Image

കുപ്പായം (കഥ: ഗിരീഷ് മാരേങ്ങലത്ത്)

Published on 24 January, 2020
കുപ്പായം (കഥ: ഗിരീഷ് മാരേങ്ങലത്ത്)
തന്റേതായ നിലപാടുകളുമായി ആര്‍ക്കും ദോഷം വരുത്താതെ കഴിഞ്ഞുകൂടണമെന്നായിരുന്നു സത്യത്തിന്റെ ആഗ്രഹം. അതുകൊണ്ടുതന്നെ ആരാണ് മികച്ചത് എന്ന തര്‍ക്കവുമായി നുണ അടുത്തെത്തിയപ്പോള്‍ സത്യം ആദ്യമൊന്നു മൗനം പാലിച്ചു.

''നിന്നേക്കാള്‍ വേഗത എനിക്കാണ്.
എന്റെ വേഗതയ്‌ക്കൊപ്പമെത്താന്‍ നിനക്കൊരിക്കലും കഴിയില്ല.
നീ കുപ്പായമിടാന്‍ തുടങ്ങുമ്പോഴേക്കും ഞാന്‍ രണ്ടുവട്ടം യാത്ര  പൂര്‍ത്തിയാക്കിയിട്ടുണ്ടാവും.''

നുണ തന്റെ ഗുണഗണങ്ങള്‍ പറയാന്‍ ആരംഭിച്ചു.

''മാത്രമല്ല,നിന്നേക്കാള്‍ വിശ്വാസ്യത എനിക്കാണ്.''

സത്യം നുണയെ ഒന്നു തറപ്പിച്ചു നോക്കി.

''നോക്കിയിട്ടൊന്നും കാര്യമില്ല. ഏറ്റവും കൂടുതലാളുകള്‍ വിശ്വസിക്കുന്നത് എന്നെത്തന്നെയാണ്.
അതുകൊണ്ടല്ലേ ഞാനിങ്ങനെ തടിച്ചുകൊഴുത്ത്.''

സത്യത്തിന് ഒന്നും പറയാനുണ്ടായിരുന്നില്ല.

''ഇതിനൊക്കെ പുറമെ ആളുകളെ ഏറ്റവുമധികം സന്തോഷിപ്പിക്കുന്നതും ഞാനാണ്. എന്നെയെടുത്ത് അമ്മാനമാടുമ്പോള്‍ അവരനുഭവിക്കുന്ന ആഹ്ലാദം പറഞ്ഞറിയിക്കാന്‍ കഴിയില്ല.''

എല്ലാം കേട്ടശേഷം സത്യം പതുക്കെ
വാ തുറന്നു.

''ഇതെല്ലാം സമ്മതിച്ചു. ഇനി ഞാനൊരു കാര്യം പറയട്ടെ...''

''ഹ...ഹ...ഹ... ഇനി നീയെന്തു പറയാന്‍ ?''

''എനിക്കു പുറത്തിറങ്ങാന്‍ നിന്റെ കുപ്പായമൊരിക്കലും  ആവശ്യം വരാറില്ല.എന്നാല്‍ നിനക്ക് പുറത്തിറങ്ങാന്‍ എന്റെ കുപ്പായം കൂടിയേ തീരൂ.''

ഇതുകേട്ടപാടെ നുണ തന്റെ മൈക്ക് ഓഫാക്കി തിരിഞ്ഞുനടന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക