Image

ആറളം ഫാമില്‍ വീണ്ടും മാവോയിസ്റ്റുകള്‍; ഇത്തവണയും അരി വാങ്ങി മടങ്ങി

Published on 26 February, 2020
ആറളം ഫാമില്‍ വീണ്ടും മാവോയിസ്റ്റുകള്‍; ഇത്തവണയും അരി വാങ്ങി മടങ്ങി
ഇരിട്ടി: ആറളം ഫാമിലെ ആദിവാസി പുനരധിവാസ മേഖലയില്‍ വീണ്ടും മാവോയിസ്റ്റുകള്‍ എത്തി. തിങ്കളാഴ്ച രാത്രിയാണു ബ്ലോക്ക് 13 ലെ 55 മേഖലയില്‍ നാലംഗ സായുധ സംഘം എത്തിയത്. രണ്ടു സ്ത്രീകളുള്‍പ്പെട്ട സംഘത്തില്‍ എല്ലാവരും പച്ച യൂണിഫോമിലായിരുന്നെന്നും തോക്ക് കൈവശം ഉണ്ടായിരുന്നെന്നും താമസക്കാര്‍ പൊലീസിനോടു പറഞ്ഞു. തണ്ടര്‍ബോള്‍ട്ട് ഉള്‍പ്പെടെ വന്‍ പൊലീസ് സന്നാഹം പ്രദേശത്തു പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല.

ഇരിട്ടി ഡിവൈഎസ്പി സജേഷ് വാഴവളപ്പില്‍, ആറളം സിഐ കെ.സുധീര്‍, എസ്‌ഐ ടോണി ജെ. മറ്റം എന്നിവരുടെ നേതൃത്വത്തില്‍ തിരച്ചില്‍ തുടരുന്നു. ഒന്നര മണിക്കൂറോളം സ്ഥലത്തു തമ്പടിച്ച ശേഷമാണു സംഘം മടങ്ങിയത്. 3 വീടുകളില്‍ കയറി. ഒരു വീട്ടില്‍ നിന്നു ഭക്ഷണം കഴിച്ചു. 2 വീടുകളില്‍ നിന്നായി 5 കിലോ വീതം അരി വാങ്ങി. നാലംഗ സംഘത്തില്‍ ഒരാള്‍ മാവോവാദി ദാമുവാണെന്നു പൊലീസിന്റെ കൈവശമുള്ള ഫോട്ടോ കണ്ടു താമസക്കാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

സംഭവത്തില്‍ ആറളം പൊലീസ് കേസെടുത്തു. ഫാം പുനരധിവാസ മേഖലയില്‍ നേരത്തേയും മാവോയിസ്റ്റുകള്‍ എത്തിയിട്ടുണ്ട്. മേഖലയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ചതോടെ  ആറളം, കൊട്ടിയൂര്‍ വനമേഖലകളിലും തണ്ടര്‍ബോള്‍ട്ട് സേനാംഗങ്ങളുടെ നേതൃത്വത്തില്‍ തിരച്ചില്‍ ശക്തമാക്കി. സബ് ഡിവിഷനിലെ മുഴുവന്‍ പൊലീസ് സ്റ്റേഷനുകളിലും കാവല്‍ ശക്തമാക്കിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക