Image

വിഹിതം (കവിത: സാന്‍)

Published on 27 January, 2020
 വിഹിതം (കവിത: സാന്‍)
പ്രണയിക്കുമ്പോൾ
അമ്മയായിട്ടുള്ള
പെണ്ണുങ്ങളെ പ്രണയിക്കുക
ഭൂമി ജലത്തെയെന്നപോലെ
എത്ര സൂക്ഷ്മതയോടെയാണ്
അവർ നിങ്ങളെ കൊണ്ട് നടക്കുന്നതെന്ന്
കാണുക

തന്റെ കുഞ്ഞിനെ
മറ്റൊരാളെടുക്കുമ്പോഴുള്ള
ആകുലതകൾ ആയിരിക്കും
നിങ്ങൾ മറ്റൊരുത്തിയെ കെട്ടിപ്പിടിക്കുമ്പോഴോ
ഉമ്മവയ്ക്കുമ്പോഴോ അവരുടെ കണ്ണുകളിൽ നിഴലിച്ചു
കാണുന്നത്

അവരുടെ ചുണ്ടുകൾക്ക്
തികഞ്ഞ വാത്സല്യബോധത്തിന്റെ
രസച്ചരടുകൾ നിങ്ങളിൽ സൃഷ്ടിക്കാനാകും
ഓരോ കൂട്ടിപ്പിടുത്തങ്ങളിലും
വേർപെട്ടുപോകരുതേ എന്ന്
നിങ്ങൾ പോലുമറിയാതെ
അവരാത്മാവിൽ പ്രാർത്ഥിച്ചുകൊണ്ടേയിരിക്കും.

എല്ലാ പ്രതിസന്ധികളും മറികടന്ന്
നിങ്ങളെക്കാണാൻ വരുന്ന അവരെക്കാൾ
ഭൂമിയിൽ വിപ്ലവാത്മകമായ മുന്നേറ്റങ്ങൾ
നടത്തുന്ന മറ്റൊരുത്തിയും
ഉണ്ടായിരിക്കയേയില്ല

നിങ്ങൾ കരഞ്ഞു തുടങ്ങുമ്പോൾ
എത്ര നോവിന്റെ പ്രാവുകൾ
ഉള്ളിൽപ്പിടഞ്ഞു മരിച്ചാലും
ഒരു വാക്ക് കൊണ്ടോ
ഒരു സ്പര്ശനം കൊണ്ടോ
അവരതിനെ മൂടിവച്ചുകൊണ്ട്
നിങ്ങൾക്ക് മുൻപിൽ
തികഞ്ഞ ധൈര്യശാലിയെപ്പോലെ
ചിരിച്ചുകൊണ്ടിരിക്കും.

അവരുടെ കുഞ്ഞിനെ
നിങ്ങളുടേത് കൂടിയാക്കി
കാമുകിയാണെന്ന് വീണ്ടും വീണ്ടും
ഓർമ്മിപ്പിക്കും.
അവരുടെ മടിയിൽ കിടക്കുമ്പോഴൊക്കെ
നിങ്ങൾക്ക്
ഗര്ഭപാത്രത്തിലെന്നത് പോലെയുള്ള
സുരക്ഷിതത്വം അനുഭവപ്പെടും.

അവൾക്ക് ഒരേ സമയത്ത്
നിങ്ങളുടെ കാമുകിയാവാനും
അമ്മയാവാനും
കൂടപ്പിറപ്പാക്കാനും കഴിയുന്നത് കൊണ്ടായിരിക്കാം
ഒരു ലോകത്തിന്റെ മുഴുവൻ സ്നേഹം
ഒരൊറ്റയാളിൽ നിന്ന് തന്നെ നിങ്ങൾക്ക്
കിട്ടുമെന്നും
അയാളല്ലാത്ത മറ്റൊന്നിലും നിങ്ങൾക്ക്
നിലനിൽപ്പേയില്ലെന്ന് തോന്നുന്നതും.

അവർ നിങ്ങളുമായിട്ടൊരിക്കലും
ഒരു കുടുംബജീവിതമോ
കെട്ടുപാടുകളോ ആഗ്രഹിക്കണമെന്നില്ല
കാരണം അവരറിഞ്ഞുവന്ന വീട്
അനിശ്ചിതത്വത്തിന്റെയും അസ്വാതന്ത്രത്തിന്റെ
ഈറ്റില്ലങ്ങളായിരിക്കും.
നിങ്ങളിൽ നിന്ന്
അവർക്ക് കുരുക്കുകളോ
പ്രതിബന്ധങ്ങളോ
ഏൽക്കാത്ത കാലത്തോളം
അവർ നിങ്ങളെ അഗാധമായി
പ്രണയിച്ചുകൊണ്ടേയിരിക്കും.

നിങ്ങളവർക്ക് ഒരു പുസ്തകമോ
ഒരെഴുത്തോ സമ്മാനമായിക്കൊടുക്കുമ്പോൾ
പൂർണ്ണ ഗര്ഭിണിയെപ്പോലെ,
നിങ്ങളുടെ കണ്ണുകളിലേക്ക് നോക്കി നിങ്ങളിരിക്കെത്തന്നെ
അവരത് വായിച്ചാനന്ദിക്കുന്നത്
നോക്കുക.
അത്രമേൽ ആത്മാർത്ഥമായി അവർ
മുന്പൊരിക്കലും  ഒരക്ഷരം പോലും
വായിച്ചിട്ടില്ലെന്ന് തോന്നും.

ഒന്നിച്ചിരുന്ന് കഴിക്കുമ്പോൾ
ഒരുരുളയെങ്കിലും നിങ്ങൾക്ക് വായിൽ വച്ചുതരാതെ
അവരൊന്നും കഴിക്കാനേയിടയില്ല.
ഇടയ്ക്ക് വച്ച് ആർത്തിയോടെ നിങ്ങളുടെ
ചുണ്ടും തൊണ്ടയും ഭക്ഷണത്തെ രുചിച്ചിറക്കുന്നത്
നോക്കി കൊതിയോടെ
അവരിരിക്കുന്നത് കാണാം.

കണ്ടുപിരിയുമ്പോൾ വീടെത്തും വരെ
വിളിച്ചു വിളിച്ചു നിങ്ങളുടെ നോവിലൊക്കെ ഉറങ്ങാതെ കാവലിരിക്കുന്നവൾ ഒരു ഭാര്യകൂടിയാണെന്നോർക്കുക.
അവളെ എങ്ങനെ സ്നേഹിച്ചാലാണ്
തന്നതിന്റെ പാതിയെങ്കിലും
തുലനം ചെയ്യപ്പെടുക എന്നോർത്ത് സദാ നിങ്ങൾ
നീറിക്കൊണ്ടേയിരിക്കുക.

അവർ നിങ്ങളെ ജീവന്റെ ഓരോ കണികയിലും
ചേർക്കുന്നത് ഒരുപാട് മതിലുകൾക്കിടയിൽ വച്ചാണ്.
അതുകൊണ്ട് തന്നെ നിങ്ങളുടെ തുറന്ന ജലാശയത്തിലേതു പോലുള്ള  പ്രണയത്തേക്കാൾ രുചി
അവരുടെ പാറക്കെട്ടുകൾക്കിടയിലെ
ജലത്തിന്റേതെന്നപോലുള്ള
നിശ്ചലപ്രണയങ്ങൾക്കാകും.
നിങ്ങൾ ഒഴുകിപ്പോയാലും
അവരിൽ നിങ്ങളങ്ങനെ കെട്ടിക്കിടക്കും.

തനിച്ചു നിന്നു പ്രണയിക്കാൻ
നിങ്ങൾക്ക് അനായാസേന കഴിയുമായിരിക്കും
പക്ഷെ
ഒരുപാട്പേരുടെ സ്നേഹനിർവചനങ്ങൾക്കിടയിലും നിങ്ങളിലേക്കൊതുങ്ങി നിൽക്കാൻ
ഒരു യുദ്ധം ജയിക്കുന്നതിനേക്കാൾ പ്രയാസമാണ്.

അതുകൊണ്ട് തന്നെ
നിങ്ങൾക്ക് പ്രണയത്തിന്റെ എല്ലിൽ തറയ്ക്കുന്ന നിമിഷങ്ങളാണ് വേണ്ടതെങ്കിൽ,
ഒരിക്കലും തുരുമ്പിക്കാത്ത അതിന്റെ ആത്മാവാണ് വേണ്ടതെങ്കിൽ,
നിങ്ങൾ ഒന്നുകിൽ നിങ്ങളെക്കാൾ മൂന്നോ നാലോ,
കൂടിപ്പോയാൽ പത്തോ പതിനഞ്ചോ വയസ്സ് കൂടിയവരെയോ
അതുമല്ലെങ്കിൽ,
അമ്മയായിരിക്കുന്നവരെയോ
പ്രണയിക്കുക

ഭൂമിയിൽ ഇത്രത്തോളം
മനോഹാരിതയിൽ
നിങ്ങളെ കൊണ്ട് നടന്നീ ലോകം കാണിക്കാൻ,
അത്രമേൽ അതിസൂക്ഷ്മമായി
നിങ്ങളുടെ  ഓരോ ജീനിലും  
പ്രണയമെഴുതി വെയ്ക്കാൻ,
ഉപേക്ഷിക്കേണ്ടി വന്നാലും
ഒരായുസ്സ് മുഴുവൻ
ആത്മാർത്ഥമായി നിങ്ങളെ
സൂക്ഷിക്കാൻ
അവരെക്കാൾ കഴിവുള്ളവർ വേറെയില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക