Image

'ഞാനുണ്ട് നിങ്ങളുടെ കൂടെ' പദ്ധതിയുമായി ഐക്യരാഷ്ട്രസഭ; പിന്നില്‍ മലയാളി ക്രിസ്റ്റോ തോമസ്

Published on 29 February, 2020
'ഞാനുണ്ട് നിങ്ങളുടെ കൂടെ' പദ്ധതിയുമായി ഐക്യരാഷ്ട്രസഭ; പിന്നില്‍ മലയാളി ക്രിസ്റ്റോ തോമസ്
യുണൈറ്റഡ് നേഷന്‍സ്, ന്യൂയോര്‍ക്ക്: ലോകത്തെ യുവജനങ്ങളില്‍ പത്തുശതമാനം മാനസിക പ്രശ്നം (ഡിപ്രഷന്‍) നേരിടുന്നു. നിരവധി പേര്‍ ആത്മഹത്യ ചെയ്യുന്നു. യുവാക്കളിലെ മരണകാരണങ്ങളില്‍ മൂന്നാമത്തെതാണ് ആത്മഹത്യ.

എന്നിട്ടും ഇക്കാര്യം വേണ്ടവിധത്തില്‍ അധികൃത ശ്രദ്ധയിലോ, ജനശ്രദ്ധയിലോ വന്നിട്ടില്ല. ഇതിനെ നേരിടാന്‍ വേണ്ടത്ര സംവിധാനവുമില്ല.

ഈ ദുസ്ഥിതിയ്ക്കെതിരേ ഐക്യരാഷ്ട്രസഭയില്‍ തളിപ്പറമ്പുകാരന്‍ ക്രിസ്റ്റോ തോമസിന്റെ നേതൃത്വത്തില്‍ നടത്തിയ അന്താരാഷ്ട്ര സമ്മേളനത്തില്‍ പുതിയ പ്രസ്ഥാനത്തിനും പുത്തന്‍ മുദ്രാവാക്യത്തിനും തുടക്കമിട്ടു - 'ഞാനുണ്ട് നിങ്ങളുടെ കൂടെ' (ഐ ആം വിത്ത് യു).

മാനസീക പ്രശ്നങ്ങള്‍ അലട്ടുന്ന യുവാക്കള്‍ക്ക് അത്താണിയാകാനുള്ള പ്രസ്ഥാനത്തിനു തുടക്കം കുറിച്ച സമ്മേളനത്തില്‍ 109 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു. ഐക്യരാഷ്ട്ര സഭയിലേക്കുള്ള ബോട്സ്വാനയുടെ സ്ഥിരം പ്രതിനിധി കോളിന്‍ വി കെലാപില്‍ അധ്യക്ഷത വഹിച്ചു. 15-നും 29-നും മധ്യേ പ്രായമുള്ള 30 കോടി യുവജനത മാനസീക പ്രശ്നം നേരിടുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. പലരും ചികിത്സ തേടുന്നില്ല. ഈ പ്രശ്നം നേരിടാന്‍ വേണ്ടത്ര സജ്ജീകരണങ്ങളോ, വിദഗ്ധരോ ഇല്ല. ഡിപ്രഷന്‍ ആരോഗ്യ സ്ഥിതിയേയും, സാമ്പത്തിക സ്ഥിതിയേയും ബാധിക്കുന്നു- അദ്ദേഹം ചൂണ്ടിക്കാട്ടി.

കരീബിന്‍ ദ്വീപായ ഗ്രനഡയുടെ സ്ഥിരം പ്രതിനിധി അംബാസിഡര്‍ കെയ്ഷ മക്ഗ്വയര്‍ പ്രകൃതിക്ഷോഭവും യുദ്ധവും സ്ഥിരമായി നേരിടുന്ന രാജ്യങ്ങളിലെ ജനതയുടെ മാനസിക വിഷമതകള്‍ ചൂണ്ടിക്കാട്ടി. കരീബിയനില്‍ സ്ഥിരമായി പ്രകൃതിക്ഷോഭങ്ങളുണ്ടാകുന്നു. അഫ്ഗാന്‍ പോലുള്ള രാജ്യങ്ങളില്‍ നിരന്തരമായ യുദ്ധം. ഇതെല്ലാം മാനസീകാരോഗ്യം തകിടം മറിക്കുന്നു.

ഈ രംഗത്ത് ആവശ്യത്തിനു വിദഗ്ധരില്ലാത്തത് വേള്‍ഡ് ഹെല്ത്ത് ഓര്‍ഗനൈസേഷന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. നാറ്റാ മനാബ്ദേ ചൂണ്ടിക്കാട്ടി. ഡിപ്രഷന്‍ ഉള്ളവര്‍ സാധാരണക്കാരേക്കാള്‍ 10-20 വര്‍ഷം മുമ്പേ മരിക്കുന്നു. ഹൃദ്രോഗം മുതല്‍ മറ്റ് ആരോഗ്യപ്രശ്നങ്ങളും അവര്‍ക്ക് ഉണ്ടാകുന്നു.

ഇത്തരം യുവാക്കളോട് 'ഐ ആം വിത്ത് യു' എന്നു പറയുമ്പോള്‍ നാം ഇക്കാര്യത്തില്‍ ഉത്തരവാദിത്വം ഏറ്റെടുക്കുകയാണ്- അവര്‍ പറഞ്ഞു.

ന്യൂയോര്‍ക്കിലെ കോളജുകളിലെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ ഉള്‍ക്കൊള്ളുന്ന കോളജിയേറ്റ് കോണ്‍ഗ്രസിന്റെ സ്ഥാപകനാണ് ക്രിസ്റ്റോ തോമസ്. അതിന്റെ ഭാഗമായി രൂപംകൊണ്ട പദ്ധതിയാണ് മാസ്റ്റര്‍പ്ലാന്‍ ഗ്ലോബല്‍ ഇനിഷ്യേറ്റീവ്. മാസ്റ്റര്‍ പ്ലാനിന്റെ ആദ്യ പ്രോജക്ടാണ്ഇത്. മാസ്റ്റര്‍ പ്ലാന്‍ അഡൈ്വസറി ബോര്‍ഡ് ചെയര്‍ ആണ് അംബാസിഡര്‍ കെലപില്‍.

മാസ്റ്റര്‍ പ്ലാനിന്റെ കോര്‍ കമ്മിറ്റി ചെയറാണ് ക്രിസ്റ്റോ. ഈ കാമ്പയിന്‍ ഏറ്റെടുക്കാന്‍ മുന്നോട്ടുവന്നത് ബോട്സ്വാനയാണ്. 11 രാജ്യങ്ങള്‍ പിന്തുണച്ചു. ഗ്രനഡ, നോര്‍വെ, അഫ്ഗാനിസ്ഥാന്‍, കോസ്റ്റോറിക്ക, മൊറോക്കോ, പലാവു, ഡൊമിനിക്ക, പോര്‍ച്ചുഗല്‍, ലിത്വേനിയ, ഗാംബിയ എന്നിവ.

ഇതുസംബന്ധിച്ച രണ്ടാമത്തെ പാനലില്‍ യൂണിവേഴ്സിറ്റി ഓഫ് പീസ് പ്രതിനിധി അംബാസിഡര്‍ നരിന്ദര്‍ കക്കര്‍, മക്ഗില്‍ യൂണിവേഴ്സിറ്റി ഡീന്‍ ഡോ. ഡില്‍സണ്‍ റാസിയന്‍, യൂറോപ്യന്‍ സ്റ്റുഡന്റ്സ് യൂണിയന്‍ പ്രസിഡന്റ് റോബര്‍ട്ട് നാപ്പിയര്‍, യംഗ് ഡമോക്രാറ്റ്സ് ഓഫ് അമേരിക്ക പ്രസിഡന്റ് ജോഷ്വാ ഹാരിസ് ടില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

വലിയ നിലയിലെത്തുന്നതോ സമ്പത്ത് നേടുന്നതോ മാത്രമല്ല ജീവിത വിജയമെന്നു ജോഷ്വാ ഹിരിസ് ടില്‍ പറഞ്ഞു. രാവിലെ ഉണര്‍ന്ന് എഴുന്നേല്‍ക്കാന്‍ കഴിയുന്നതും ജീവിത വിജയമാണ്.

വ്യക്തികള്‍ തമ്മിലുള്ള നേരിട്ടുള്ള ബന്ധമാണ് പ്രധാനമെങ്കിലും തത്കാലം സോഷ്യല്‍മീഡിയ വഴി ആയിരിക്കും ഐ ആം വിത്ത് യു കാമ്പയിന്‍. അടുത്ത മാസം ബ്രസിലിലെ സാവോപോളോയില്‍ ഇതിനായി ഓഫീസ് തുറക്കും. കാംപെയിന്റെ തുടക്കക്കാരില്‍ ഒരാളെന്ന നിലയിലാണ് ബ്രസീല്‍ തെരഞ്ഞെടുത്തതെന്ന് ക്രിസ്റ്റോ പറഞ്ഞു. മാത്രവുമല്ല ലാറ്റിനമേരിക്കയിലെ യുവജനത നേരിടുന്ന വലിയ പ്രശ്നമാണ് ഡിപ്രഷനും മറ്റും.

വിദ്യാര്‍ത്ഥികളിലാണ് കാംപെയിന്‍ തുടക്കത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ജീവനെടുത്ത ചെറുപ്പക്കാരില്‍ ബഹുഭൂരിപക്ഷവും വിദ്യാര്‍ത്ഥികളാണ് എന്നതാണ് കാരണം.

രണ്ടു വര്‍ഷം മുന്‍പ് ജനുവരി 24 ലോക വിദ്യാഭ്യാസ ദിനമായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചതിനു പിന്നിലും ക്രിസ്റ്റോ തോമസാണ്. 2013-ല്‍ ന്യൂയോര്‍ക്കിലെത്തിയപ്പോള്‍ മുതല്‍ ഈ ആശയം തന്റെ മനസ്സിലുണ്ടായിരുന്നുവെന്നു ക്രിസ്റ്റോ പറഞ്ഞു. 2015-ല്‍ കോളജിയേറ്റ് കോണ്‍ഗ്രസ് സ്ഥാപിച്ചതോടെ ആശയം വീണ്ടും സജീവമായി. ഒന്നും എളുപ്പമായിരുന്നില്ല.

നൈജീരിയ ആണ് വിദ്യാഭ്യാസ ദിനം അവതരിപ്പിക്കാന്‍ മുന്നോട്ടു വന്നത്. ഇന്ത്യയേയും സമീപിച്ചെങ്കിലും താത്പര്യം കാട്ടിയില്ല. എന്നാല്‍ കോ- സ്പോണ്‍സര്‍ ചെയ്ത 55 രാജ്യങ്ങളിലൊന്നായി ഇന്ത്യ ചേര്‍ന്നു.യു.എന്‍. പ്രമ്യത്തെ തുടര്‍ന്ന് 2018 ജനുവരി 24-നു ആദ്യ ലോക വിദ്യാഭ്യാസദിനം ആചരിച്ചു.

ആ സമയത്തുതന്നെ ഐ ആം വിത്ത് യു കാംപെയിനും മനസ്സിലുണ്ടായിരുന്നു. യുവജനതയുടെ പ്രശ്നം സംബന്ധിച്ച വേള്‍ഡ് ഹെല്ത്ത് ഓര്‍ഗനൈസേഷന്‍ റിപ്പോര്‍ട്ടില്‍ നിന്നാണ് (2016) ഇക്കാര്യം ഏറ്റെടുക്കാന്‍ താത്പര്യം ജനിച്ചത്-ക്രിസ്റ്റോ പറഞ്ഞു

യുവജനതയുടെ മാനസീകാരോഗ്യ പ്രശ്നങ്ങള്‍ ഏറ്റെടുക്കാന്‍ വ്യക്തിപരമായ കാരണങ്ങളുണ്ട്. മിക്കവരും നേരിടുന്ന പ്രശ്നമാണ് ഡിപ്രഷന്‍. വിഷമതകള്‍ പങ്കുവെച്ചാല്‍ ഒരു പരിധിവരെ അത് ഇല്ലാതാകും. അത്തരം അവസ്ഥയിലൂടെ താനും കടന്നുപോയിട്ടുണ്ട്. രണ്ടു ക്ലാസുകളില്‍ തോറ്റതിനാല്‍ ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കാന്‍ 14 വര്‍ഷമെടുത്തു. എന്‍ജിനീയറിംഗിനു ചേര്‍ന്നിട്ടു ഇടയ്ക്കുവെച്ച് അത് ഉപേക്ഷിച്ചു.

പക്ഷെ നിരാശപ്പെടാതെ മറ്റു വിഷയങ്ങളില്‍ പഠനം തുടര്‍ന്നു. ഇപ്പോള്‍ രണ്ടാമത്തെ മാസ്റ്റേഴ്സ് ഡിഗ്രിക്ക് പഠിക്കുന്നു. ലോക വിദ്യാഭ്യാസ ദിനം ആരംഭിക്കുവാനുമായി. ലോകത്തിലെ ഏറ്റവും വിജയം നേടിയവര്‍, ഏറ്റവും മികച്ച വിദ്യാഭ്യാസം നേടിയവരോ, മഹാപണ്ഡിതരോ അല്ല. ഇതൊക്കെ മനസിലാക്കിയാല്‍ വേദനാജനകമായ പല കാര്യങ്ങളില്‍ നിന്നും ഒഴിവാകാം.

ലിംഗ സമത്വം (ജന്‍ഡര്‍ ഇക്വാലിറ്റി) സംബന്ധിച്ച ഒരു സമ്മേളനവും ക്രിസ്റ്റോയുടെ മനസ്സിലുണ്ട്.

തളിപ്പറമ്പില്‍ അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കെ.ജെ. തോമസിന്റേയും മേഴ്സി തോമസിന്റേയും പുത്രനാണ്. സഹോദരി അമേരിക്കയില്‍ പി.എച്ച്.ഡി വിദ്യാര്‍ത്ഥിനി. സഹോദരനും അമേരിക്കന്‍ എന്‍ജിനീയര്‍.
പിതാവ് ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ രാഷ്ട്രീയരംഗത്ത് പ്രവര്‍ത്തനം ആരംഭിച്ചുവെന്നും അതിനാല്‍ പൊതുപ്രവര്‍ത്തനം എന്നും തന്റെ സിരകളിലുണ്ടായിരുന്നുവെന്നും ക്രിസ്റ്റോ പറയുന്നു.
'ഞാനുണ്ട് നിങ്ങളുടെ കൂടെ' പദ്ധതിയുമായി ഐക്യരാഷ്ട്രസഭ; പിന്നില്‍ മലയാളി ക്രിസ്റ്റോ തോമസ്
'ഞാനുണ്ട് നിങ്ങളുടെ കൂടെ' പദ്ധതിയുമായി ഐക്യരാഷ്ട്രസഭ; പിന്നില്‍ മലയാളി ക്രിസ്റ്റോ തോമസ്
'ഞാനുണ്ട് നിങ്ങളുടെ കൂടെ' പദ്ധതിയുമായി ഐക്യരാഷ്ട്രസഭ; പിന്നില്‍ മലയാളി ക്രിസ്റ്റോ തോമസ്
'ഞാനുണ്ട് നിങ്ങളുടെ കൂടെ' പദ്ധതിയുമായി ഐക്യരാഷ്ട്രസഭ; പിന്നില്‍ മലയാളി ക്രിസ്റ്റോ തോമസ്
'ഞാനുണ്ട് നിങ്ങളുടെ കൂടെ' പദ്ധതിയുമായി ഐക്യരാഷ്ട്രസഭ; പിന്നില്‍ മലയാളി ക്രിസ്റ്റോ തോമസ്
'ഞാനുണ്ട് നിങ്ങളുടെ കൂടെ' പദ്ധതിയുമായി ഐക്യരാഷ്ട്രസഭ; പിന്നില്‍ മലയാളി ക്രിസ്റ്റോ തോമസ്
'ഞാനുണ്ട് നിങ്ങളുടെ കൂടെ' പദ്ധതിയുമായി ഐക്യരാഷ്ട്രസഭ; പിന്നില്‍ മലയാളി ക്രിസ്റ്റോ തോമസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക