Image

യക്ഷിയെ സ്‌നേഹിച്ചവന്‍ (കവിത എം.എ)

Published on 20 January, 2020
യക്ഷിയെ സ്‌നേഹിച്ചവന്‍ (കവിത എം.എ)
ചോദിക്കരുത്, നിന്നെ ഇഷ്ടമാണോ എന്ന്
എനിക്കറിയില്ല മനുഷ്യരെ സ്‌നേഹിക്കാന്‍
എനിക്കറിയില്ല, കുറച്ചു ഇടമിട്ടു കാമിക്കാന്‍
പക്ഷെ, ഒന്നെനിക്കറിയാം
ഇഷ്ടമാണെന്നു സമ്മതിച്ചാല്‍ തിരിച്ചു പോക്കസ്സാദ്ധ്യം..

എന്റെ സ്‌നേഹം നിനക്ക് താങ്ങാന്‍ കഴിയണമെന്നില്ല
ശ്വാസത്തിനായി വീര്‍പ്പുമുട്ടുമ്പോഴും
എന്തിനെന്നറിയാതെ നിന്നെ ഞാന്‍
അടക്കി പിടിച്ചേയ്ക്കാം ..

നിന്നില്‍ നിന്ന് നിന്നെ മാറ്റി
എന്നെ നിറയ്ക്കാന്‍ ശ്രമിച്ചേയ്ക്കാം..
ഒന്നുറക്കെ കരയാന്‍ പോലും മറന്നു
എന്റെ കരങ്ങളില്‍ നീ പിടഞ്ഞു മരിച്ചേയ്ക്കാം

അതിനാല്‍, സ്‌നേഹിക്കാനൊരു മനസ്സും
നിന്റേതെന്നു പറയാനൊരിടവും
ഇല്ലാതാവുമ്പോള്‍ മാത്രം നീ എന്നെ തേടിവരുക
നിന്റെ വരവിനായി, പടിവാതില്‍
പാതി ചാരി, ചന്ദനവും, കര്‍പ്പൂരവും
പുകച്ചു, ഞാന്‍ കാത്തിരിക്കും.

ചോദ്യങ്ങളോ ഉത്തരങ്ങളോ
പ്രതീക്ഷിക്കാതെ, ഞാന്‍ വിളമ്പി
തരുന്ന ഭക്ഷണം നീ കഴിക്കുക..
ചേര്‍ത്തണച്ചു, ആ കണ്ണുകളില്‍
നോക്കിയിരിക്കുന്ന എന്നെ നീ ഊട്ടുക..

ഇനിയെന്തെന്നു, മുഖത്തോടുമുഖം
നോക്കിയിരിക്കും വേളയില്‍,
നീയും, ഞാനും പുനര്‍ജനിക്കുകയായി..

മനുഷ്യ മനസ്സിനും ശരീരത്തിനും
എത്തിപെടാനാവാത്ത തലങ്ങളിലേക്ക്
ഒരു ദേഹവും ദേഹിയുമായി
സ്വപ്നങ്ങളുടെ സാക്ഷാത്കാരമായി,
പോകുന്ന വഴികളടച്ചു, വാതിലുകള്‍
താഴിട്ടു പൂട്ടി, ഒരിക്കലും തിരിച്ചു
വരാനാവാത്ത യാത്ര തുടങ്ങുകയായി!!

നീ ഇതുവരെ ചെയ്തതില്‍ വ്യത്യസ്തമായൊരു യാത്ര..
എന്തെന്നോ, എങ്ങോട്ടെന്നോ അറിയാത്ത
ആ യാത്രയ്ക്ക് ഹൃദയം തുടിക്കുമ്പോള്‍
മാത്രം നീ എന്നെ തേടി വരുക..

(കവിത എം.എ,  നോര്‍ത്ത് കരോളിന, യുഎസ്എ)  


യക്ഷിയെ സ്‌നേഹിച്ചവന്‍ (കവിത എം.എ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക