Image

എയ്‌റോബിക്‌സ് അല്‍സ്‌ഹൈമേഴ്‌സ് രോഗത്തിനു പ്രതിവിധി

Published on 10 February, 2020
എയ്‌റോബിക്‌സ് അല്‍സ്‌ഹൈമേഴ്‌സ് രോഗത്തിനു പ്രതിവിധി
എയ്‌റോബിക് വ്യായാമം പതിവാക്കുന്നത് ശാരീരികാരോഗ്യം മാത്രമല്ല ഓര്‍മശക്തിയും മെച്ചപ്പെടുത്തുമെന്നും ഇത് അല്‍സ്‌ഹൈമേഴ്‌സ് രോഗത്തില്‍നിന്നു സംരക്ഷണമേകുമെന്നും പഠനം.

ചടഞ്ഞുകൂടി ഇരിക്കുന്നവരില്‍ പോലും വ്യായാമശീലം ഉണ്ടാക്കിയാല്‍ അല്‍സ്‌ഹൈമേഴ്‌സില്‍നിന്ന് തലച്ചോറിന് സംരക്ഷണം നല്‍കാമെന്ന് യുഎസിലെ വിസ്‌കോന്‍സിന്‍ സര്‍വകലാശാലയിലെ ഗവേഷകന്‍ ഒസിയോമ സി ഒകോന്‍ക്വോ പറയുന്നു.

അല്‍സ്‌ഹൈമേഴ്‌സ് രോഗത്തിനു ജനിതക സാധ്യത ഉള്ള 23 ചെറുപ്പക്കാരിലാണ് പഠനം നടത്തിയത്. ഇവര്‍ വ്യായാമം ശീലമാക്കാത്തവരും ആയിരുന്നു.

ഇവര്‍ കാര്‍ഡിയോ റെസ്പിറേറ്ററി ഫിറ്റ്‌നസ് പരിശോധന, ദിവസവുമുള്ള ശാരീരികപ്രവര്‍ത്തനങ്ങളുടെ അളവ്, ബ്രെയ്ന്‍ ഗ്ലൂക്കോസ് മെറ്റബോളിസം ഇമേജിങ്, ബുദ്ധി പരിശോധനകള്‍ എന്നിവയ്ക്ക് വിധേയരായി.

ഇവരില്‍ പകുതി പേര്‍ക്ക് ആക്ടീവ് ആയ ജീവിതശൈലി നിലനിര്‍ത്താനുള്ള വിവരങ്ങള്‍ പകര്‍ന്നു നല്‍കി. ബാക്കിയുള്ളവര്‍ക്ക് ഒരു പഴ്‌സനല്‍ ട്രെയ്‌നറെ വച്ച് ട്രെഡ്മില്‍ പരിശീലനം നല്‍കി. ആഴ്ചയില്‍ മൂന്നു തവണ വീതം 26 ആഴ്ച വരെ പരിശീലനം നീണ്ടു.

സാധാരണ വ്യായാമം ചെയ്യുന്നവരെ അപേക്ഷിച്ച് ട്രെയ്‌നിങ് പ്രോഗ്രാമില്‍ പങ്കെടുത്തവരുടെ കാര്‍ഡിയോ റസ്പിറേറ്ററി ഫിറ്റ്‌നസ് മെച്ചപ്പെട്ടതായും ബൗദ്ധിക പരീക്ഷകളില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചതായും കണ്ടു. ആസൂത്രണം, ശ്രദ്ധകേന്ദ്രീകരിക്കല്‍, നിര്‍ദേശങ്ങള്‍ ഓര്‍ത്തുവയ്ക്കല്‍, ഒന്നിലധികം പ്രവ!!ൃത്തികള്‍ വിജയകരമായി പൂര്‍ത്തിയാക്കുക തുടങ്ങിവയിലെല്ലാം മികച്ച പ്രകടനം കാഴ്ച വച്ചു.

കാര്‍ഡിയോ റസ്പിറേറ്ററി ഫിറ്റ്‌നസ് മെച്ചപ്പെട്ടതോടെ അല്‍സ്‌ഹൈമേഴ്‌സുമായി ബന്ധപ്പെട്ട തലച്ചോറിലെ പോസ്റ്റീരിയര്‍ സിംഗുലേറ്റ് കോര്‍ട്ടക്‌സിലെ ബ്രെയ്ന്‍ ഗ്ലൂക്കോസ് മെറ്റബോളിസം വര്‍ധിച്ചു.

പതിവായുള്ള എയ്‌റോബിക് വ്യായാമം ജീവിതശൈലിയുടെ ഭാഗമാക്കുന്നത് തലച്ചോറിന്റെ ബൗദ്ധിക പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതായി പഠനത്തില്‍ തെളിഞ്ഞു. അല്‍സ്‌ഹൈമേഴ്‌സിന്റെ കുടുംബചരിത്രം ഉള്ളവരില്‍ എയ്‌റോബിക് വ്യായാമത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ഈ പഠനം ഏറെ പ്രധാനമാണ്. ബ്രെയ്ന്‍ പ്ലാസ്റ്റിസിറ്റി എന്ന ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക