Image

ട്രംപ് ഒരു സംഭവമാണെങ്കില്‍ മോദി ഒരൊന്നൊന്നര സംഭവമാണ് (ജോര്‍ജ് തുമ്പയില്‍-പകല്‍ക്കിനാവ് 189)

Published on 27 February, 2020
ട്രംപ് ഒരു സംഭവമാണെങ്കില്‍ മോദി ഒരൊന്നൊന്നര സംഭവമാണ് (ജോര്‍ജ് തുമ്പയില്‍-പകല്‍ക്കിനാവ് 189)
മുപ്പത്തിയാറു മണിക്കൂര്‍ നീണ്ട സന്ദര്‍ശനം പൂര്‍ത്തിയാക്കി ട്രംപ് ഇന്ത്യയില്‍ നിന്നും മടങ്ങിയപ്പോള്‍ അതൊരു വലിയ സംഭവം തന്നെയായിരുന്നു. പ്രത്യേകിച്ച് ഇന്ത്യക്കാര്‍ക്ക്, എന്നാല്‍ അമേരിക്കന്‍ നവ പൗരന്മാര്‍ അന്തം വിട്ടത്. ഈ ഇന്ത്യ എവിടെയാണെന്നും? അവിടം സന്ദര്‍ശിക്കാനും മാത്രം എന്താണുള്ളതെന്നുമായിരുന്നു. വിവരം പുറത്തു വിട്ടത് ഗൂഗിളാണ്. ഗൂഗിളില്‍ അമേരിക്കക്കാര്‍ ട്രംപിനെക്കാളും തെരഞ്ഞത്, ഇന്ത്യയെയും മോദിയെയുമായിരുന്നുവത്രേ. അമേരിക്കന്‍ പൗരന്മാര്‍ അധികമൊന്നും മനസ്സിലാക്കാതിരുന്ന ഇന്ത്യയിലേക്ക് ട്രംപ് വന്നുവെന്നതു തന്നെയാണ് വലിയ കാര്യം. ആ നിലയ്ക്ക് അടിവരയിടേണ്ട കാര്യം ട്രംപ് ഒരു സംഭവമാണെന്നാണ്. അങ്ങനെയെങ്കില്‍ ഈ സിംഹത്തിനെ വലിയ ആരവങ്ങളോടെ ഇവിടേക്ക് ഇറക്കി വന്‍ ഷോ ഒരുക്കിയ ഇന്ത്യ പ്രധാനമന്ത്രിയോ? സംശയം വേണ്ട, അദ്ദേഹം ഒരൊന്നൊന്നര സംഭവമാണ്.
ട്രംപ് അഹമ്മദാബാദില്‍ എത്തിയപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആസൂത്രണം ചെയ്തത് പോലെ ആവേശകരമായ സ്വീകരണം നല്‍കാന്‍ കഴിഞ്ഞു. അതിനിടയില്‍ കുത്തിപ്പൊങ്ങിയ മതില്‍ക്കെട്ട് വിവാദവും, ഡല്‍ഹി കലാപവുമൊക്കെ ട്രംപിന്റെ റോഡ് ഷോയില്‍ മുങ്ങി ഇല്ലാതായിപോയി. ട്രംപ് ഇന്ത്യയില്‍ ഉള്ളപ്പോള്‍ ആരംഭിച്ച ഡല്‍ഹി കലാപത്തിനാവട്ടെ, കാര്യമായ അന്താരാഷ്ട്ര മാധ്യമ പിന്തുണ ലഭിച്ചതുമില്ല. സിഎന്‍എന്‍ പോലെയുള്ള വന്‍ മാധ്യമപട എപ്പോഴും ട്രംപിന്റെ പിന്നാലെ, വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലെ റഷ്യന്‍ സഹായത്തെക്കുറിച്ചു മാത്രം എടുത്തു ചോദിച്ചു. അതില്‍ ട്രംപ് കുലുങ്ങിയില്ലെന്നു മാത്രമല്ല, അദ്ദേഹം വിചാരിച്ചതു കണക്കേ മോദിയെ ഉയര്‍ത്തിക്കാട്ടുകയും ചെയ്തു. അന്താരാഷ്ട്ര മാധ്യമങ്ങളില്‍, പ്രത്യേകിച്ച് അമേരിക്കന്‍ മാധ്യമങ്ങളില്‍ ട്രംപ്- മോദിയും ആശ്ലേഷഭരിതരായി നില്‍ക്കുന്ന ചിത്രങ്ങള്‍ക്കായിരുന്നു മുന്‍ഗണന ഏറെയും. താജ്മഹല്‍ സന്ദര്‍ശനത്തിന് ശേഷം ഡല്‍ഹിയിലെത്തിയ ട്രംപ് ഇരുപതിനായിരം കോടി രൂപ വരുന്ന ആയുധങ്ങള്‍ വാങ്ങാനുള്ള കരാറിന് രൂപം നല്‍കി. അതൊരു കൊടുക്കല്‍ വാങ്ങല്‍ നയമായി പരക്കെ വ്യാഖ്യാനിച്ചെങ്കിലും ഇന്ത്യയ്ക്ക് തുണയാകേണ്ടിയിരുന്ന സമഗ്രമായ ഒരു വ്യാപാര കരാറിന് ട്രംപ് തയ്യാറായതുമില്ല. ട്രംപ് ആവര്‍ത്തിച്ചാവര്‍ത്തിച്ച് മോദിയെ പുകഴ്ത്തി പറഞ്ഞു കൊണ്ടേയിരുന്നു. കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും മോദി ഒരു കടുപ്പക്കാരനാണെന്നും ട്രംപ്, കശ്മീര്‍ പ്രശ്‌നം എടുത്തു കാണിച്ചു കൊണ്ട് ഓര്‍മിപ്പിക്കുണ്ടായിരുന്നു. ഇതിനു പുറമേ, ഇന്ത്യ വിദേശ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ക്ക് ചുമത്തുന്ന ഉയര്‍ന്ന ഇറക്കുമതി തീരുവയുടെ കാര്യത്തില്‍ വിട്ടുവീഴ്ചക്ക് തയ്യാറാകുന്നില്ലെന്നതും ട്രംപിനെ കൊണ്ട് കടുപ്പക്കാരന്‍ പ്രയോഗത്തിനു കാരണക്കാരനാക്കി. രണ്ടു ദശകത്തിലധികം കാലമായി ഇന്ത്യ സ്വീകരിച്ചു പോരുന്ന സാമ്പത്തിക നയത്തിന്റെ തുടര്‍ച്ചയാണ് ഇതെന്നു അമേരിക്കക്കയ്ക്കും ട്രംപിനും നന്നായറിയാം. ഇതിനൊരു പൊളിച്ചെഴുത്താണ് അദ്ദേഹം ആഗ്രഹിക്കുന്നത്. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ സഹായിച്ച ഘടകങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായ ഈ നയത്തിന്മേലായിരുന്നു വാഷിങ്ടണ്‍ മുതല്‍ ഇങ്ങോട്ട് ന്യൂഡല്‍ഹി വരെ ട്രംപ് ഇരുന്നു ചിന്തിച്ചതും. എന്നാല്‍, അതില്‍ മുങ്ങിനിവരാന്‍ അദ്ദേഹത്തിനായില്ല.
പക്ഷേ, ട്രംപിന് ഇതൊന്നും പ്രശ്‌നമാകാനിടയില്ല. കാരണം. വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് കാലത്ത് സജീവ ചര്‍ച്ചാവിഷയമാവാനിടയുള്ള ആഗോള രാഷ്ട്രീയ വിഷയങ്ങളിലാണ് അദ്ദേഹത്തിന് കണ്ണ്. അതു കൊണ്ടു തന്നെയാണ് കശ്മീരിനെ പിടിച്ച് ഒരു മൂക്കൂകയറിടാന്‍ ട്രംപ് ഒരുങ്ങിയതും മോദി മുങ്ങിയതും. ഇത്തരമൊരു ചൂടന്‍ വിഷയം ഉയര്‍ത്തിക്കാണിക്കുന്നതിന്റെ കൗശലമാണ് ട്രംപിനെ ഒരു പക്ഷേ ഇന്ത്യ സന്ദര്‍ശനത്തിനു പ്രേരിപ്പിച്ചതെന്നു പറഞ്ഞാല്‍ പോലും അതില്‍ തെറ്റുണ്ടെന്നു തോന്നുന്നില്ല. അമേരിക്കയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ചൈനയെങ്കിലും ലോക കോടതിയുടെ വിധി തീര്‍പ്പിനെ പാടേ അവഗണിച്ചു കൊണ്ട് തെക്കന്‍ ചൈനാ കടലിലെ ദ്വീപുകളില്‍ ചൈന സ്വന്തം സൈനിക താവളങ്ങള്‍ പണിയുന്നതും ശാന്തസമുദ്രം മൊത്തത്തില്‍ തങ്ങളുടെ വരുതിയിലാക്കാന്‍ ശ്രമിക്കുന്നതുമെല്ലാം അമേരിക്കന്‍ ജനതയെ ആശങ്കപ്പെടുത്തുന്ന വിഷയങ്ങളാണ്. ഇതിനെതിരേ മുന്നില്‍ നിന്നു പോരാടാന്‍ ഇന്ത്യയ്‌ക്കേ കഴിയുവെന്ന് ട്രംപിന് അറിയാം. അരുണാചല്‍ പ്രദേശിന്റെയും ലഡാക്കിന്റെയും കാര്യത്തില്‍ മാത്രമല്ല ദലൈലാബ വിഷയത്തിലും സിക്കിം പ്രശ്‌നത്തിലുമുള്ള ചൈനയുടെ നിലപാടിനെതിരേയാണ് അമേരിക്ക ഇന്ത്യയെ തലോടുന്നുവെന്നതും പ്രസക്തം.
തിരഞ്ഞെടുപ്പ് വേളയില്‍ ചൈനയുടെ പേരില്‍ അമേരിക്കക്കാര്‍ക്കിടയില്‍ വളര്‍ന്നു വരാനിടയുള്ള ആശങ്കകള്‍ക്ക് ഒരു പ്രതിവിധിയായി ഇന്ത്യന്‍ ബന്ധം ഉയര്‍ത്തിക്കാട്ടാനാണു ട്രംപിന്റെ ശ്രമം. ഇത് വിജയിച്ചോ പരാജയപ്പെട്ടോ എന്നതല്ല പ്രശ്‌നം, മറിച്ച് ട്രംപിനെയും മോദിയെയും അത്ഭുതപ്പെടുത്തി കൊണ്ട്, ലോകം മുഴുവന്‍ ശ്രദ്ധിച്ച ഒരു സംഭവമായി തീര്‍ന്നിരിക്കുകയാണ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം. ഇന്ത്യയെക്കുറിച്ച് ട്രംപിന്റെ ധാരണയിലും മനോഭാവത്തിലും ഉണ്ടായിട്ടുള്ള മാറ്റം ഇന്ത്യക്ക് അനുകൂലമായി എത്രത്തോളം ഉപയോഗപ്പെടുത്താന്‍ ഇന്ത്യന്‍ അധികാരികള്‍ക്ക് കഴിയും എന്നത് കാണാനിരിക്കുന്നതേയുള്ളൂ.
ഭീകരവാദത്തിനെതിരായ സമീപനത്തിന്റെ കാര്യത്തില്‍ ഇന്ത്യയും അമേരിക്കയും ഒറ്റക്കെട്ടാണെന്ന് പ്രഖ്യാപിച്ചു കൊണ്ട് തന്നെ പാക്കിസ്ഥാന്‍ അമേരിക്കയുടെ അടുത്ത സുഹൃത്താണെന്ന് ഓര്‍മ്മിപ്പിക്കുകയാണ് ട്രംപ് ചെയ്തത്. ഭീകരവാദത്തിനെതിരായി അമേരിക്കയും പാകിസ്ഥാനും ഒരുമിച്ച് ആസൂത്രിതമായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഗുണഫലങ്ങള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണെന്നും ട്രംപ് എല്ലാവരെയും ഓര്‍മ്മിപ്പിച്ചു. ഇതിനൊരു രണ്ട് വശമുണ്ട്. ട്രംപ് ഇന്ത്യയിലേക്ക് മാത്രമാണ് വന്നത്. ഇന്ത്യയും അമേരിക്കയും തമ്മില്‍ ഉടലെടുക്കുന്ന സൗഹൃദത്തെ പാക്കിസ്ഥാന്‍ ചൈനയോടു ചേര്‍ന്നു നിന്നു തോല്‍പ്പിക്കാന്‍ ശ്രമിക്കുമെന്നും ട്രംപിന് അറിയാം. ഇറാനില്‍ കൈപൊള്ളാതിരിക്കാന്‍ ആവുന്നതും ശ്രമിക്കുന്ന ട്രംപിനെ സംബന്ധിച്ചിടത്തോളം പോയാല്‍ ഒരു വാക്ക്, കിട്ടിയാല്‍ ഒരു വന്‍കച്ചവടം എന്ന നിലയ്ക്കു മാത്രമേ പാക്‌സ്‌നേഹത്തെ രാഷ്ട്രീയ നിരീക്ഷകരും കാണുന്നുള്ളു. പാക്കിസ്ഥാന്‍ പോലൊരു രാഷ്ട്രത്തെ ചേര്‍ത്തുപിടിക്കുന്നതിലൂടെ ട്രംപ് അര്‍ത്ഥമാക്കുന്നത് ഗള്‍ഫിലെ തങ്ങളുടെ നയവിന്യാസങ്ങളാണ്. അതിന് ഒരു തിരശീല വിരിക്കാനായിരുന്നു ഇന്ത്യയില്‍ ട്രംപ് ചെയ്തതെന്നു മാത്രം ഓര്‍മ്മിച്ചാല്‍ മതി. അമേരിക്കയും സോവിയറ്റ് യൂണിയനും രണ്ടു വന്‍ശക്തികളായി ലോകത്തെ പങ്കിട്ടെടുത്തുകൊണ്ടിരുന്ന കാലത്ത് ഇന്ത്യയുടെ ചേരിചേരാ നയം ഫലത്തില്‍ സോവിയറ്റ് അനുകൂല നിലപാടായി മാറിയ കാലത്താണ് ഇന്ത്യക്കും സോവിയറ്റ് യൂണിയനും എതിരായി അമേരിക്ക പാകിസ്ഥാനെ സ്വന്തം ചേരിയിലേക്ക് അടുപ്പിച്ചത്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചക്ക് ശേഷം ലോകരാഷ്ട്രീയാന്തരീക്ഷം പാടേ മാറുകയുണ്ടായി. ലോകത്തിന്നു വന്‍ ശക്തിയെന്നു പറയാവുന്നത് അമേരിക്ക മാത്രമാണ്. ചൈനയുടെ സാമ്പത്തിക വളര്‍ച്ച അഭൂതപൂര്‍വമാണെങ്കിലും ആ രാജ്യം ഒരു വന്‍ ശക്തിയൊന്നും ആയിട്ടില്ല. തന്നെയുമല്ല അവര്‍ വന്‍ ശക്തിയാവാന്‍ കിണഞ്ഞു ശ്രമിച്ചുകൊണ്ടിരിക്കുമ്പോള്‍ കോടിക്കണക്കിനു പണമാണ് ലോകത്തിന്റെ വിവിധയിടങ്ങളിലായി നിക്ഷേപിച്ചിരിക്കുന്നത്. അതു കൊണ്ടുതന്നെ ചൈന ഇപ്പോള്‍ അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുന്നു എന്നാണു സമീപകാല റിപ്പോര്‍ട്ട്. അതു കൂടാതെ ട്രംപിന്റെ വ്യാപാരക്കമ്മി പ്രശ്‌നവും ഇപ്പോഴത്തെ കൊറോണ വൈറസ് ബാധയും ചേര്‍ത്ത് ചൈനയെ അടുത്ത പത്തുവര്‍ഷത്തേക്ക് പൊങ്ങാനാവാത്ത വിധത്തിലുള്ള തലയ്ക്ക് അടിയാണ് കൊടുത്തിരിക്കുന്നത്.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ട്രംപിന്റെ സന്ദര്‍ശനം വലിയൊരു സംഭവം തന്നെയാണ്. അമേരിക്കന്‍ പ്രസിഡന്റിനെ സ്വന്തം നാട്ടിലേക്ക് എത്തിക്കാനുള്ള കെല്‍പ്പ് ഇന്ത്യയ്ക്ക് ഉണ്ടെന്ന മറ്റു ലോകരാജ്യങ്ങളുടെ ധാരണ തന്നെ മോദിയെയും മോദി പിന്തുണക്കുന്ന സര്‍ക്കാരിന്റെയും പ്രതിഛായ വര്‍ദ്ധിപ്പിക്കും. മാത്രമല്ല, ഇന്ത്യയെ ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ മുന്‍പന്തിയിലേക്ക് ഉയര്‍ത്തുകയും ചെയ്യും. അവഗണിക്കാനാവാത്ത സാമ്പത്തിക-രാഷ്ട്രീയ ശക്തിയായി ഇന്ത്യ വൈകാതെ മാറുമെന്നതാണ് ട്രംപിന്റെ സന്ദര്‍ശനം കൊണ്ട് ഉണ്ടായ ഇന്ത്യന്‍ മെച്ചം. അമേരിക്കയും യൂറോപ്പുമായിട്ടുള്ള വ്യാപാര, സാമ്പത്തികബന്ധങ്ങള്‍ മെച്ചപ്പെടുത്താനുമാവും. സന്തുഷ്ടനായി ട്രംപും പരിവാരങ്ങളും മടങ്ങിയെന്നത് ഇന്ത്യയ്ക്ക് മാത്രമല്ല, അമേരിക്കയ്ക്കും നല്‍കുന്ന ആശ്വാസം അത്ര ചെറുതല്ല. കാരണം, തലയ്ക്ക് മീതെ രാഷ്ട്രീയമായി ഡെമോക്ലീസിന്റെ വാളുമായാണ് യുഎസ് പ്രസിഡന്റ് ഇന്ത്യയിലേക്ക് വന്നത്. അത് വലിയ ആപത്തില്ലാതെ ഒഴിഞ്ഞു പോവുകയും ചെയ്തു.

(വിവിധ മാധ്യമറിപ്പോര്‍ട്ടുകള്‍ പ്രകാരം തയ്യാറാക്കിയത്. ലേഖകന്‍ മോദി ഭക്തനോ, അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെ പിന്താങ്ങുന്നയാളോ അല്ല. സ്വതന്ത്ര അവലോകനം മാത്രമാണ് ലക്ഷ്യം.)
Join WhatsApp News
കൊറോണ ബിയര്‍ അല്ല 2020-02-27 14:09:47
Mike Pence is not an upgrade. Putting a guy in charge of a deadly major pandemic who doesn’t believe in science and thinks smoking doesn’t cause cancer is...well...NOT A GREAT IDEA. Radical idea: put someone qualified in charge. Take this seriously. THERE. IS. NO. ONE. QUALIFIED. IN. TRUMP'S. ADMINISTRATION. It's all a collection of cronies, sycophants and evil underlings whose only qualification for their jobs is the commitment to white supremacy. Pandemics don't discriminate by skin color so they're a little overmatched.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക