Image

ഇനി ട്രെയിനില്‍ മോശമായി പെരുമാറിയാല്‍ പണികിട്ടും!; ആറു മാസം വരെ യാത്രാവിലക്ക് ഏര്‍പ്പെടുത്താന്‍ ഒരുങ്ങി റെയില്‍വേ

Published on 29 January, 2020
ഇനി ട്രെയിനില്‍ മോശമായി പെരുമാറിയാല്‍ പണികിട്ടും!; ആറു മാസം വരെ യാത്രാവിലക്ക് ഏര്‍പ്പെടുത്താന്‍ ഒരുങ്ങി റെയില്‍വേ

ന്യൂഡല്‍ഹി: വിമാന കമ്ബനികളെ പോലെ റെയില്‍വേയും മോശമായി പെരുമാറുന്ന യാത്രക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ ഒരുങ്ങുന്നു. മറ്റു യാത്രക്കാര്‍ക്ക് ഭീഷണിയാകുന്ന യാത്രക്കാര്‍ക്ക് നിശ്ചിത കാലത്തേയ്ക്ക് വിലക്ക് ഏര്‍പ്പെടുത്താനാണ് റെയില്‍വേ പദ്ധതിയിടുന്നത്.


യാത്രക്കാര്‍ക്കിടയില്‍ മോശമായി പെരുമാറുന്നവരുടെ എണ്ണം വര്‍ധിച്ചു വരികയാണ്. യാത്രക്കാരുടെ ജീവന്‍ വച്ച്‌ പന്താടുന്ന സാഹചര്യമാണ് ഇത് സൃഷ്ടിക്കുന്നത്. ഇത് കണക്കിലെടുത്താണ് കടുത്ത നടപടിയിലേക്ക് കടക്കാന്‍ റെയില്‍വേ ആലോചിക്കുന്നതെന്ന് റെയില്‍വേമന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറയുന്നു. നിശ്ചിത കാലം വരെ ട്രെയിനില്‍ കയറാന്‍ അനുവദിക്കാത്തവിധം യാത്രക്കാരന് നിരോധനം ഏര്‍പ്പെടുത്താനാണ് പദ്ധതിയിടുന്നത്.


വിമാനത്തില്‍ യാത്ര ചെയ്യുന്നതിന് വിലക്ക് നേരിടുന്ന യാത്രക്കാരന് ട്രെയിനിലും യാത്ര ചെയ്യാന്‍ കഴിയാത്തവിധമുളള സംവിധാനമാണ് ഒരുക്കാന്‍ പോകുന്നത്. അതായത് യാത്രക്കാരുടെ പട്ടികയില്‍ നിന്ന് ഇവരെ ഒഴിവാക്കി കൊണ്ടുളള നടപടിയാണ് സ്വീകരിക്കുക. മോശം പെരുമാറ്റത്തിന്റെ പേരില്‍ വിലക്ക് നേരിടുന്ന യാത്രക്കാരുടെ പട്ടിക വിമാന കമ്ബനികളില്‍ നിന്ന് ശേഖരിക്കും. ഇത് റെയില്‍വേയുടെ സിസ്റ്റത്തില്‍ ചേര്‍ക്കും. ഇതോടെ ഇവര്‍ക്ക് ട്രെയിന്‍ ടിക്ക് ബുക്ക് ചെയ്യാന്‍ സാധിക്കില്ലെന്ന് ഉറപ്പുവരുത്താനാണ് റെയില്‍വേ ആലോചിക്കുന്നത്.


ആറുമാസം വരെ യാത്രക്കാരെ വിലക്കുന്ന കാര്യമാണ് റെയില്‍വേ ആലോചിക്കുന്നത്. സ്റ്റാന്‍ഡ് അപ് കോമേഡിയന്‍ കുനാല്‍ കമ്രയെ ഇന്‍ഡിഗോ ആറുമാസത്തേയ്ക്ക് വിലക്കിയത് വാര്‍ത്തയായ പശ്ചാത്തലത്തിലാണ് റെയില്‍വേയുടെ ഈ നീക്കം സംബന്ധിച്ച വിവരം പുറത്തുവരുന്നത്. മാധ്യമപ്രവര്‍ത്തകനെ ശല്യം ചെയ്തതിനാണ് കുനാല്‍ കമ്രയ്ക്ക് ഇന്‍ഡിഗോ യാത്രാ നിരോധനം ഏര്‍പ്പെടുത്തിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക