Image

ജനനി ജയിക്ക നീണാള്‍ മലയാളമേ ....(എഴുതാപ്പുറങ്ങള്‍ 52: ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ)

Published on 22 February, 2020
ജനനി ജയിക്ക നീണാള്‍ മലയാളമേ ....(എഴുതാപ്പുറങ്ങള്‍ 52: ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ)
പ്രതിവര്‍ഷം ഫെബ്രുവരി 21 അന്തര്‍ദേശീയ മാതൃദിനമായി ആഘോഷിക്കപ്പെടുന്നു. ലോകത്തിലെ എല്ലാ ഭാഷകളെയും കുറിച്ച് എല്ലാവരും ബോധവാന്മാരാകുകയും അവരവരുടെ മാതൃഭാഷ പരിപോഷിപ്പിക്കുകയും ചെയ്യുകയെന്നതാണ് ഈ ദിവസത്തിന്റെ പ്രാധാന്യം. 1999 നവംബര്‍ 17 നു യുനെസ്‌കോ ഈ ദിവസം മാതൃദിനമായി പ്രഖ്യാപിച്ചു. ഒരാള്‍ ആദ്യം പഠിക്കുന്ന ഭാഷയാണ് മാതൃഭാഷ. അമ്മയില്‍ നിന്ന് അതു പഠിക്കുന്നതുകൊണ്ടു മാതൃഭാഷ എന്നറിയപ്പെടുന്നു.

ഇന്ന് നമ്മള്‍ സാങ്കേതികമായി വളരെ പുരോഗമിച്ചെങ്കിലും ഈ ലോകത്തില്‍ പലരും സംസാരിക്കുകയും എഴുതുകയും ചെയ്യുന്ന ഭാഷ പഠിക്കാനുള്ള സംവിധാനം അവര്‍ക്ക് ലഭ്യമാകുന്നില്ല. അതുകൊണ്ട് അവരുടെ ഭാഷകള്‍ ഒരു നിശ്ചിത കാലം കഴിയുമ്പോള്‍ ഈ ഭൂമുഖത്ത് നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു.   ഈ മാതൃദിനാഘോഷം  കൊണ്ടാടുന്നതിലൂടെ നമ്മള്‍ എല്ലാഭാഷയും നഷ്ടപ്പെടാതെ സൂക്ഷിക്കുകയെന്ന തീരുമാനത്തില്‍ എത്തുകയും അതിനായുള്ള പരിശ്രമങ്ങള്‍ തുടരുകയും ചെയ്യുകയാണ്.

കാലചക്രത്തിന്റെ ഭ്രമണത്തോടൊപ്പം മേഘസന്ദേശങ്ങള്‍, താളിയോല കളിലേയ്ക്കും അതില്‍നിന്നും കടലാസിലേക്കും കടന്നു ആശയ വിനിമയത്തിന് ഭാവപ്പകര്‍ച്ച  ഉണ്ടായി. എന്നാല്‍ ഇന്ന് ഇവയെല്ലാം കംപ്യുട്ടറുകള്‍ക്കും, മൊബെയിലുകള്‍ക്കും മറ്റു ഡിജിറ്റല്‍ സംവിധാനങ്ങള്‍ക്കും വഴിമാറികൊടുത്തു. ഈ ആധുനിക സംവിധാനങ്ങളിലെല്ലാം ആശയവിനിമയത്തിന് ഉപയോഗിയ്ക്കുന്നത് ഇംഗ്ലീഷ് ആണെന്നുള്ളതുകൊണ്ട് മറ്റു ഭാഷകളുടെ പ്രാധാന്യം കുറഞ്ഞുവന്നു. ഈ അടുത്തകാലത്ത് സോഷ്യല്‍ മീഡിയകളില്‍ മറ്റെല്ലാ ഭാഷകളും പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും എല്ലാവരും പൊതുവായി ഉപയോഗിയ്ക്കുവാനുള്ള സൗകര്യത്തിനായി ഇംഗ്ലീഷ് തന്നെ അധികമായും ഉപയോഗിയ്ക്കുന്നു . ഇന്ന് സമൂഹത്തെ കയ്യടക്കിയിരിയ്ക്കുന്ന ഡിജിറ്റല്‍  മാധ്യമങ്ങള്‍  തനതായ മാതൃഭാഷയെ ഇല്ലാതാക്കുമോ എന്ന് ഭയപ്പെടേണ്ടതുണ്ട്.

ഓരോ മഹത്തായ വ്യക്തിത്വത്തിന്റെയും, സ്വഭാവത്തിന്റെയും സംസ്കാരത്തിന്റെയും അടിസ്ഥാനഘടകങ്ങളില്‍ ഒന്നാണ് അവന്റെ തനതായ മാതൃഭാഷ. എത്ര അറിവിന്റെ കൊടുമുടി എത്തിപിടിച്ചലും ഈ മാതൃ ഭാഷയെ ഓരോരുത്തരും കൂടെ കൂട്ടേണ്ടതുണ്ട്. നമ്മെ അമ്മയെന്ന് വിളിയ്ക്കാന്‍ പഠിപ്പിച്ച നമ്മുടെ ഭാഷ നമ്മില്‍ നിന്നും ഒരിയ്ക്കലും അന്യം നിന്ന് പോകാതിരിയ്ക്കാന്‍ നമ്മള്‍ എവിടെ പോയാലും നമ്മടെ അമ്മയെ സ്മരിയ്ക്കുന്നതുപോലെ മലയാള ഭാഷയെയും സ്മരിയ്ക്കാം. 'മാതൃ ഭാഷയെ കുറിച്ച് വള്ളത്തോള്‍ എഴുതിയ 'മാതൃ ഭാഷ' എന്ന കവിതയില്‍ അദ്ദേഹം ഇത് വാക്ചാതുര്യത്തോടെ സ്പഷ്ടമാക്കുന്നു

മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍
മര്‍ത്യനു പെറ്റമ്മ തന്‍ ഭാഷ താന്‍
മാതാവിന്‍ വാത്സല്യ ദുഗ്ദ്ധം നുകര്‍ന്നാലേ
പൈതങ്ങള്‍ പൂര്‍ണ്ണവളര്‍ച്ച നേടൂ

എന്തുകൊണ്ടാണ് നമ്മുടെ മാതൃഭാഷയായ മലയാളത്തിന്റെ   പ്രാധാന്യം കുറഞ്ഞു വരുന്നത്.  മാതൃഭാഷയുടെ ആദരവില്ലാതെയാകുന്നത് എന്നത് ഒരു വലിയ സമസ്യയാണ്.     നമ്മുടെ തനതായ മലയാളഭാഷയെ ഇംഗ്ലീഷുമായി കൂട്ടിക്കലര്‍ത്തി തേജോവധം ചെയ്യുന്ന ഒരു പ്രവണത ഇന്ന് പ്രവാസിമലയാളികളില്‍ എന്നല്ല കേരളത്തില്‍ തന്നെ നിലനില്‍ക്കുന്നു.  നമ്മുടെ മാതൃ ഭാഷയായ മലയാളം ഇത്രയും  തരംതാഴ്ന്നുപോയോ?   

"ഗെറ്റ് അപ്പ് മോനു"
അമ്മയോട് സെ ഗുഡ് മോര്‍ണിംഗ്
ബ്രഷ് പല്ലു ഫാസ്റ്റ്
പുട്ട് അപ്പി
എന്നിട്ടു ബാത്ത് എടുത്ത് വരൂ. സ്കൂളില്‍ പോകേണ്ടേ?

ഒരു മലയാളി മാതാവ് രാവിലെ മകനെ ഉണര്‍ത്താന്‍ മേല്പറഞ്ഞപോലെയുള്ള ഭാഷ ഉപയോഗിച്ചു കാണുന്നുണ്ട്. സമൂഹമാധ്യമങ്ങളില്‍ ഇതൊക്കെ പരിഹാസരൂപേണ പ്രചരിക്കുമ്പോള്‍ നമ്മുടെ ഭാഷയുടെ മഹത്വത്തിനാണ് മങ്ങല്‍  ഏല്‍ക്കുന്നത് . പക്ഷെ നമ്മള്‍ അതൊന്നും ഗൗനിക്കാതെ മുന്നോട്ട് നീങ്ങുമ്പോള്‍ ഒരു ഘട്ടത്തില്‍ മേല്പറഞ്ഞ വാക്കുകള്‍ ഭാഷയുടെ ഒരു ഭാഗമായി തീരും. അങ്ങനെയാണ് ഭാഷക്ക് അധഃപതനം ഉണ്ടാകുന്നത്.

ഇംഗ്ലീഷ് വീട്ടില്‍ പറയാതിരിയ്ക്കാന്‍ വയ്യ.  കാരണം മകന്‍ ഇംഗ്ലീഷ് മീഡിയത്തിലാണ്. സ്കുളിലെങ്ങാനും മലയാളം പറഞ്ഞാല്‍ ഓരോ വാക്കിനും   പിഴയാണ്.  എന്നാല്‍  കുട്ടിയെ മലയാളം മീഡിയത്തില്‍ ചേര്‍ത്താല്‍ അതും സമൂഹത്തില്‍ കുറവാണ്.

ഒരു പരിധിവരെ ഈ പ്രശ്‌നത്തിന് ഉത്തരവാദി ആഘോളവത്കരണമാണെന്നു പറയാമോ? നമ്മുടെ  ലോകം മുഴുവന്‍ കാണാന്‍, ലോകത്ത് എന്തെല്ലാം സംഭവിയ്ക്കുന്നു എന്നറിയാന്‍ സ്വന്തം സ്വീകരണമുറിയില്‍ ഇരുന്നാല്‍ മതി. എന്നാല്‍ ഈ ഒരു സൗകര്യത്തില്‍ ഇംഗ്ലീഷ് വളരെ പ്രധാനഘടകമാണ്. അതുകൊണ്ടുതന്നെ ഇംഗ്ലീഷ് ഭാഷ നിത്യജീവിതത്തിന്റെ ഒരു ഭാഗമായി മാറിയതോടെ മാതൃഭാഷകള്‍ക്ക് പ്രാധാന്യം നല്‍കുവാന്‍ സമൂഹം ശ്രദ്ധിയ്ക്കുന്നില്ല.

നമ്മുടെ നാടായ കേരളത്തെസംബന്ധിച്ച് മാതൃഭാഷകളെ മാറ്റി നിര്‍ത്തി  ഇംഗ്ലീഷ് മാത്രം അധികമായി ഉപയോഗിയ്ക്കാനുള്ള മറ്റൊരു കാരണം കൂണ്‍ പോലെ പൊട്ടിമുളയ്ക്കുന്ന ഇംഗ്ലീഷ് മീഡിയങ്ങള്‍ തന്നെയാണ്. ഇന്ന് കേരളത്തിലെ  കുട്ടികളില്‍  കൂടുതല്‍ ശതമാനവും  ഇംഗ്ലീഷ് മീഡിയത്തിന്റെ സന്തതികളാണ്.      അവരില്‍ അധികം പേരും  അഥവാ മാതൃ ഭാഷ സംസാരിയ്ക്കുന്നുവെങ്കിലും മാതൃഭാഷ വായിയ്ക്കുവാനും എഴുതുവാനും അറിയാത്തവരാണ്. അതിനാല്‍ പുതിയ തലമുറയ്ക്ക് മലയാളത്തോട് ഒരകല്‍ച്ച സംഭവിച്ചിട്ടുണ്ട്. കാരണം പാഠ്യവിഷയങ്ങളില്‍ മലയാളത്തിന്റെ പ്രാധാന്യം കുറഞ്ഞു വരുന്നു.  ഇംഗ്ലീഷ് മീഡിയത്തില്‍ പഠിയ്ക്കുന്ന ഒരു കുട്ടിയ്ക്ക്  മറ്റു ഭാഷകളെപ്പോലെ മലയാളവും ഒരു വിഷയമായി ഉണ്ടെങ്കിലും അതിന്റെ ആഴത്തിലേയ്ക്ക് ഇറങ്ങി ചെന്ന് പഠിയ്ക്കാന്‍  ഒരവസരം ലഭിയ്ക്കുന്നില്ല. ഇതിനു ഒരു പരിധിവരെ ഉത്തരവാദി എന്റെ കുട്ടിയ്ക്ക് മലയാളത്തിലാണ് മറ്റു വിഷയങ്ങളേക്കാള്‍ കുറഞ്ഞ മാര്‍ക്ക് എന്ന് പറയുന്നതില്‍ അഭിമാനം കാണുന്ന മാതാപിതാക്കള്‍ തന്നെയാകാം. മലയാളത്തോട് മാതാപിതാക്കള്‍ കാണിയ്ക്കുന്ന ഈ അവഗണന കുട്ടികളില്‍ മലയാളത്തോടുള്ള അവജ്ഞ കൂടുതലാക്കുന്നു.

മറ്റു ഭാഷകളില്‍ നിന്നും വാക്കുകള്‍ മലയാളത്തിലേക്ക് ഇപ്പോള്‍ കടന്നുവരുന്നുണ്ടെങ്കിലും അത് നമ്മുടെ ഭാഷയെ മ്ലേച്ചമാക്കുന്ന വിധത്തിലാകാതിരിക്കാന്‍  എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. മലയാളഭാഷക്ക് ഇപ്പോള്‍ സ്രേഷ്ടപദവി ലഭിക്കുകയും മലയാളം സര്‍വകലാശാല സ്ഥാപിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ഇംഗളീഷ് ഭാഷയിലൂടെ മാത്രമേ ഭാവി കരുപ്പിടിപ്പിക്കാന്‍ കഴിയൂവെന്ന് ധരിക്കുന്ന പുതുതലമുറ അത് എത്രമാത്രം ഉപയോഗപ്രദമാക്കുമെന്ന് കണ്ടറിയേണം. ഒരു പക്ഷെ രാഷ്ട്രീയകാര്‍ക്ക് ധനം ചോര്‍ത്താനും ധനം ഉണ്ടാക്കാനുമുള്ള ഒരു കാമധേനുവായി അത് മാറിപോകാനും സാധ്യതകള്‍ ഉണ്ട്. അമേരിക്കയിലെ ന്യുയോര്‍ക്കില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന
ബമലയാളി വായിക്കുമ്പോള്‍  അവിടത്തെ മലയാളി എഴുത്തുകാരുടെ രചനകള്‍ ധാരാളം  കാണാറുണ്ട്. ഏഴാക്കടലിന്നക്കരെ ജീവിതായോധനത്തിനായി കുടിയേറിപ്പാര്‍ത്തവര്‍ അവരുടെ ഭാഷയും സംസ്ക്കാരവും നിലനിര്‍ത്തുന്നത് അഭിമാനകരം. ഈ അവസരത്തില്‍ ഇബമലയാളിയുടെ സേവനവും പ്രശംസനീയം തന്നെ. അമേരിക്കയില്‍ ഒരു മലയാള സാഹിത്യം വളരുന്നു എന്നത് തന്നെ പലര്‍ക്കും അത്ഭുതമായി തോന്നാം. 

സ്വന്തം സംസ്ഥാനം വിട്ടു മറ്റു സംസ്ഥാനങ്ങളില്‍ ജീവിയ്ക്കുന്നവരാണെങ്കില്‍ അവരുടെ പുതു തലമുറയ്ക്ക്  പാഠ്യ വിഷയമായിട്ടുപോലും മാതൃഭാഷയുമായി ബന്ധമില്ലാതാകുന്നു. മാതൃ ഭാഷയെ പരിപോഷിപ്പിയ്ക്കുന്നതിനും, പ്രവാസികള്‍ക്കിടയില്‍ പ്രചരിപ്പിയ്ക്കുന്നതിനും  മലയാള മിഷന്റെയും അതുപോലുള്ള മറ്റു  സംരംഭങ്ങളുടെയും അന്യസംസ്ഥാനങ്ങളിലുള്ള പ്രവര്‍ത്തനം ശക്തമാണെന്ന് പറയാം. അവരുടെ പ്രവര്‍ത്തനം കൊണ്ട് കേരളത്തിലെ കുട്ടികളെക്കാള്‍ കൂടുതല്‍ സ്ഫുടതയോടെ മലയാളം വായിക്കുകയും എഴുതുകയും ചെയ്യുന്ന കുട്ടികളെ പല വേദികളിലും കാണാന്‍ കഴിഞ്ഞത് ഒരു അതിശയമായി തോന്നാറുണ്ട്. ആ കുട്ടികള്‍ക്ക് മലയാളം പഠിയ്‌ക്കേണ്ടതായ ഒരു ആവശ്യകതയും വിദ്യാഭ്യാസരംഗത്ത് ഇല്ല . എങ്കിലും മാതൃ ഭാഷയോടുള്ള അവരുടെ താല്പര്യം മാത്രമാണ് ഇത് എന്നത് അഭിമാനത്തോടെ അവകാശപ്പെടാം. തീര്‍ച്ചയായും അഭിനന്ദിയ്‌ക്കേണ്ടത് ഈ കുട്ടികളുടെ മാതാപിതാക്കളെ തന്നെയാണ്.

എല്ലാ ഭാഷയുടെയും വളര്‍ച്ച എഴുത്തിലും വായനയിലും അധിഷ്ഠിതമാണ്. നമ്മുടെ മാതൃഭാഷയായ മലയാളത്തത്തെ കുറിച്ച പറയുകയാണെങ്കില്‍, ഈ കാലഘട്ടത്തില്‍ വായനയും എഴുത്തും താരതമ്യേന കുറഞ്ഞു എന്ന് പരക്കെ പറയാറുണ്ട്. എന്നാല്‍ എഴുത്തും വായനയും കുറഞ്ഞിട്ടില്ല. ഇത് രണ്ടും ഇന്ന് തുടരുന്നത് സോഷ്യല്‍ മീഡിയകളിലാണെന്ന വ്യത്യാസം മാത്രമേ സംഭവിച്ചിട്ടുള്ളൂ. എഴുതാനും വായിക്കാനും പുസ്തകങ്ങളെ ആശ്രയിച്ചിരുന്ന കാലഘട്ടത്തെ സ്വഭാവത്തില്‍ നിന്നും മാറ്റം സംഭവിച്ചിരിയ്ക്കുന്നു എന്ന് മാത്രം. ഇന്ന് എന്ത് വായിയ്ക്കണം  , എന്തെഴുതണം എന്നൊന്നില്ല. എല്ലാം വായിയ്ക്കുന്നു, തോന്നിയതെല്ലാം എഴുതുന്നു. പ്രത്യേകിച്ചും ഫെയ്‌സ് ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയകളില്‍ കൊള്ളാകുന്നതും കൊള്ളരുതാത്തതുമായ ഒരുപാട് കാര്യങ്ങള്‍ എഴുതി വായിയ്ക്കപ്പെടുന്നു.

എല്ലാ ആഴ്ചാവസാനങ്ങളിലും കേരളത്തില്‍ ഏകദേശം ഒരു അമ്പതു പുസ്തകമെങ്കിലും പ്രകാശനം ചെയ്യപ്പെടുന്നു എന്ന് ഈ  അടുത്തകാലത്ത് എവിടെയോ വായിച്ചതായി ഓര്‍ക്കുന്നു. അപ്പോള്‍ ഇവിടെ പുതിയ പുസ്തകങ്ങളും, എഴുത്തുകാരും ജനിയ്ക്കുന്നുണ്ട്. എന്നാല്‍ ഈ പ്രകാശനം ചെയ്യപ്പെടുന്ന ഇത്രയും പുസ്തകങ്ങളുടെ നിലവാരം പറയാന്‍ കഴിയില്ല. തന്നെയുമല്ല പുസ്തകങ്ങള്‍ വിജ്ഞാനപ്രദമാകുന്നതിനു പകരം പലപ്പോഴും വായനക്കാരെ തെറ്റായ വഴിയിലേക്ക് നയിക്കുന്നവയാകാറുമുണ്ട്. പുസ്തകങ്ങള്‍ സുലഭമായി ലഭിയ്ക്കുന്നു എന്നാല്‍ അവയ്ക്ക് വേണ്ട പുസ്തകവായനാ ശീലം ഇന്നില്ല എന്നതുകൊണ്ടുതന്നെ പുറത്തിറക്കുന്ന ഓരോ പുസ്തകങ്ങള്‍ക്കും വേണ്ടത്ര പ്രാധാന്യം ലഭിയ്ക്കുന്നില്ല എന്ന് മാത്രമല്ല അതില്‍ കരുത്തായവ പലതും ശ്രദ്ധിയ്ക്കപ്പെടാതെ പോകുന്നു.

എത്രയോ ഭാഷകള്‍ നാവില്‍ വഴങ്ങുന്ന ആളായാലും ദേഷ്യമോ പെട്ടെന്ന് എന്തെങ്കിലും നടുക്കമോ പറ്റിയാല്‍ അറിയാതെ നാവില്‍ നിന്നും വീഴുന്നത് മാതൃഭാഷ തന്നെ ആകും എന്ന് തമാശയായി പറയുമെങ്കിലും നൈസര്‍ഗ്ഗികമായ മനുഷ്യന്റെ ഈ സ്വഭാവം കാണിയ്ക്കുന്നത് ഓരോ മനുഷ്യനിലും അവന്റെ മാതൃഭാഷയോടുള്ള അവിഭാജ്യമായ ബന്ധത്തെയാണ്.  മലയാളിയെ മലയാളത്തിലൂടെ  തന്നെ എവിടെയും തിരിച്ചറിയട്ടെ .

ഓരോ ഭാഷാസ്‌നേഹിയും അവരുടെ മാതൃഭാഷക്ക് ഗുണകരമായ എന്തെങ്കിലും ചെയ്തു നമ്മുടെ മലയാളത്തെ ധന്യമാക്കേണ്ടതാണ്. മലയാളം സര്‍വകലാശാല മലായാള ഭാഷയും, സാഹിത്യവും  പഠിക്കുന്നവര്‍ക്ക് അവാര്‍ഡുകള്‍ നല്‍കുമെന്ന് വാര്‍ത്തകള്‍  ഉണ്ടായിരുന്നു. ഭാഷാസ്‌നേഹികളായ പ്രവാസി മലയാളികള്‍, പ്രത്യേകിച്ചും അമേരിക്കന്‍ മലയാളികള്‍ തന്നെയാകട്ടെ ഇതിനു അര്‍ഹരായവര്‍ എന്ന് പ്രത്യാശിയ്ക്കട്ടെ.  

ജനനി ജയിക്ക നീണാള്‍ മലയാളമേ ....

Join WhatsApp News
Rathish Nambiar 2020-02-22 12:52:45
മാതൃഭാഷയുടെ പ്രാധാന്യവും അതിനു ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്ന അപചയത്തെപറ്റിയും ശക്തമായി പ്രതിപാദിക്കുന്ന ലേഖനം...
amerikkan mollakka 2020-02-22 15:02:46
നമ്പ്യാർ സാഹിബാ അസ്സലാമു അലൈക്കും.. ഞമ്മന്റെ ഭാഷക്ക് ശുദ്ധി പോരായെന്നറിയാം. എന്നാലും ഞമ്മക്ക് മലയാളം ഇസ്ട്ടമാണ് പക്ഷെ ഞമ്മൾക്ക് ഞമ്മടെ ഉമ്മാന്റെ ഭാഷ മുഖ്യം. മാതൃഭാഷ. ഉമ്മ അന്നത്തെ പത്താം ക്ളസ്സൊക്കെ പഠിച്ചതാ എന്നാലും ഉമ്മാന്റെ ഭാഷ ഇങ്ങള് എയ്തുന്ന പോലെയല്ല. സാഹിബ ഇങ്ങള് ഇമലയാളിയെ കുറിച്ച് എയ്തിയത് പരമാർത്ഥം. ഇമലയാളി എയ്ത്തുകാർക് അവാർഡ് കൊടുക്കുന്നു ഭാഷയെ ഇവിടെ ഉത്സാഹിപ്പിക്കുന്നു. ഇങ്ങടെ ലേഖനം നന്നായിരുന്നു. ഞമ്മടെ പേരിൽ ചില പഹയന്മാർ കമന്റിടുന്നുണ്ട്. ബായനക്കാർക്ക് ശരിയായ മൊല്ലാക്കയെ . മനസ്സിലാക്കാൻ മുസീബത്തു ഉണ്ടാകില്ലെന്ന് ഞമ്മള് കരുതുന്നു. നമ്പ്യാർ സാഹിബ പടച്ചോൻ ഇങ്ങക്ക് എല്ലാബിധ അനുഗ്രഹങ്ങളും തരട്ടെ.
Sudhir Panikkaveetil 2020-02-22 22:08:47
അമേരിക്കയിൽ ഒരു മലയാള സാഹിത്യ ശാഖാ വളരാൻ മുഖ്യ പങ്കു വഹിക്കുന്ന ഇ മലയാളിയെപ്പറ്റി മുംബയിൽ നിന്ന് ഒരു എഴുത്തുകാരി എഴുതുന്നു. പ്രതിവർഷം ഇ മലയാളി എഴുത്തുകാർക്ക് നൽകുന്ന അവാർഡ് ദാന ചടങ്ങു സ്പോൺസർ ചെയ്യാൻപോലും ഒരു സംഘടനയോ/ ധനികരായ വ്യാപാരികളോ വരുന്നത് കാണുന്നില്ല. മറിച്ച് ഇവരൊക്കെ നാട്ടിലേക്ക് ഓടുന്നത് കാണാം.നാട്ടിൽ നിന്നും ഒരാളെ പോലെ കൊണ്ട് വരാതെ ഇപ്പോൾ ഇത് ഏഴാമത്തെ വർഷം അവരുടെ അവാർഡ് ദാന ചടങ് നടത്തുന്നുവെന്നത് അഭിമാനകരമാണ്. ശ്രീമതി നമ്പ്യാർ പതിവുപോലെ അവരുടെ ലേഖനം മികവുള്ളതാക്കി. മലയാളം സർവ്വകലാ ശാല കാരുടെ പുരസ്കാരങ്ങൾ അമേരിക്കൻ മലയാളികൾക്ക് ലഭിക്കട്ടെ എന്നവർ ആശംസിക്കുന്നു. ഇവിടത്തെ പ്രമുഖ സംഘടനകൾ അവരുടെ സോവനീറിലേക്ക് നാട്ടിൽ നിന്നുള്ള എഴുത്തുകാരെ സമീപിക്കുന്നുവെന്നു ഇവിടെയുള്ളവരെയല്ല എന്ന സത്യം ശ്രീമതി നമ്പ്യാർക്ക് അറിയുകയില്ലല്ലോ. ശ്രീമതി നമ്പ്യാർ നല്ല ലേഖനത്തിനു അഭിനന്ദനം. വിവരങ്ങൾ കുറേക്കൂടി ഉൾപ്പെടുത്തി അപഗ്രഥനം ചെയ്യാമായിരുന്നു.
Girish Nair 2020-02-23 14:03:13
ശ്രീമതി ജ്യോതിലക്ഷമി തന്റെ ലേഖനത്തിൽ ഫെബ്രുവരി 21 അന്തർദേശീയ മാതൃദിനമായി ആഘോഷിക്കപ്പെടുന്നു എന്ന് എഴുതി കണ്ടു. അതിൽ ഒരു തിരുത്ത് "അന്തർദേശീയ മാതൃദിനം മേയ് 10ന്" ആണ് ആഘോഷിക്കപ്പെടുന്നത്. ഇത് മാതൃഭാഷ ദിനം ആണ്. ഒരു വ്യക്തിക്ക് തന്റെ ജീവിതത്തിൽ എപ്പോഴും സഹായകമായി വരുന്നത് തന്റെ മാതൃഭാഷ തന്നെ. നമ്മെ സംസാരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതും ചിരിപ്പിക്കുന്നതും അശ്വസിപ്പിക്കുന്നതും മാതൃ ഭാഷയിലൂടെയാണ്. മാതൃഭാഷ വിദ്യാഭാസത്തിന്റെയും ഒപ്പം ജീവിതത്തിന്റെയും അടിസ്ഥാന ശില തന്നെയാണ്. നമ്മുടെ മാതൃഭാഷക്ക് വേണ്ടത്ര പ്രാധാന്യം നമ്മൾ കൊടുക്കുന്നില്ല. മാതൃ ഭാഷയോടുള്ള ജനങ്ങളുടെ മനോഭാവം വളരെ വേദനാജനകം തന്നെ. ശ്രീമതി ജ്യോതിലക്ഷമി തന്റെ ലേഖനത്തിൽ പറഞ്ഞിരിക്കുന്നതുപോലെ തന്റെ കുട്ടിക്ക് കാഠിന്യമേറിയ വിഷയം മലയാളമാണ്‌ എന്ന്‌ അഭിമാനത്തോടെ ആണ് ചിലരെങ്കിലും പറയുന്നത്. അമ്മയ്ക്ക് തുല്യമായ സ്ഥാനമാണ് നാം മാതൃഭാഷക്ക് കൊടുക്കേണ്ടത്. ലേഖനം കുറച്ചകൂടി വിപുലീകരിക്കാമായിരുന്നു. മാതൃഭാഷ സ്നേഹിയായ ശ്രീമതി ജ്യോതിലക്ഷമിക്ക് എല്ലാ നന്മകളും നേരുന്നു.
Das 2020-02-24 00:33:28
‘Mathrubhasha Day’ - Versatile in general; the message that you chose to pen down in this emerging scenario, reiterating the significance of mother-tongue is indeed a value-adding to common mass across the globe . . . People who think outside the box are often labelled as Best and that makes you trendy, a very good efforts & learning reflects overall … Keep it up !!!
Giri warrier 2020-02-24 08:02:39
മലയാളം എഴുതാനും വായിക്കാനും പറയാനും കഴിവുള്ള പലരും മറ്റൊരു സ്ഥലത്തെത്തിചേർന്നാൽ അവിടുത്തെ ഭാഷ പഠിച്ച് വീട്ടിൽ പോലും തമ്മിൽ തമ്മിലുള്ള സംസാരം ആ ഭാഷയിലേക്ക് മാറ്റുന്നത് നല്ല പ്രവണതയല്ല. നിലനിൽപ്പിന് ഭാഷ പഠിക്കുന്നതിൽ തെറ്റില്ല പക്ഷെ മലയാലം കൊർശ്ശേ കൊർശ്ശേ അരിയാം എന്ന് മക്കൾ പറയുന്നത്കേട്ട് അഭിമാനിക്കുന്നത് നല്ലതല്ല. ഞാൻ അഭിമാനിക്കുന്നു മലയാളം അറിയുന്നതിൽ മലയാളി ആയതിൽ.. വളരെ നല്ല ലേഖനം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക