Image

സമ്പന്ന തീരം: ഒരു കോസ്റ്ററിക്കന്‍ യാത്ര (ജോസഫ് പൊന്നോലി)

Published on 24 February, 2020
സമ്പന്ന തീരം: ഒരു കോസ്റ്ററിക്കന്‍ യാത്ര (ജോസഫ് പൊന്നോലി)
യാത്രകള്‍ പുതിയ അനുഭവങ്ങള്‍ പ്രദാനം ചെയ്യുന്നു. ജീവിതത്തിന്റെ പിരിമുറക്കങ്ങള്‍ക്ക് അയവു വരുത്താനും അധോഗതിയിലാകുന്ന ആരോഗ്യവും മനസ്സിന്റെ ഉന്മേഷവും ഊര്‍ജ്ജവും വീണ്ടെടുക്കാനും യാത്രകള്‍ ഉപകരിക്കും. 2019 ലെ ക്രിസ്മസ് അവധിക്കാലം കുടുംബത്തോടൊപ്പം കോസ്റ്റാറിക്കായിലാണ് കഴിച്ചു കൂട്ടിയതു്. അവിടെ കണ്ട വിസ്മരിക്കാനാവാത്ത ചില കാഴ്ചകളും അനുഭവങ്ങളുമാണ് ഇവിടെ വിവരിക്കുന്നത്.

മദ്ധ്യ അമേരിക്കന്‍ പ്രവിശ്യയിലെ ഒരു കൊച്ചു രാജ്യമാണ് കോസ്റ്റാറിക്കാ. കിഴക്ക് അറ്റ്‌ലാന്റിക്ക് സമുദ്രത്തിന്റെ ഭാഗമായ കരീബിയന്‍ കടലും പടിഞ്ഞാറ് പസഫിക്ക് സമുദ്രവും വടക്ക് നിക്കാരാഗ്വായും തെക്കു കിഴക്കായി പനാമായും ഈ കൊച്ചു രാജ്യത്തിന്റെ അതിരുകള്‍ നിര്‍ണ്ണയിക്കുന്നു. ഇവിടുത്തെ കടല്‍ത്തീരങ്ങളും മലകളും പര്‍വ്വത നിരകളും വനങ്ങളും തോടുകളും തടാകങ്ങളും കേരളത്തിന്റെ ഭൂപ്രകൃതിയോട് സദൃശമാണ് എന്നു പറയാം. കാലാവസ്ഥയും കേരളത്തിലെ കാലാവസ്ഥയോട് സമാനമാണ്. ജനസംഖ്യ 50 ലക്ഷത്തോളം വരും. അതില്‍ പകുതിയോളം തലസ്ഥാന നഗരിയായ സാന്‍ ഹൊസേയുടെ പ്രാന്ത പ്രദേശത്താണ് വസിക്കുന്നതു്. വിദ്യാഭ്യാസത്തിനു വളരെയധികം പ്രാധാന്യം കൊടുക്കുന്ന ഈ രാജ്യത്തിന്റെ സാക്ഷരത 97% ആണ്. ബാസ്കറ്റ് ബോളും ഫുട്‌ബോളും ഇവരുടെ പ്രധാന വിനോദങ്ങളാണ്.

ലിബേരിയാ വിമാനത്താവളത്തിലെത്തിയ ഞങ്ങള്‍ക്ക് ഏകദേശം ഒരു മണിക്കൂര്‍ നേരം ഇമ്മിഗ്രേഷന്‍ വിസ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കാത്തിരിക്കേണ്ടി വന്നു. വിമാനത്താവളത്തിലെ ഫ്‌ലെക്‌സ് ബോര്‍ഡുകളില്‍ "നിര്‍മ്മലമായ ജീവിതത്തിന്റെ നാട്ടിലേക്കു സ്വാഗതം " (ബിയന്‍ വെനിദോ അ ല തിയേറാ പൂരാ വിദാ) എന്ന് സ്പാനീഷ് ഭാഷയില്‍ എഴുതിയതു് കാണാമായിരുന്നു. കോസ്റ്റാറ്റിക്കാ എന്ന വാക്കുകളുടെ അര്‍ത്ഥം തന്നെ "സമ്പന്നമായ തീരം" എന്നാണ്. 1502 ല്‍ കോസ്റ്റാറിക്കായുടെ കിഴക്കന്‍ തീരം സന്ദര്‍ശിച്ച ക്രിസ്റ്റഫര്‍ കൊളംബസ്സാണ് തദ്ദേശ വാസികളുടെ സ്വര്‍ണ്ണാഭരണങ്ങള്‍ കണ്ട് ഈ പേരിട്ടത് എന്നു പറയപ്പെടുന്നു.

ആദ്യത്തെ ദിവസം ലീബേരിയായിയ്ക്കു സമീപമുള്ള പര്‍വ്വത നിരകളിലൂടെ ഒരു സവാരി നടത്തി. ഭൂമിയില്‍ നിന്നും ഉത്ഭവിക്കുന്ന ചൂടുള്ള വെള്ളത്തില്‍ കുളിച്ചു കൊണ്ട് സമീപത്തുള്ള വെള്ളച്ചാട്ടം കണ്ടു പ്രകൃതിയുമായി ലയിച്ചിരിക്കുമ്പോള്‍ മനസ്സിലെ എല്ലാ പിരിമുറുക്കങ്ങളും പമ്പ കടക്കും.

അരേനാല്‍ അഗ്‌നിപര്‍വ്വതം

കോസ്റ്റാറിക്കാ യാത്രയില്‍ അവിസ്മരണീയമായ അനുഭവമായിരുന്നു അരേനാല്‍ അഗ്‌നിപര്‍വ്വത പ്രദേശം സന്ദര്‍ശിച്ചത്. അരേനാല്‍ അഗ്‌നിപര്‍വ്വതം കോസ്റ്റാറിക്കായിലെ ഇപ്പോഴും പ്രവര്‍ത്തനക്ഷമമായ ഒരു അഗ്‌നിപര്‍വ്വതം ആണ്. 1968 മുതല്‍ 2010 വരെ തുടര്‍ച്ചയായി ഈ അഗ്‌നിപര്‍വ്വതം പൊട്ടി ഭീമമായ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്.

ഭൂമിയില്‍ നിന്നും അഗ്‌നിയും ഗന്ധകവും നിര്‍ഗ്ഗമിച്ച് തിളയ്ക്കുന്ന ലാവയായി ആ മലകളുടെ പാര്‍ശ്വങ്ങളില്‍ കൂടി താഴേയ്ക്കു ഒഴുകുന്ന കാഴ്ചയുടെ ഫേട്ടോകള്‍ കണ്ടതിനു ശേഷം ആ സ്ഥലം സന്ദര്‍ശിച്ചപ്പോള്‍ ജിജ്ഞാസയോടൊപ്പം ഭീതിയും മനസ്സില്‍ തോന്നിയതില്‍ അത്ഭുതപ്പെടാനില്ല.

ഈ അഗ്‌നിപര്‍വ്വതത്തിന് 7500 വര്‍ഷത്തെ ആയുസ്സ് ഉണ്ടെന്നാണ് ഭൂഗര്‍ഭശാസ്ത്രജ്ഞന്മാര്‍ വിലയിരുത്തുന്നത്. 5380 അടി ഉയരത്തില്‍ കോണാകൃതിയില്‍ 460 അടി വ്യാസത്തില്‍ ഈ അഗ്‌നിപര്‍വ്വതം സ്ഥിതി ചെയ്യുന്നു. സന്ദര്‍ശകര്‍ക്ക് താഴ്വാരം സന്ദര്‍ശിക്കാനേ അനുമതിയുള്ളൂ. അവിടെ പഴയ വിസ്‌ഫോടനങ്ങളുടെ ലാവാ ഒഴുകിയ പ്രദേശങ്ങള്‍ കാണാം.

അഗ്‌നിപര്‍വ്വതം നൂറ്റാണ്ടുകളോളം പ്രവര്‍ത്തന രഹിതമായിരുന്നതുകൊണ്ട് അവിടെ ആളുകള്‍ താമസിക്കുവാന്‍ തുടങ്ങി. 1968 ലെ വിസ്‌ഫോടനം അവര്‍ പ്രതീക്ഷിക്കാതിരുന്നതു കൊണ്ട് ആളപായവും നാശനഷ്ടങ്ങളും ഉണ്ടായി. 1968 ലെ വിസ്‌ഫോടനത്തില്‍ 87 ആളുകളുടെ ജീവന്‍ നഷ്ടപ്പെട്ടു. മൂന്നു ഗ്രാമങ്ങള്‍ നാമാവശേഷമായി.

അഗ്‌നിപര്‍വ്വത വിസ്‌ഫോടനങ്ങള്‍ ഭീതി ജനിപ്പിക്കുന്നവയാണ്. കത്തി ജ്വലിക്കുന്ന ഒരു ടണ്ണോളം ഭാരം വരുന്ന ഭീമമായ കല്ലുകളും പാറകളും മണിക്കൂറില്‍ 1300 മൈല്‍ വേഗതയില്‍ ചുഴറ്റി എറിയപ്പെട്ടു ഒരു മൈല്‍ അകലത്തില്‍ വന്നു പതിക്കുന്ന കാഴ്ച പേടിപ്പെടുത്തുന്നതാണ്. തിളച്ച ലാവയും ചാരവും 20 കി.മീ. ചുറ്റളവിലുള്ള പ്രാന്ത പ്രദേശം ചുട്ടു പൊള്ളിക്കുന്നു.

നമ്മള്‍ വസിക്കുന്ന ഭൂമിയുടെ അകത്ത് മദ്ധ്യഭാഗത്ത് ഏകദേശം 2000 കി.മീ. താഴ്ചയില്‍ തിളയ്ക്കുന്ന ഉരുകിയ ഘന ദ്രവ്യങ്ങളുടെ ലാവയാണ്. അവയുടെ മുകളില്‍ ഘനീഭവിച്ച പാറക്കൂട്ടങ്ങളും. 4500 മില്യന്‍ വര്‍ഷങ്ങളുടെ പരിണാമ ഫലമായി ഭൂമി നമുക്ക് വാസയോഗ്യമായി തീര്‍ന്നു എന്ന കാര്യം മനുഷ്യന് അറിയാമോ എന്നു സംശയമാണ്.

കത്തിജ്വലിക്കുന്ന അരേനാല്‍ അഗ്‌നി പര്‍വ്വതത്തിനെ അഭിമുഖീകരിക്കുന്ന മലയുടെ ചെരുവില്‍ എയര്‍ബിഎന്‍ ബി മൂലം സംഘടിപ്പിച്ച ഒരു വീടിന്റെ ഉമ്മറത്തിരുന്നുകൊണ്ട് അഗ്‌നിപര്‍വ്വതത്തേയും അതിനെ മൂടുന്ന കാര്‍മേഖപടലങ്ങളെയും നോക്കിയിരുന്നു രണ്ടു ദിവസങ്ങള്‍ പോയതറിഞ്ഞില്ല.

നിക്കോയാ

ക പോടല്‍ തീരത്ത് രണ്ടു ദിവസങ്ങള്‍ താമസിച്ച് കടല്‍ക്കാറ്റും തിരമാലകളും ആസ്വദിച്ചതിനു ശേഷം നിക്കോയാ എന്ന പ്രദേശത്തുകൂടി കടന്നു പോയി. ഏതാനും മണിക്കൂറുകള്‍ അവിടെ ചിലവഴിച്ചു. നിക്കോയാ എന്ന പ്രദേശം ലോക പ്രസിദ്ധമായത് അവിടെ അനേകം ആള്‍ക്കാര്‍ 100 വയസ്സും കഴിഞ്ഞ് ഊര്‍ജ്ജസ്വലരായി ജീവിക്കുന്നതു കൊണ്ടാണ്.

ലോകത്തില്‍ ഏറ്റവും കൂടുതല്‍ വര്‍ഷം ആള്‍ക്കാര്‍ ജീവിച്ചിരിക്കുന്ന ആറു പ്രദേശങ്ങളില്‍ ഒന്നു നിക്കോയാ ആണ്. 2017 നവംബറില്‍ നാഷണല്‍ ജിയോഗ്രാഫിക്ക് മാഗസിന്‍ കോസ്റ്റാറിക്കായെ ലോകത്തിലേക്കും ഏറ്റവും സന്തോഷം അനുഭവിക്കുന്ന ജനതയുടെ രാജ്യം എന്നു വിശേഷിപ്പിക്കുകയുണ്ടായി.

അവിടുത്തെ ആളുകളുടെ ആരോഗ്യത്തിന്റെ രഹസ്യം കൗതുകമേറിയതാണ്. അവിടുത്തെ ജലം ശുദ്ധവും പല ധാതു ലവണങ്ങള്‍ അടങ്ങിയതുമാണ്. അവിടെ കേരളത്തില്‍ കിട്ടുന്ന എല്ലാ പഴവര്‍ഗ്ഗങ്ങളും സുലഭമാണ്. അവര്‍ പ്രധാനമായും കഴിക്കുന്നത് കോണ്‍ അഥവാ ചോളത്തില്‍ നിന്നും ഉണ്ടാക്കുന്ന ടോര്‍ട്ടിയായും ബ്ലാക്ക് ബീന്‍സുമാണ് കൂടാതെ പഴങ്ങളും പച്ചക്കറികളും. മീനും മാംസവും അവരുടെ ഭക്ഷണത്തിന്റെ ഭാഗമാണ്. നാട്ടിന്‍പുറത്തെ ലളിതമായ ജീവിതം. അതേ സമയം ശാരീരികാദ്ധ്വാനം ജീവിതത്തിന്റെ അവിഭാജ്യ ഘടകമാക്കി നാളയെപ്പറ്റി ആകുലതകളില്ലാതെ പരസ്പരം കുശലങ്ങള്‍ അന്വേഷിച്ചും സഹകരിച്ചും ജീവിതം മുന്നോട്ടു തള്ളിനീക്കുന്ന ഒരു ജനസമൂഹം. ആരോഗ്യപരമായ സാമൂഹ്യ ജീവിതം അവരുടെ ജീവിതത്തിന്റെ ഭാഗമാണ്. നാഗരികതയുടെ അതിക്രമങ്ങള്‍ ആ സന്തുഷ്ട ജനജീവിതത്തെ കാര്‍ന്നു തിന്നാന്‍ തുടങ്ങിയോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. കുതിരകളും വള്ളങ്ങളും കാള വണ്ടികളും ഇപ്പോള്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. അവയുടെ സ്ഥാനത്ത് മോട്ടോര്‍ കാറുകളും ശബ്ദ കോലാഹലങ്ങളും ഇടം പിടിച്ചിരിക്കുന്നു. എങ്കിലും യൂണിവേഴ്‌സല്‍ ഹെല്‍ത്ത് സ്കീം നടപ്പാക്കിയ ഒരു രാജ്യമാണ് കോസ്റ്റാറിക്കാ.

ചരിത്രത്തിലൂടെ


ഈ നാട്ടിലെ ജനങ്ങള്‍ സമാധാന പ്രിയരാണ്. അവര്‍ക്ക് ഒരു ആര്‍മിയോ പ്രതിരോധ സംവിധാനമോ ഇല്ല. സമീപ രാജ്യങ്ങളായ നിക്കാരാഗ്വാ, പനാമാ എന്നീ രാജ്യങ്ങളുമായി സൗഹൃദത്തില്‍ കഴിയുന്നു. പതിനാറാം നൂറ്റാണ്ടില്‍ ഈ പ്രദേശം കീഴടക്കിയ സ്പാനീഷുകാര്‍ ഇവിടെയുണ്ടായിരുന്ന തദ്ദേശ ഗോത്രവര്‍ഗ്ഗക്കാരെ മിക്കവാറും പൂര്‍ണമായി ഉന്മൂലനം ചെയ്തു. സ്‌പെയിനില്‍ നിന്നും ഇറക്കുമതി ചെയ്ത അണുക്കളെ ചെറുത്തു നില്ക്കാന്‍ ആ ഗോത്രവര്‍ഗ്ഗക്കാര്‍ക്കു കഴിഞ്ഞില്ല. ഇന്ന് അവശേഷിക്കുന്നത് മിക്കവാറും സ്പാനീഷുകാരുടെ പിന്‍ തലമുറക്കാര്‍ ആണ്. അതുകൊണ്ടു തന്നെ സ്പാനീഷ് പള്ളികള്‍ അങ്ങുമിങ്ങും തലയുയര്‍ത്തി നില്‍ക്കുന്നതു കാണാം. എങ്കിലും ഇവിടെ ബുദ്ധമതത്തിന് പ്രചാരം സിദ്ധിച്ചിട്ടുണ്ട് എന്ന് എടുത്തു പറയേണ്ടതായിട്ടുണ്ട്.

സമ്പദ് വ്യവസ്ഥ

കോസ്റ്റാറിക്കായുടെ സമ്പദ് വ്യവസ്ഥ കൃഷിയെയും ധാതുലവണങ്ങളെയും ആശ്രയിച്ചിരിക്കുന്നു. പഴവര്‍ഗ്ഗങ്ങള്‍ ഇവിടെ നിന്നും അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നു. കാപ്പി ഇവിടുത്തെ പ്രധാന കൃഷിയാണ്. കാപ്പി പ്ലാന്‍റ്റേഷന്‍ കോസ്റ്ററിക്കായയുടെ ഒരു ഭാഗമാണ്. കാറ്റാടി ടര്‍ബോ ഫാമുകള്‍ മലനിരകളില്‍ കാണാം. സോളാര്‍ , ജിയോ തെര്‍മല്‍ , ഹൈഡ്രോ , ബയോമാസ് എന്നിവയാണ് വൈദ്യുതി ഉത്പാദനത്തിന് അവര്‍ അവലംബിക്കുന്ന മാര്‍ഗ്ഗം. 2021 ല്‍ കാര്‍ബണ്‍ പൂര്‍ണ്ണമായും സന്തുലനം ചെയ്യുന്ന ലോകരാഷ്ട്രങ്ങളില്‍ ഒന്നായിരിക്കും കോസ്റ്റാറിക്കാ. കോസ്റ്റാറിക്കന്‍ ഫ്രീ ട്രേഡ് സോണുകളില്‍ അമേരിക്കന്‍ കമ്പനികളായ ഇന്റല്‍, ഐ.ബി.എം, എച്ച്പി, ഡെല്‍, മുതലായവ അവരുടെ ഉല്‍പന്നങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നു. വിദേശ കടം താങ്ങാനാവാത്ത കോസ്റ്റാറിക്കന്‍ സമ്പദ് വ്യവസ്ഥയില്‍ കടന്നു കയറി ചൈന പിരിമുറുക്കിക്കൊണ്ടിരിക്കുകയാണ്.

യാത്ര തുടരുന്നു

വാണിജ്യ ഭൗതിക മനോഭാവത്തിന്റെ കടന്നുകയറ്റം അവരുടെ ലളിതവും നിര്‍മ്മലവുമായ ജീവിതം ഇല്ലാതാക്കുന്നുവോ എന്ന ചിന്ത മടക്ക യാത്രയില്‍ മനസ്സിനെ അലട്ടിക്കൊണ്ടിരുന്നു. ഭൂമിയെന്ന അഗ്‌നിഗോളത്തിന്റെ മേല്‍ ജീവിക്കുന്ന മനുഷ്യനും വെന്തുരുകി സൂര്യന്റെ ചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്ന ഭൂമിയും കാലചക്രത്തിന്റെ ഭാഗമായി അഗ്‌നിപര്‍വ്വതത്തിന്റെ തിളയ്ക്കുന്ന ലാവയുടെ ബലിയാടാകുന്നത് എപ്പോഴാണ് എന്നു പ്രവചിക്കാന്‍ കഴിയാത്ത നിസ്സഹായനായ മനുഷ്യന്റെ അവസ്ഥ മനുഷ്യന്റെ ഗര്‍വ്വ് ശമിപ്പിക്കേണ്ടതല്ലേ എന്ന ചോദ്യം ഉത്തരത്തിനു വേണ്ടി കാത്തിരിക്കുന്നു. ഭൂമിയും മനുഷ്യനും അനന്തതയിലേക്കുള്ള യാത്ര തുടരുന്നു. യാത്ര തുടരാന്‍ ഞങ്ങള്‍ ഹ്യൂസ്റ്റണിലേക്കു മടങ്ങി.

സമ്പന്ന തീരം: ഒരു കോസ്റ്ററിക്കന്‍ യാത്ര (ജോസഫ് പൊന്നോലി)
Join WhatsApp News
George Puthenkurish 2020-02-25 21:22:21
It is a beautiful place to visit. I was told that there is a Malayalees who owns land there. Beautifully written Travelogue
real estate scam 2020-02-26 13:20:44
many Catholics were lured to Costa Rico to buy land by priests and later simply donated to them.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക