Image

ദല്‍ഹി പിടിക്കാന്‍ കോണ്‍ഗ്രസിന്റെ പടയൊരുക്കം

Published on 22 January, 2020
ദല്‍ഹി പിടിക്കാന്‍ കോണ്‍ഗ്രസിന്റെ പടയൊരുക്കം


ന്യൂദല്‍ഹി: ദല്‍ഹി തെരഞ്ഞെടുപ്പിനായുള്ള പ്രചാരണത്തിന്‌ ഒരുങ്ങുകയാണ്‌ രാഷ്ട്രീയ പാര്‍ട്ടികള്‍. പ്രചാരണത്തിനിറങ്ങുന്ന നേതാക്കളെ പ്രഖ്യാപിച്ച്‌ കോണ്‍ഗ്രസും രംഗത്തെത്തിക്കഴിഞ്ഞു.

സ്റ്റാര്‍ ക്യാമ്പയിനര്‍മാരുടെ ആദ്യ പട്ടിക കോണ്‍ഗ്രസ്‌ പുറത്തുവിട്ടിരിക്കുകയാണ്‌. 

കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധി, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്‌, നവജ്യോത്‌ സിങ്‌ സിദ്ദു തുടങ്ങിയവരാണ്‌ രാജ്യതലസ്ഥാനത്ത്‌ ആദ്യ ഘട്ടത്തില്‍ പ്രചാരണത്തിന്‌ ഇറങ്ങുക.

പഞ്ചാബില്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങുമായുള്ള പ്രശ്‌നത്തിന്‌ പിന്നാലെ മന്ത്രിസ്ഥാനം രാജിവെച്ച്‌ അകലം പാലിച്ച സിദ്ദുവിനെ ദല്‍ഹി തെരഞ്ഞെടുപ്പ്‌ പ്രചാരണവേദിയിലെത്തിക്കുകയാണ്‌ കോണ്‍ഗ്രസ്‌. 

നേരത്തേയും നിരവധി റാലികളില്‍ പങ്കെടുത്ത്‌ ബി.ജെ.പിക്കെതിരെ പോര്‍മുഖം തുറന്ന നേതാവ്‌ കൂടിയാണ്‌ സിദ്ദു.

ഇതിന്‌ പുറമെ വിവിധ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിമാരായ ക്യാപ്‌റ്റന്‍ അമരീന്ദര്‍ സിങ്‌, അശോക്‌ ഗെഹ്‌ലോട്ട്‌, ഭൂപേഷ്‌ ഭാഗല്‍, കമല്‍നാഥ്‌ വി. നാരാണസ്വാമി എന്നിവരും രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്‌ എന്നിവരും കോണ്‍ഗ്രസിന്റെ സ്റ്റാര്‍ ക്യാമ്പയിന്‍ ലിസ്റ്റില്‍ ഉണ്ട്‌.


ബി.ജെ.പിയില്‍ നിന്ന്‌ രാജിവെച്ച്‌ കോണ്‍ഗ്രസിലെത്തിയ ശത്രുഘ്‌നന്‍ സിന്‍ഹയും കോണ്‍ഗ്രസിന്‌ വേണ്ടി ദല്‍ഹിയില്‍ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ ഇറങ്ങും.

ദല്‍ഹി കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ സുഭാഷ്‌ ചോപ്ര, അജയ്‌ മാക്കന്‍, മീരകുമാര്‍, രാജ്‌ ബബ്ബാര്‍, കപില്‍ സിബല്‍, ശശി തരൂര്‍, ഭൂപീന്ദര്‍ സിങ്‌ ഹൂഡ, രണ്‍ദീപ്‌ സുര്‍ജേവാല, കീര്‍ത്തി ആസാദ്‌, സുസ്‌മിത ദേവ്‌, ഷര്‍മിഷ്‌ഠ മുഖര്‍ജി എന്നിവരും പട്ടികയിലുണ്ട്‌. 

ഫെബ്രുവരി 8 നാണ്‌ ദല്‍ഹിയില്‍ തെരഞ്ഞെടുപ്പ്‌ നടക്കുക. ഫെബ്രുവരി 11 ന്‌ വോട്ടെണ്ണും

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക