Image

'നിന്റെ ഭാര്യയായി രാധിക മതിയോ എന്ന് ഇനി നീ തീരുമാനിക്ക്': ഷൂട്ടിംഗിനിടയിലാണ് അച്ഛന്‍ ഇതു പറയുന്നത്

Published on 21 February, 2020
'നിന്റെ ഭാര്യയായി രാധിക മതിയോ എന്ന് ഇനി നീ തീരുമാനിക്ക്': ഷൂട്ടിംഗിനിടയിലാണ് അച്ഛന്‍ ഇതു പറയുന്നത്

രാഷ്‌ട്രീയ പ്രവേശനവും തുടര്‍ന്നുള്ള തിരക്കുകള്‍ക്കുമിടയില്‍ സുരേഷ് ഗോപിയിലെ നടനെ മലയാളിയ്‌ക്ക് ഇടയ്‌ക്കെങ്ങോ നഷ്‌ടമായിരുന്നു. ഇപ്പോഴിതാ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ താരം തന്നെ ആ നഷ്‌ടം നികത്തിയിരിക്കുയാണ്. ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകര്‍ സുരേഷ് ഗോപിയെ ആവശ്യമുണ്ട് എന്ന് ടാഗ് ലൈന്‍ സിനിമയ്‌ക്ക് അനൗപചാരികമായി ചാര്‍ത്തി നല്‍കിയിരിക്കുകയാണ്. അനൂപ് സത്യന്‍ സംവിധാനം ചെയ‌്ത ചിത്രത്തില്‍ മികച്ച വരവ് തന്നെയാണ് സുരേഷും ശോഭനയും നടത്തിയിരിക്കുന്നത്.


സിനിമാത്തിരക്കുകള്‍ക്ക് ഒപ്പം കുടുംബത്തിനൊപ്പവും സമയം ചെലവഴിക്കുന്ന താരവുമാണ് സുരേഷ് ഗോപി. കുടുംബത്തിനൊപ്പമുള്ള ഫോട്ടോകള്‍ സുരേഷ് ഗോപി പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്‌ക്കാറുണ്ട്. ഏറ്റവുമൊടുവിലായി എങ്ങനെയാണ് തന്റെ വിവാഹം നടന്നത് എന്നതിന്റെ കാര്യങ്ങള്‍ സുരേഷ് ഗോപി ഒരു ചാനലിന്റെ പ്രോഗ്രാമില്‍ വ്യക്തമാക്കിയിരിക്കുകയാണ്.


അച്ഛനും അമ്മയും ആലോചിച്ച്‌ ഉറപ്പിച്ച വിവാഹമായിരുന്നു തന്റേതെന്ന് സുരേഷ് ഗോപി പറയുന്നു. പെണ്ണ് കണ്ട കാര്യം ഫോണിലൂടെയാണ് അച്ഛന്‍ പറയുന്നത്. അച്ഛനും അമ്മയുടെയും നിശ്ചയത്തിനാണ് താന്‍ മതിപ്പ് കല്‍പ്പിക്കുന്നത് എന്ന് പറഞ്ഞതായും സുരേഷ് ഗോപി പറയുന്നു. അന്ന് ഞാന്‍ കൊടൈക്കനാലില്‍ ഒരു സിനിമയുടെ ചിത്രീകരണത്തില്‍ പങ്കെടുക്കുകയായിരുന്നു. അപ്പോഴാണ് അച്ഛന്‍ ഫോണില്‍ വിളിക്കുന്നത്. 1989 നവംബര്‍ 18ന്. ഞങ്ങള്‍ കണ്ടു, ഞങ്ങള്‍ക്ക് ഞങ്ങളുടെ മകളായി മരുമകളായി രാധിക മതി, നിനക്ക് നിന്റെ ഭാര്യയായി രാധിക മതിയോ എന്ന് നീ വന്നു കണ്ട് തീരുമാനിക്കണം എന്നായിരുന്നു അച്ഛന്‍ ഫോണില്‍ പറഞ്ഞത്. നമുക്ക് വീട്ടിലേക്ക് വേണ്ടത് ഒരു മകളാണ്. കാരണം നിങ്ങള്‍ക്ക് നാല് കൊമ്ബന്‍മാരാണ്. ഞങ്ങള്‍ നാല് സഹോദരന്മാരാണ്. പെണ്‍കുട്ടികള്‍ ഇല്ല. ആദ്യമായി നമ്മുടെ കുടുംബത്തിലേക്ക് വലതുകാല്‍ വച്ച്‌ കയറുന്നത് ഒരു മകളാകണമെങ്കില്‍ നിങ്ങളുടെ നിശ്ചയത്തിനാണ് ഞാന്‍ മതിപ്പ് കല്‍പ്പിക്കുന്നത്. എനിക്ക് പെണ്ണ് കാണണ്ട. ഞാന്‍ കെട്ടിക്കോളാം എന്ന് മറുപടി പറഞ്ഞതായും സുരേഷ് ഗോപി പറയുന്നു. ഗോപിനാഥന്‍ പിള്ളയുടെയും വിജ്ഞാനലക്ഷ്‌മിയുടെയും മകനായ സുരേഷ് ഗോപിയും രാധികയും തമ്മിലുള്ള വിവാഹം 1990 ഫെബ്രുവരി എട്ടിനായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക