Image

ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജത്തിന് പുതു നേതൃത്വം

Published on 21 January, 2020
ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജത്തിന് പുതു നേതൃത്വം


ഫാങ്ക്ഫര്‍ട്ട് : ജര്‍മനിയിലെ ആദ്യകാല സമാജങ്ങളിലൊന്നായ ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജത്തിന്റെ അന്‍പതാമത് പൊതുയോഗം സാല്‍ബൗ നോര്‍ത്ത് വെസ്റ്റ് സെന്ററിലെ ടൈറ്റസ് ഫോറത്തില്‍ ജനുവരി 18 ശനിയാഴ്ച സമാജം പ്രസിഡന്റ് ഡോ. അജാക്‌സ് മുഹമ്മദിന്റെ അധ്യക്ഷതയില്‍ കൂടി. പ്രസിഡന്റിന്റെ സ്വാഗതത്തിനു ശേഷം സമാജം സെക്രട്ടറി അബി മാങ്കുളം 2019 ലെ വാര്‍ഷിക റിപ്പോര്‍ട്ടും, ട്രഷറാര്‍ രമേശ് ചെല്ലെതുറൈ വാര്‍ഷിക വരവു ചെലവു കണക്കുകളും അവതരിപ്പിച്ചു ഭേദഗതികള്‍ കൂടാതെ ഐക്യകണ്‌ഠേന പാസാക്കി.

പൊതു ചര്‍ച്ചയില്‍ സമാജത്തിന്റ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങള്‍ ഏറെ മികവിലാണെന്നു യോഗം വിലയിരുത്തി. തുടര്‍ന്ന് കാലാവധി തീര്‍ന്ന 2019 ലെ ഭരണസമിതിയെ പൊതുയോഗം പിരിച്ചുവിട്ടു.ഇടവേളയിലെ കാപ്പിസല്‍ക്കാരത്തിനു ശേഷം പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു.

സുവര്‍ണജൂബിലി നിറവിലെത്തിയ സമാജത്തിന്റെ പുതിയ ഭാരവാഹികളായി കോശി മാത്യു (പ്രസിഡന്റ്), ബോബി ജോസഫ് വാടപ്പറന്പില്‍ (സെക്രട്ടറി), ഡോ. അജാക്‌സ് മുഹമ്മദ് (ട്രഷറര്‍), വനിതാ മെന്പറായി മറിയാമ്മ ടോണിസണ്‍, കമ്മറ്റിയംഗങ്ങളായി, രമേശ് ചെല്ലെതുറൈ, സുധീര്‍ രാധാകൃഷ്ണന്‍, ബിനോയ് മാത്യു എന്നിവരെയും ഓഡിറ്ററായി അബി മാങ്കുളത്തിനെയും ഐക്യകണ്‌ഠേന തെരഞ്ഞെടുത്തു. മനോഹരന്‍ ചങ്ങനാത്ത്, തോമസ് കടവില്‍ എന്നിവര്‍ വരണാധികാരികളായി. ഡെയിസണ്‍ പോള്‍, ജിബിന്‍ ജോണ്‍ എന്നിവര്‍ പ്രോട്ടോക്കോളായി പ്രവര്‍ത്തിച്ചു.

ഈ വര്‍ഷം നടക്കുന്ന സുവര്‍ണ ജൂബിലിയാഘോഷങ്ങള്‍ സുഗമമാക്കാന്‍ പത്തംഗ കമ്മറ്റിയെയും തെരഞ്ഞെടുത്തു. പൊതുയോഗത്തിന് എത്തിയ സമാജം അംഗങ്ങള്‍ക്കും, സുഗമമായ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കിയവര്‍ക്കും പുതിയ പ്രസിഡന്റ് കോശി മാത്യു നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക