Image

സമയയന്ത്രം (കവിത: അനിത നരേന്‍)

Published on 28 February, 2020
 സമയയന്ത്രം (കവിത: അനിത നരേന്‍)
ഒരു സമയയന്ത്രം വാങ്ങണം. 
പിന്നിട്ട കാലത്തിലേക്കൊരു
തിരിച്ചു പോക്കിന്..

ഒന്നിനുമല്ലാതെ, 
വെറുതെ കടന്നു പോന്ന
വഴികളിലൂടെ
വീണ്ടും സഞ്ചരിയ്ക്കാന്‍.. 

ഒരു ഉപാധിയും ഇല്ലാതെ
ജീവിതത്തെ  നോക്കികാണാന്‍...
പെട്ടെന്ന് തീര്‍ന്നു പോയ, 
മതിവരാതെ എന്നെ മോഹിപ്പിച്ചു
കടന്നുകളഞ്ഞ   ചില സംഭവങ്ങളിലൂടെ
പിന്നെയും ഒന്ന് വഴിനടക്കാന്‍  .. 

" ഒന്ന് കൂടി നന്നായി ചെയ്യാമായിരുന്നു "
എന്ന് തോന്നിയ ഒരുപാട് കാര്യങ്ങള്‍
ചെയ്തു തീര്‍ക്കാന്‍.. 

കൂട്ടിപെറുക്കിവെച്ച് ആസ്വദിക്കാന്‍ മറന്ന് 
നഷ്ടപെടുത്തിക്കളഞ്ഞ ആ വളപ്പൊട്ടുകളുടെ
ചെപ്പ് തേടി പോവണം.. 
കാലില്‍ നനയാതെ പോയ,
തോട്ടു വക്കത്തെയും പാടവരമ്പത്തെയും
പുല്‌നാമ്പുകളിലെ മഞ്ഞുതുള്ളിയെ
കൈവെള്ളയില്‍ ചേര്‍ക്കണം.. 

സ്‌നേഹിക്കാന്‍ വിട്ട് പോയ
ആ പ്രിയപ്പെട്ട നിമിഷങ്ങളെ
ഒന്ന് കൂടെ ചേര്‍ത്ത് പിടിക്കാന്‍.. 
തനിച്ചിരുന്നു കരഞ്ഞോരരാത്രിയെ
കവിള് തുടച്  ഒന്നൂടെ പുല്‍കാന്‍.. 

"ജീവിതം കണ്ണീരുപ്പ് പുരണ്ടൊരു
പലഹാരമാണെന്നു "
പിന്നെയും പിന്നെയും ഓര്‍മ്മിക്കാന്‍ ...

വെറുതെ..
ഒന്നിനുമല്ലാതെ...
ഒരു
സമയയന്ത്രം വാങ്ങണം..

Join WhatsApp News
ARUN KUMAR U 2020-02-29 13:59:25
അടിപൊളി.....😍
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക