Image

സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡില്‍ നിത്യസഹായ മാതാവിന്റെ ഇടവകദിനം ആഘോഷിച്ചു

Published on 30 January, 2020
സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡില്‍ നിത്യസഹായ മാതാവിന്റെ ഇടവകദിനം ആഘോഷിച്ചു
സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡ്: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ കീഴിലുള്ള ഏറ്റവും വലിയ മിഷന്‍ സെന്റര്‍ ആയ പരിശുദ്ധ നിത്യസഹായ മാതാവിന്റെ നാമധേയത്തില്‍ സ്ഥാപിതമായ സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡ് മിഷന്‍ സെന്ററിന്റെ പ്രഥമ ഇടവകദിനം ജനുവരി 26ന് കിംഗ്‌സ് ഹാളില്‍ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.

രാവിലെ 9.45ന് ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിനെയും ഇടവക വികാരിയായ ഫാ. ജോര്‍ജ് എട്ടുപറയിലിനെയും കൈക്കാരന്മാരായ സിബി പൊടിപാറ, സിബി ജോസ്, ജിജോ ജോസഫ്, ബ്ലസന്‍ കോലഞ്ചേരി, ഫാമിലി കോര്‍ഡിനേറ്റര്‍ ക്രിസ്റ്റി സെബാസ്റ്റ്യനും മറ്റു ആഘോഷ കമ്മിറ്റി അംഗങ്ങളും ചേര്‍ന്ന് ബാന്റു മേളത്തിന്റേയും മുത്തുക്കുടകളുടെയും അകന്പടിയോടെ സ്വീകരിച്ച് ആനയിച്ചു.

തുടര്‍ന്നു നടന്ന ആഘോഷമായ വിശുദ്ധ കുര്‍ബാനക്ക് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാര്‍മികത്വം വഹിച്ചു. വികാരി ഫാ. ജോര്‍ജ് എട്ടുപറയില്‍, ഫാ. ജോബിന്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.

ഇടവകദിനാഘോഷ സമ്മേളനവും ഇടവകയുടെ ദമ്പതിവര്‍ഷവും രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, വികാരി ഫാ. ജോര്‍ജ് എട്ടുപറയില്‍, ഫാ. ജോബിന്‍, കൈക്കാരന്‍ സിബി ജോസ്, പാരീഷ് കൗണ്‍സില്‍ മെമ്പര്‍ - ഡിക്ക് ജോസ്, സണ്‍ഡേ സ്‌കൂള്‍ അധ്യാപിക മേരി ബ്ലസന്‍, ഇടവകയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ദമ്പതികളായ ടോമി +ആനി ചുമ്മാര്‍ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം ഉദ്ഘാടനം ചെയ്തു. കൈക്കാരനായ ജിജോ ജോസഫ് സ്വാഗത പ്രസംഗം പറഞ്ഞു. തുടര്‍ന്നു കൈക്കാരന്മാര്‍ ചേര്‍ന്ന് വികാരി ഫാ. ജോര്‍ജ് എട്ടുപറയിലിനെ പൊന്നാട അണിയിച്ച് ആദരിച്ചു.കഴിഞ്ഞ വര്‍ഷത്തെ പാരീഷ് കൗണ്‍സില്‍ അംഗങ്ങളെ മൊമെന്റോ നല്‍കി ആദരിച്ചു. കൈക്കാരന്‍ സിബി പൊടിപാറ നന്ദി പറഞ്ഞു. തുടര്‍ന്നു സ്‌നേഹ വിരുന്നും നടന്നു.


റിപ്പോര്‍ട്ട്: സുധീഷ് തോമസ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക