Image

ഇ-മലയാളിയുടെ സാഹിത്യ വാരം, അവാര്‍ഡ്: ചില ചിന്തകള്‍ (തോമസ് കൂവള്ളൂര്‍, ന്യൂയോര്‍ക്ക്)

Published on 28 February, 2020
ഇ-മലയാളിയുടെ സാഹിത്യ വാരം, അവാര്‍ഡ്: ചില ചിന്തകള്‍ (തോമസ് കൂവള്ളൂര്‍, ന്യൂയോര്‍ക്ക്)
ഇയ്യിടെ കേരളയാത്രയിലായിരുന്ന എനിക്ക്ഇ-മലയാളിയുടെ സാഹിത്യവാരം ജനുവരി 20 മുതല്‍ 25 വരെ എന്ന തലക്കെട്ടിലുള്ള വാര്‍ത്ത കാണനിടയായി. ഇ-മലയാളിയുടെ ഒരു വായനക്കാരനും അനുഭാവിയും കൂടിയായ എനിക്ക് സാഹിത്യവാരത്തില്‍ പങ്കുചേരാന്‍ പറ്റുകയില്ലല്ലോ എന്ന ഒരു ശങ്കയും മനസ്സില്‍ തോന്നി. എന്നാല്‍ എഴുതാന്‍ പിന്നെയും അവസരം ഉണ്ടെന്നു ഇ-മലയാളി പ്രവര്‍ത്തകര്‍ അറിയിച്ചു

ആദ്യമായി സാഹിത്യവാരത്തിനു വേദിയൊരുക്കിയതിനു അഭിനന്ദനങ്ങള്‍.

ഏതുവിഷയത്തെ ആസ്പദമാക്കി ആയിരിക്കണം എഴുതേണ്ടതെന്നു ആദ്യമായി ഞാനൊന്നാലോചിച്ചു. ഒരു കഥാക്രുത്തല്ലാത്തതിനാല്‍ ആ ഭാഗം അപ്പാടെ ഞാന്‍ വിട്ടുകളഞ്ഞു. എനിക്കിഷ്ടപ്പെട്ട വിഷയങ്ങളിലൊന്നു അമേരിക്കന്‍ മലയാളികള്‍ എന്തുകൊണ്ട് അമേരിക്കന്‍ മലയാള എഴുത്തുകാരെക്കാള്‍ കേരളത്തിലൂള്ള എഴുത്തുകാരുടെ രചനകള്‍ വായിക്കാന്‍ ഇഷ്ടപ്പെടുന്നു എന്ന വിഷയമാണു. അതിനുള്ള പ്രധാന കാരണം മലയാള ഭാഷയുടെ തറവാടായ കേരളത്തിലുള്ളതുപോലെ ചിലവു കുറഞ്ഞ രീതിയിലുള്ള സാങ്കേതിക വിദ്യകളൊ, വിഭവശേഷിയോ അതെ രീതിയില്‍ അമേരിക്കയില്‍ ലഭ്യമല്ല എന്നുള്ളതാണു.

ഉദാഹരണത്തിനു മലയാളത്തില്‍ ടൈപ്പു ചെയ്യാന്‍ വേണ്ടത്ര പ്രാവീണ്യമുള്ളവരെയോ, പ്രൂഫ് റീഡേഴ്‌സിനെയോ, പ്രസാധകരെയോ, പബ്ലിഷിങ്ങ് കമ്പനിക്കരെയോ കുറഞ്ഞ നിരക്കില്‍ അമേരിക്കയില്‍ കിട്ടാനില്ല. അക്കാരണത്താല്‍ തന്നെ അമേരിക്കന്‍ മലയാളി എഴുത്തുകാരധികവും ടൈപ്പു ചെയ്യുന്നതിനും, എഡിറ്റു ചെയ്യുന്നതിനും പ്രൂഫുറീഡ് ചെയ്യുന്നതിനുമെല്ലാം ആശ്രയിക്കുന്നത് കേരളത്തിലുള്ളവരെയാണു. എഴുത്തുകാര്‍ വേണ്ടത്ര ശ്രദ്ധ ചെലുത്താത്തപക്ഷം കേരളത്തിലുള്ളവര്‍ പലപ്പോഴും അവര്‍ക്കു തോന്നിയതു പോലെ തെറ്റുകളോടുകൂടി, യാതൊരു ഉത്തരവാദിത്വവുമില്ലാതെ ഇവിടെ നിന്നും അയച്ചു കൊടുക്കുന്നവ പബ്ലിഷ് ചെയ്‌തെന്നുമിരിക്കും.

ഇയ്യിടെ അമേരിക്കയില്‍ അറിയപ്പെടുന്ന എന്റെ സുഹ്രുത്തു കൂടിയായ ഒരു നോവലിസ്റ്റിന്റെ ചരിത്ര പ്രാധാന്യമുള്ള നോവല്‍ വായിക്കാനിടയായി. വളരെക്കാലത്തെ പരിശ്രമത്തിന്റെയും, തപസ്യയുടെയും ഫലമായാണു അങ്ങിനെ ഒരു നോവല്‍ അദ്ദേഹം എഴുതി തയ്യാറാക്കിയത്. പ്രസ്തുത നോവല്‍ അച്ചടിച്ചു പബ്ലിഷ് ചെയ്തതു കേരളത്തിലെ ഒരു പബ്ലിഷിങ്ങ് കമ്പനിയാണ്. കേരളത്തില്‍ പോയ അവസരത്തില്‍ പ്രസാധകനില്‍ നിന്നും ഒരു കോപ്പി ഞാന്‍ വാങ്ങി വളരെ ആകാംക്ഷയോടെ വായിക്കാന്‍ തുടങ്ങി. ആദ്യ പേജില്‍ തന്നെ അക്ഷരത്തെറ്റുകള്‍. പേജുകള്‍ മറിച്ചു നോക്കിയപ്പോള്‍ തെറ്റുകളുടെ എണ്ണം കൂടാനും തുടങ്ങി. 'ആടിനെ'' കൊന്നു എന്നതിനുപകരം 'അടിയനെ' കൊന്നു എന്നെഴുതിയിരിക്കുന്നു. എത്ര നല്ല എഴുത്തുകാരനേയും തേജോവധം ചെയ്യാന്‍ സത്യസന്ധതയില്ലാത്ത, ആത്മാര്‍ഥയില്ലാത്ത, ഒരു പ്രസാധകനു കഴിഞ്ഞെന്നിരിക്കും.

ഒരു നല്ല പബ്ലിഷിങ്ങ് കമ്പനി സ്റ്റന്‍ഡേര്‍ഡുള്ള ഒരു പുസ്തകം പ്രകാശനം ചെയ്യുന്നതിനുമുമ്പ് വളരെ ശ്രദ്ധയോടെ പ്രൂഫ് റീഡിങ്ങ് നടത്തേണ്ടതുണ്ടു. പ്രൂഫ് റീഡിങ്ങ വേണ്ടവിധത്തില്‍ നടത്താതെ പ്രകാശനം ചെയ്താല്‍ എത്ര നല്ല എഴുത്തുകാരന്റെയും വില അതോടെ പോയെന്നിരിക്കും. എത്രയോക്കെയാണെങ്കിലും ഇന്നും കേരളത്തിലെ ടൈപ്പിസ്റ്റുകളെയും പബ്ലിഷിങ്ങ് കമ്പനിക്കാരെയും ആശ്രയിക്കേണ്ട ഗതികേടാണു അമേരിക്കന്‍ മലയാളി എഴുത്തുകാര്‍ക്കുള്ളതു എന്നത് ഒരു പരമസത്യമാണു. ഈ നിലയ്ക്ക് മാറ്റം വരുത്തിയെങ്കില്‍ മാത്രമെ അമേരിക്കയിലെ എഴുത്തുകാര്‍ക്കും, സാഹിത്യകാരന്മാര്‍ക്കും, എതിനേറെ ഇ-മലയാളിപോലുള്ള പബ്ലിഷിങ്ങ് കമ്പനികള്‍ക്കും വളരാന്‍ സാധിക്കുകയുള്ളു.

32 വര്‍ഷത്തെ എന്റെ അമേരിക്കന്‍ ജീവിതത്തിനിടക്ക് മലയാളികള്‍ നടത്തിയ നിരവധി പ്രസിദ്ധീകരണങ്ങള്‍ അനുകൂലമായ സാഹചര്യം ലഭിക്കാതെ പോയതിനാലെന്നു തോന്നുമാറു നിര്‍ത്തിപ്പോയതായി കാണാന്‍ കഴിഞ്ഞു. ന്യൂയോര്‍ക്കില്‍ സ്ഥിരതാമസക്കാരനായ ഞാന്‍ തുടക്കത്തില്‍ മലയാളം പത്രത്തിന്റെ സ്ഥിരം വരിക്കാരനും, വായനക്കാരനുമായിരുന്നു. നല്ല എഡിറ്റര്‍മാര്‍ ഉണ്ടായിട്ടുപോലും മലയാളം പത്രത്തിനു പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. അതുപോലെ കൈരളി പത്രം, തുടങ്ങി നിരവധി പ്രസിദ്ധീകരണങ്ങളും നിര്‍ത്തിപ്പോയി. എന്തുകൊണ്ടാണു ഇവ നിര്‍ത്തിപ്പോകാനുള്ളകാരണംഎന്നു പഠനം നടത്തേണ്ടതാണു. അതിന്റെ വെളിച്ചത്തില്‍ എങ്ങനെ സാഹിത്യകാരന്മാരെയും, എഴുത്തുകാരെയും, കലാവാസനയുള്ളവരെയും എല്ലാറ്റിനുമുപരി ടി.വി. പത്രമാധ്യമങ്ങള്‍, ജേര്‍ണലിസം, പബ്ലിഷിങ്ങ് കമ്പനികള്‍ എന്നിവയെ അമേരിക്കന്‍ മണ്ണില്‍ പരിപോഷിപ്പിച്ചെടുക്കാന്‍ സാധിക്കും എന്നും പഠനം നടത്തേണ്ടിയിരിക്കുന്നു.

നമ്മുടെയിടയില്‍ പ്രവര്‍ത്തിക്കുന്ന മിക്ക മാധ്യമപ്രവര്‍ത്തകരും റിപ്പോര്‍ട്ടര്‍മാരും, എഴുത്തുകാരും, പബ്ലിഷര്‍മാരുമെല്ലാം ഉപജീവനത്തിനായി മറ്റുതൊഴിലിനെ ആശ്രയിക്കുന്നതിനാല്‍ അവര്‍ക്കു കിട്ടിയിട്ടുള്ള എഴുത്തുസംബന്ധമായ കഴിവുകളെ വേണ്ട വിധത്തില്‍ പരിപോഷിപ്പിച്ചെടുക്കാന്‍ കഴിയാതെപോകുന്നു. അമേരിക്കന്‍ മലയാളി സാഹിത്യകാരന്മാരും, മാധ്യമപ്രവര്‍ത്തകരും, ജേര്‍ണലിസ്റ്റുകളും, ആരും തന്നെ ആ തൊഴിലില്‍നിന്നും ലഭിക്കുന്ന വരുമാനം കൊണ്ട് ജീവിക്കുന്നതായി ഇതെവരെ കേള്‍ക്കാനോ കാണാനോ കഴിഞ്ഞിട്ടില്ല. അതേസമയം സി.എന്‍.എന്‍. എന്‍ ബി സി , എ ബി സി, ന്യൂയോര്‍ക്ക് ടൈംസ്, ഫോക്‌സ്ചാനല്‍ എന്നിവയെല്ലാം തങ്ങളുടെ പ്രസ്ഥാനത്തില്‍ എഴുതുന്നവര്‍ക്കും, പ്രവര്‍ത്തിക്കുന്നവര്‍ക്കുമെല്ലാം ലക്ഷക്കണക്കിനു ഡോളര്‍ ശമ്പളമായി നല്‍കുന്നു. എന്തുകൊണ്ട് അമേരിക്കന്‍ മലയാളികള്‍ക്ക് ആ നിലയിലേക്ക് വളരാന്‍ പറ്റാതെ വരുന്നു. അങ്ങനെ ഒരു ശ്രമംനടത്തി വിജയിക്കുകയാണെങ്കില്‍ ലോകമലയാളി എഴുത്തുകാരുടെയും, സാഹിത്യകാരന്മാരുടേയും പബ്ലിഷിങ്ങ് കമ്പനികളുടെയുമെല്ലാം കേന്ദ്രം അമേരിക്ക ആക്കിമാറ്റാന്‍ നമുക്കു കഴിഞ്ഞേനെ. അത്രമാത്രം അനുഭവജ്ഞാനമുള്ളവരും, പണ്ഡിതന്മാരും, എഴുത്തുകാരുമെല്ലാം അമേരിക്കന്‍ മലയാളികളുടെ ഇടയില്‍ തന്നെ ഒളിഞ്ഞുകിടപ്പുണ്ടു എന്നതാണു വാസ്തവം.

എല്ലാറ്റിനുമുപരി ലക്ഷക്കണക്കിനു മലയാളികളും ഇന്നു അമേരിക്കയില്‍ തന്നെയുണ്ടു. മലയാളഭാഷയെ സ്‌നേഹിക്കുന്ന, വായിക്കാന്‍ വെമ്പല്‍ക്കൊള്ളുന്ന ധാരാളം ഭാഷാസ്‌നേഹികളും, സമ്പന്നരായ വ്യവസായ പ്രമുഖരുമെല്ലാം നമ്മുടെ ഇടയിലുണ്ട്. അതുപോലെ തന്നെ ധാരാളം എഴുത്തുകാരും, കവികളും, കലാകാരന്മാരും, നമുക്കുചുറ്റുമുണ്ടു. പിന്നെന്തുകൊണ്ടു കേരളത്തിലെജനങ്ങളെ ആശ്രയിക്കാതെ നമുക്കു മലയാളഭാഷയെയും, എഴുത്തുകാരെയും, ജേണലിസ്റ്റുകളെയുമെല്ലാം ഇവിടെത്തന്നെ വളര്‍ത്താന്‍ ശ്രമം നടത്തിക്കൂടാ.

ഈ സാഹചര്യത്തില്‍ അമേരിക്കന്‍ മാധ്യമസാമ്രാട്ടായ റുപര്‍ട്ട് മര്‍ഡോക്കെന്നയാള്‍ എങ്ങനെ ലോകത്തിലെ ഏറ്റവും വലിയ പത്ര ഉടമയായി എന്ന കാര്യം നമുക്കൊന്നു പരിശോധിക്കാം. 1931 ല്‍ ഓസ്‌്ര്രെടലിയയിലെ മെല്‍ബോനില്‍ ജനിച്ച അദ്ദേഹത്തിന്റെ പിതാവു ഒരു ജേണലിസ്റ്റും, എഴുത്തുകാരനും, സ്വന്തമായി ഒരു പബ്ലിഷിങ്ങ് കമ്പനി ഉള്ള ആളുമായിരുന്നു. പിതാവിന്റെ കാലശേഷം പിതാവു നടത്തിക്കൊണ്ടിരുന്ന ന്യൂസ് ആന്‍ഡ് സന്‍ണ്ടെ മെയില്‍ എന്ന പത്രത്തിനു പുറമെ ഹെറാള്‍ഡ് ഇന്‍ മെല്‍ബോണ്‍, കൊറിയര്‍ മെയില്‍ ഇന്‍ ബ്രിസ്ബയിന്‍, തുടങ്ങിയ പത്രങ്ങളെയും അദ്ദേഹം വാങ്ങി.

1970 ല്‍ റുപര്‍ട്ട് മര്‍ഡോക്ക് അമേരിക്കയിലെ പത്രങ്ങളിലേക്കും കണ്ണുവച്ചു. നിരവധി പത്രമാസികകള്‍ അദ്ദേഹം സാവകാശം വാങ്ങി. പിന്നീടദ്ദേഹം ഫിലിം വ്യവസായത്തിലേയ്ക്കും കണ്ണുവച്ചു. എന്തിനേറെട്വെന്റിയത്ത് സെഞ്ചുറി ഫോക്‌സ് ഫിലിം കോര്‍പ്പറേഷനും അദ്ദേഹം വാങ്ങിച്ചു. പിന്നീടദ്ദേഹം ന്യൂസ്‌പേപ്പറുകള്‍ ഒരു കോര്‍പ്പറേഷനായും ടി.വി. ബിസിനസ്സ് മറ്റൊരു കോര്‍പ്പറേഷനായും മാറ്റി.

പിതാവില്‍ നിന്നും വ്യത്യസ്തനായി അദ്ദേഹം പത്രങ്ങളെല്ലാം റിഡെസൈന്‍ ചെയ്തു. ടൈപ്പുസെറ്റിങ്ങ്, പ്രിന്റിങ്ങ് വരെഅദ്ദേഹം ചെയ്തിരുന്നു. കൂടാതെ ന്യൂസ് ഹെഡ്‌ലൈന്‍ എഴുതുന്ന തൊഴിലും അദ്ദേഹം ചെയ്തിരുന്നു. ഒരു പ്രത്യേകഘട്ടത്തില്‍ വാര്‍ത്തകള്‍ മറ്റൊരു ദിശയിലേക്കുംഅദ്ദേഹം തിരിച്ചുവിട്ടു. സര്‍ക്കുലേഷന്‍ കൂട്ടാന്‍ വേണ്ടി കുറ്റക്രുത്യങ്ങളേയും, ലൈംഗികാരോപണം സംബന്ധിച്ച കേസ്സുകള്‍ക്കുമെല്ലാം അദ്ദേഹം പ്രസിധീകരണങ്ങളിലൂടെ കൂടുതല്‍ പ്രാധാന്യം കൊടുക്കാന്‍ തുടങ്ങിയതോടെ സര്‍ക്കുലേഷന്‍ ഇരട്ടിയായി.

1973 ല്‍ ടെക്‌സാസ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചിരുന്ന സാന്‍ അന്തോണിയോ ന്യൂസ് അദ്ദേഹം വാങ്ങി. പിന്നീട് മര്‍ഡോക്കിന്റെ പ്രസിധീകരണങ്ങള്‍ രാജ്യവ്യാപകമായി. 1976 ല്‍ ന്യുയോര്‍ക്ക് പോസ്റ്റ്വാങ്ങി. 1979ല്‍ ന്യൂകോര്‍പ്പ് എന്ന കമ്പനിയും സ്ഥാപിച്ചു. 1980 നും 1990 നും ഇടയ്ക്ക് മര്‍ഡോക്ക് അദ്ദേഹത്തിന്റെ മാധ്യമ സാമ്രാജ്യം ലോക വ്യാപകമാക്കി. ചിക്കാഗോ സണ്‍ ടൈംസ്, വില്ലേജ് വോയ്‌സ്, ന്യൂയോര്‍ക്ക് മഗസിന്‍, ടൈംസ് ആന്റ് സണ്‍ ടൈംസ് ഒഫ് ലണ്ടന്‍എന്നിവയുടെയും അധിപതിയായി. ഫോക്‌സ് ടെലിവിഷനും അദ്ദേഹം കൈക്കലാക്കി. 2005 ല്‍ ഇന്റര്‍ മിക്‌സ് മീഡിയ, മൈ സ്‌പെയ്‌സ് ഡോട്ട് കോം,വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ തുടങ്ങിയവയും സ്വന്തമാക്കി

ഇത്രയും എഴുതാന്‍ കാരണം വെറും ഒരു ഓണ്‍ലൈന്‍ പ്രസ്ഥാനമായി നില്‍ക്കാതെ ഇ- മലയാളി സാധിക്കുമെങ്കില്‍ അമേരിക്കയിലുള്ള മറ്റു പബ്ലിഷിങ്ങ് കമ്പനികളെ വാങ്ങിയോ, അതിനു സാധിക്കുന്നില്ലെങ്കില്‍ അവരുമായി താല്‍ക്കാലിക കരാറുണ്ടാക്കി ക്ഷയിച്ചുകൊണ്ടിരിക്കുന്ന മലയാള മാധ്യമങ്ങളെയും പത്രവ്യവസായത്തെയും ഒന്നടങ്കം പുനരുദ്ധരിക്കാന്‍ ഒരു ശ്രമം നടത്തണമെന്നാണു എനിക്ക് പറയാനുള്ളത്.

ഒരു പത്രവ്യസായി വളരണമെങ്കില്‍ എല്ലാ മേഖലകകള്‍ക്കും ചിലപ്പോള്‍ പ്രാധാന്യം കൊടുക്കേണ്ടിവന്നേക്കും. റുപര്‍ട്ട് മര്‍ഡോക്കിനെപ്പോലെ ആയിത്തീരാന്‍ കഴിഞ്ഞില്ലെങ്കിലും നമ്മുടെ മാത്രുരാജ്യമായ കേരളത്തെ ഇനിയും കൂടുതല്‍ ആശ്രയിക്കാതെ. മുതലാളിത്തത്തിന്റെ ഈറ്റില്ലമായ അമേരിക്കയില്‍ ഒരു വലിയ ചലനം സ്രുഷ്ടിച്ച് അമേരിക്കന്‍ മലയാളിമാധ്യമങ്ങളുടെ മുഖമുദ്ര എന്നുള്ള സ്ഥാനത്തെക്കുയരാനും ഇ- മലയാളിക്ക് കഴിയട്ടെ എന്നു ഞാനഗ്രഹിക്കുന്നു.

കുഞ്ചന്‍നമ്പ്യാര്‍ പറഞ്ഞതുപോലെ 'ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം'' എന്നു ഇത്രയും മെനക്കെട്ടിരുന്നു ഇതെഴുതിയ ഞാനും ആഗ്രഹിക്കുന്നു. പണ്ടു ചങ്ങമ്പുഴ ജീവിച്ചിരുന്നപ്പോള്‍ ഏതൊ ഒരു പബ്ലിഷറോട് തനിക്ക് തരാനുള്ള പണം കണക്കു പറഞ്ഞു വാങ്ങിക്കുന്ന ഒരു കത്തു കുറെനാള്‍ മുമ്പു കാണാനെനിക്കു കഴിഞ്ഞു. ഭാവിയില്‍ ഇ-മലയാളിയെ ആശ്രയിച്ചുനില്‍ക്കുന്ന എല്ലാ എഴുതുകാര്‍ക്കും, ജേണലിസ്റ്റുകള്‍ക്കും, മാധ്യമപ്രവര്‍ത്തകര്‍ക്കുമെല്ലാം റുപര്‍ട്ട് മര്‍ഡോക്കു കൊടുക്കുന്നതു പോലെ കൊടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും ചെറിയൊരു ചെക്ക് പ്രതിഫലമായി കൊടുക്കാനുള്ള സാമ്പത്തികശേഷി ഇ-മലയാളിക്ക് ഉണ്ടാവട്ടെ എന്നും പ്രാര്‍ത്ഥിക്കുന്നു.

കമ്മൂണിസ്യവും, സോഷലിസ്യവും കാലഹരണപ്പെട്ടുപോയഈ കാലഘട്ടത്തില്‍ നിലനില്‍പ്പിന്റെയും മുമ്പോട്ടുള്ള പ്രയാണത്തിന്റെയും കാര്യങ്ങളെപ്പറ്റി കൂടുതലായി ചിന്തിക്കുന്നത് നന്നയിരിക്കും. എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാനുള്ള ഇ-മലയാളിയുടെ സംരംഭം പൂര്‍ണ്ണമായും നടപ്പാകണമെന്നുണ്ടെങ്കില്‍ സമ്പന്ന വിഭാഗവുമായി ബന്ധപ്പെട്ടെങ്കില്‍ മാത്രമെ സാധിക്കു. നമ്മുടെ സമൂഹത്തില്‍ എത്രയോ സമ്പന്നന്മാരായ ബിസിനസ്സുകാരും, വ്യവസായ പ്രമുഖരുമുണ്ട്. അവരുമായി ധാരണയുണ്ടാക്കാന്‍ കഴിഞ്ഞാല്‍ സമീപഭാവിയില്‍ ജേണലിസ്റ്റ് കോഴ്‌സുകള്‍തുടങ്ങുന്നതിനും, മാത്രുരാജ്യത്തു നിന്നു വരെ വിദ്യാര്‍ത്ഥികളെഇങ്ങോട്ടുകൊണ്ടുവരാന്‍ കഴിഞ്ഞെന്നുമിരിക്കും. അങ്ങനെ സമീപഭാവിയില്‍ ജേണലിസ്റ്റുകളെയും, എഴുത്തുകാരെയും, മാധ്യമപ്രവര്‍ത്തകരെയും, പരിശീലിപ്പിക്കുന്ന ഒരു വലിയ പ്രസ്ഥാനമായി ഇ-മലയാളി എന്ന സംരംഭം വളരട്ടെ എന്നും ഞാന്‍ ആഗ്രഹിക്കുന്നു. എല്ലാറ്റിനുമുപരി ലോകമലയാളികളുടെ ഒരു ആശാകേന്ദ്രമായി ഇ-മലയാളി എന്ന പ്രസ്ഥാനംരൂപാന്തരപ്പെടട്ടെ എന്നും അഗ്രഹിക്കുന്നു.

ഇത്തരത്തില്‍ ഒരു അവസരമുണ്ടാക്കിത്തന്ന ഇ-മലയാളിക്ക് എല്ലാവിധ ഭാവുകങ്ങളും.

തോമസ് കൂവള്ളൂര്‍.
Join WhatsApp News
P.P.Cherian,Dallas 2020-02-28 22:31:47
ബഹുമാന്യനായ കൂവള്ളൂർ സാറിന്റെ ലേഖനം വായിച്ചു . കൂവള്ളൂർ സാറിന്റെ അഭിപ്രായത്തോട് പൂർണമായും യോജിക്കുന്നു . ഇമലയാളിയെ കുറിച്ച് അങ്ങ് എഴുതിയതെല്ലാം വളരെ ശരിയാണ് . മാധ്യമപ്രവർത്തകരെയും , സാഹിത്യകാരന്മാരെയും അവരുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിന് അമേരിക്കൻ മലയാളികൾക്കിടയിൽ ഇ മലയാളീ നടത്തുന്ന ശ്രമങ്ങൾ പ്രശംസനീയം തന്നേ. എല്ലാ വിജയങ്ങളും ആശംസിക്കുന്നു .
Joseph Padannamakkel 2020-02-28 18:23:46
ശ്രീ കൂവള്ളൂരിന്റെ ഈ ലേഖനം വളരെയേറെ കാര്യവിവരങ്ങൾ ഉൾക്കൊള്ളുന്നതാണ്. അഭിനന്ദിക്കുന്നു. അദ്ദേഹം ഈ ലേഖനത്തിൽ സൂചിപ്പിച്ച കാര്യങ്ങളെല്ലാം സത്യവുമാണ്. അമേരിക്കയിൽ നിന്നുകൊണ്ട് മലയാളത്തിൽ ഒരു ലേഖനം പ്രസിദ്ധീകരിക്കുക പ്രയാസമാണ്. ശരിയായി ടൈപ്പ് ചെയ്യുന്നവരെ കണ്ടുമുട്ടുക എളുപ്പമല്ല. ഞാൻ അനുഭവസ്ഥനാണ്. അമേരിക്കൻ മലയാളികളിൽ വായനാശീലം വളരെ കുറവായിട്ടാണ് കാണുന്നത്. അമേരിക്കയിൽ വന്നിട്ടുള്ള പുതിയ തലമുറകളിൽ കൂടുതലും ഇംഗ്ളീഷ് ഭാഷയിൽ വിദ്യാഭ്യാസം നേടിയവരാണ്. ആ സ്ഥിതിക്ക് മലയാള ഭാഷയുടെ അമേരിക്കയിലെ ഭാവി എത്രമാത്രം പ്രസക്തമെന്നും അറിയില്ല. തമിഴരും വടക്കേ ഇന്ത്യക്കാരും അവരുടെ ഭാഷകൾ അമേരിക്കയിലെ യൂണിവേഴ്സിറ്റികളിൽ പ്രചരിപ്പിക്കുന്നുണ്ട്. കൊളംബിയ യൂണിവേഴ്‌സിറ്റിയിൽ ഹിന്ദിയും തമിഴും സംസ്കൃതവും പഠിപ്പിക്കാൻ പ്രത്യേക ഡിപ്പാർട്ട്മെന്റുകളുമുണ്ട്. വടക്കേ ഇന്ത്യക്കാരും തമിഴരും അവരുടെ ഭാഷകളെ പ്രചരിപ്പിക്കാൻ വൻതുകകൾ ചെലവഴിക്കുന്നു. അക്കാര്യത്തിൽ മലയാളികൾ പുറകോട്ടാണ്. കുട്ടികളെ മലയാളത്തിൽ സംസാരിക്കാൻ അനുവദിക്കാത്ത മാതാപിതാക്കളും അമേരിക്കയിൽ ഏറെയുണ്ട്. യൂണിവേഴ്സിറ്റി ഓഫ് ടെക്‌സാസിൽ മലയാളം ഐച്ഛിക വിഷയങ്ങളായി പഠിപ്പിക്കുന്നുണ്ട്. ഈ യൂണിവേഴ്സിറ്റിയിലെ Rodney F. Moag' എന്ന അമേരിക്കൻ പ്രൊഫസർ കേരള യൂണിവേഴ്സിറ്റിയിൽ നിന്നും പിഎച്ച്ഡി യും ഡിലീറ്റും മലയാളത്തിൽ നേടി. നിരവധി മലയാള പുസ്തകങ്ങളുടെ ഗ്രന്ഥകർത്താവുകൂടിയാണ് അമേരിക്കനായ മോഗ് . മലയാളത്തിലെ ഗ്രാമർ പുസ്തകവും രചിച്ചിട്ടുണ്ട്. https://liberalarts.utexas.edu/asianstudies/languages/malayalam.php
ഫൌണ്ടൻ പേന 2020-02-28 23:12:51
അമേരിക്കൻ മലയാള എഴുത്തുകാരുടെ പ്രധാന പ്രശ്നം മലയാളം ടൈപ്പിങ്ങ് അല്ല, മഷിനിറച്ച് എഴുതുന്ന ഫൌണ്ടൻ പേനകൾ കിട്ടാൻ പ്രയാസമാണ് എന്നതാണ്.
Sudhir Panikkaveetil 2020-02-29 12:15:14
അമേരിക്കയിൽ ഒരു മലയാള സാഹിത്യം വളർന്നുകൊണ്ടേയിരിക്കുന്നുണ്ട്. ഇവിടത്തെ പ്രമുഖ സംഘടനകളും, സമൂഹവും അത് അംഗീകരിക്കുന്നില്ല. അവർക്ക് നാട്ടിലുള്ളവർ എഴുതുന്നത് മാത്രം സാഹിത്യമെന്ന ചിന്താഗതിയാണ്. അതുകൊണ്ട് അമേരിക്കൻ മലയാള സാഹിത്യം എഴുത്തുകാരിലേക്ക് ചുരുങ്ങിപോകുന്നു. ഇവിടത്തെ എഴുത്തുകാരുടെ രചനകൾ മഴവില്ലു പോലെ ഒന്ന് മിന്നി അപ്രത്യക്ഷമാകുന്നു. ഇ മലയാളി എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാൻ ചെയ്യാൻ ശ്രമങ്ങൾ പ്രശംസനീയം. ഇവിടത്തെ എഴുത്തുകാരെ ആദ്യമായി കാലമാടന്മാർ, തല്ലിപൊളികൾ എന്ന് അധിക്ഷേപിച്ച് നാട്ടിലെ കലാകൗമുദിയിൽ എഴുതിയത് അറുപതുകളിൽ പ്രശസ്തനായിരുന്ന കവി ചെറിയാൻ കെ ചെറിയാനാണ്. അന്ന്മുതൽ ജനം എഴുത്തുകാരെ പരിഹാസത്തോടെ നോക്കി കണ്ട്. ഇവിടെ എന്ത് പരിപാടി നടത്തിയാലും അതിനൊക്കെ നാട്ടിൽ നിന്നും എഴുത്തുകാരെ കൊണ്ടുവരിക എന്ന രീതി തുടർന്ന്. എഴുത്തുകാർ തമ്മിലും വലിയ ഐക്യമില്ലാത്തതുകൊണ്ട് രചനകൾ അങ്ങനെ അവഗണിക്കപ്പെട്ടുപോകുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക