിഡ് 19 വ്യാപനവുമായി ബന്ധപ്പെട്ട് ചൈന അടച്ചിട്ടിരിക്കുന്ന നഗരങ്ങള്‍ തുറന്നാല്‍ വൈറസിന്റെ രണ്ടാമതൊരു വരവ് കൂടി പ്രതീക്ഷിക്കാമെന്ന് തിരുവനന്തപുരത്തു ആരംഭിക്കുന്ന ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി (ഐഎവി) മുഖ്യ ഉപദേശകനും രാജ്യാന്തര വൈറോളജി വിദഗ്ധനുമായ ഡോ.വില്യം ഹാള്‍. അയര്‍ലന്‍ഡിലെ സെന്റര്‍ ഫോര്‍ റിസര്‍ച് ഇന്‍ ഇന്‍ഫെക്ഷ്യസ് ഡിസീസസ് ഡയറക്ടറും ഗ്ലോബല്‍ വൈറസ് നെറ്റ്!വര്‍ക്കിന്റെ സ്ഥാപകരിലൊരാളുമാണ്. മുഖ്യമന്ത്രിയുമായി അദ്ദേഹം വെള്ളിയാഴ്ച കൂടികാഴ്ച നടത്തി.

കോവിഡ് 19 വൈറസിനെതിരെയുള്ള മരുന്ന് വികസിപ്പിക്കാന്‍ ഒന്നര വര്‍ഷമെങ്കിലുമെടുക്കുമെന്നും അതുവരെ സാമാന്യബുദ്ധിക്കനുസരിച്ചുള്ള പ്രതിരോധ മാര്‍ഗങ്ങളാണിപ്പോള്‍ പ്രധാനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരുപാട് ജനം കൂടുന്ന പൊതുപരിപാടികള്‍ ഇനി തീര്‍ത്തും അപകടകരമാണെന്ന് ഹാള്‍ 'മനോരമ'യോടു പറഞ്ഞു. ഒരാള്‍ക്ക് 4 പേരിലേക്കു വൈറസ് എത്തിക്കാന്‍ കഴിയുമെന്നാണ് കണക്ക്. ഒരു മീറ്റര്‍ ദൂരം വരെ വൈറസ് സഞ്ചരിക്കും. ആള്‍ക്കൂട്ടത്തില്‍ രോഗബാധയുള്ള ഒരാളെത്തിയാല്‍ പോലും ആയിരങ്ങളിലേക്ക് അത് പടരാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കൊറോണ വിഭാഗത്തില്‍പ്പെട്ടതന്നെ ചില വൈറസുകള്‍ ഉയര്‍ന്ന ചൂടില്‍ നിലനില്‍ക്കില്ലെന്നതു ശരിയാണ്. പക്ഷേ ഇപ്പോള്‍ പടരുന്ന വൈറസ് ഏതു തരമാണെന്ന് കണ്ടെത്താന്‍ ഒരുപാട് സമയം വേണം. അതുകൊണ്ട് ഉയര്‍ന്ന ചൂടിനെ കൊറോണ വൈറസ് അതിജീവിക്കില്ലെന്ന നിഗമനത്തിലെത്താനാവില്ല. 1918ലെ സ്പാനിഷ് ഫ്‌ലൂവിന്റെ തുടക്കത്തില്‍ വൈറസ് സീസണല്‍ സ്വഭാവം കാണിച്ചില്ല. ചൂടുകാലത്തും തണുപ്പുകാലത്തും ഒരുപോലെതന്നെയിതു പടര്‍ന്നു.

ഒരു വര്‍ഷം വരെയിതു പോകാം. ചൈന അവരടച്ചിട്ടിരിക്കുന്ന നഗരങ്ങള്‍ തുറന്നാല്‍ രണ്ടാമത്തൊരു വരവും പ്രതീക്ഷിക്കാം. 2002ല്‍ ചൈനയില്‍ തുടങ്ങിയ സാര്‍സ് ഒരുഘട്ടം കഴിഞ്ഞ് അവസാനിച്ചു. മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം (മെര്‍സ്) സൗദിയില്‍ നിന്ന് അപ്രത്യക്ഷമായ ശേഷം വീണ്ടും തിരികെയെത്തി. ഇന്‍ഫ്‌ലുവന്‍സ പലയിടത്തും വിടാതെ തുടരുന്നു. കൊറോണയുടെ വകഭേദങ്ങള്‍ വീണ്ടുമെത്താം. വൈറസ് കണ്ടെത്തിയിട്ട് 2 മാസമേ ആയിട്ടുള്ളു. ഇന്‍കുബേഷന്‍ 2 ആഴ്ചയാണ്. ഇത്രയും കുറഞ്ഞ സമയം കൊണ്ട് നമുക്കൊന്നും പറയാനാകില്ല.

മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കേരളത്തിലും ഇന്ത്യ മൊത്തമായും ശക്തമായ പ്രതിരോധ സംവിധാനം ഒരുക്കിയിട്ടുണ്ട്. പക്ഷേ മുന്നോട്ട് എങ്ങനെയാകുമെന്നു പറയാറിയിട്ടില്ല. ചൂടുകൊണ്ടാണ് ഇത് വരാത്തതെന്നു പറയാറായിട്ടില്ല. അതിനൊരുപാട് പഠനം നടക്കേണ്ടതുണ്ട്. ചൂടുള്ള മറ്റ് രാജ്യങ്ങളിലും ഇതേ അവസ്ഥയാണോയെന്നു പഠിക്കേണ്ടിവരും.

ഹൃദ്രോഗം, രക്തസമ്മര്‍ദം തുടങ്ങി ഒട്ടേറെ രോഗങ്ങളുള്ളവരായതിനാല്‍ പ്രായമായവര്‍ക്ക് വൈറസ് ബാധയുണ്ടാകാന്‍ സാധ്യത കൂടുതലാണ്. ചൈനയിലെ പഠനമനുസരിച്ച് രോഗബാധിതരായ 70 കഴിഞ്ഞവരില്‍ മരണസാധ്യത 10 ശതമാനം ബാക്കിയുള്ളവരില്‍ 2 ശതമാനവുമാണ്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക