Image

ഭക്തിയും വിഭക്തിയും (എഴുതാപ്പുറങ്ങള്‍ 53) ജ്യോതിലക്ഷ്മി നമ്പ്യാര്‍

ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ Published on 28 February, 2020
ഭക്തിയും വിഭക്തിയും (എഴുതാപ്പുറങ്ങള്‍  53) ജ്യോതിലക്ഷ്മി നമ്പ്യാര്‍
ആത്മീയം, ഭക്തി, പാരമ്പര്യം എന്നിവകളില്‍ അധിഷ്ഠിതമായ ഒരു സംസ്‌കാരമാണ് ഇന്ത്യയുടേത്. അതുകൊണ്ടു തന്നെ സാമൂഹികമായ ഏതൊരു പ്രശ്‌നങ്ങളെയും ജനങ്ങളിലെത്തിയ്ക്കാനും അവരെ ചിന്തിപ്പിയ്ക്കുവാനുമുള്ള ഏറ്റവും എളുപ്പമായ മാര്‍ഗ്ഗം ഭക്തി തന്നെയായിരുന്നു. പതിനേഴാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ഭക്തി പ്രസ്ഥാനം പരമമായ സാഹിത്യത്തിലൂടെ തുടക്കം കുറിച്ചത് മലയാളത്തിന്റെ പിതാവ് എന്നറിയുന്ന തുഞ്ചത്ത് എഴുത്തച്ഛനും, മേല്പത്തുര്‍ ഭട്ടതിരിപ്പാടും, പൂന്താനം നമ്പൂതിരിയുമാണെന്നു പറയാം. പഴയകാല മലയാളകവികളില്‍ ഭൂരിഭാഗവും സവര്‍ണ്ണരായിരുന്നു. ഒരുപക്ഷെ വിദ്യാഭ്യാസം ചെയ്യാനുള്ള സ്വാതന്ത്രം അന്ന് കാലത്ത് അവരില്‍ നിക്ഷിപ്തമായതിനാലാകാം. എന്തായിരുന്നാലും ഇവര്‍ക്കെല്ലാം ഒരു ഉപാസനാമൂര്‍ത്തി ഉണ്ടായിരുന്നു. അവര്‍ സമൂഹത്തിനോട് പറയാന്‍ ആഗ്രഹിച്ചിരുന്ന കാര്യങ്ങള്‍ ഈ ഉപാസനാമൂര്‍ത്തിയിലൂടെ ഭക്തി സാന്ദ്രങ്ങളായ പല രചനകളാക്കി ജനങ്ങള്‍ക്ക് കാഴ്ചവച്ചു. അതിനാല്‍ അവരില്‍ പലരും ഭക്തകവികള്‍ എന്നപേരില്‍ അറിയപ്പെട്ടു.
തുഞ്ചത്തെഴുത്തച്ഛന്റെ കാലത്ത് ജീവിച്ചിരുന്ന പൂന്താനം നമ്പൂതിരി ജനിച്ചത് ഇന്നത്തെ മലപ്പുറം ജില്ലയില്‍ പെരിന്തല്‍മണ്ണയില്‍ നിന്നും എട്ടു കിലോമീറ്റര്‍ വടക്ക് കീഴാറ്റൂര്‍ എന്ന സ്ഥലത്താണ്. 1547 മുതല്‍ 1640 വരെയുള്ള കാലഘട്ടത്തിലാണ് പൂന്താനം ജീവിച്ചച്ചിരുന്നതെങ്കിലും അദ്ദേഹത്തെക്കുറിച്ച് പൂര്‍ണ്ണമായ വിവരങ്ങള്‍ ലഭ്യമല്ല. പൂന്താനം എന്നത് അദ്ദേഹത്തിന്റെ ഇല്ലപ്പേരാണ്. പൂങ്കാവനം എന്നത് പൂന്താനം എന്നാകുകയായിരുന്നു. അദ്ദേഹത്തിന്റെ പേര് എന്തെന്ന് ആര്‍ക്കും അറിയാന്‍ കഴിഞ്ഞിട്ടില്ല. അദ്ദേഹത്തെ പൂന്താനം നമ്പൂതിരി എന്ന് പറഞ്ഞുവരുന്നു. ചെറുപ്പകാലം മുതലേ അദ്ദേഹം ഒരു തികഞ്ഞ കൃഷ്ണ ഭക്തനായിരുന്നു. ഇടയ്ക്കിടെ ഗുരുവായൂര്‍ അമ്പല ദര്‍ശനം പതിവായിരുന്നു. തനിയ്ക്കുണ്ടായ ആദ്യ കുഞ്ഞു ജനന ദിവസം തന്നെ മൃതിയടഞ്ഞു എന്ന സംഭവം അദ്ദേഹത്തെ കൂടുതല്‍ കൃഷ്ണനിലേയ്ക്ക് അടുപ്പിച്ചു. സാക്ഷാല്‍ ഭഗവാനെ സ്വന്തം മകനായി അദ്ദേഹം മനസ്സില്‍ പ്രതിഷ്ഠിച്ചു.
അമ്പാടി തന്നിലൊരുണ്ണിയുണ്ടങ്ങനെ
ഉണ്ണിക്ക് ഒരുണ്ണി കുഴലുമുണ്ടങ്ങനെ
ഉണ്ണിക്ക് പേര് ഉണ്ണികൃഷ്ണനെന്നങ്ങനെ
ഉണ്ണിവയറ്റത്ത് ചേറുമുണ്ടങ്ങനേ
ഉണ്ണി കൈ രണ്ടിലും വെണ്ണയുണ്ടങ്ങനെ
ഉണ്ണികാല്‍ കൊണ്ടോരു നൃത്തമുണ്ടങ്ങനെ

മറ്റൊരു സ്‌തോത്രത്തില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു.

കണ്ണനാമുണ്ണിയെ കാണുമാറാകണം
കാറോളി വര്‍ണ്ണനെ കാണുമാറാകണം
കിങ്ങിണി നാദങ്ങള്‍ കേള്‍ക്കുമാറാകണം
കീര്‍ത്തനം ചൊല്ലി പുകഴ്ത്തുമാറാകണം

തുടങ്ങിയ കാവ്യ സകലങ്ങളില്‍ അദ്ദേഹത്തിന്റെ ഈ മനോവികാരം എടുത്തുകാണിയ്ക്കപ്പെടുന്നു

കൃഷ്ണഭക്തി മാര്‍ഗ്ഗത്തിലൂടെ സാമൂഹിക അനാചാരങ്ങളെയും, നെറുകേടുകളെയും, മനുഷ്യ മനസ്സുകളെയും വരച്ചു കാട്ടിയ ഈ ഭക്ത കവിയെ സ്മരിയ്ക്കുന്നതിനായി ഗുരുവായൂരമ്പലത്തില്‍ പൂന്താനദിനം കൊണ്ടാടുന്നു. കുംഭമാസത്തിലെ അശ്വതി നാളിലാണ് ഈ ആഘോഷം കൊണ്ടാടുന്നത്. ഈ വര്‍ഷം അത് ഫെബ്രുവരി മാസം ഇരുപത്തിയെട്ടിനാണ്. അദ്ദേഹത്തിന്റെ ഏറ്റവും പ്രധാന കാവ്യങ്ങളില്‍ ഒന്നായ ജ്ഞാനപ്പാനയില്‍ (അറിവിന്റെ പാത്രം) അദ്ദേഹം ഇങ്ങനെ എഴുതിയിട്ടുണ്ട്.
കുംഭമാസത്തിലാകുന്നു നമ്മുടെ
ജന്മനക്ഷത്രമശ്വതിനാളെന്നും
ശ്രാദ്ധമുണ്ടഹോ വൃശ്ചികമാസത്തില്‍
സദ്യയൊന്നുമെളുതല്ലിനിയെന്നും;
ഉണ്ണിയുണ്ടായി വേള്‍പ്പിച്ചതിലൊരു
ഉണ്ണിയുണ്ടായിക്കണ്ടാവു ഞാനെന്നും;
കോണിക്കല്‍ത്തന്നെ വന്ന നിലമിനി-
ക്കാണമെന്നന്നെടുപ്പിക്കരുതെന്നും,
ഇത്ഥമോരോന്നു ചിന്തിച്ചിരിക്കവേ
ചത്തുപോകുന്നു പാവം ശിവ! ശിവ!
അദ്ദേഹം ഒരു തികഞ്ഞ കൃഷ്ണ ഭക്തനായിരുന്നു എന്നതുകൊണ്ട് ഗുരുഗായൂരില്‍ പൂന്താനദിനം ആചരിയ്ക്കുന്നുവെങ്കിലും ഈ ദിനത്തെ ഒരു മതത്തോടോ, ഭഗവാന്‍ കൃഷ്ണനോടൊ മാത്രം കോര്‍ത്തിണക്കണമെന്നില്ല. കാരണം അന്നേ ദിവസം സാഹിത്യമത്സരങ്ങളും, കലാപരിപാടികളും സംഘടിപ്പിക്കുന്നു. സാഹിത്യകൃതികള്‍ക്കും, ചിന്തകള്‍ക്കും മതപരിവേഷമുണ്ടാകണമെന്നില്ല. സാമൂഹിക പരിവര്‍ത്തനത്തിനും, ബോധവത്കരണത്തിനും അദ്ദേഹം സ്വീകരിച്ച പ്രതലം കൃഷ്ണ ഭക്തിയാണെന്നുള്ളതാകാം ഗുരുവായൂരില്‍ ഈ ദിനത്തെ പ്രാധാന്യമായി കണക്കാക്കുന്നത്. എന്നാല്‍ അതിനുമുപരി ജനങ്ങള്‍ക്കുവേണ്ടി ജനങ്ങള്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ അദ്ദേഹം നല്‍കിയ സാഹിത്യലോകത്തേയ്ക്കുള്ള സംഭാവനയാണ് നമ്മള്‍ ഈ ദിനത്തില്‍ സ്മരിയ്‌ക്കേണ്ടത്. അതിനാല്‍ സാഹിത്യകുതുകികള്‍ ഇവിടെ വിലയിരുത്തേണ്ടത് ഭക്തിയോ ഏതൊരു തലമാകട്ടെ കാലഘട്ടത്തിന്റെ അഭിരുചികള്‍ക്കനുസരിച്ച് ജനങ്ങളെ ബോധവാന്മാരാക്കാന്‍ അദ്ദേഹം സ്വീകരിച്ച മാര്‍ഗ്ഗമാണ്. അതുകൊണ്ടുതന്നെ ഈ അവസരത്തില്‍, ഏകദേശം 473 വര്‍ഷങ്ങള്‍ക്ക് മുമ്പ് ജനിച്ച ഒരു കവിയുടെ ജീവിതവും അദ്ദേഹത്തിന്റെ സാഹിത്യകൃതികളും പഠനവിധേയമാക്കുന്നതും അതോടനുബന്ധിച്ചുള്ള ചര്‍ച്ചകളും എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കും പ്രയോജനകാരമായിരിക്കും.

നിസ്വാര്‍ത്ഥമായ അര്‍പ്പണബോധത്തില്‍നിന്നിം, സേവനത്തില്‍നിന്നിം മാത്രമേ അറിവ് സ്വായത്തമാക്കാന്‍ കഴിയു എന്ന തിരിച്ചറിവില്‍ ഭഗവാനോടുള്ള സ്‌നേഹവും, വിശ്വാസവും വച്ചുപുലര്‍ത്തികൊണ്ട് അദ്ദേഹം ജീവിതത്തിന്റെ ഗഹനമായ സമസ്യകളെ തന്റെ രചനയിലൂടെ അവതരിപ്പിച്ചു. സംസ്‌കൃതത്തില്‍ പാണ്ഡ്യാത്യവും, നിപുണതയും നേടിയ മേല്പത്തുര്‍ ഭട്ടത്തിരിപ്പാട് അക്കാലത്ത് പേരെടുത്ത കവിയായിരുന്നു. ആ കാലഘട്ടത്തില്‍ രചനയ്ക്കായി തിരഞ്ഞെടുത്ത ഭാഷ സംസ്‌കൃതം മാത്രമായിരുന്നു. എന്നാല്‍ പൂന്താനത്തിനാകട്ടെ വേണ്ടത്ര വിദ്യാഭ്യാസമോ സംസ്‌കൃതത്തില്‍ പാണ്ഡിത്യമോ ഉണ്ടായിരുന്നില്ല. സംസ്‌കൃതത്തില്‍ പൂന്താനത്തിനു പാണ്ഡിത്യമില്ലായിരുന്നു എന്ന് വെളിപ്പെടുത്തുന്ന സന്ദര്‍ഭം പലയിടത്തും പ്രതിപാദിച്ചിരിയ്ക്കുന്നത് ഇങ്ങിനെയാണ്. അതായത് പൂന്താനം വിഷ്ണുസഹസ്രനാമം വായിക്കുമ്പോള്‍ 'പത്മനാഭോ-മരപ്രഭു' എന്നതിന് ''പത്മനാഭോ മരപ്രഭു'' എന്ന് വായിച്ചു. അതുകേട്ട് മേലപ്പത്തുര്‍ പരിഹസിക്കുകയും മരപ്രഭു, അല്ല അമരപ്രഭു എന്നാണെന്നു തിരുത്തിക്കൊടുക്കുകയും ചെയ്തു. പൂന്താനത്തിനു തന്റെ കഴിവുകേടില്‍ ദുഃഖമുണ്ടായെങ്കിലും ഉടനെ ഗുരുവായൂരപ്പന്റെ അശരീരി കേള്‍ക്കുമാറായി. 'ഞാന്‍ മരപ്രഭുവും അമരപ്രഭുവുമാണ്'' . അതേപോലെ മറ്റൊരു സന്ദര്‍ഭത്തില്‍ പൂന്താനം ശ്രീകൃഷ്ണകര്‍ണ്ണാമൃതം കാവ്യം എഴുതി അതു പരിശോധിച്ച് തെറ്റ് തിരുത്തികൊടുക്കാന്‍ മേല്‍പ്പത്തൂരിനോട് അപേക്ഷിക്കയും, സംസ്‌കൃതത്തില്‍ പണ്ഡിതനായ താന്‍ മറ്റു ഭാഷകളെ കൈകാര്യം ചെയ്യില്ല എന്നുപറഞ്ഞു അദ്ദേഹം അത് നിരസിക്കുകയും ചെയ്തു. അന്ന് രാത്രി മേല്പത്തൂരിന്റെ വാതരോഗം കൂടുതലായി. ഗുരുവായൂരപ്പന്‍ പ്രത്യക്ഷപ്പെട്ടു ഭട്ടതിരിയുടെ വിഭക്തിയെക്കാള്‍ എനിക്കിഷ്ടം പൂന്താനത്തിന്റെ ഭക്തിയാണ് എന്നരുളിചെയ്തു. പശ്ചാത്താപവിവശനായ മേല്‍പ്പത്തൂര്‍ കവിത തെറ്റ് തിരുത്തിക്കൊടുത്തു എന്നുമുള്ള പൂന്താനത്തിന്റെ ശ്രേഷ്ഠത പലയിടത്തും പ്രതിപാദിച്ചിട്ടുണ്ട്
അങ്ങിനെ സംസ്‌കൃത പണ്ഡിതന്മാര്‍ കൊടികുത്തി വാണിരുന്ന കാലഘട്ടത്തില്‍, വരേണ്യസംസ്‌കാരത്തിന്റെ അഹങ്കാരമായ സംസ്‌കൃതഭാഷ ഉപയോഗിക്കാതെ വളരെ ലളിതമായ കേരളത്തിലെ സാധാരണ ജനങ്ങള്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ കവിതകളും സ്തുതികളും എഴുതി പൂന്താനം ഒരു ജനകീയ കവിയായി. ഭക്തി, പ്രാര്‍ത്ഥന എന്നിവ എന്തെന്നുപോലും അറിയാത്തവര്‍ക്ക് വേണ്ടി തനിമലയാളത്തില്‍ കീര്‍ത്തനങ്ങള്‍ എഴുതി മനുഷ്യമനസ്സുകളില്‍ ഭക്തിയുടെ പ്രവാഹമൊഴുക്കി. താഴെ പറയുന്ന കീര്‍ത്തനം മനുഷ്യ മനസ്സുകളില്‍ പതിഞ്ഞ ഒന്നാണ്.
കണികാണും നേരം കമലനേത്രന്റെ
നിറമേറും മഞ്ഞത്തുകില്‍ ചാര്‍ത്തി
കനകക്കിങ്ങിണി വളകള്‍ മോതിര-
മണിഞ്ഞുകാണേണം... ഭഗവാനേ!
ഉണ്ണിക്കണ്ണനെ കുറിച്ച് എഴുതിയ ഈ വരികളിലെ ഹൃദയാവര്‍ജ്ജകമായ ഭാഷ ശ്രദ്ധേയമാണ്.
പൂന്താനത്തിന്റെ കവിതകളില്‍ വലിയ തത്വചിന്തകള്‍ അടങ്ങിയിരുന്നെകിലും അദ്ദ്‌ദേഹം അത് അവതരിപ്പിച്ചത് വളരെ ലളിതമായാണ്. നാട്ടുഭാഷയിലൂടെ ഭക്തിയും ജനങ്ങള്‍ക്ക് ഉപകരിയ്ക്കുന്ന ആശയങ്ങളും സമൂഹത്തില്‍ പരത്തുക എന്ന ദൗത്യമാണ് ജ്ഞാനപ്പാനയിലൂടെ പൂന്താനം ചെയ്തത്. മോക്ഷപ്രാപ്തിക്ക് ഈശ്വരനാമജപം മാത്രം മതി എന്ന് അദ്ദേഹം സമര്‍ത്ഥിക്കുന്നു. ദൈവത്തെ ആരാധിക്കാന്‍ വിഗ്രഹങ്ങള്‍ വേണ്ടെന്നും ആരാധനയില്‍ എല്ലാ ജാതികള്‍ക്കും പങ്കുചേരാമെന്നുമുള്ള ആശയങ്ങള്‍ നിര്‍ഭയം അദ്ദേഹം അവതരിപ്പിച്ചു. ഭക്തിയിലൂടെ ദൈവസാമീപ്യം എല്ലാവര്ക്കും ലഭിക്കുമെന്നും, അത് ബ്രാഹ്മണര്‍ക്ക് മാത്രമല്ലെന്നും ജ്ഞാനപ്പാനയില്‍ അദ്ദേഹം പറയാന്‍ ആഗ്രഹിച്ചു. കമ്മദോഷം ചെയ്യുന്നത് ബ്രാഹ്മണനോ, ക്ഷത്രിയാണോ ഏതു മനുഷ്യനോ ആകട്ടെ നരകത്തില്‍ പോകും (അതായത് അവന്റെ കര്‍മ്മഫലം അനുഭവിയ്ക്കും) എന്നത് അദ്ദേഹം ജനങ്ങള്‍ക്ക് മുന്നില്‍ നിര്‍ഭയം പറഞ്ഞു
ശാന്തിചെയ്തു പുലര്‍ത്തുവാനായിട്ട്
സന്ധ്യാതോറും നടക്കുന്നിതു ചിലര്‍
തനിക്ക് ശരിയെന്നു തോന്നിയിട്ടുള്ള കാര്യങ്ങള്‍ ധീരതയോടെ പൂന്താനം ആവിഷ്‌ക്കരിച്ചു.
ജീവിതത്തിന്റെ ക്ഷണികതയെയും മനുഷ്യര്‍ പരസ്പരം സ്പര്‍ദ്ധ പുലര്‍ത്തുന്നതും നിരീക്ഷിച്ച കവി ഇങ്ങനെ എഴുതുന്നു.
കൂടിയല്ല പിറക്കുന്ന നേരത്തും
കൂടിയല്ല മരിക്കുന്ന നേരത്തും
മദ്ധ്യേയിങ്ങനെ കാണുന്ന നേരത്ത്
മത്സരിക്കുന്നത് എന്തിനു വൃഥാ

കണ്ടു കണ്ടങ്ങിരിക്കും ജനങ്ങളെ-
ക്കണ്ടില്ലെന്നു വരുത്തുന്നതും ഭവാന്‍.
രണ്ടു നാലു ദിനംകൊണ്ടൊരുത്തനെ
തണ്ടിലേറ്റി നടത്തുന്നതും ഭവാന്‍,
മാളികമുകളേറിയ മന്നന്റെ
തോളില്‍ മാറാപ്പു കേറ്റുന്നതും ഭവാന്‍.

മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ സംഗീതത്തിലെ ഒരു രാഗത്തെയാണ് പാന എന്ന് പറയുന്നത്. പാട്ടു എന്നും പറയാം. വളരെ ലളിതവും മധുരവുമായ ഭാഷയിലാണിത് രചിച്ചിട്ടുള്ളത്. ഇതില്‍ സമൂഹഹത്തിലെ അനാശ്യാസതകള്‍ക്ക് നേരെയുള്ള പരിഹാസവും അതില്‍നിന്നും മോചിതരായി മോക്ഷം പ്രാപിക്കേണ്ട ആവശ്യകതയും സ്പഷ്ടമാക്കുന്ന വിധത്തിലാണ് ഇതിലെ ഭാഷ. ഇന്ന് നമുക്ക് ചുറ്റും കാണുന്ന സമൂഹ വ്യവസ്ഥയുടെ ഒരു നേര്‍ചിത്രം താഴെ കാണുന്ന വരികളില്‍ കാണാം.
സ്ഥാനമാനങ്ങള്‍ ചൊല്ലിക്കലഹിച്ചു
നാണംകെട്ടു നടക്കുന്നിതു ചിലര്‍
മദമത്സരം ചിന്തിച്ചു ചിന്തിച്ചു
മതി കെട്ടു നടക്കുന്നിതു ചിലര്‍;
ചഞ്ചലാക്ഷിമാര്‍ വീടുകളില്‍ പുക്കു
കുഞ്ചിരാമനായാടുന്നിതു ചിലര്‍;
കോലകങ്ങളില്‍ സേവകരായിട്ടു
കോലംകെട്ടി ഞെളിയുന്നിതു ചിലര്‍.
ഇത്തരത്തില്‍ പൂന്താനത്തിന്റെ ഓരോ കൃതികളെക്കുറിച്ച് ലഘു പഠനം നടത്തിയാല്‍ ഓരോ രചനകളും ഒരു പ്രത്യേക മതവിഭാഗത്തിനു മാത്രമല്ല സമൂഹത്തിനുവേണ്ടി, സമൂഹ നന്മയ്ക്കു വേണ്ടി, സമൂഹത്തിലെ നെറികേടുകള്‍ക്കുള്ള പ്രതികരണമായി രസകരമായ ഭാഷകളില്‍ അവതരിപ്പിച്ച് സമൂഹത്തിന്റെ കണ്ണ് തുറപ്പിയ്ക്കുന്നതിനു വേണ്ടി എഴുതപ്പെട്ടവയാണെന്നു വ്യക്തമാകും. വേദങ്ങളും, ഉപനിഷത്തുക്കളും, ഇതിഹാസങ്ങളും ഒക്കെ നമ്മെ പഠിപ്പിക്കുന്നത് വളരെ ലളിതമായ ഭാഷയില്‍ അദ്ദേഹം സമൂഹത്തിനുവേണ്ടി സമര്‍പ്പിയ്ക്കപ്പെട്ടിട്ടുണ്ട് .
പ്രതിവര്‍ഷം ആഘോഷിയ്ക്കുന്ന പൂന്താനദിനം, നമ്മുടെ ഭാഷയെയും സംസ്‌കാരത്തെയും കുറിച്ച് നമ്മെ ഓര്‍മ്മപെടുത്തലും കൂടിയാകുന്നു. ഇന്ന് ഭാഷ നാമറിയാതെ നമ്മളില്‍ നിന്നും വിട്ടുപോയിക്കൊണ്ടിരിക്കുമ്പോള്‍ ഇത്തരം ഓര്‍മ്മപുതുക്കലിന് ഏറെ പ്രസക്തിയുണ്ട്.
ഭക്തിയില്‍ അധിഷ്ഠിതമായ രചനകള്‍ ഏതു മതത്തിന്റേതായാലും അതില്‍ മനുഷ്യന് ഉപകരിയ്ക്കുന്ന അന്തസത്തകള്‍ ഉള്‍ക്കൊണ്ടിരിയ്ക്കും, മതത്തിന്റെ പേരിലിലോ വര്‍ഗീയതയുടെ പേരിലോ തള്ളപ്പെടേണ്ടവയല്ല എന്നതാണ് പൂന്താനത്തിന്റെ രചനയിലൂടെ നമ്മെ ഓര്‍മ്മിപ്പിയ്ക്കുന്നത്.
പൂന്താനത്തെക്കുറിച്ചുള്ള എന്റെ ഈ ലഘു വിവരണം എല്ലാവരിലും അദ്ദേഹത്തിന്റെ കൃതികള്‍ വായിയ്ക്കാനും അതിന്റെ അന്തസത്തയിലേയ്ക്ക് ഇറങ്ങിച്ചെല്ലാനും ഒരു ഉത്‌പ്രേരകം ആയിരിയ്ക്കും എന്ന് ആഗ്രഹിയ്ക്കട്ടെ

Join WhatsApp News
ഒരു അഭ്യുദയകാംഷി pr 2020-02-28 08:36:01
ഉണ്ണികൃഷ്ണൻ മനസ്സിൽ കളിക്കുമ്പോൾ അഗാധമായ പുത്ര ദുഃഖത്തെ പോലും നീന്തി കയറാനുള്ള ഒരേയൊരു മാർഗ്ഗം കൃഷ്ണഭജനം മാത്രമാണെന്ന് ഉൾപ്പെടുത്തിയാണ് ജ്ഞാനപ്പാനയിലെ വരികൾ അദ്ദേഹം ചിട്ടപ്പെടുത്തിയിരിക്കുന്നു. അതിനാൽ ഇപ്പഴും ഏവർക്കും പ്രിയങ്കരമായി തുടരുന്നു. മരപ്രഭു തന്നെയാണ് അമരപ്രഭുവെന്നും, പരബ്രഹ്മ ദർശനം പോത്തിന്റെ രൂപത്തിലും ആകാമെന്നും, പൂന്താനത്തിന്റെ ഭക്തി എനിക്കേറെ ഇഷ്ടമെന്നും ഗുരുവായൂരപ്പൻ തന്നെ പൂന്താനത്തിനായി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ആ മഹാനുഭാവന് പ്രണാമം....🙏🏻🙏🏻
JGN 2020-02-28 12:19:47
നിഷ്ക്കളങ്കമായ ഭക്തികൊണ്ടും നിഷ്ക്കാമമായ ജീവിതചര്യകൊണ്ടും ഭഗവത് സാക്ഷാത്കാരം നേടാമെന്ന് നമ്മെ പഠിപ്പിച്ച ഭക്തകവിയുടെ ഓര്‍മ്മദിവസം.... അദേഹത്തെ നമുക്കിന്ന് സ്മരിയ്ക്കാം! കൃഷ്ണകൃഷ്ണമുകുന്ദജനാര്‍ദ്ദനാ.. കൃഷ്ണഗോവിന്ദനാരായണാഹരേ...
പൂന്താന ഭക്തി 2020-02-28 13:44:34
മനശാസ്ത്രം വളര്‍ന്നതോടെ പൂന്താനത്തിന്‍റെ ഭക്തിയുടെ കാരണം സിസോഫ്രീനിയ എന്ന വിഭ്രാന്തി ആണ് എന്ന് മനസ്സില്‍ ആക്കാം.
amerikkan mollakka 2020-02-28 14:19:53
പൂന്താനം നമ്പൂതിരി അമേരിക്കൻ മലയാളികളെ മുന്നേ കണ്ടിരിക്കുന്നു. സ്ഥാനമാനങ്ങൾ ചൊല്ലി കലഹിച്ച് ആനയും, ആമയും, മൃഗങ്ങളും ഉഭയജീവികളും ആയി നടക്കുന്നു ചിലർ. നമ്പ്യാർ സാഹിബേ ഇങ്ങള് ഇങ്ങനെ നല്ല നല്ല ബിഷയങ്ങളെ പ്പറ്റി എയ്തു. ഞങ്ങടെ ഖുറാനെപ്പറ്റി എയ്തു. അതിൽ നാല് ബീവിമാര് വരെ ആവാമെന്നുണ്ട്. എയ്തു സാഹിബേ , എയ്തു ബീണ്ടും കാണുമ്പരെ അസ്സലാമു അലൈക്കും
Das 2020-02-29 04:58:57
A well educative stuff, coupled with exotic quotes besides being Peace Giving & truly Devotional - Bhakti-sandram / Bhakti-nirbharam - & I am sure this review helps transforming quality lives through these challenging days ahead … Keep writing awsome Jyoti !
Faith is not Innocent 2020-02-29 10:41:48
Faith is an innocent-looking deceiver. Deceiver is another name for devil. Someone is a devote of some deity- what is wrong with that; many think like that. Any & all faith is blind & irrational, a faithful will lose the ability to see and understand things in its reality. Faith is a dark glass which prevents the rays of reality. A faithful will never see others with love, they may even hate those who don’t follow their faith. And that is what we see worldwide. People are killing others in the name of faith & god and religion survives by spreading hatred. Those who are looking forward for a peaceful world for future humans; need to detach themselves from religion and faith. Jothi Lakshmi has written a beautiful article as usual. I admire your articles even though I may not be able to agree to the contents. -andrew
Ramakrishnan Palakkad 2020-03-09 09:05:56
പച്ച മലയാളത്തിൽ ജീവിത ദര്ശനങ്ങളെ ലളിതമായി അവതരിപ്പിച്ച മഹാ കവിയായിരുന്നു പൂന്താനം.ഭക്തകവി ആയിരുന്ന അദ്ദേഹം ഭക്തിയുടെ വഴികളിലൂടെ സഞ്ചരിച്ചപ്പോഴും സമൂഹത്തിലെ സാധാരണ മനുഷ്യരുടെ നിസ്സഹായതയും ത്വരയും പൊങ്ങാച്ചങ്ങളും ആഗ്രഹങ്ങളുടെ അന്തമില്ലായ്മയും മനസ്സിലാക്കി അൽപ്പം ആക്ഷേപഹാസ്യത്തോടെ ജ്ഞാന പാനയിലൂടെ തന്റെ ബോധ്യങ്ങളും തിരിച്ചറിവുകളും നൽകി.മദമത്സരങ്ങളുടെയും , ബ്രഹ്മണാനായിട്ടും ബ്രാഹ്മണ്യത്തിന്റെ വിവരകേടുകളെയും , പൊങ്ങച്ചങ്ങളുടെ അർത്ഥമില്ലായ്മയെയും തുറന്നു കാട്ടി. പാണ്ഡിത്യമുണ്ടായിട്ടും ആഢ്യത്വത്തിന്റെ മേലങ്കി അണിഞ്ഞ മേൽപ്പത്തൂരിന്റെ വിഭക്തിയേക്കാൾ ഭക്തിയ്ക്കു പ്രാധാന്യം കൊടുത്തും അതിലൂടെ ജന സമൂഹത്തിനു കൂടി ഉതകുന്ന ദാർശനിക സ്വഭാവം കൊടുക്കുവാനും കഴിഞ്ഞു എന്നതാണ് പൂന്താനത്തിന്റെ മഹത്വം. അത് പോലെ അദ്ധ്യാത്മ രാമായണം കിളിപ്പാട്ടിലൂടെ മലയാള ഭാഷയെ സമ്പന്നമാക്കിയ എഴുത്തച്ഛനെ സ്മരിയ്ക്കുമ്പോഴും മറ്റൊരു ഭക്തകവിയായിരുന്ന, കൃഷ്ണഗാഥ രചിച്ച ചെറുശ്ശേരിയെ അധികം ആരും ഓർക്കാറില്ല.ഭാഷാപരമായി കിളിപ്പാട്ടിനേക്കാൾ ലളിതവും സുന്ദരവുമായ കൃഷ്ണഗാഥയുടെ മേന്മയും വേണ്ടത്ര വിലമതിയ്ക്കപ്പെട്ടിട്ടില്ല.ഇയ്യിടെയായി കൃഷ്ണഗാഥ പാരായണങ്ങൾ നടക്കുന്നു എന്നുള്ളത് അൽപ്പം ആശ്വാസം പകരുന്നു..പൂന്താനത്തിനും എഴുത്തച്ഛനും ചെറുശ്ശേരിയെയും പോലെ തുല്യ പ്രാധാന്യം കൊടുക്കേണ്ട ഒരു കവിയാണ് തുഞ്ചൻ നമ്പ്യാർ .മലയാള ഭാഷയെ സമ്പുഷ്ടമാക്കുവാൻ ഇവർ ചെയ്ത സേവനങ്ങൾ മലയാള ഭാഷ ഉള്ളിടത്തോളം സ്മരിയ്ക്കപ്പെടും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക