Image

ഓഹരി വിപണിയില്‍ കൃത്രിമം: മുന്‍ കോണ്‍ഗ്രസ്മാന്‍ ക്രിസ് കോളിന്‍സിന് 26 മാസം തടവും രണ്ടു ലക്ഷം ഡോളര്‍ പിഴയും

മൊയ്തീന്‍ പുത്തന്‍ചിറ Published on 19 January, 2020
ഓഹരി വിപണിയില്‍ കൃത്രിമം: മുന്‍ കോണ്‍ഗ്രസ്മാന്‍ ക്രിസ് കോളിന്‍സിന് 26 മാസം തടവും രണ്ടു ലക്ഷം ഡോളര്‍ പിഴയും
ന്യൂയോര്‍ക്ക്: ഓഹരി വിപണിയില്‍ കൃത്രിമം കാണിച്ചതിനും അതേക്കുറിച്ച് അന്വേഷണം നടത്തുന്ന ഫെഡറല്‍ ഏജന്‍റുമാര്‍ക്ക് തെറ്റായ വിവരങ്ങള്‍ നല്‍കിയതിനും മുന്‍ റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ്മാന്‍ ക്രിസ് കോളിന്‍സിന് യു എസ് ജില്ലാ ജഡ്ജി വെര്‍നോണ്‍ എസ് ബ്രോഡറിക്ക് 26 മാസം തടവും 200,000 ഡോളര്‍ പിഴയും ഒരു വര്‍ഷത്തെ മേല്‍നോട്ട മോചനവും വിധിച്ചു. വെള്ളിയാഴ്ച മന്‍ഹാട്ടന്‍ ഫെഡറല്‍ കോടതിയിലായിരുന്നു വിധി പ്രഖ്യാപിച്ചത്

2018 ലെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് പറഞ്ഞ കോളിന്‍സ്, കഴിഞ്ഞ വര്‍ഷം ഓഹരി വിപണിയില്‍ കൃത്രിമം കാണിച്ചു എന്ന് സമ്മതിച്ചു. ന്യൂയോര്‍ക്ക് 27ാം ഡിസ്ട്രിക്റ്റ് മുന്‍ കോണ്‍ഗ്രസ്മാന്‍ 2019 ഒക്ടോബര്‍ 1 ന് കുറ്റം സമ്മതിച്ചിരുന്നു.

ഓഹരി നിക്ഷേപം സ്വീകരിച്ചിരുന്ന ഒരു കമ്പനിയെക്കുറിച്ചുള്ള തീര്‍ച്ചപ്പെടുത്തിയിട്ടില്ലാത്ത വാര്‍ത്ത കോളിന്‍സ് മകനോട് പറഞ്ഞതിന്റെ ഫലമായി മകനും മറ്റ് ഏഴ് പേരും വാര്‍ത്തകള്‍ പരസ്യപ്പെടുത്തുന്നതിന് മുമ്പായി ഓഹരികള്‍ വിറ്റു. ഓഹരി മൂല്യം കുറയുന്നതിനു മുന്‍പ് തങ്ങളുടെ ഓഹരികള്‍ വിറ്റതിലൂടെ 700,000 ഡോളര്‍ നഷ്ടം ഒഴിവാക്കി എന്നാണ് കേസ്.

"ന്യൂയോര്‍ക്ക് മുന്‍ കോണ്‍ഗ്രസ്മാനും 'ഇന്നെയ്റ്റ് ഇമ്മ്യൂണോതെറാപ്യൂട്ടിക്‌സ് ലിമിറ്റഡിലെ' ബോര്‍ഡ് അംഗവുമായ ക്രിസ്റ്റഫര്‍ കോളിന്‍സിന് ഈ കമ്പനിയുടെ ഓഹരി മൂല്യത്തെക്കുറിച്ച് രഹസ്യ വിവരങ്ങള്‍ കിട്ടിയിരുന്നു. ഇന്നെയ്റ്റ് വികസിപ്പിച്ചെടുത്ത മരുന്നുകളിലൊന്ന് ക്ലിനിക്കല്‍ പരീക്ഷണത്തില്‍ പരാജയപ്പെട്ടു എന്നായിരുന്നു ആ വിവരം. കോളിന്‍സ് തന്‍റെ മകന്‍ കാമറൂണിനെ ഈ വിവരം ഫോണിലൂടെ അറിയിച്ചു. അങ്ങനെ പരസ്യ പ്രഖ്യാപനത്തിന് മുമ്പായി ഓഹരികള്‍ വില്‍ക്കാനും അതുവഴി നഷ്ടം ഒഴിവാക്കാനും അദ്ദേഹത്തിന് സാധിച്ചു.

"കോളിന്‍സിന്‍റെ അത്യാഗ്രഹവും നിയമത്തോടുള്ള അവഗണനയും എഫ്ബിഐയോട് കള്ളം പറഞ്ഞതും കുറ്റകരം തന്നെ. കോണ്‍ഗ്രസില്‍ നിന്ന് രാജി വെച്ച കോളിന്‍സ് രണ്ടു വര്‍ഷം ജയിലില്‍ കഴിയേണ്ടി വരും. കൂടാതെ രണ്ടു ലക്ഷം ഡോളര്‍ പിഴയും നല്‍കണം. നിയമ നിര്‍മ്മാണം മാത്രമല്ല, അതില്‍ ഭാഗഭാക്കാകുന്ന നിയമനിര്‍മ്മാതാക്കള്‍ക്ക് ആ നിയമം ബാധകമാണെന്നും അത് അനുസരിക്കേണ്ട ബാധ്യതയുമുണ്ടെന്നും മനസ്സിലാക്കണം. എത്ര ശക്തനാണെങ്കിലും ആരും നിയമത്തിന് അതീതരല്ല."  ന്യൂയോര്‍ക്കിലെ സതേണ്‍ ഡിസ്ട്രിക്റ്റ് യുണെറ്റഡ് സ്‌റ്റേറ്റ്‌സ് അറ്റോര്‍ണി ജെഫ്രി ബെര്‍മന്‍ ഒരു പ്രസ്താവനയില്‍ പറഞ്ഞു.

അപൂര്‍വ രോഗമായ മള്‍ട്ടിപ്പിള്‍ സ്ക്‌ലിറോസിസിന് ചികിത്സിക്കുന്നതിനായി ഒരു മരുന്ന് വികസിപ്പിച്ചുകൊണ്ടിരുന്ന 'ഇന്നെയ്റ്റ്' ഇമ്മ്യൂണോതെറാപ്യൂട്ടിക്‌സ് ലിമിറ്റഡിലെ പ്രധാന നിക്ഷേപകനായിരുന്നു കോളിന്‍സ്. ആ മരുന്നിന്റെ ക്ലിനിക്കല്‍ പരീക്ഷണം പരാജയപ്പെട്ട വിവരം വൈറ്റ് ഹൗസിലെ ഒരു പാര്‍ട്ടിയില്‍ വെച്ചായിരുന്നു കോളിന്‍സ് അറിയുന്നത്.

കോളിന്‍സ് തന്റെ മകന്‍ കാമറൂണിന് ഫോണ്‍ ചെയ്യുന്നത് സിബിഎസ് ന്യൂസിന്റെ ക്യാമറയില്‍ പതിഞ്ഞു. ഈ ഫോണ്‍ വിളി അദ്ദേഹത്തിനും മറ്റ് ആറ് പേര്‍ക്കും അവരുടെ ഓഹരികള്‍ വില്‍ക്കാന്‍ കാരണമായി. കോളിന്‍സ് പിന്നീട് എഫ്ബിഐയോട് ഫോണ്‍ വിളിയുടെ കാര്യത്തില്‍ നുണ പറഞ്ഞു. അതാണ് കോളിന്‍സിനെ കുടുക്കിയത്.

കോളിന്‍സിന്റെ മകന്‍ കാമറൂണ്‍ കോളിന്‍സും അദ്ദേഹത്തിന്‍റെ പ്രതിശ്രുത വധുവിന്റെ പിതാവും മറ്റൊരു നിക്ഷേപകനുമായ സ്റ്റീഫന്‍ സാര്‍സ്കിയും ഈ പദ്ധതിയില്‍ തങ്ങളുടെ പങ്കിനെക്കുറിച്ച് കുറ്റം സമ്മതിച്ചിരുന്നു. ഇരുവര്‍ക്കും അടുത്തയാഴ്ച ശിക്ഷ വിധിക്കും.

കോളിന്‍സ് ഏഴ് വര്‍ഷം കോണ്‍ഗ്രസില്‍ സേവനമനുഷ്ഠിച്ചു. ആദ്യം 2012 ല്‍ തിരഞ്ഞെടുക്കപ്പെട്ടു, തുടര്‍ന്ന് ഫെഡറല്‍ കേസില്‍ കുറ്റാരോപിതനായതിനുശേഷവും 2018 ല്‍ ഉള്‍പ്പെടെ മൂന്ന് തവണ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പ് വേളയില്‍ അദ്ദേഹം നിരപരാധിത്വം കാത്തുസൂക്ഷിക്കുകയും ആരോപണങ്ങള്‍ക്കെതിരെ പോരാടുമെന്ന് പറയുകയും ചെയ്തിരുന്നു.

എന്നാല്‍, കഴിഞ്ഞ വര്‍ഷം അദ്ദേഹം തന്റെ പ്രസ്താവന മാറ്റി. കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്നു സമ്മതിക്കുകയും സ്ഥാനമൊഴിയുകയും ചെയ്തു. കുറ്റം സമ്മതിച്ചതിനുശേഷം, കോളിന്‍സ് ബഫലോയില്‍ നിന്ന് ഫ്‌ലോറിഡയിലേക്ക് താമസം മാറ്റി. അതുകൊണ്ടു തന്നെ ജയില്‍ ശിക്ഷ എഫ്‌സിപി പെന്‍സകോളയില്‍ അനുഭവിച്ചാല്‍ മതിയെന്ന് ജഡ്ജി വിധിയില്‍ പരാമര്‍ശിച്ചു. ഫ്‌ലോറിഡയിലെ ഏറ്റവും കുറഞ്ഞ സുരക്ഷാ ജയിലാണ് എഫ്‌സിപി പെന്‍സകോള.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക