Image

സ്തനാര്‍ബുദം പുരുഷന്മാരിലും, ജീവിതരീതികള്‍ ക്രമീകരിക്കുക

Published on 24 February, 2020
സ്തനാര്‍ബുദം പുരുഷന്മാരിലും, ജീവിതരീതികള്‍ ക്രമീകരിക്കുക
പുരുഷന്മാര്‍ക്കും സ്തനാര്‍ബുദം ബാധിക്കാമെന്ന് ആരോഗ്യവിദഗ്ധര്‍. സ്ത്രീകളില്‍ മാത്രം കണ്ടുവരുന്ന രോഗമാണിതെന്ന ധാരണ തെറ്റാണ്. സ്തനങ്ങളില്‍ അസ്വാഭാവികമായി എന്തെങ്കിലും ശ്രദ്ധയില്‍ പെട്ടാല്‍ പോലും പരുഷന്മാരില്‍ വലിയൊരു വിഭാഗം ഡോക്ടറെ കാണുന്നില്ല. കാന്‍സറിനെക്കുറിച്ചുള്ള പരിമിത അറിവുകളാണ് മരണനിരക്ക് കൂട്ടുന്നതെന്നും ചൂണ്ടിക്കാട്ടി. യുഎഇ നാഷനല്‍ കാന്‍സര്‍ റജിസ്ട്രിയിലെ വിവരങ്ങളനുസരിച്ച് സാധാരണമായിത്തീര്‍ന്ന രോഗമാണു സ്തനാര്‍ബുദം.

സ്തനാര്‍ബുദം പാരമ്പര്യമായി വരുന്ന രോഗമാണെന്നു കരുതി രോഗലക്ഷണങ്ങള്‍ അവഗണിക്കരുത്. 5 മുതല്‍ 10% പേരില്‍ മാത്രമാണ് പാരമ്പര്യമായി കണ്ടുവരുന്നത്. ജീവിതരീതികളും ഭക്ഷണവും പാരിസ്ഥിതിക പ്രശ്‌നങ്ങളും രോഗകാരണമാകുന്നുണ്ട്. മദ്യപാനം, പുകവലി തുടങ്ങിയവ രോഗസാധ്യത വര്‍ധിപ്പിക്കുന്നു.ദുശീലങ്ങള്‍ ഒഴിവാക്കുകയും പതിവായി വ്യായാമം ചെയ്യുകയും വേണം.

മാമോഗ്രാം ചെയ്യുന്നത് ശരീരത്തിന് ഹാനികരമാണെന്ന ധാരണയും തെറ്റാണ്. യഥാസമയം രോഗം കണ്ടെത്താന്‍ വിദഗ്ധ പരിശോധന ആവശ്യമാണ്. ഇതില്‍ വളരെ ചെറിയ തോതിലേ റേഡിയേഷനുള്ളൂ. ശസ്ത്രക്രിയ ചെയ്തതുകൊണ്ട് രോഗം മറ്റുഭാഗങ്ങളിലേക്കു വ്യാപിക്കില്ല. കാന്‍സര്‍ കോശങ്ങള്‍ അതിവേഗം വളരുന്നവയാണ്. നേരിയ തോതിലെങ്കിലും മറ്റിടങ്ങളില്‍ ബാധിച്ചാല്‍ വീണ്ടും രോഗമുണ്ടാകാം.

എല്ലാ തടിപ്പും മുഴയും കാന്‍സര്‍ ആകണമെന്നില്ല. 80% ചെറുമുഴകളും അപകടകാരിയല്ല. ഹോര്‍മോണിലെ വ്യതിയാനങ്ങള്‍ക്കനുസരിച്ച് സ്തനകോശങ്ങളില്‍ മാറ്റം സംഭവിക്കാം. എന്നാല്‍ ഇതെല്ലാം ഉറപ്പിക്കാന്‍ വിദഗ്ധ പരിശോധന ആവശ്യമാണ്.

ചെറുപ്പക്കാര്‍ക്കും ആര്‍ത്തവ വിരാമം വന്നവര്‍ക്കും സ്തനാര്‍ബുദം പിടിപെടാം. മുഴകളും തടിപ്പുകളും നിസ്സാരമായി തള്ളരുത്. സ്തനങ്ങള്‍ക്കു സമീപവും രോഗം ബാധിക്കാം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക