Image

നായര്‍ സര്‍വീസ് സൊസൈറ്റി കുവൈറ്റ് മന്നം ജയന്തി ആഘോഷം 14 ന്

Published on 11 February, 2020
നായര്‍ സര്‍വീസ് സൊസൈറ്റി കുവൈറ്റ് മന്നം ജയന്തി ആഘോഷം 14 ന്
കുവൈത്ത് സിറ്റി: നായര്‍ സര്‍വീസ് സൊസൈറ്റി കുവൈറ്റ് സമുദായാചാര്യന്‍ മന്നത്ത് പത്മനാഭന്റെ 143-ാം മന്നം ജയന്തി ഫെബ്രുവരി 14 നു (വെള്ളി) ആഘോഷിക്കുന്നു. വൈകുന്നേരം നാലിന് ഖാലിദിയ ഹാളില്‍ നടക്കുന്ന പരിപാടിയില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജു നാരായണ സ്വാമി വിശിഷ്ട അതിഥിയായി പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

മത്സര പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികള്‍ക്കുള്ള സ്വര്‍ണ മെഡലും മന്നം ജയന്തി പുരസ്‌കാരവും സാംസ്‌കാരിക സമ്മേളന വേദിയില്‍ നല്‍കി ആദരിക്കും. ലോകപ്രശസ്ത മൃദംഗ വിദ്വാനായ, 5 ഗിന്നസ് റിക്കാര്‍ഡുകളോടെ കലാരംഗത്തു ശോഭിക്കുന്ന ഡോ:കുഴല്‍മന്ദം രാമകൃഷ്ണന്റെ നേതൃത്വത്തില്‍ നടത്തുന്ന മൃദു തരംഗം ഫ്യൂഷന്‍ & മേലഡീസ് എന്ന സംഗീത നിശയില്‍ പിന്നണി ഗായകന്‍ ശ്രീനാഥ്, പിന്നണി ഗായിക പാര്‍വതി മേനോന്‍,അഷ്ടപദി & ഇടക്ക ജ്യോതിദാസ് വയലിനിസ്റ്റ് ആദര്‍ശ്, കീബോര്‍ഡ് ബാബു,ഓടകുഴല്‍ ശ്രീഹരി,റിഥം പാഡ് കണ്ണന്‍ തുടങ്ങിയ പ്രമുഖ കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന മ്യൂസിക്കല്‍ ഫ്യൂഷനു അരങ്ങേറും.കോമഡി ഉത്സവം ഫെയിം സതീഷ് പാലക്കാട് അവതരിപ്പിക്കുന്ന മിമിക്രിയും ചടങ്ങിനു മാറ്റു കൂട്ടും.

ജനുവരി 24 നു നടത്താനിരുന്ന ആഘോഷ പരിപാടികള്‍ ചില സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവച്ച പരിപാടിക്ക് വിതരണം ചെയ്തിരുന്ന പ്രവേശനപാസുകള്‍ പ്രസ്തുത പരിപാടിക്ക് ഉപയോഗിക്കാവുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.

15നു (ശനി) ഉച്ചകഴിഞ്ഞു 2 മുതല്‍ ഡോ.രാജു നാരായണസ്വാമി വിദ്യാര്‍ഥികള്‍ക്കായി ഒരുക്കിയിട്ടുള്ള പഠനക്ലാസ് അബാസിയ സ്മാര്‍ട്ട് ഇന്ത്യന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. 'വ്യക്തിത്വ വികസനവും ഉന്നത വിദ്യാഭ്യസത്തിലെ പുതിയ അവസരങ്ങളും' എന്ന വിഷയത്തില്‍ സംഘടിപ്പിച്ചിട്ടുള്ള പഠനക്ലാസില്‍ എല്ലാ രക്ഷിതാക്കളും കുട്ടികളോടൊപ്പം പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് പ്രസാദ് പത്മനാഭന്‍, ജനറല്‍ സെക്രട്ടറി സജിത്ത് സി. നായര്‍, ട്രഷറര്‍ ഹരികുമാര്‍ എന്നിവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക