Image

വൃദ്ധന്‍മാരുടെ രാജ്യം (ചെറുകഥ: അനീഷ് ചാക്കോ)

Published on 22 January, 2020
വൃദ്ധന്‍മാരുടെ രാജ്യം (ചെറുകഥ: അനീഷ് ചാക്കോ)
മരുത്തുമല പള്ളിയിലെ ആദ്യത്തെ കുര്‍ബ്ബാനയുടെ അവസാനത്തെ അനഫോറയുടെ പ്രാര്‍ത്ഥനകള്‍ക്കായി വികാരിയച്ചന്‍ തക്ഷയുടെ താളുകള്‍ മറിച്ചു.

പള്ളിമുറ്റത്തെ തെങ്ങോലകളില്‍ നിന്നും ഉതിര്‍ന്നു വീണ ഉദയ സൂര്യകിരണങ്ങളില്‍ വികാരിയച്ചന്റെ വിശുദ്ധ വസ്ത്രങ്ങള്‍ വെട്ടി തിളങ്ങി.
പള്ളിപ്പടികള്‍ ഇറങ്ങി വന്ന പ്രാര്‍ത്ഥനകള്‍ അലവിക്കായുടെ "ദി മീറ്റ് ഷോപ്പ് " എന്ന ഇറച്ചി കടയില്‍ , മുഴുവന്‍ കുര്‍ബ്ബാന കാണാതെ ഇറങ്ങി വന്നവര്‍ക്കിടയില്‍ പതുങ്ങിയിരുന്നു ..

റോസിയമ്മച്ചി ബാവായോടും പുത്രനോടും ഒരിക്കല്‍ കൂടി പ്രാര്‍ത്ഥിച്ച് പള്ളി വിട്ടറങ്ങി അലവിക്കായുടെ ഇറച്ചി കടയിലെത്തി.
" മുജീബേ ചേടത്തിക്ക് വേണ്ടി മാറ്റി വെച്ച കൈ കൊറകിന്റെ കഷ്ണം നുറുക്കി കൊടുക്ക് "
"വര്‍ഷം എത്രയായീന്ന് അറിയോ ... ഇന്നു വരെ അവര്‍ ഒറ്റ ഞായറാഴച്ച പോലും അലവിയുടെ കടയില്‍ നിന്നും ഇറച്ചി മുടക്കിയിട്ടില്ല .. ആയത്ത് പറഞ്ഞ് മുസിലിയാര്‍ എല്ലാവരെയും നോക്കുന്ന പോലെ, ഇറച്ചി വാങ്ങാന്‍ വന്നവരെയൊക്കെ
അലവിക്ക ഇരുത്തി നോക്കി ..

"പാടിവരും നദിയും കുളിരും
പാരിജാത മലരും മണവും
ഒന്നിലൊന്നു കലരും പോലെ
നമ്മളൊന്നായലിയുകയല്ലേ " , (1)

മരുത്തുമലയിറങ്ങി വന്ന പഴഞ്ചന്‍ കാറ്റും പഴയ പാട്ടുകളും ഒത്തിരി പഴയ ഓര്‍മ്മകളും ദീ മീറ്റ് ഷോപ്പിന് താളം പിടിച്ചു.
പത്ര കടലാസ്സിലെ വാര്‍ത്തകളോട് ഒട്ടി പിടിച്ചിരിക്കുന്ന ഇറച്ചിയുമായി റോസിയമ്മച്ചി തന്റെ എഴുപത്തിയഞ്ചാം പിറന്നാള്‍ ദിവസത്തിലേക്ക് കാലെടുത്തു വച്ചു .. നിമിഷങ്ങള്‍ക്കുള്ളില്‍ കീ കീ അടിച്ച് ശ്രീവിദ്യ ബസ്സിനെയും വെട്ടിച്ച് മമ്മദിന്റെ കുഞ്ഞിക്കിളി ഒട്ടോറിക്ഷ റോസി ചേടത്തിയെ തേടിയെത്തി ..
"മമ്മദെ വാസുവിന്റെ കടയില്‍ ഒന്നു നിര്‍ത്തണം , നീ ഉച്ച കഴിയുമ്പോള്‍ വീട്ടിലേക്ക് വരണം .. പൈലി ചേട്ടനെയും അലവിക്കായെയും കൂട്ടണം "
റോസിയമ്മച്ചിയുടെ വര്‍ത്തമാനത്തില്‍ വാത്സല്യമുണ്ട് .. സ്‌നേഹത്തൊടുള്ള ആജ്ഞാപനം ഉണ്ട് ..
റോസിയമ്മച്ചി കയറിയതെ പാട്ട് മാറ്റാനുള്ള വെപ്രാളത്തിലായിരുന്നു മമ്മദ് ..

"ഇന്നലെ മയങ്ങുമ്പോള്‍  ഒരു മണിക്കിനാവിന്റെ
പൊന്നിന്‍ ചിലമ്പൊലി കേട്ടുണര്‍ന്നു"(2)

കുഞ്ഞിക്കിളി ചിലച്ചും കുറുകിയും ചീനാര്‍ കനാലിനപ്പുറം കിടന്നപ്പോള്‍ തന്നെ മമ്മദ് റോസിയമ്മച്ചിയുടെ വീട്ടു മുറ്റത്ത് നിറുത്തിയിട്ടിരുന്ന വില കൂടിയ കാറുകള്‍ കണ്ടു ..
" അമ്മച്ചി, പിറന്നാള്‍ പ്രമാണിച്ചു വിരുന്നു കാരുണ്ട് ..
മക്കളെല്ലാം ദേ ആഘോഷിക്കാന്‍ വന്നിരിക്കുന്നു "
മുത്തുകള്‍ പോലെ ഇളം വെയില്‍ തളം കെട്ടി നിന്ന റോസിയമ്മച്ചിയുടെ മുഖത്ത് നീരസത്തിന്റെ നിഴലുകള്‍ നിറഞ്ഞു ..
കല്ലുകള്‍ പാകി കെട്ടിവെച്ച നട കയറി മുറ്റത്ത് എത്തിയപ്പോഴേക്കും പട്ടണത്തില്‍ നിന്നും എത്തിയ മക്കളും കൊച്ചുമക്കളും റോസിയമ്മച്ചിയുടെ പിറന്നാള്‍ ആഘോഷം തുടങ്ങിയിരുന്നു ...
മൂന്നു മക്കളാണ് റോസിയമ്മച്ചിക്ക് ..
പിയൂസ് , ബെഞ്ചമിന്‍ , മോളമ്മ എന്ന മോളി ..
കുട്ടികളുടെ ചെറുപ്രായത്തില്‍ തന്നെ ഭര്‍ത്താവ് ജോണ്‍ച്ചന്‍ മരിച്ചു പോയി ..
പിന്നീട് റോസിയമ്മച്ചിയും മക്കളും മരുത്തുമലയോടും മണ്ണിനോടും പൊരുതിയാണ് ജീവിതം പടുത്തുയര്‍ത്തി കൊണ്ടിരുന്നത് .. കുറെ കഴിഞ്ഞപ്പോള്‍ മക്കള്‍ പൊരുതി മടുത്തു . അവര്‍ പട്ടണത്തിലേക്ക് പോയി .റോസിയമ്മച്ചിക്ക് പക്ഷെ മരുത്തുമല വിട്ടു പോകാന്‍ പറ്റിയില്ല ..
മരുത്തുമലയിലുള്ള പഴമക്കാരും പഴയ ജോണച്ചന്റെ കൂട്ടുകാരുമായി റോസിയമ്മച്ചി ഒറ്റക്കുള്ള ജീവിതം ആഘോഷമാക്കി ..
ഒറ്റക്കായെന്നു തോന്നുമ്പോള്‍ ജോണച്ചന്‍ നട്ടു വളര്‍ത്തിയ മൂവാണ്ടന്‍ മാവിന്‍ ചുവട്ടിലോ തെങ്ങിന്‍ ചുവട്ടിലോ ഒക്കെ പോയി ജോണച്ചനോട് മിണ്ടികൊണ്ടിരിക്കും ..
മരുത്തുമലയിറങ്ങി കാറ്റിനൊപ്പം വരുന്ന പഴയ പാട്ടുകള്‍ കേട്ടുകൊണ്ടിരിക്കും ..
"ഞങ്ങള്‍ വരുന്നതറിഞ്ഞാല്‍ അമ്മച്ചി പെര പൂട്ടി ഇറങ്ങിയാലോ എന്നോര്‍ത്താണ് വിളിക്കാതെ വന്നത് " കൗശലത്തൊടെയാണ് മൂത്ത മകന്‍ പീയുസ് പറഞ്ഞത് ..
പ്രായത്തിന്റെ ചുളിവുകള്‍ ചാര്‍ത്താന്‍ കാലം മറന്നു പോയ റോസിയമ്മച്ചിയുടെ മുഖത്ത് ഭാവ വ്യത്യാസങ്ങള്‍ ഒന്നും വന്നില്ല ..
മക്കള്‍ മരുത്തുമലയിറങ്ങിയതില്‍ പിന്നെ റോസിയമ്മച്ചി അവരോട് അധികം സംസാരിച്ചിട്ടില്ല .
ഇതില്‍ ഏറ്റവും സങ്കടം പീയൂസിന്റെ മകന്‍ റെജിക്കാണ് .. റെജിക്ക് കുഞ്ഞു നാളില്‍ മുതലുള്ള ആഗ്രഹമാണ് വലിയമ്മച്ചിയുടെ കൂടെ നില്‍ക്കണമെന്നും വലിയമ്മച്ചിയുടെ കൂടെ മരുത്തുമല കവലയില്‍ കൂടി നടക്കണമെന്നും മരുത്തുമല പള്ളി പെരുന്നാളും വെടികെട്ടും ബാന്‍ഡ്‌മേളവും കൂടണമെന്നുമൊക്കെ ..പക്ഷെ ബോര്‍ഡിംഗ് സ്കൂളില്‍ വിദ്യാഭ്യാസത്തിന്റെ ഇടയ്ക്ക് ഇതിനൊന്നും സമയം കിട്ടിയില്ല .. റോസിയമ്മച്ചി മരുത്തു മലയിലെ നാട്ടുകാരോട് കാണിക്കുന്ന അടുപ്പം പോലും അവനോട് കാണിച്ചിട്ടുമില്ല .
" അമ്മച്ചി കേക്ക് മുറിക്കൂ " മോളമ്മയും റെജിയും ചേര്‍ന്ന് അലങ്കരിച്ച ടേബിളില്‍ വെള്ള പ്ലാസ്റ്റിക്ക് പൂക്കള്‍ കൊണ്ട് അലങ്കരിച്ച കേക്കില്‍ എഴുപത്തി അഞ്ച് എന്ന് തിരിനാളങ്ങള്‍ ജ്വലിച്ചു നിന്നു ...
"നിങ്ങള്‍ എല്ലാവരും എന്റെ മരണം ആഘോഷിക്കാന്‍ വന്നതാണോ
ഞാന്‍ ഉടനെയൊന്നും പോകത്തില്ല "
റോസിയമ്മച്ചി ചിരിച്ചു .. അടുപ്പില്‍ പുകയൂതുന്ന പോലെ തിരികള്‍ ഊതി കെടുത്തി .. വിയര്‍പ്പുതുള്ളികള്‍ കേക്കില്‍ ഇറ്റു വീണു .
"മോളമ്മാന്റി ഇത് കണ്ടോ .."
അടഞ്ഞു കിടന്നിരുന്ന മുറിയുടെ സാക്ഷ നീക്കി തള്ളി തുറന്നപ്പോള്‍ റെജി കണ്ടത് കഴുകോലില്‍ തൂങ്ങി കിടക്കുന്ന ഉറിയും കല്‍ ഭരണിയും "
റെജിയുടെ ആശ്ചര്യത്തിലേക്ക് നടന്നു വന്ന മോളമ്മ ആ മുറിയെ റെജിക്ക് പരിചയപ്പെടുത്തി കൊടുത്തു ..
" ഇത് നിന്റെ വലിയപ്പച്ചന്‍ ജോണച്ചന്റെ മുറിയാണ് . മരിക്കുന്നതിന് ഒരാഴച്ച മുന്‍പെ
ജോണച്ചന്‍ ഇട്ട കപ്പിലുമാങ്ങ വൈനാണ് ഉറിയില്‍ തൂങ്ങി കിടക്കുന്നത് , ആണ്ടില്‍ ഒറ്റ പ്രാവശ്യമെ റോസിയമ്മച്ചി അതെടുക്കത്തുള്ളു , എന്നിട്ട് അത് കെട്ടി അതു പോലെ തന്നെ ഉറിയില്‍ തൂക്കിയിടും.."
"അത് ജോണച്ചന്റെ ഗ്രാമഫോണ്‍ .. ജോണ്‍ ച്ചന്‍ പോയതില്‍ പിന്നെ അത് കറങ്ങി കണ്ടിട്ടില്ല ...റോസിയമ്മച്ചി പാട്ടു കേള്‍ക്കുന്നത് ആ ടേപ്പ് റിക്കോര്‍ഡറിലാണ് "
എത്രയോ വര്‍ഷങ്ങള്‍ക്ക് മുന്‍പ്പ് നിലച്ചു പോയ ജീവിതത്തിന്റെ കാവല്‍ക്കാരനെ പോലെ നിറം മങ്ങിയ ചുമരില്‍ വെളുത്തു തുടുത്തിരിക്കുന്ന സായിപ്പച്ചന്റെ ഫോട്ടോയിലാണ് റെജിയുടെ കണ്ണ് പതിച്ചത് ..
" നമ്മളൊക്കെ ജനിച്ചു വീഴാന്‍ കാരണമായ പീയൂസ് ഇരുപ്പതി മൂന്നാമന്‍ മര്‍പ്പാപ്പായുടെ ഫോട്ടോയാടാ അത് "
ആയിരകണ്ണക്കിന് വര്‍ഷങ്ങളുടെ പരിണാമ പ്രക്രിയ താണ്ടി ഉരഗങ്ങളില്‍ നിന്നും ഉല്‍ഭവിച്ച ഒരു പല്ലി പീയൂസ് പാപ്പയുടെ ഫോട്ടോയ്ക്ക് പിന്നിലിരുന്നു ചിലച്ചു ..

"പരിണാമചക്രം തിരിയുമ്പോള്‍ നീയിനി
പത്‌നിയായ് അമ്മയായ് അമ്മൂമ്മയായ് മാറും മാറും
മണ്ണിതിലൊടുവില്‍ നീ മണ്ണായ് മറഞ്ഞാലും
മറയില്ല പാരില്‍ നിന്‍ പാവനസ്‌നേഹം "(3)

പാട്ടു കേട്ടു മുറിയിലേക്ക് ഓടി വന്ന റോസി യമ്മച്ചി റെജി ഓണാക്കിയ ടേപ്പ് റിക്കോര്‍ഡര്‍ ..ഉടനെ തന്നെ ഓഫ് ചെയ്തു. മുറിയിലുള്ളവരെ പുറത്താക്കി സാക്ഷയിട്ടു ..
ഉച്ച കഴിഞ്ഞതൊടെ വന്നവരെല്ലാം മരുത്തമല വിട്ടിറങ്ങി
റോസിയമ്മച്ചിയുടെ രാജ്യം വീണ്ടും സ്വതന്ത്രമായി!

കലി തുള്ളിയാണ് ആ വര്‍ഷം മരുത്തുമലയിലേക്ക് കര്‍ക്കിടകം കയറി വന്നത് .. ദിവസങ്ങളോളം മഴ നിന്നു പെയ്തു .. ചീനാര്‍ കനാല്‍ കവിഞ്ഞൊഴുകി ... മക്കള്‍ മാറി മാറി പട്ടണത്തിലേക്ക് വിളിച്ചിട്ടും റോസിയമ്മച്ചി മരുത്തുമല വിട്ടിറങ്ങാന്‍ തയ്യാറായില്ല.. കാറ്റും മിന്നലും പെരുമഴയും നിറഞ്ഞ ഒരു കര്‍ക്കിടക രാത്രി മരുത്തുമലയുടെ ഭൂമി ശാസ്ത്രം തന്നെ മാറ്റിയെഴുതി. .
അതിരുകളിട്ട് കെട്ടി നിറുത്തിയിടത്തെല്ലാം അടയാളമിട്ട് വെള്ളമൊഴുകിയെത്തി . മരുത്തുമലയുടെ താഴ്‌വാരങ്ങള്‍ ഇടിച്ചു നിരത്തി.. തട്ട് തട്ടായി നട്ടു വെച്ചിരുന്ന റബര്‍ മരങ്ങള്‍ കടപുഴകി .. .പ്രപഞ്ചത്തോടുള്ള മനുഷ്യന്റെ അധികാര ഹുങ്ക് ഒരു ദിവസത്തേക്ക് പ്രകൃതി ഏറ്റെടുത്തു ,മരുത്തുമലയിടിച്ചിറങ്ങി വീണു !
ചീനാര്‍ കനാല്‍ കരകവിഞ്ഞ് നടയും കയറി റോസിയമ്മച്ചിയുടെ വീടിനകത്ത് അരക്കൊപ്പത്തോളം പൊങ്ങി നിന്നു ..
മരുത്തുമലയിലെ പിന്‍ തലമുറക്കാരാണ് പിറ്റേ ദിവസം റോസിയമ്മച്ചിയെ ജോണച്ചന്റെ മുറിയില്‍ നിന്നും കണ്ടെത്തിയത് . വെള്ളം കെട്ടി കിടന്ന മുറിക്കുള്ളില്‍ കപ്പിലുമാങ്ങയുടെ മണം നിറഞ്ഞു നിന്നു ..
കല്യാണ ഫോട്ടയും പിടിച്ച് കരിമ്പടവും പുതച്ച് ഡെസ്ക്കിന്റെ പുറത്ത് മരവച്ചിരിക്കയായിരുന്നു റോസിയമ്മച്ചി...

"ആകാശ താരത്തിന്‍ നീലവെളിച്ചത്തില്‍
ആത്മാധിനാഥനെ കാത്തിരുന്നു
സമയത്തിന്‍ ചിറകടി കേള്‍ക്കാതെ
ഞാനെന്റെ അകലത്തെ ദേവനെ കാത്തിരുന്നു" (4)

ബാറ്ററി തീര്‍ന്നു കൊണ്ടിരുന്ന ടേപ്പ് റിക്കോര്‍ഡര്‍ ഇഴഞ്ഞിഴഞ്ഞു പാടി കൊണ്ടിരുന്നു ..
മഴയിത്തിരി ശമിച്ചപ്പോഴെക്കും ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും പീയുസും റെജിയും വന്ന് റോസിയമ്മച്ചിയെ പട്ടണത്തിലെ ആറാം നില ഫ്‌ലാറ്റിലേക്ക് കൂട്ടി കൊണ്ടു പോയി .
പിന്നെ അധിക കാലം റോസിയമ്മച്ചി ജീവിച്ചിരിന്നില്ല .. ഒരു ദിവസം രാവിലെ കാപ്പിയുമായി റോസിയമ്മച്ചിയുടെ മുറിയിലെത്തിയ റെജി എത്ര കുലുക്കി വിളിച്ചിട്ടും അവര്‍ എഴുന്നേറ്റില്ല ..എന്നാല്‍ അപ്പോഴേക്കും റെജിയുമായി റോസിയമ്മച്ചി കൂട്ട് കൂടി തുടങ്ങിയിരുന്നു ..

ഒരു മഴക്കാലം കൊണ്ട് മരുത്തുമല റോസിയമ്മച്ചിയെ പടിയിറക്കി വിട്ടെങ്കിലും വിണ്ടെടുക്കാനാവാത്ത വിധം റോസിയമ്മിച്ചിയുടെ ആത്മാവ് മരുത്തുമലയിലെ മണ്ണാഴങ്ങളില്‍ പതിഞ്ഞു കിടന്നു. ആറാം നിലയിലെ ഫ്‌ലാറ്റിലെ മൗന മതിലുകള്‍ തീര്‍ത്ത തടവറയില്‍ അവര്‍ ഒതുങ്ങി കൂടി . പീയൂസും മോളമ്മയും റെജിയും ഒക്കെ ശ്രമിച്ചിട്ടും റോസിയമ്മച്ചി ആരോടും മിണ്ടാന്‍ കൂട്ടാക്കിയില്ല .. മുറിക്കുള്ളില്‍ ജനാലക്കരുകില്‍ പുറത്തേക്ക് നോക്കിയിരുന്നു . ഭക്ഷണം കഴിക്കാന്‍ മാത്രം പുറത്തേക്ക് വന്നു.

" എങ്കിലുമെന്‍ ഓമലാളിന് താമസിക്കാന്‍ എന്‍ കരളില്‍
തങ്ക കിനാക്കള്‍ കൊണ്ടൊരു താജ് മഹാല്‍.."(5)

വാട്ടസപ്പില്‍ വന്ന ഹരീഷ് നാരയണന്‍ പാടിയ പാട്ടു കേള്‍ക്കുകയായിരുന്നു റെജി .
റോസിയമ്മച്ചിയുടെ കണ്ണൊന്നു തിളങ്ങിയോ ...?ഏറെ കാലത്തിന് ശേഷം അര്‍ത്ഥപൂര്‍ണ്ണമായ സമ്പര്‍ക്കം റോസിയമ്മച്ചിയുടെ മുഖത്ത് നിഴലാടുന്നത് റെജി കണ്ടു .പിറ്റെ ദിവസം കോളെജിലേക്കിറങ്ങിയ റെജി പോയത് മരുത്തുമലയിലേക്കാണ് . വാസയോഗ്യമല്ലാതെ അനാഥമായി വീട്ടില്‍ നിന്നും ടേപ്പ് റിക്കോര്‍ഡറും കാസറ്റുകളും പീയൂസ് മാര്‍പ്പാപ്പയുടെ ഫോട്ടോയും കല്‍ ഭരണയിലേ കപ്പിലുമാങ്ങ വൈനുമായിട്ടാണ് റെജി തിരിച്ചെത്തിയത് .
പതിഞ്ഞ ശബ്ദത്തില്‍ ബാബുരാജിന്റെയും ദേവരാജന്‍ മാസ്റ്ററുടെയും പാട്ടുകള്‍ കേട്ട് റോസിയമ്മച്ചി പിന്നെയും പതിയെ ചിരിച്ചു തുടങ്ങി.. ചിലപ്പോള്‍ ടേപ്പ് റിക്കോര്‍ഡര്‍ നെഞ്ചൊട് ചേര്‍ത്ത് വച്ച് പാട്ടുകള്‍ കേട്ടു .
ഒരു വൃദ്ധയുടെ രാജ്യത്തേക്ക് റെജി പതിയെ കാലെടുത്തു വച്ചു ..
റെജിയുടെ കൂടെ റോസിയമ്മച്ചി ഫ്‌ലാറ്റിനു പുറത്തും പള്ളിയിലും ഒക്കെ പോയി തുടങ്ങി.
റോസിയമ്മച്ചിയുടെ വിവാഹ വാര്‍ഷിക ദിവസം ആറാം നിലയിലെ ഫ്‌ലാറ്റില്‍ ഒരു ചന്ദ്രിക രാവിന്റെ ചോലയില്‍ കപ്പിലുമാങ്ങയുടെ ഗന്ധത്തിലിരുന്ന്
റോസിയമ്മച്ചിയു കൊച്ചുമോനും ഓര്‍മ്മകളില്‍ മായാതെ കിടക്കുന്ന വഴികളിലേക്ക് വീണ്ടും സഞ്ചരിച്ചു .
" എന്റെ അപ്പച്ചന് വൈകുന്നേരം ഷാപ്പില്‍ പോകാന്‍ ഞാന്‍ അടുക്കളയില്‍ കറി വെച്ചു കൊണ്ടിരിക്കയായിരുന്നു .. അപ്പോഴാണ് ജോണച്ചനും അമ്മാച്ചനും കൂടെ എന്നെ പെണ്ണു ചോദിച്ചു വന്നത് , അന്ന് ജോണച്ചനെ നാട്ടില്‍ എല്ലാവര്‍ക്കും അറിയാം .. പീയൂസ് ഇരുപത്തിമൂന്നാമന്‍ മാര്‍പ്പാപ്പ രണ്ടാം സൂനഹദോസ് വിളിച്ചു ചേര്‍ത്ത ശേഷം സുറിയാനിയില്‍ ചൊല്ലിയിരുന്ന കുര്‍ബ്ബാന ക്രമം മുഴുവനും മലയാളത്തിലാക്കി . സുറിയാനി കുര്‍ബ്ബാന ചൊല്ലാനാണ് ജോണച്ചന്‍ പട്ടത്തിന് പോയത് ... രണ്ടാം സൂനഹദോസ് തീരുമാനങ്ങളും മലയാളം കുര്‍ബ്ബാനയും ജോണച്ചന് പിടിച്ചില്ല .. ജോണച്ചന്‍ ആശ്രമത്തില്‍ നിന്നും തിരികെ പോന്നു .
വന്നപ്പോള്‍ കൈയ്യിലൊരു പാട്ടു പെട്ടിയും ഉണ്ടായിരുന്നു .. കല്യാണം കഴിഞ്ഞ് അധികം താമസിക്കാതെ ഞങ്ങള്‍ മരുത്തിമല കയറി . ജോണച്ചന് അവിടെ പള്ളികൂടത്തില്‍ പഠിപ്പക്കാന്‍ തുടങ്ങി .. ഞാന്‍ മരുത്തുമലയോട് പൊരുതാനും .. മോളമ്മക്ക് അഞ്ച് വയസ്സുള്ളപ്പോള്‍ ജോണ്‍ച്ചന്‍ പോയി .. അന്നത്തെ ജോണച്ചന്റെ കൂട്ടുകാരാണ് അലവിയും പൈലിയും വാസുവും ... ഇതു പോലെ രാത്രികളില്‍ ജോണ്‍ച്ചന്‍ അവരുടെ കൂടെ ഇരുന്ന് പഴയ ബാബുക്കയുടെടെ പാട്ടുകള്‍ പാടും .."
റോസിയമ്മച്ചി കണ്ണടച്ചിരുന്നു ..
ആകാശങ്ങളിലേ നക്ഷത്ര കൊട്ടാരങ്ങളില്‍ നിന്നും ജോണച്ചന്‍ ബാല്‍ക്കണയിലേക്ക് ഇറങ്ങി വന്ന് റോസിയമ്മച്ചിയുടെ കൂടെ ഇരിക്കുന്ന പോലെ റെജിക്കു തോന്നി

"മലര്‍മണം മാഞ്ഞല്ലൊ മറ്റുള്ളോര്‍ പോയല്ലോ
മമസഖീ നീയെന്നു വന്നു ചേരും
മനതാരില്‍ മാരിക്കാര്‍ മൂടിക്കഴിഞ്ഞല്ലോ
മമസഖീ നീയെന്നു വന്നുചേരും "(6)

ടേപ്പ് റിക്കാര്‍ഡില്‍ നിന്നും നിര്‍ഗളിച്ച സംഗീതം കാറ്റിലലിഞ്ഞു ചേര്‍ന്നു. സംഗീതവും വഹിച്ച് ആ കാറ്റ് മരുത്തുമലയിലേക്ക് യാത്രയായി.
ടേപ്പ് റിക്കോര്‍ഡറിന്റെയും റോസിയമ്മച്ചിയുടെയും ഫോട്ടോ എടുത്ത് ഇന്‍സ്റ്റാഗ്രാമില്‍ അപ് ലോഡ് ചെയ്ത റെജി ഇങ്ങനെ ഒരു അടികുറിപ്പിട്ടു "വൃദ്ധരുടെ രാജ്യത്ത് ബാബുക്കയാണ് രാജാവ്"

റോസിയമ്മച്ചി കിടന്നുറങ്ങിയതിനു ശേഷമാണ് അന്ന് രാത്രി റെജി മുറി വിട്ടറങ്ങിയത് .. കാലത്തെ കട്ടന്‍ കാപ്പിയുമായി ചെന്ന് കുലുക്കി വിളിച്ചിട്ടും റോസിയമ്മച്ചി എഴുന്നേറ്റില്ല .. വീണ്ടെടുക്കാനാവാത്ത ആഴങ്ങിലേക്ക് ആ ജീവിതം മുങ്ങി താന്നു പോയിരുന്നു ..

(1)ശ്രീകുമാരന്‍ തമ്പി , എം. എസ്സ് ബാബുരാജ്
(2)പി. ഭാസ്ക്കരന്‍ ,എം .എസ്സ് ബാബുരാജ്
(3)യുസഫലി കച്ചേരി , എം .എസ്സ് ബാബുരാജ്
(4)പി.ഭാസ്ക്കരന്‍ ,എം .എസ്സ് ബാബുരാജ്
(5)പി.ഭാസ്ക്കരന്‍, എം.എസ്സ് ബാബുരാജ്
(6)പി. ഭാസ്ക്കരന്‍, എം എസ്സ് ബാബുരാജ്‌

Join WhatsApp News
joseph abraham 2020-01-22 18:43:16
could feel a difference in substance. A very good presentation about typical grandma from a family who has influence in local community. it is really interesting. wish you all success.
Shamla Ismail 2020-01-23 03:20:33
Very well written Anish.... Rosiammachi's lonely life, her attachement to her place and her grandson Reji's affection towards her are really touching... keep writing....
Viji Malayil 2020-01-23 17:05:37
ഏകാന്തതയിൽ റോസമ്മാമ്മച്ചിക്ക് കൂട്ടിന് ബാബുരാജിന്റെ സംഗീതം! മരുത്വമലയുടെ സൗന്ദര്യവും ബാബുരാജിന്റെ സംഗീതവും അലിഞ്ഞുചേർന്ന് വാർദ്ധക്യത്തിന്റെ മനസുകൾക്ക് കുളിർമ്മ നൽകിയുള്ള കഥയുടെ ഒഴുക്ക് ! ആ സമന്വയം നന്നേ ഇഷ്ട്ടപ്പെട്ടു. പരിണാമചക്രത്തിലെ ജോണച്ചന്റെ പത്നിയും പിയൂസ് , ബെഞ്ചമിന്‍ , മോളമ്മ എന്നിവരുടെ അമ്മയും റെജിയുടെ അമ്മൂമ്മയും, ഈ മൂന്ന് ചക്രങ്ങൾക്കും മരുത്വാമലയോടുള്ള പ്രണയിനിയുടെ പാവന സ്നേഹത്തിനെ മാറ്റിക്കുറിക്കാൻ സാധിക്കുന്നില്ല. കാലചക്രമാറ്റങ്ങൾ പ്രപഞ്ചത്തെ ആടിയുലച്ചപ്പോൾ, മരുത്വാമലയുടെ പ്രണയിനിക്ക് തന്റെ അസ്തിത്വം വിട്ടകലേണ്ടിവന്നപ്പോൾ, അവരിലേക്ക് വാർദ്ധക്യം കടന്നുവരുന്നു. "ബാറ്ററി തീര്‍ന്നു കൊണ്ടിരുന്ന ടേപ്പ് റിക്കോര്‍ഡര്‍" തന്നെയാകുന്നു. വാർദ്ധക്യവും ബാബുരാജ് സംഗീതവും പുതു തലമുറക്ക് അല്പമെങ്കിലും റെജിയിലൂടെ പകർന്നുകൊടുത്തിട്ട്, റോസമ്മമ്മച്ചി കടന്നുപോകുന്നു! പഴയതലമുറ കൈമാറിത്തരുന്നവയെ ഇനിയുമെങ്കിലും മാറോടണക്കാൻ നമുക്കൊരോത്തർക്കുമാവട്ടെയെന്ന് ഈ കഥ വായിച്ചപ്പോൾ ഞാനും ആശിച്ചുപോകുന്നു!!!
Anish Chacko 2020-01-23 22:53:19
കഥ വായിച്ചവരോടും അഭിപ്രായം അറിയച്ചവരോടും നന്ദി അറിയിക്കട്ടെ ! കഥയുടെ ആത്മാവ് തൊട്ടു വായിക്കപ്പെടുക എന്നത് അനുഗ്രഹമാണ് എഴുതെപ്പെട്ട അതേ wave length ൽ ഈ കഥ മനസ്സിലാകയും ഗഹനമായ അഭിപ്രായം രേഖ പെടുത്തുകയും ചെയ്ത വിജിക്ക് വീണ്ടും thanks !
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക