Image

കൊറോണവൈറസ് ഭീതി ഓഹരി, എണ്ണ വിപണികളെ ബാധിക്കുന്നു

Published on 07 February, 2020
കൊറോണവൈറസ് ഭീതി ഓഹരി, എണ്ണ വിപണികളെ ബാധിക്കുന്നു
ബ്രസല്‍സ്: ചൈനയില്‍നിന്ന് കൊറോണവൈറസ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു പരക്കുന്നു എന്ന ഭീതി ആഗോള ഓഹരി വിപണികളെയും പെട്രോളിയും ഉത്പന്നങ്ങളുടെ വിലയെയും കാര്യമായി ബാധിച്ചു തുടങ്ങി.

വോള്‍ സ്ട്രീറ്റ് മുതല്‍ ടോക്യോ വരെയുള്ള ഓഹരി വിപണികളില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്. യുഎസ് സൂചികകള്‍ ഒരു ശതമാനം ഇടിഞ്ഞപ്പോള്‍ ലണ്ടനില്‍ ഇത് 2.3 ശതമാനം വരെയായി.

ചൈനയില്‍ കാര്യമായി വില്‍പ്പനയുള്ള ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന കമ്പനികളുടെ ഓഹരികളെയാണ് ഇടിവ് ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത്.

എണ്ണ വിലയില്‍ 2.9 ശതമാനം കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ചൈനീസ് സമ്പദ് വ്യവസ്ഥ മാന്ദ്യത്തിലായാല്‍ എണ്ണയുടെ ഡിമാന്‍ഡ് കുറയും എന്ന ആശങ്ക കാരണമാണിത്.

ആഗോള എണ്ണവിലയില്‍ കൊറോണ വൈറസ് ഭീതി കാരണം കുത്തനെ ഇടിവ്. ഏറ്റവും വലിയ എണ്ണ ഇറക്കുമതി രാജ്യമായ ചൈനയില്‍ ഉപഭോഗം കുറഞ്ഞതോടെയാണ് വില വന്‍തോതില്‍ ഇടിഞ്ഞത്.

ഫെബ്രുവരിയില്‍ അസംസ്‌കൃത എണ്ണ വീപ്പക്ക് 54.7 ഡോളറാണ്. ഒരു വര്‍ഷത്തിനിടയിലെ കുറഞ്ഞ വിലയാണിത്. ജനുവരിയില്‍ മാത്രം എണ്ണ വിലയില്‍ 20 ശതമാനത്തിന്റെ കുറവാണുണ്ടായത്. 2020ന്റെ തുടക്കത്തില്‍ ഒരു വീപ്പ അസംസ്‌കൃത എണ്ണക്ക് 70 ഡോളറിന് അടുത്തായിരുന്നു വില.

ചൈനയില്‍ നഗരങ്ങള്‍ 'തടവിലാക്ക'പ്പെട്ടതോടെ ഉപയോഗത്തില്‍ 20 ശതമാനം കുറവാണുണ്ടായത്. ബ്രിട്ടനിലെയും ഇറ്റലിയിലെയും മൊത്തം ഉപയോഗത്തിന് തുല്യമാണിത്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക