Image

'മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം' ടീസറെത്തി; അഭിനന്ദനവുമായി പൃഥ്വി രാജ്

Published on 27 January, 2020
'മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം' ടീസറെത്തി; അഭിനന്ദനവുമായി പൃഥ്വി രാജ്

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശനൊരുക്കുന്ന പുതിയ ബിഗ് ബജറ്റ് ചിത്രം കുഞ്ഞാലി മരയ്ക്കാര്‍ അറബിക്കടലിന്‍റെ സിംഹത്തിനായി കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം ലോകവ്യാപകമായാണ് റിലീസ് ചെയ്യുന്നത്. 5000 ത്തോളം തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.


ചിത്രത്തിന്‍റെ ആദ്യ ക്യാരക്ടര്‍ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. കീര്‍ത്തി സുരേഷിന്‍റെ ക്യാരക്ടര്‍ പോസ്റ്ററാണ് പുറത്ത് വിട്ടത്. ആര്‍ച്ച എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ കീര്‍ത്തി എത്തുന്നത്. ഇപ്പോഴിതാ മരക്കാറിന്‍റെ ആദ്യ ടീസര്‍ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. അല്‍ഫോന്‍സ് പുത്രനാണ് ടീസര്‍ എഡിറ്റ് ചെയ്തിരിക്കുന്നത്.

ടീസര്‍ പുറത്തിറങ്ങിയിതിന് പിന്നാലെ അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരന്‍. ഫേസ്ബുക്കിലൂടെയാണ് പൃഥ്വിരാജ് ചിത്രത്തിന് അഭിനന്ദമറിയിച്ചിരിക്കുന്നത്. 'മലയാളത്തില്‍ വേള്‍ഡ് ക്ലാസ് വി.എഫ്.എക്‌സ് ഒരുക്കുക എന്നത് ഏറെ ശ്രമകരമായ ജോലിയാണ് എന്നിരിക്കെ ഇത്തരത്തില്‍ ഒന്ന് അതിഗംഭീരമായിരിക്കുന്നു. പ്രിയദര്‍ശന്‍ സാര്‍ അദ്ദേഹത്തിന്‍റെ ഏറ്റവും മികച്ച ഫോമില്‍, ചിത്രത്തിനായി കാത്തിരിക്കുന്നു'; പൃഥ്വിരാജ് കുറിച്ചു.


അഞ്ചു ഭാഷകളിലായി 50ലധികം രാജ്യങ്ങളില്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രവും കൂടിയാണ് മരക്കാര്‍. മഞ്ജു വാര്യര്‍, പ്രഭു, അര്‍ജുന്‍ സര്‍ജ, സുനില്‍ ഷെട്ടി, പ്രണവ് മോഹന്‍ലാല്‍, സിദ്ദിഖ്, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, മുകേഷ്, നെടുമുടി വേണു, ബാബുരാജ്, അശോക് സെല്‍വന്‍, ബാബുരാജ്, മാമുക്കോയ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ആന്‍റണി പെരുമ്ബാവൂരും കോണ്‍ഫിഡന്‍റ് ഗ്രൂപ്പും സന്തോഷ് ടി. കുരുവിളയും ചേര്‍ന്നാണ് മരക്കാര്‍ നിര്‍മിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക