Image

അബുദാബിയില്‍ ആന്റിയ ക്രിസ്മസ് പുതുവത്സരാഘോഷം 'തരംഗ് 2020' നു കൊടിയിറങ്ങി

Published on 07 February, 2020
അബുദാബിയില്‍ ആന്റിയ ക്രിസ്മസ് പുതുവത്സരാഘോഷം 'തരംഗ് 2020' നു കൊടിയിറങ്ങി
അബുദാബി: അങ്കമാലിയിലെ പ്രവാസികളുടെ സംഘടനയായ അങ്കമാലി എന്‍ആര്‍ഐ അസോസിയേഷന്റെ (ആന്റിയ) ക്രിസ്മസ് പുതുവത്സാരാഘോഷം 'തരംഗ് 2020' അബുദാബിയില്‍ കൊടിയിറങ്ങി.

പ്രസിഡന്റ് നീന തോമസ് അധ്യക്ഷത വഹിച്ച പൊതുസമ്മേളനത്തില്‍ ജനറല്‍ കണ്‍വീനര്‍ സ്വരാജ് സ്വാഗതവും സെക്രട്ടറി റോബിന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന പ്രശസ്ത മലയാള പിന്നണി ഗായകന്‍ ജി വേണുഗോപാല്‍ 'തരംഗ് - 2020' ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു. സോഹന്‍ റോയ്, ഇന്ത്യന്‍ സോഷ്യല്‍ സെന്റ്ര്‍ പ്രസിഡന്റ് നടരാജന്‍, ആന്റിയ അബുദാബി ട്രഷറര്‍ റെജി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

ബിസിനസ്- സാംസ്‌കാരിക മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖരെയും, പഠനരംഗത്ത് മികവ് തെളിയിച്ച അംഗങ്ങളുടെ മക്കളെയും ചടങ്ങില്‍ ആദരിച്ചു. സംഗീതമേഖലയിലെ 36 വര്‍ഷത്തെ സമഗ്രസംഭാവനകളെ മാനിച്ച് 'ആന്റിയ-സ്വരലയ പുരസ്‌കാരം' വേണുഗോപാലിന് പ്രസിഡന്റ് നീന തോമസും സോഹന്‍ റോയും ചേര്‍ന്നു സമ്മാനിച്ചു.

ആന്റിയ അബുദാബിയുടെ കാരുണ്യപദ്ധതിയായ 'പ്രതീക്ഷ സീസണ്‍-4 ന്റെ' ഔപചാരികമായ പ്രഖ്യാപനവും കുട്ടികളുടെ കൈയെഴുത്തു മാസികയായ 'അക്ഷരക്കൂട്ടം ആറാം ലക്കത്തിന്റെ' പ്രകാശനവും ചടങ്ങില്‍ നടത്തപ്പെട്ടു. വൈസ് പ്രസിഡന്റ് എല്‍ദോ നന്ദി പറഞ്ഞു.

തുടര്‍ന്നു പ്രശസ്ത മജീഷ്യനും മെന്റലിസ്റ്റുമായ രാകിന്‍ മലയത്തിന്റെ 'ഫണ്‍ ടു മിസ്റ്ററി' ആസ്വാദര്‍ക്ക് വേറിട്ട അനുഭവം സമ്മാനിച്ചു. സ്ട്രിംഗ്‌സ്-ഈണം മ്യൂസിക് ബാന്‍ഡിന്റെ ഓര്‍ക്കസ്ട്രയും അംഗങ്ങളുടെ കുട്ടികള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക