Image

പ്രണയം (ഷാജു ജോണ്‍)

Published on 14 February, 2020
പ്രണയം (ഷാജു ജോണ്‍)
പ്രണയദിനം ....
ജനല്‍ പാളിയുടെ മങ്ങിയ ചില്ലുകളില്‍
പെയ്തുതീരാപ്രണയ  കുറിപ്പുമായ് 
ചാറ്റല്‍മഴ .......
തിരയടങ്ങാത്ത കാതലിന്‍  രൂപമാം  
ത്രിമാന ഹൃദയ ചിത്രങ്ങള്‍  തീര്‍ക്കുന്നു 

പൊടി മൂടിയൊരോര്‍മത്താളുകള്‍ക്കിടയില്‍     
എന്നോ ഒളിച്ചോരു  വാലന്‍ന്റൈന്‍ വരികള്‍
ഇരച്ചിരച്ചെത്തുന്നു  മഴമേഘങ്ങള്‍ക്കൊപ്പം
ഇഴ ചേര്‍ത്തെന്നുള്ളിലിന്നലസമായ്  

ബ്രിഗേഡിയര്‍ ഇസ്ലിയുടെ  കഥ
വായിച്ചതെന്നെന്നോ എഴുതിയതാരെന്നോ ഓര്‍മയില്ല  
മറവി അവയെ താക്കോലില്ലാ ലോക്കറില്‍ പൂട്ടിയിരിക്കുന്നു
ഋതുക്കള്‍ പലതും മാറി മറിഞ്ഞിട്ടും
ആ പ്രണയകാവ്യം..............
എരിയുന്ന കനലില്‍ നീറുന്നൊരോര്‍മ്മയായ്
ഇന്നുമെന്നുള്ളില്‍ കുരുങ്ങികിടക്കുന്നു 

ഇസ്ലി സായിപ്പിന്റെ  ഒഴിവുകാല വസതി  
മുന്തിരി വള്ളികള്‍ പൂക്കാന്‍ തുടങ്ങുന്നു
ചെത്തിമിനിക്കിയ  പുല്‍ത്തകിടിയില്‍ 
ചെടികളും വര്‍ണപൂക്കളും മാത്രം
കൂറ്റന്‍ ഗേറ്റും, 'പ്രവേശനമില്ല' ബോര്‍ഡും
മറ്റുള്ളവര്‍ക്കവിടതിര്‍ത്തി വരക്കുന്നു
പകലോന്‍ മാത്രം അതിഥിയായെത്തും

ഒരു ദിവസം .....ഒരു വാലന്റൈന്‍ നാളില്‍
ആ ഇരുണ്ട ബംഗ്ലാവില്‍ പ്രകാശം പരന്നു
വിശാലമായ പുല്‍ തകിടിയില്‍ ഫൗണ്ടനുകള്‍
ജലചിത്രങ്ങള്‍ വരച്ചു
നിറമുള്ള ലൈറ്റുകള്‍ പൂക്കള്‍ക്ക് ഭംഗി കൂട്ടി 
ഗേറ്റിനു പുറത്തേക്കൊഴുകിയൊരിളംകാറ്റ്  
ആരോടോ പറഞ്ഞു ............  
'ഇന്ന് ബ്രിഗേഡിയരുടെ മോതിരമാറ്റം ആണ് ....'

മുറ്റത്ത് നിരയായി  കുതിരവണ്ടികള്‍ വന്നു
വിരുന്നുകാര്‍ ഒട്ടേറെ  തകിടിയില്‍ നിരന്നു 
ഇഷ്ടവിഭവങ്ങളും മുന്തിയ മദ്യവുമെത്തി
വീഞ്ഞിന്‍ ലഹരിയില്‍ എല്ലാം മറന്നവര്‍ ആടി   
ആനന്ദ ഗീതങ്ങള്‍ പൊഴിച്ച് ഗായകര്‍ പാടി

തന്ത്രീ നാദങ്ങള്‍ ഒരുക്കിയ ഈണങ്ങളുടെ 
താളത്തില്‍  അവള്‍  കടന്നുവന്നു ......
എലേന........
ബ്രിഗേഡിയരുടെ കാമുകി 
സ്ഫടിക വിശ്ലേഷ പ്രകാശ  തുല്യമാം  
മിഴികളിലെ  മാരിവില്ലിന്‍  വര്‍ണരാജികള്‍ 
ചിരിയുടെ മര്‍മരം കാറ്റാടി മരങ്ങള്‍
ഉതിര്‍ത്തുന്ന സാന്ദ്രസംഗീതത്തിനൊപ്പവും 

ബിഥോവന്‍റെ സുഖതാള സിംഫണിക്കൊപ്പം  
ബ്രിഗേഡിയര്‍ തന്‍ സ്‌നേഹം കുറിച്ച
വജ്ര മോതിരം
അവളുടെ നേര്‍ത്ത കൈവിരലുകളില്‍ അണിയിച്ചു
കരഘോഷമായിരം അമിട്ടിന് തുല്യമായ് ....
പൂത്തിരി വെട്ടമവിടം  പൂരപ്പറമ്പാക്കി

ആഘോഷം  നീണ്ടില്ല ..
ചാരനിറ കുതിരപ്പുറത്തൊരു ദൂതന്‍ എത്തി  
പട്ടാള തൊങ്ങല്‍ തൂങ്ങും കുറിപ്പയാള്‍ വായിച്ചു 
'യുദ്ധം തുടങ്ങുന്നു ഹാജരാവുക '

ബ്രിഗേഡിയരുടെ മുഖം മങ്ങി ഒപ്പം 
പുല്‍ത്തകിടിയിലെ വര്‍ണ വെളിച്ചങ്ങളും 
ഉള്ളില്‍  എവിടെക്കെയോ ശൂന്യത.....
ആ ശൂന്യതക്കകമ്പടിയായ് അതിഥികള്‍ ഒഴിഞ്ഞു 
ശ്മശാന മൂകത മാത്രം ബാക്കിയായി

റോസ് കര്‍ട്ടന്‍ പ്രകൃതി തന്‍ പരിമള ഗന്ധം 
മണിയറയിലേക്ക് ഒഴുക്കിയെന്നാലും 
അസ്വദിക്കാന്‍ അയാള്‍ക്കായതേയില്ല   
ജനലുകള്‍ ചേര്‍ത്തടച്ചയാള്‍  തനിക്കു ചുറ്റും
കൂരിരുട്ടിന്റെ പരവതാനി തീര്‍ത്തു 

മണിമഞ്ചലില്‍ അവള്‍ ഇരുന്നിരുന്നു
എലേന ... അതിരറ്റിഷ്ടമാണവളെ ..
അവളുടെ മുടിയിഴകള്‍ നീളെ നീളെ 
കണംകാലുകള്‍ക്കും താഴെ ആയിരുന്നു
ജാസ്മിന്‍ പൂക്കളുടെ   മാദക ഗന്ധം
അയാള്‍ക്കതിരറ്റുത്തേജനമായി 
അവളെ ചേര്‍ത്ത് പിടിച്ചലസമാം 
മുടിയിഴകളിലയാളുടെ കൈകള്‍ പരതി  
ചുണ്ടുകളിലെ മധു ഒപ്പിയെടുക്കാന്‍ മുന്നോട്ടാഞ്ഞു

പെട്ടെന്നെവിടെനിന്നോ യുദ്ധത്തിന്‍ തേരൊളി 
നാളെ യുദ്ധത്തിനായ് പോകേണം 
ലോകമഹായുദ്ധം ..
മറ്റൊരു തിരിച്ചു വരവിനായുസില്ല  
എലേനയൊത്തുള്ള അവസാന രാത്രി
അവളെ  ആര്‍ക്കും കൊടുക്കാന്‍  വയ്യ

ബ്രിഗേഡിയരുടെ കരുത്തുള്ള കരങ്ങള്‍
അവളെ ചുറ്റിവരിഞ്ഞു
ആ ആശ്ലേഷത്തില്‍.....ആ നിര്‍വൃതിയില്‍
അവള്‍ അലിഞ്ഞു ചേര്‍ന്നു .
നീളന്‍   മുടിയുടെ ഊഷ്മള ഗന്ധത്തില്‍
അയാളും അലിഞ്ഞു ചേര്‍ന്നു .

വീണ്ടും യുദ്ധകാഹളമയാളുടെ ചെവികളില്‍  
സംഘര്‍ഷത്തിന്‍ വേലിയേറ്റം ഉള്ളിലും
വയ്യ ...എനിക്കിവളെ പിരിയാന്‍ വയ്യ ..
മറ്റൊരാളോടൊത്തിവളെ കാണാനും വയ്യ

വീണ്ടും വീണ്ടുമവളുടെ മുടിയിഴകളില്‍ തഴുകി 

മൃദുവായോരോ ഇഴകളുമവളുടെ കഴുത്തില്‍ ചുറ്റി
ആ തഴുകലില്‍ അവള്‍ കൂടുതല്‍ ചേര്‍ന്ന് നിന്നു
ചുറ്റിയ മുടിയൊരു ഉരാകുടുക്കാക്കി വീണ്ടും തടവി  
അവള്‍ കൂടുതല്‍  കൂടുതല്‍ ചേര്‍ന്ന് നിന്നു
കത്രികപൂട്ടിട്ട മുടി കുരുക്കയാള്‍ മൃദുവായ് വലിച്ചു ....
കുരുക്കിന്‍ മൃദുലത കുറഞ്ഞു  വന്നു  ...
വലിയുടെ ശക്തി കൂടി കൂടിയും ....
ഓരോ വലിക്കുമവള്‍  കൂടുതല്‍ കൂടുതല്‍ തന്‍
പ്രാണനാഥന്റെ നെഞ്ചിലേക്ക് ചേര്‍ന്ന് നിന്നു .....

അവസാനം
അവളുടെ  ശരീരമയാളുടെ നെഞ്ചില്‍
ഒട്ടിപിടിച്ചപോല്‍  നിശ്ചലമായ്  .....
മുടി കുരുക്കവള്‍ക്കന്നു  മരണമാല്യമായ്       

പക്ഷെ ......
എലേനയുടെ നിഷ്കളങ്കമുഖത്തു
മരണത്തിന്‍ രൗദ്രഭാവമായിരുന്നില്ല
പ്രേമത്തിന്റെ, പ്രണയത്തിന്റെ,
ലോല ഭാവമായിരുന്നു ...
കാമുകന്റെ കരവലയം നല്‍കിയൊരു
ആത്മ സംതൃപ്തി തന്‍ നിര്‍വൃതി 
മരവിച്ച ദേഹം വിട്ടാത്മാവ് പറക്കുമ്പോള്‍  
അനന്തതയിലെവിടെയോ ഒരാര്‍ദ്ര ഗാനം

“പ്രിയനേ നമുക്കിനി സ്വര്‍ഗത്തില്‍ കാണാം 
പ്രണയദിനാശംസകള്‍ ....”

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക