Image

കൊറോണ വൈറസ്‌ ; സംസ്ഥാനത്തും ജാഗ്രതാ നിര്‍ദേശം

Published on 22 January, 2020
കൊറോണ വൈറസ്‌ ; സംസ്ഥാനത്തും ജാഗ്രതാ നിര്‍ദേശം
 

തിരുവനന്തപുരം: കൊറോണ വൈറസ്‌ ചൈനയില്‍ പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത്‌ ആരോഗ്യ വകുപ്പ്‌ ജാഗ്രതാ നിര്‍ദേശം നല്‍കി. വിദേശത്തുനിന്ന്‌ എത്തുവര്‍ക്ക്‌ സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കാനും ആരോഗ്യവകുപ്പ്‌ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌.

ചൈനയില്‍നിന്ന്‌ കേരളത്തിലേക്ക്‌ തിരിച്ചെത്തുന്നവരെ പ്രത്യേകം പരിശോധിക്കും. അടുത്തിടെ ചൈനയില്‍ നിന്നെത്തിയവര്‍ അതത്‌ ജില്ലാ മെഡിക്കല്‍ ഓഫീസറുമായി ബന്ധപ്പെടണമെന്നും ആരോഗ്യ വകുപ്പ്‌ നിര്‍ദേശം നല്‍കി.

രോഗ ലക്ഷണങ്ങള്‍ കാണുന്നവരെ പ്രത്യേകം പരിശോധിക്കാനും രോഗബാധ പ്രതിരോധിക്കാനുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിനും ഉദ്യോഗസ്ഥര്‍ക്ക്‌ ആരോഗ്യവകുപ്പ്‌ പ്രത്യേകം നിര്‍ദേശം നല്‍കിയിട്ടുണ്ട്‌.


ചൈനയില്‍ ഇതിനോടകം കൊറോണ വൈറസ്‌ ബാധിച്ച്‌ ഒമ്‌ബത്‌ പേരാണ്‌ മരണപ്പെട്ടത്‌. മുന്നൂറിലേറെപേര്‍ വൈറസ്‌ ബാധിച്ച്‌ ചികിത്സയിലുണ്ട്‌. ബുധനാഴ്‌ച അമേരിക്കിയിലും ഒരാള്‍ക്ക്‌ കൊറോണ വൈറസ്‌ ബാധ സ്ഥിരീകരിച്ചിരുന്നു.

നേരത്തെ കൊച്ചി അടക്കമുള്ള രാജ്യത്തെ അഞ്ച്‌ വിമാനത്താവളങ്ങളില്‍ യാത്രക്കാരുടെ പരിശോധന കര്‍ശമാക്കാന്‍ കേന്ദ്രം നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്‌ പിന്നാലെയാണ്‌ വൈറസ്‌ ബാധയില്‍ കേരളത്തിലും ആരോഗ്യവകുപ്പ്‌ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്‌.

കൊറോണ വൈറസ്‌ ബാധ ആഗോള അടിയന്തരാവസ്ഥയായി പ്രഖ്യാപിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ബുധനാഴ്‌ച യുഎന്‍ സമിതി പ്രത്യേക യോഗം ചേരുന്നുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക