Image

ഒളിച്ചോട്ടം (കവിത: കെ പി റഷീദ്)

Published on 24 January, 2020
ഒളിച്ചോട്ടം (കവിത:  കെ പി റഷീദ്)
സൂര്യനുണരും മുമ്പ്
കണ്‍ തിരുമ്മി
കോട്ടുവായിട്ടുണര്‍ന്ന്
ഒന്ന് കുളിച്ചെന്നു വരുത്തി
ആദ്യ ബസിന്
അറ്റത്തെ സീറ്റില്‍
കേറിയിരുന്നതാണ്
മഴ.

മടുത്തു മടുത്തൊരു പോക്കാണ്,
ആകാശങ്ങളില്‍നിന്ന്
ഒളിച്ചോട്ടം,
എത്ര നാളെന്ന് വെച്ചാണീ പെയ്ത്ത്?

സൂര്യനെ മായ്ച്ച്,
കാറ്റിലോ
മിന്നലിലോ
സ്വയം മാഞ്ഞ്,
ഭയന്നോടിയും
ഒളിച്ചുവന്നും
ഇങ്ങനൊരു ജലജീവിതം!

കുളിച്ച് കുറി തൊട്ട്
നാമം ജപിപ്പാണ്
അടുത്ത സീറ്റിലെ കൊറ്റി.
കാശിക്കോ
കൈലാസത്തിനോ
ഉള്ള പോക്കാണ്.

ജെസിബിയില്‍നിന്ന്
ഇറങ്ങിയോടി
ആമസോണിലേക്ക്
പായുന്ന കുന്നിനിപ്പോഴും
വിറയലുണ്ട്,
സ്വപ്നമാണോയെന്ന്
തീര്‍പ്പാക്കാന്‍
ഇടയ്ക്കിടെ
വിരലില്‍ നുള്ളിനോക്കുന്നുണ്ട്.

ബസിലധികം ആളില്ല;
'പോ പാക്കിസ്താനിലേക്കെന്ന്
ആട്ടിയതിന്റെ മുറിവില്‍നിന്ന്
പാസ്‌പോര്‍ട്ടും വിസയുമില്ലാതെ
അതിര്‍ത്തി താണ്ടാനിറങ്ങിയ
ഏഴ് എരണ്ടകള്‍,
ദൂരെയേതോ കോഴ്‌സിനു ചേര്‍ന്ന
രണ്ട് വെരുകുകള്‍
കരപ്പന്‍ വന്ന്
വൈദ്യരെ കാണാനിറങ്ങിയ
മയിലുകള്‍,
കുപ്പിവെള്ളക്കമ്പനിയുടെ
ബീടരായി മാറിയ
ചെറിയൊരു നീര്‍ച്ചാല്‍,
സഹാറയില്‍
തൊഴിലുതേടിപ്പോവുന്ന
കുരുത്തം കെട്ടൊരു മഴക്കാട്,
കുയിലിനെത്തേടി
എന്ന പാട്ടു മൂളി
പൂവാലനണ്ണാന്മാര്‍,
കുടിച്ചു ഫിറ്റായി
രാത്രികാവല്‍പ്പണി പോയ
ഉണക്ക നിലാവ്.

ഒന്നുറങ്ങി എണീറ്റത്
ഒടുക്കത്തെ വെയിലത്താണ്,
മഴയെ കണ്ടതും
വെയിലൊരു വഷളന്‍ ചിരി.
ഇവിടേം വിടില്ലെന്നൊരു
നോക്ക് നോക്കി
ഇയര്‍ഫോണെടുത്ത് കാതില്‍ വെച്ചു,
നാശം, അതിലിപ്പോഴും
മേഘമല്‍ഹാര്‍!

ഒന്നൂടി ഉറങ്ങിയുണര്‍ന്ന്
സ്റ്റാന്റിലെത്തുമ്പോഴുണ്ട്,
കൈയ്ക്കും കാലിനുമുള്ള
വിലങ്ങും പിടിച്ച്
നാലു പോലീസുകാര്‍,
ഒറ്റിയതാണ്,
ആ പരട്ടസൂര്യന്‍!

അടഞ്ഞ പൊലീസു വണ്ടിയില്‍
വന്നവഴി മടങ്ങുമ്പോള്‍
ആകാശത്തേക്കൊന്ന്
കാര്‍ക്കിച്ചുതുപ്പി,
പിന്നേതോ സിനിമയിലെപ്പോലെ
ഒന്ന് കരഞ്ഞ്
കണ്ണില്‍ മഷി തേച്ചു,
മഴ!

Join WhatsApp News
Anish Chacko 2020-01-25 00:42:04
Wow !! Super... Sarcastic personalization of rain...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക