Image

മലയാള ഗാനങ്ങള്‍ക്ക് ആത്മാവ് നഷ്ടപ്പെട്ടു: പി.ജയചന്ദ്രന്‍ (വിജയ്.സി.എച്ച്)

Published on 03 March, 2020
മലയാള ഗാനങ്ങള്‍ക്ക് ആത്മാവ് നഷ്ടപ്പെട്ടു: പി.ജയചന്ദ്രന്‍ (വിജയ്.സി.എച്ച്)
ആലാപനത്തിന് പുതിയ ഭാവവും മാനവും നല്‍കിയ ഗായന്‍ പി. ജയചന്ദ്രന്‍. മലയാളിയുടെ സ്വന്തം സ്വരമുള്ള പാലിയത്ത് ജയചന്ദ്രക്കുട്ടന്‍ 'ഭാവഗായകന്‍' എന്ന ആദരണീയ പദവിക്ക് അര്‍ഹനായ ഭാരതത്തിലെ ഒരേയൊരു കലാകാരന്‍!

മാതൃഭാഷയിലുള്ള അത്രയുംതന്നെ സൂപ്പര്‍ഹിറ്റു ഗാനങ്ങള്‍ മറ്റൊരു ഭാഷയിലുംകൂടി പാടിയിട്ടുണ്ടെന്ന് അവകാശപ്പെടാന്‍ കഴിയുന്ന വേറെയൊരു പിന്നണിഗായകന്‍ ഈ രാജ്യത്തുണ്ടോ? മലയാളത്തിലാണോ, അതോ തമിഴിലാണോ ജയചന്ദ്രന് ഏറ്റവുമധികം ജനപ്രീതിയുള്ള പാട്ടുകളുള്ളതെന്ന ചോദ്യത്തിനുത്തരം നല്‍കാന്‍ ഒരു ഗാന നിരൂപകനുപോലും പെട്ടെന്നു കഴിയില്ല!

'സ്വര്‍ണ്ണഗോപുര നര്‍ത്തകീശില്‍പം കണ്ണിനു സായൂജ്യം നിന്‍ രൂപം...' എന്ന ഗാനമാണോ, തമിഴിലെ 'രാസാത്തി ഉന്നെ കാണാതെ നെഞ്ച്...' എന്നതാണോ കൂടുതല്‍ ഇഷ്ടമെന്ന് കേരളക്കരയിലെ ഒരു സംഗീതപ്രേമിയോട് അന്വേഷിച്ചാല്‍, മറുപടി പറയാനാകാതെ അയാള്‍ വിമ്മിഷ്ടപ്പെടും. ഒരുപക്ഷെ, രണ്ടും തനിക്ക് ഒരുപോലെ ഇഷ്ടമാണെന്നാവും ഒടുവില്‍ അയാളുടെ പ്രതികരണം!

വരിയുടെ പൊരുളിനു ഭാവം നല്‍കുന്ന, ശ്രോതാവിന്റെ കാതുകളില്‍ അമൃതു പൊഴിക്കുന്ന, ഉള്ളില്‍ കുളിരുകോരുന്ന, 'കേവല മര്‍ത്യ ഭാഷ കേള്‍ക്കാത്ത' എത്രയെത്ര പാട്ടുകളാണ് എത്രയോ വികാര നിര്‍ഭരമായി അദ്ദേഹം പാടിയിട്ടുള്ളത്! കന്നഡ, തെലുഗു, ഹിന്ദി എന്നീ ഭാഷകളിലുള്ളതുമുള്‍പ്പെടെ, രണ്ടായിരത്തോളം!

ഇന്ന് , 76 തികയുന്ന ജെയേട്ട9 ആലാപന കലയുടെ ഉള്ളറകളിലുള്ളതെല്ലാം ഇതാ ഇവിടെ തുറന്നു കാട്ടുന്നു:

?? ഭാവഗായകന്‍

ആലപന സമയത്ത് വരികളുടെ വൈകാരിക ഭാവങ്ങള്‍ മുഖത്ത് പ്രകടിപ്പിക്കാറുണ്ട്. അത് വരുത്തുന്നതല്ല, വന്നു പോകുന്നതാണ്. വാക്കുകളുടെ അര്‍ത്ഥം മനസ്സിലാകുമ്പോള്‍ അവയിലടങ്ങിയ വികാരങ്ങള്‍ സ്വാഭാവികമായും ഗായകന്റെ മുഖത്തു തെളിഞ്ഞുകാണും. സിനിമയിലെ കഥാപാത്രം ഗാനം ആലപിക്കുന്നതായി അഭിനയിക്കുമ്പോള്‍പോലും, അതിന്റെ വരികളില്‍ അന്തര്‍ലീനമായ ചേതോവികാരം ആ അഭിനേതാവിന്റെ മുഖഭാവങ്ങളില്‍ തെളിയണം.

പിന്നണിയിലുള്ള കലാകാരന്മാക്ക് ഭാവങ്ങള്‍ നിര്‍ബന്ധമല്ലെങ്കിലും, ഗാനങ്ങളുടെ വൈകാരികത ഉള്‍ക്കൊണ്ടു പാടുന്നതിനാല്‍ എന്റെ മുഖത്തു വ്യക്തമായ ഭാവങ്ങള്‍ വരാറുണ്ട്. അഭിനയമല്ലല്ലൊ, ശരിക്കും ആലപിക്കുകയല്ലേ! പാട്ടില്‍ ജീവിച്ചാണ് പാടുന്നത്. പിന്നണിയിലായാലും, സ്റ്റേജിലായാലും വരികളുടെ അര്‍ത്ഥത്തിനനുസരിച്ച മുഖഭാവങ്ങള്‍ പതിവാണ്. ഇതു ശ്രദ്ധിച്ച ശ്രോതാക്കളാണ് എന്നെ 'ഭാവഗായകന്‍' എന്നു വിശേഷിപ്പിക്കാന്‍ തുടങ്ങിയത്. അവര്‍ എനിക്കുതന്ന ഒരു അനുഗ്രമാണ് ഈ സ്ഥാനനാമം!

?? പദങ്ങളുടെ ഉച്ചാരണം

എന്നെയും യേശുദാസിനെയും (പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകന്‍) ദേവരാജന്‍ മാഷ് ഏറ്റവും കൂടുതല്‍ പഠിപ്പിച്ചത് പദങ്ങളുടെ ഉച്ചാരണമാണ്. ഡിക്ഷന്‍, അല്ലെങ്കില്‍ അക്ഷരസ്ഫുടത. ശ്രോതാക്കള്‍ക്ക് പദങ്ങള്‍ വ്യക്തമായി മനസ്സിലാവുന്ന പോലെ ഉച്ചരിക്കാനാണ് ഞങ്ങളെ പഠിപ്പിച്ചത്. പദങ്ങളുടെ ഉച്ചാരണവും അര്‍ത്ഥവും ഇരിഞ്ഞാലക്കുടയിലെ ഒരു മലയാളം അദ്ധ്യാപകനും എന്നെ പഠിപ്പിച്ചിട്ടുണ്ട്. അതിനാലാണ് ഞാനും യേശുദാസും പാടുന്നതു കേട്ടാല്‍ വരികള്‍ ആര്‍ക്കും നിഷ്പ്രയാസം എഴുതിയെടുക്കാന്‍ കഴിയുന്നത്!

?? നോട്ടുബുക്കും പെന്‍സിലുമായി സ്റ്റുഡിയോയില്‍

ആരംഭ കാലത്ത് ഞങ്ങള്‍ക്കു ലഭിച്ചത് കര്‍ശനമായ ആലാപന പരിശീലനമാണ്. ചിലപ്പോള്‍ വളരെ കഠിനമായി എനിക്കു തോന്നിയിട്ടുണ്ട്. കാരണം, തുടക്ക കാലത്ത് എന്റെ ഉച്ചാരണ രീതിക്ക് ഒരു സ്ഥിരതയില്ലായിരുന്നു. അത് ശരിയാക്കിയെടുത്തത് ദേവരാജന്‍ മാഷാണ്. കഷ്ടപ്പെട്ടു!

റിക്കോര്‍ഡിങ്ങിനു മുന്നെ നാലു ദിവസം, മാഷ് ഞങ്ങളെ പുതിയ പാട്ടിലെ പദങ്ങളുടെ ഉച്ചാരണവും അര്‍ത്ഥവും പഠിപ്പിക്കും. ഓരോ വരിയും പാടി, പാട്ടിന്റെ മൂഡ് വിവരിച്ചുതരും. അറിയാമോ, നോട്ടുബുക്കും പെന്‍സിലുമായാണ് ഞങ്ങള്‍ സ്റ്റുഡിയോയില്‍ പോയിരുന്നത്! മലയാളത്തിലും സംഗീതത്തിലും ഒരുപോലെ പണ്ഡിതനായിരുന്നു മാഷ്. വയലാറിന്റെ വരികള്‍പോലും അദ്ദേഹം തിരുത്താറുണ്ട്! അങ്ങിനെയുള്ള ഒരു ഗുരുവിന്റെ ശിക്ഷണത്തിലാണ് ഞങ്ങള്‍ ആലാപനം പഠിച്ചത്.

?? യേശുദാസ് ജ്യേഷ്ഠസഹോദരന്‍

യേശുദാസ് എന്നേക്കാള്‍ വലിയ ഗായകനാണ്.
1958-ല്‍, സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍, യേശുദാസിന്റെ ലളിതഗാനത്തിന് ഞാന്‍ മൃദംഗം വായിച്ചിട്ടുണ്ട്. രണ്ടുപേര്‍ക്കും അതാതിലുള്ള ഒന്നാം സമ്മാനവും കിട്ടിയിരുന്നു. അവിടെ വച്ചാണ് ഞങ്ങള്‍ ആദ്യം കണ്ടത്. പിന്നീട് മദ്രാസില്‍വച്ച് ഞങ്ങള്‍ കാണാറുണ്ടായിരുന്നു. യേശുദാസ് പാടിത്തുടങ്ങുന്ന കാലം. ഡിഗ്രി കഴിഞ്ഞു ഒരു ജോലി അന്വേഷിച്ചു മദ്രാസിലെ ജേഷ്ഠന്റെ കൂടെ ഞാന്‍ താമസിക്കുകയായിരുന്നു.

അക്കാലം മുതല്‍ ഇന്നുവരെ ഞങ്ങളുടെത് ഹാര്‍ദ്ദമായ ബന്ധമാണ്. അദ്ദേഹം എന്നെക്കാളും നാലു വയസ്സ് മുതിര്‍ന്നയാള്‍. ഞാന്‍ അദ്ദേഹത്തെ എന്റെ ജ്യേഷ്ഠസഹോദരനെപ്പോലെ കാണുന്നു. അദ്ദേഹം മനോഹരമായാണ് പാടുന്നത്, ഞാന്‍ പാടുന്നത് മനോഹരമാണെന്ന് ഞാന്‍ പറയില്ല.

?? ഇഷ്ട ഗാനങ്ങള്‍

മുഹമ്മദു റാഫി, ലതാ മങ്കേഷ്‌കര്‍, പി. സുശീല എന്നിവരുടെ ഗാനങ്ങളാണ് ഞാന്‍ പതിവായി കേള്‍ക്കുന്നത്. എന്റെ പാട്ടുകള്‍ ഞാന്‍ കേള്‍ക്കാറില്ല. എന്റെ ഗാനങ്ങളെക്കുറിച്ച് വല്ലവരും അഭിപ്രായം പറയുകയാണെങ്കില്‍ അതു കേള്‍ക്കും. അത്ര തന്നെ!

?? പ്രഥമ ആലാപനം വന്‍ പരാജയം

യേശുദാസ് പാടാനിരുന്ന ഒരു പാട്ടു പാടിയാണ് ഞാന്‍ പിന്നണി ഗായകനാവുന്നത്! 'കളിത്തോഴ'നില്‍, 'മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി...' എന്ന ഗാനം. ഭാസ്‌കരന്‍ മാഷുടെ വരികളായിരുന്നു. ആദ്യ ദിവസം പാടിയത് തീരെ ശരിയായില്ല. പേടിച്ചു, പേടിച്ചു പാടി, മൊത്തം തെറ്റുകള്‍ പറ്റി. ഞാന്‍ നിരാശനായി. ജോലി തേടിയാണ് മദ്രാസില്‍ പോയത്, അതുതന്നെയാണ് എനിക്കു വിധിച്ചിട്ടുള്ളതെന്നും കരുതാന്‍ തുടങ്ങി. എന്നാല്‍, പിറ്റേ ദിവസം ദേവരാജന്‍ മാഷ് എന്നെ വീണ്ടും വിളിപ്പിച്ചു. ഒരു ഉശിരന്‍ പരിശീലനംകൂടി തന്നു. എല്ലാം ദൈവത്തില്‍ അര്‍പ്പിച്ച് ഞാന്‍ വീണ്ടും റിക്കാര്‍ഡിങ് മുറിയില്‍ കയറി. പാടി... എല്ലാം ശരിയായി! 1966-ല്‍ ആയിരുന്നു അത്. 'മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി...' എ9റെ എവര്‍ഗ്രീന്‍ ഗാനങ്ങളിലൊന്നായി ശ്രോതാക്കള്‍ ഇന്നും നെഞ്ചിലേറ്റുന്നു!

?? ഇന്നത്തെ പാട്ടുകള്‍ക്ക് കഥാസന്ദര്‍ഭങ്ങളില്ല

നാലഞ്ച് പാട്ടു വേണം. അതിന് ട്യൂണും ഇട്ടുവെച്ചിട്ടുണ്ടാവും. അതില്‍ കുറെ വരികള്‍ കുത്തിക്കയറ്റും. സീനില്‍ കുറെ ആള്‍ക്കാര്‍ ഓടിച്ചാടി നടക്കുന്നുണ്ടാവും! ലിപ് മൂവ്‌മെന്റ് എവിടെ ഇന്ന്? മുന്നെ, നായകന്‍ നിന്നു പാടുകയായിരുന്നു. പാടുന്നതിന്റെ സകല ബോഡി ലാന്‍ഗ്വേജും നടനില്‍ നമുക്കു ദര്‍ശിക്കാം. അതുകൊണ്ട് ഒരാള്‍ ഒരു ഗാനം ആലപിക്കുന്ന ഫീല്‍ അതു കാണുന്നയാള്‍ക്ക് ഉണ്ടാകുന്നു. കഥയിലെ സന്ദര്‍ഭത്തില്‍, ഒരു പ്രത്യേക മൂഡില്‍, സമഗ്രമായി നിലകൊള്ളുന്ന ഒന്നായി അങ്ങിനെ ആ ഗാനം മാറുന്നു. ഇന്ന്, സീനില്‍ ആരും പാടുന്നില്ല. പ്രേക്ഷകര്‍ പാട്ടല്ല ശ്രദ്ധിക്കുന്നത്, ആ സമയത്ത് ദൃശ്യത്തില്‍ ഓടിനടക്കുന്നവരെയാണ്. പണ്ട് പ്രേംനസീര്‍ പാടി അഭിനയിക്കുന്നത് ഇന്ന് ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഒരോര്‍മ്മയായി മാറി!

?? പുതിയ പാട്ടുകാരുടെ ഡിക്ഷന്‍ വികലം

ഹൃദയം കവരുന്ന വരികളാണെങ്കില്‍പോലും ഡിക്ഷന്‍ ശുദ്ധമല്ലെങ്കില്‍, ശ്രോതാവിന് ഗാനത്തിന്റെ വൈകാരികത ഉള്‍ക്കൊള്ളാന്‍ കഴിയില്ല. കൃത്യമായ ഉച്ചാരണവും, അര്‍ത്ഥമറിഞ്ഞുള്ള ആലാപനവുമാണ് പാട്ടുകള്‍ക്ക് ജീവന്‍ നല്‍കുന്നത്. നിര്‍ഭാഗ്യവശാല്‍, ചില പുതിയ പാട്ടുകാര്‍ പാടുന്നതെന്താണെന്നുതന്നെ മനസ്സിലാകുന്നില്ല. അവര്‍ക്ക് വേണ്ടത്ര പരിശീലനം ലഭിക്കാത്തതായിരിക്കാം ഇതിനു കാരണം. പുതിയ തലമുറയെ ഞാന്‍ കുറ്റം പറയില്ല, എന്നാല്‍, അവര്‍ ഡിക്ഷന്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് അഭിപ്രായമുണ്ട്.

?? ഗാനങ്ങള്‍ക്ക് ആത്മാവ് നഷ്ടപ്പെട്ടു

അര്‍ത്ഥം മനസ്സിലാക്കി, സന്ദര്‍ഭം ഉള്‍ക്കൊണ്ട്, പ്രാക്ടീസ് എടുത്തു പാടുന്ന രീതിയാണ് എനിക്കു പരിചയമുള്ളത്. ഇപ്പോള്‍ അങ്ങിനെയല്ല. ടെക്‌നോളജികള്‍ വ്യത്യാസപ്പെട്ടു, എല്ലാം യാന്ത്രികമായി! പാടാന്‍ വിളിക്കും, രണ്ടു വരി പാടിയാല്‍ പൊയ്ക്കാളാന്‍ പറയും. ബാക്കി പിന്നീടാണ്. എനിക്കുതന്നെ അറിയുന്നില്ല ഞാന്‍ എന്താണ് പാടുന്നതെന്ന്, ഏതിനുവേണ്ടിയാണ് പാടുന്നതെന്ന്! സാന്നിദ്ധ്യവും, പങ്കാളിത്തവും അനുഭവപ്പെടുന്നേയില്ല. അതിനാല്‍, ആദ്യകാലങ്ങളില്‍ ലഭിച്ചിരുന്ന സംതൃപ്തി ഇന്നു
ഗായകന് ലഭിക്കുന്നില്ല. മലയാള സിനിമാ ഗാനങ്ങള്‍ക്ക് ആത്മാവുതന്നെ നഷ്ടപ്പെട്ടുവെന്നതാണ് ഏറ്റവും വലിയ ദുരന്തം! യഥാര്‍ത്ഥത്തില്‍, ആത്മാവ് നഷ്ടപ്പെട്ടു എന്നല്ല പറയേണ്ടത്, മലയാള സിനിമാ ഗാനങ്ങള്‍ മരിച്ചുവെന്നാണ്!

?? ന്യൂജെന്‍ പാട്ടുകള്‍ നിലനില്‍ക്കില്ല

ഇന്നാര്‍ക്കും സംഗീതം ചെയ്യാമെന്നായിട്ടുണ്ട്. ന്യൂജെന്‍ സംഗീത ഉപകരണങ്ങള്‍ ഉപയോഗിക്കാനറിഞ്ഞാല്‍ മാത്രം മതി. എന്റെ ആദ്യ ഗാനവും, അര നൂറ്റാണ്ടിനു മുന്നെ ഞാന്‍ പാടിയ 'പൂവും പ്രസാദവും ഇളനീര്‍ക്കുടവുമായ്...' എന്നതും, 'ഇനിയും പുഴയൊഴുകും...' എന്നതും, അല്ലെങ്കില്‍, 'അനുരാഗഗാനം പോലെ...' എന്നതും ഇന്നും കൈയടി വാങ്ങുമ്പോള്‍, ന്യൂജെന്‍ നിര്‍മ്മിതികളെല്ലാം എന്നു കേട്ടെന്നോ, എന്നു മറന്നെന്നോ ആര്‍ക്കുമറിയില്ല! കാരണം, അധ്വാനമില്ലാതെ ചെയ്തതൊന്നും നിലനില്‍ക്കില്ല.

?? വൃത്തികെട്ട പ്രവണത

വരികള്‍ക്കിടക്ക് വര്‍ത്തമാനം കയറ്റുന്നതാണ് പിന്നണി ഗാന രംഗത്തെ ഏറ്റവും വൃത്തികെട്ട പ്രവണത! പാട്ടുകള്‍ക്കിടക്ക് നായികാനായകന്‍മാര്‍ ഫോണില്‍വരെ സംസാരിക്കുന്നു. ആ പാട്ടിനോടും അതുപാടിയ ഗായകനോടും ചെയ്യുന്ന ഏറ്റവും വലിയ അവഹേളനയാണിത്. പുതിയ സംഗീത സംവിധായകരുടെ കൊടും വിവരമില്ലായ്മയാണിത്! പ്രതിഭാശാലികളായ പുതിയ സംവിധായകരുണ്ട്, പക്ഷെ അവര്‍ക്കിന്ന് അര്‍ഹിക്കുന്ന അംഗീകാരം കിട്ടുന്നില്ല.

?? അവാര്‍ഡു ഗാനങ്ങള്‍ ഒത്തുനോക്കുമ്പോള്‍

1972-ല്‍ എനിക്കു പ്രഥമ സംസ്ഥാന പുരസ്‌കാരം നേടിത്തന്ന 'നീലഗിരിയുടെ സഖികളേ...' എന്ന ഗാനത്തെ, 2019-ല്‍ വിജയ് യേശുദാസിന് ഇതേ സമ്മാനവുമായിവന്ന 'പൂമുത്തോളേ നീ എരിഞ്ഞ വഴിയില്‍...' എന്നതുമായി ഒത്തുനോക്കുമ്പോള്‍, വ്യക്തമാവുന്നത് മലയാള സിനിമയില്‍ അടുത്തകാലത്തായി പാട്ടിനു വന്നുകൊണ്ടിരിക്കുന്ന പരിണാമമാണ്.

വയലാറിന്റെ രചനയായതിനാല്‍ 'നീലഗിരിയുടെ സഖികളേ...' എന്നതിന് കാവ്യഭംഗി ഏറെയുണ്ട്. ആലാപനത്തിനു യേശുദാസിന്റെ മകന്‍ വിജയ് ഈ പുരസ്‌കാരം നേടിയതില്‍ വളരെ സന്തോഷം! എന്നാല്‍, (അജീഷ് ദാസന്‍ എഴുതിയ) 'പൂമുത്തോളേ നീ എരിഞ്ഞ വഴിയില്‍...' എന്ന കവിതക്ക് 'നീലഗിരിയുടെ സഖികളേ...' യുമായി കിടപിടിക്കാന്‍ കഴിയില്ല.

'നീലഗിരി'യും, 'വെള്ളിച്ചാമരം വീശുന്ന മേഘങ്ങളും' മുതല്‍ 'വസന്തവും ശിശിരവും കുളിക്കാനിറങ്ങുന്ന വനസരോവരവും' വരെയുള്ള ആ ഗാനത്തിലെ സകല പദങ്ങളും, ബിംബങ്ങളും അത്യന്തം ഹൃദയസ്പര്‍ശിയായവയാണ്. ഒരു ക്ലാസ്സിക് ടച്ചാണ്
കേള്‍വിക്കാരന് പൊതുവെ അനുഭവപ്പെടുന്നത്. മലയാളിക്കു കുളിരുകോരുന്ന ഒരു ഫീല്‍! എന്നാല്‍, 'പൂമുത്തോളേ' പ്രതിനിധാനം ചെയ്യുന്നത് ഇന്നിന്റെ പ്രവണതയാണ്!

48 വര്‍ഷമായി 'നീലഗിരിയുടെ സഖികളേ...' ജനം ശ്രവിച്ചുകൊണ്ടിരിക്കുന്നു, എന്നാല്‍ 'പൂമുത്തോളേ നീ എരിഞ്ഞ വഴിയില്‍...' ഇന്നാരെങ്കിലും കേള്‍ക്കുന്നുണ്ടോ? പാട്ടിറങ്ങിയിട്ട് ഒരു വര്‍ഷമല്ലേ ആയുള്ളൂ! നിത്യഹരിതമെന്നത് ഇന്നത്തെ പാട്ടുകളുടെ വിശേഷണമേയല്ല. എല്ലാം ഒരിക്കല്‍ കേട്ടു മറക്കാനുള്ളതാണ്.

?? ജെയേട്ടാ, ഒരു പാട്ടു പാടാമോ?

രാസാത്തി ഉന്നെ കാണാതെ നെഞ്ച് കാത്താടി പോലാടുത്...
പൊഴുതാകിപോച്ച് വെളെക്കേത്തിയാച്ച്
പൊന്മാനെ ഉന്നെ തേടുത്...
കണ്ണുക്കൊരു വണ്ണക്കിളി കാതുക്കൊരു ഗാനക്കുയില്‍
നെഞ്ചുക്കൊരു വഞ്ചിക്കൊടി നീതാനമ്മാ...
സത്തിതവഴും സങ്കച്ചിമിഴേ...
പൊങ്കിപെരുകും തങ്കത്തമിഴേ...
മുത്തംതരാ നിത്തംവരും നച്ചത്തിരം
യാരോട് ഇങ്ക് എനക്കെന്ന പേച്ച്
നീതാനേ കണ്ണേ നാന്‍ വാങ്കും മൂച്ച്
വാഴ്ന്താകെ വേണ്ടും വാ വാ കണ്ണേ...
രാസാത്തി ഉന്നെ കാണാതെ നെഞ്ച് കാത്താടി പോലാടുത്...
മലയാള ഗാനങ്ങള്‍ക്ക് ആത്മാവ് നഷ്ടപ്പെട്ടു: പി.ജയചന്ദ്രന്‍ (വിജയ്.സി.എച്ച്)
മലയാള ഗാനങ്ങള്‍ക്ക് ആത്മാവ് നഷ്ടപ്പെട്ടു: പി.ജയചന്ദ്രന്‍ (വിജയ്.സി.എച്ച്)
മലയാള ഗാനങ്ങള്‍ക്ക് ആത്മാവ് നഷ്ടപ്പെട്ടു: പി.ജയചന്ദ്രന്‍ (വിജയ്.സി.എച്ച്)
മലയാള ഗാനങ്ങള്‍ക്ക് ആത്മാവ് നഷ്ടപ്പെട്ടു: പി.ജയചന്ദ്രന്‍ (വിജയ്.സി.എച്ച്)
മലയാള ഗാനങ്ങള്‍ക്ക് ആത്മാവ് നഷ്ടപ്പെട്ടു: പി.ജയചന്ദ്രന്‍ (വിജയ്.സി.എച്ച്)
മലയാള ഗാനങ്ങള്‍ക്ക് ആത്മാവ് നഷ്ടപ്പെട്ടു: പി.ജയചന്ദ്രന്‍ (വിജയ്.സി.എച്ച്)
മലയാള ഗാനങ്ങള്‍ക്ക് ആത്മാവ് നഷ്ടപ്പെട്ടു: പി.ജയചന്ദ്രന്‍ (വിജയ്.സി.എച്ച്)
മലയാള ഗാനങ്ങള്‍ക്ക് ആത്മാവ് നഷ്ടപ്പെട്ടു: പി.ജയചന്ദ്രന്‍ (വിജയ്.സി.എച്ച്)
Join WhatsApp News
രമേഷ് കുമാർ 2020-03-03 16:24:32
എനിക്ക് ശേഷം പ്രളയം, എന്നു ചിന്തിക്കുന്നവരിൽ സ്വാഭാവികമായി ഉളവാകുന്ന അസഹിഷ്ണതയുടെ പ്രതികരണം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക