Image

എന്റെ പ്രീഡിഗ്രി കാലം (കഥ:സുഭാഷ് പേരാമ്പ്ര)

Published on 08 February, 2020
എന്റെ പ്രീഡിഗ്രി കാലം (കഥ:സുഭാഷ് പേരാമ്പ്ര)
ഇന്ന് ഞങ്ങള്‍ ഒരുമിച്ചുള്ള കലാലയ ജീവിതത്തിന്റെ  അവസാന ദിവസമാണ്. !!!
ഇനി ഒരു കണ്ടുമുട്ടല്‍ പോലും ഒരിക്കലും ഉണ്ടായെന്നു വരില്ല.രണ്ട് വഴികളിലായി പിരിയുന്ന ദിവസം............
ഞാന്‍ എക്‌സാം കഴിഞ്ഞു പുറത്തിറങ്ങുമ്പോള്‍ അവള്‍  അടുത്ത മുറിയിലിരുന്നു ഷാളുകള്‍ക്കുളില്‍  ഒളിപ്പിച്ചുവെച്ച കടലാസ് തുണ്ടുകള്‍ നോക്കി പരീക്ഷ പേപ്പറില്‍  പകര്‍ത്തിയെഴുതുന്ന തിരക്കിലായിരുന്നു..........
അവളുടെ ആ തന്റേടം അതുതന്നെയായിരുന്നു
എനിക്കവളോടുള്ള ഇഷ്ടവും... എന്റെ ഏറ്റവും വലിയ ഭയവും!!!!!!!ഇതുവരെ എന്റെ മനസ്സില്‍ കാത്തുസൂക്ഷിച്ചതോന്നും  പറയാന്‍ കഴിയാതെ പോയതും.................

കുറേ ദിവസങ്ങള്‍ക്കു മുമ്പ് അവള്‍ക്ക് വേണ്ടി എഴുതിവെച്ച എന്റെ  ആദ്യത്തെയും അവസാനത്തെയും പ്രണയലേഖനം... !!!
ആ വരികള്‍ ഓര്‍മ്മയില്‍ നിന്നും ഇപ്പോഴും മഞ്ഞുപോയിട്ടില്ല.

 *നിനക്ക് ,*
"മാനം കാണാത്ത മയില്പീലികള്‍ പുസ്തകത്താളില്‍ പെറ്റുപെരുകുന്നതും കാത്ത്..........

ഒരിക്കലും പെറ്റുപെരുകാത്ത ആ മയില്‍പീലി തുണ്ടുകള്‍...
ഇന്നും ഓര്‍മ്മയില്‍ ഒരു നോവായി... വിങ്ങലായി....

നീ എനിക്ക് പ്രണയം തരാത്ത പ്രണയിനിയാണ്..
സൗഹൃദം തരാത്ത സുഹൃത്താണ്......

ഓര്‍മ്മയില്‍ ഒരിക്കല്‍ മാത്രമേ നമ്മള്‍ ഒരുമിച്ചു കുന്നിറങ്ങിട്ടുള്ളൂ.............
നീ ഒരുപാട് കാര്യങ്ങള്‍ പറഞ്ഞതും.....
ഞാന്‍ ഒന്നും പറയാതെ പരിഭ്രാന്തിയോടെ  എല്ലാം കേട്ടുകൊണ്ട് കൂടെ നടന്നതും............
ഒടുവില്‍ ഒന്നുമറിയത്തെ ബസ്‌റ്റോപ്പില്‍ എത്തിയതും.നീ തിരക്കില്‍ യാത്രപോലും പറയാതെ ബസ്സില്‍ കയറിപോയതും..........ഒരു മുറിപ്പാടായി മനസ്സിലിന്നുമുണ്ട്....

എനിക്ക്,
മരിക്കാത്ത ഓര്‍മ്മകള്‍ സമ്മാനിച്ചത്തിനു..........
പ്രണയത്തിന്റെ നോവും നൊമ്പരവും തന്നതിന്....
ഒരു പൂര്‍വ്വകാല പ്രണയത്തിന്റെ ഓര്‍മ്മകള്‍ക്ക് മുകളില്‍ കോടയിറക്കിയതിന്ന്.
എല്ലാത്തിനും ഒരുപാട്  നന്ദി...

ഒരു സുഹൃത്തായി സൗഹൃദം  പങ്കിടാന്‍  കഴിയാത്തതില്‍...
ഒരു സഹോദരിയെ പോലെ സ്‌നേഹിക്കാന്‍ കഴിയാത്തതില്‍....
ഒരു സഹപാഠിയായി കൂടെ നടന്നു ഒരുപാട്
ഓര്‍മ്മകളും........
കുറേ  നല്ല  നിമിഷങ്ങളും തരാന്‍ കഴിയാതെ പോയതില്‍.............
എല്ലാത്തിനും മാപ്പ് !!!!!

പക്ഷെ അന്നും എനിക്കതവള്‍ക്കു  കൊടുക്കാനുള്ള ധൈര്യമില്ലായിരുന്നു.
ഒടുവില്‍ അത്തോളിക്കാരി  സുഹൃത്ത് നമിതയുടെ കൈയില്‍ ഏല്‍പ്പിച്ചു....
എന്നെന്നേക്കുമായി
എന്തെക്കൊയോ നഷ്ട്ടപ്പെട്ട വേദയോടെ... ഇടക്കിടെ ആരും കാണാതെ തൂവാല കൊണ്ട് കണ്ണ് തുടച്ചുകൊണ്ട് കുന്നിറങ്ങുമ്പോള്‍ കൂടെ നടക്കാനും ആശ്വസിപ്പിക്കാനും സുഹൃത്തായ  തൃക്കുറ്റിശ്ശേരിക്കാരന്‍ പ്രബീഷ്  കൂടെ  ഉണ്ടായിരുന്നു.സുഖവും ദുഃഖവും പങ്കുവെക്കാന്‍ അന്നൊക്കെ അവന്‍ എപ്പോഴും ഒപ്പമുണ്ടായിരുന്നു.

അന്ന്  നമിത അവളെ കണ്ടെന്നോ...?
ആ കത്ത്  അവള്‍ക്ക്  കൊടുത്തെന്നോ ഒന്നും എനിക്ക് പിന്നീട് അറിയില്ലായിരുന്നു..........

കുറെ കാലം അവള്‍ മനസ്സില്‍ ഒരു നീറുന്ന ഓര്‍മ്മയായി ഉണ്ടായിരുന്നു.പിന്നീട് ഹോട്ടല്‍ മാനേജ്മന്റ് പഠനത്തിന്  കോയമ്പത്തൂര്‍ക്ക് ചേക്കേറിയപ്പോള്‍ ....
അവിടുത്തെ സൗഹൃദങ്ങള്‍ ...
ആഘോഷങ്ങള്‍ ...
പിന്നെ
മറ്റുപ്രണയങ്ങള്‍ക്ക് മനസ്സുവഴിമാറിയപ്പോള്‍..
മെല്ലേ മെല്ലേ പ്രീഡിഗ്രി പ്രണയത്തിന്റെ ഓര്‍മ്മക്കള്‍ക്ക് നിറം മങ്ങി തുടങ്ങി........

പിന്നീട് കുറേ വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ എന്റെ നാട്ടില്‍ വച്ച് ഒരു നിമിത്തം പോലെ  അവളെ കണ്ടുമുട്ടി.
അപ്പോഴാണ് അവള്‍ എന്റെ നാട്ടുകാരിയായ വിവരം ഞാന്‍ അറിഞ്ഞത്.
എന്റെ നാട്ടിലേക്ക് തന്നെയായിരുന്നു  അവള്‍ വിവാഹംകഴിഞ്ഞു വന്നത്........

സൗന്ദര്യം പ്രായത്തിനു വഴിമാറിയിരുന്നു.പഴയ ചുറുചുറുക്കും തന്റേടവുമില്ലായിയുന്നു.
പക്ഷെ അപ്പോഴും അവള്‍ വാചാലയായിരുന്നു...........
എനിക്ക് പഴയ പേടിയൊന്നും മനസ്സിലില്ലാത്തതുകൊണ്ട് ഞാന്‍ അവളോട് നമിത വഴി കൊടുത്തയച്ച കത്ത് കിട്ടിയോ എന്ന് തിരക്കിയപ്പോള്‍...,

അത് കിട്ടിയെന്നും ,
അത് അതിലെ ആദ്യ  വരികള്‍പോലെ തന്നെ "മാനം കാണാത്ത മയില്‍പീലിപോലെ ...!!
എന്റെ വീട്ടിലെ ഇരുമ്പ് പെട്ടിയില്‍   ഇപ്പോഴും ഭദ്രമായി സൂക്ഷിച്ചുവെച്ചിട്ടുണ്ട്.....
എന്ന് പറഞ്ഞു................ !!

"ഞാന്‍ അറിയാതെ  എന്നെ ഒരുപാട്  ഇഷ്ട്ടപ്പെട്ട ഒരാളുടെ മനസ്സാണ് അതെന്നു അറിയാം. അത്  കൊണ്ട്  എനിക്കും ആ കത്ത്  വിലപ്പെട്ടതായി തോന്നി.

എന്റെ ജീവിതത്തിലെ ആദ്യത്തേതും അവസാനത്തേതുമായ പ്രണയലേഖനം കൂടിയായിരുന്നു അത്........
എന്ന് കൂടി അവള്‍ പറഞ്ഞു.........

ഊഷ്മളമായ ഒരു സൗഹൃദത്തിന്റെ ഒരു തുടക്കമായിരുന്നു അത്. !!

                      

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക