Image

പൗരത്വ നിയമവും പ്രതിഷേധാഗ്നിയും (ഹരി നമ്പൂതിരി)

Published on 19 January, 2020
പൗരത്വ നിയമവും പ്രതിഷേധാഗ്നിയും (ഹരി നമ്പൂതിരി)
പൗരത്വ ഭേദഗതി ബില്ല് മോദി സര്‍ക്കാര്‍ ലോക്‌സഭയിലും രാജ്യസഭയിസും പാസാക്കി രാഷ്ട്രപതിയുടെ ഒപ്പും വാങ്ങി പൗരത്വ നിയമമാക്കിയതോടെ രാജ്യത്ത് നീറിപ്പുകഞ്ഞുകൊണ്ടിരുന്ന പ്രതിഷേധം പൂര്‍വാധികം ശക്തിയോടെ അഗ്‌നിജ്വാലയായി മാറിയിരിക്കുന്നു. പ്രതിപക്ഷ പാര്‍ട്ടികളുടെയും വിവിധ സംഘടനകളുടെയും വിദ്യാര്‍ത്ഥികളുടെയും വനിതകളുടെയും ഒറ്റയ്ക്കും കൂട്ടായുമുള്ള അതിശക്തമായ ജനകീയ മുന്നേറ്റ സമരങ്ങള്‍ തെരുവുകളില്‍ അടിച്ചമര്‍ത്തപ്പെടുകയും ചെയ്യുന്നുവെന്നാണ് പരക്കെ ഉയരുന്ന ആക്ഷേപം. പൗരത്വ നിയമം തിരുത്തണമെന്ന ഉപാധികളില്ലാത്ത ആവശ്യത്തോട് കേന്ദ്ര സര്‍ക്കാര്‍ മുഖം തിരിക്കുകയാണ് ചെയ്യുന്നത്. കേരളത്തിലും വന്‍ റാലികളും സമരങ്ങളും നടക്കുന്നു. പൗരത്വ നിയമത്തിനെതിരെ കേരള നിയമസഭ ഐകകണ്‌ഠ്യേന പമേയം പാസാക്കുകയുണ്ടായി. എന്നാല്‍ ഭരണപക്ഷവുമായി യോജിച്ചുള്ള സമരത്തിനില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവര്‍ത്തിച്ച് വ്യക്തമാക്കി. യോജിച്ചുള്ള സമരത്തില്‍ സര്‍ക്കാര്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നുവെന്നാണ് ആരോപണം.

പ്രമേയം പാസാക്കിക്കൊണ്ട് നടത്തിയ പ്രസംഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമത്തെ ഭരണഘടനാവിരുദ്ധമെന്ന് കുറ്റപ്പെടുത്തിയതിനെതിരെ ബി.ജെ.പി രാജ്യസഭയില്‍ അവകാശലംഘനത്തിന് നോട്ടീസ് നല്‍കിയിരുന്നു. പ്രമേയാവതരണത്തെ ന്യായീകരിച്ച് കോണ്‍ഗ്രസും രംഗത്തുവന്നിരുന്നു. എന്നാല്‍ പ്രമേയത്തിന് ഭരണഘടനാപരമായോ നിയമപരമായോ സാധുതയില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അഭിപ്രായപ്പെട്ടു. പൗരത്വ പ്രശ്‌നം പൂര്‍ണമായും
കേന്ദ്ര വിഷയമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. വിഷയം ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പരസ്യമായ ഏറ്റുമുട്ടലിലെത്തിയിരിക്കുകയാണിപ്പോള്‍. ഇതിനിടെ പൗരത്വ നിയമ ഭേദഗതി പ്രകാരം പൗരത്വം നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയാക്കാനാണ് കേമ്പ്ര നീക്കം. കേരളമുള്‍പ്പെടെ ഇന്ത്യയിലാകമാനം പ്രതിഷേധങ്ങല്‍ ആളിക്കത്തുന്ന പശ്ചാത്തലത്തിലാണിത്.

ഈ പശ്ചാത്തലത്തില്‍ എന്താണ് പൗരത്വ നിയമം എന്ന് സമഗ്രമായി പരിശോധിക്കുകയാണിവിടെ. 2014ലെ പൊതുതിരഞ്ഞെടുപ്പില്‍ അയല്‍ രാജ്യങ്ങളില്‍ പീഡിപ്പിക്കപ്പെടുന്ന ഹന്ദുക്കള്‍ക്ക് പൗരത്വം നല്‍കുമെന്ന് ബി.ജെ.പി വാഗ്ദാനം ചെയ്തിരുന്നു. പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ഹിന്ദു അഭയാര്‍ഥികളെ സ്വാഗതം ചെയ്യുമെന്നും അവര്‍ക്ക് അഭയം നല്‍കുമെന്നും ബി.ജെ.പി വ്യക്തമാക്കിയിരുന്നു. ഇന്ത്യയുടെ അയല്‍ രാജ്യങ്ങളായ പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്ലിങ്ങള്‍ ഒഴികെയുള്ള ആറ് മതസ്ഥര്‍ക്ക് രാജ്യത്ത് പൗരത്വം അനുവദിക്കുന്നതാണ് പൗരത്വ ഭേദഗതി നിയമം. 2014 ഡിസംബര്‍ 31നുമുമ്പ് ഇന്ത്യയില്‍ അനധികൃതമായി എത്തി ആറുവര്‍ഷം ഇവിടെ കഴിഞ്ഞവര്‍ക്കാണ് പൗരത്വം നല്‍കുക. ഹിമ്പു, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, ജൈന, പാര്‍സി മതവിശ്വാസികള്‍ക്കാണ് പൗരത്വം ലഭിക്കുക. പക്ഷേ, മുസ്ലിങ്ങളെ പരിഗണിക്കില്ല. ഇതിനായി 1955 മുതലുള്ള പൗരത്വ ചട്ടത്തിന്റെ രണ്ട്- 1
(ബി) വകുപ്പില്‍ പുതിയ വ്യവസ്ഥ എഴുതിച്ചേര്‍ക്കും.

ഇവര്‍ക്ക് പൗരത്വം ലഭിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ എളുപ്പമാക്കും. എന്നാല്‍, ഈ ഭേദഗതികള്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ആദിവാസി മേഖലകളില്‍ ബാധകമല്ല. അവിടങ്ങളില്‍ കടുത്ത പ്രതിഷേധമുയര്‍ന്ന പശ്ചാത്തലത്തിലാണ് ഒഴിവാക്കിയത്. അരുണാചല്‍ പ്രദേശ്, നാഗാലാന്‍ഡ്, മിസോറം എന്നിവടങ്ങളിലെ ഉള്‍പ്രദേശങ്ങള്‍ (ഇന്നര്‍ ലൈന്‍ പെര്‍മിറ്റ്) നിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കി. ആദിവാസികളെ സംരക്ഷിക്കാനാണിത്. ആറാം പട്ടികയില്‍ വരുന്ന ആദിവാസി സംരക്ഷണ മേഖലകളെയും ഒഴിവാക്കി. ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (ഒ.ഐ.സി) കാര്‍ഡുള്ളവര്‍ ഏതെങ്കിലും നിയമം ലംഘിച്ചാല്‍ വിഷയത്തില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് അവര്‍ക്കു പറയാനുളളതുകൂടി കേള്‍ക്കും. നിലവിലുള്ള 11 വര്‍ഷത്തിനു പകരം അഞ്ചുവര്‍ഷം ഇന്ത്യയില്‍ തുടര്‍ച്ചയായി താമസിച്ചാല്‍ പൗരത്വത്തിന് അര്‍ഹരാകും.

മേല്‍ സൂചിപ്പിച്ച രാജ്യങ്ങളില്‍ പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങള്‍ക്ക് അഭയം നല്‍കുകയെന്നതാണ് നിയമം കൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നതെന്നാണ് മോദി സര്‍ക്കാരിന്റെയും ബി.ജെ.പിയുടെയും വാദം. എന്നാല്‍ ഇത് എല്ലാ അയല്‍ക്കാരുടെ കാര്യത്തിലും പരിഗണിക്കുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. അഹമദിയ മുസ്ലീം, ഷിയ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് പാകിസ്ഥാനില്‍ കടുത്ത വിവേചനമാണ് നേരിടേണ്ടി വരുന്നത്. ഇവരെ സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല. റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെയും ബര്‍മയിലെ ഹിമ്പുക്കളെയും നിയമത്തില്‍ ഉള്‍പ്പെടുത്തിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ശ്രീലങ്കയിലെ ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും നിയമം അവഗണിക്കുന്നു. മുസ്ലീങ്ങള്‍ക്ക് മറ്റ് ഇസ്ലാമിക രാഷ്ട്രങ്ങളില്‍ അഭയം തേടാമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. മുസ്ലീം മതം ഒഴികെയുള്ള മതങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുന്നതിലൂടെ മുസ്ലീം വിഭാഗത്തെ രാംകിട പൗരന്മാരായാണ് രാജ്യം പരിഗണിക്കുന്നതെന്ന പ്രതീതിയാണ് ഉണ്ടാകുന്നത്. ഇത് ഭരണഘടനയുടെ 14 അനുച്ഛേദത്തിനെതിരാണ്. നിയമത്തിനു മുന്നില്‍ എല്ലാവരും തുല്ല്യരാണ്. തുല്യ സംരക്ഷണമാണ് ആര്‍ട്ടിക്കിള്‍ 14 ഉറപ്പുനല്‍കുന്നത്. പക്ഷേ, മതത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നെന്ന പ്രതിപക്ഷത്തിന്റെ ആരോപണം തള്ളിയ ആഭ്യന്തര മന്ത്രി അമിത് ഷാ ഏതെങ്കിലും സമുദായത്തോട് വിവേചനം കാട്ടാന്‍ ലക്ഷ്യമിട്ടുള്ളതല്ല നിയമമെന്നാണ് പറഞ്ഞത്. പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് രാജ്യങ്ങളില്‍ ഔദ്യോഗിക മതമുണ്ടെന്നും അതിനാല്‍ ആറ് മതന്യൂനപക്ഷങ്ങള്‍ക്ക് കടുത്ത വിവേചനം നേരിടേണ്ടിവരു ന്നുവെന്നും സര്‍ക്കാര്‍ വിശദീകരിക്കുന്നു. പൗരത്വ നിയമഭേദഗതിയില്‍ രാഹുല്‍ ഗാന്ധിയുമായി സംവാദത്തിന് തയ്യാറാണെന്നും സ്ഥലവും തിയ്യതിയും രാഹുലിന് തീരുമാനിക്കാമെന്നും മന്ത്രി അമിത് ഷാ വ്യക്തമാക്കിയിട്ടുണ്ട്.

അനധികൃത കുടിയേറ്റക്കരെ സര്‍ക്കാര്‍ നിര്‍വചിക്കുന്നതിങ്ങനെയാണ്. 1955ലെ പൗരത്വ നിയമപ്രകാരം പാസ്‌പോര്‍ട്ട് ഇല്ലാതെ അല്ലെങ്കില്‍ വ്യാജ രേഖകളുമായി ഇന്ത്യയില്‍ പ്രവേശിക്കുന്നവരാണ് അനധികൃത കുടിയേറ്റക്കാര്‍. വിസ പെര്‍മിറ്റിനപ്പുറം താമസിക്കുന്നവരും ഈ ഗണത്തില്‍പ്പെടും. അനധികൃത കുടിയേറ്റക്കാരെ പൗരരായി പരിഗണിക്കില്ലെന്നതാണ് നിലവിലെ ചട്ടം. ഇവരെ 1946ലെ വിദേശ പൗരത്വ ചട്ടം അനുസരിച്ചോ 1920ലെ പാസ്‌പോര്‍ട്ട് ചട്ടം അനുസരിച്ചോ ജയിലിലടയ്ക്കുകയോ തിരിച്ചയക്കുകയോ ചെയ്യും. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 9 പ്രകാരം, മറ്റേതൊരു രാജ്യത്തിന്റെയും പൗരത്വം സ്വമേധയാ നേടിയ ഒരാള്‍ ഇന്ത്യന്‍ പൗരനല്ല. 1950 ജനുവരി 26
നോ അതിനുശേഷമോ ഇന്ത്യക്ക് പുറത്ത് ജനിച്ചവര്‍, എന്നാല്‍ 1992 ഡിസംബര്‍ 10ന് മുമ്പ്, ജനിച്ച സമയത്ത് അവരുടെ പിതാവ് ഇന്ത്യയിലെ ഒരു പൗരനായിരുന്നെങ്കില്‍ വംശാവലി പ്രകാരം ഇന്ത്യയിലെ പൗരന്മാരാണ്.

2004 ഡിസംബര്‍ 3 മുതല്‍, ജനനത്തീയതി മുതല്‍ ഒരു വര്‍ഷത്തിനുള്ളില്‍ ഒരു ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ജനനം രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍ ഇന്ത്യക്ക് പുറത്ത് ജനിച്ചവരെ ഇന്ത്യയുടെ പൗരന്മാരായി പരിഗണിക്കില്ല. 1955ലെ പൗരത്വ നിയമത്തിലെ സെക്ഷന്‍ 8ല്‍, ഒരു മുതിര്‍ന്നയാള്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിക്കുകയാണെങ്കില്‍, അയാള്‍ക്ക് ഇന്ത്യന്‍ പൗരത്വം നഷ്ടപ്പെടും, കൂടെ അവരുടെ കുട്ടികള്‍ക്കും. ഏതെങ്കിലും നിയമം ലംഘിച്ചതിന് ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (ഒ.സി.ഐ) രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ പൗരത്വ നിയമം അനുവദിക്കുന്നു. നിസ്സാര കുറ്റകൃത്യങ്ങള്‍ പോലും രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്യാന്‍ കാരണമാകും. ഉദാഹരണത്തിന് പാര്‍ക്കിംഗ് ഇല്ലാത്ത സ്ഥലത്ത് പാര്‍ക്കിംഗ്. വഞ്ചനയിലൂടെ ഒ.സി.ഐ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ ഒ.സി.ഐ കാര്‍ഡ് ഉടമയുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാമെന്ന് 1955 ലെ നിയമം അനുശാസിക്കുന്നു.

അയല്‍ രാജ്യങ്ങളില്‍ പീഡിപ്പിക്കപ്പെടുന്ന മുസ്‌ലിങ്ങളല്ലാത്ത അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കുന്നതിനാണ് നിയമം രൂപകല്‍പ്പന ചെയ്തിരിക്കുന്നതെങ്കിലും എന്‍.ആര്‍.സി (നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍സ്) കുടിയേറ്റക്കാരെ മതത്തിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിക്കുന്നില്ല. പ്രധാനമായും അസമിലെ അനധികൃത കുടിയേറ്റം അവസാനിപ്പിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി കേമ്പ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയതാണ് എന്‍.ആര്‍.സി. ബംഗ്ലാദേശില്‍നിന്നു ലക്ഷക്കണക്കിന് അനധികൃത കുടിയേറ്റക്കാര്‍ എത്തുന്ന പശ്ചാത്തലത്തില്‍ 1951ലാണ് ആദ്യമായി അസമില്‍ പൗരത്വ റജിസ്റ്റര്‍ തയാറാക്കിയത്. 1971 മാര്‍ച്ച് 24ന് ശേഷം നിയമവിരുദ്ധമായി സംസ്ഥാനത്ത് പ്രവേശിച്ച ആരെയും അവരുടെ മതത്തെ പരിഗണിക്കാതെ നാടുകടത്തുന്നത് പരിഗണിക്കും. നിയമവിരുദ്ധമായി
കുടിയേറുന്നവര്‍ക്കായി ആറ് തടങ്കല്‍ ക്യാമ്പുകള്‍ നിലവില്‍ ആസാമിലുണ്ടെങ്കിലും ഈ ക്യാമ്പുകളില്‍ എത്ര കാലം ആളുകളെ തടവിലാക്കുമെന്ന് ഇപ്പോഴും വ്യക്തമല്ല. രാജ്യത്ത് തടങ്കല്‍പാളയങ്ങള്‍ ഇല്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അസമ്പിഗ്ധമായി വ്യക്തമാക്കിയത്.

പൗരത്വ നിയമ പ്രതിഷേധക്കാര്‍ക്ക് നേരെ ചോദ്യങ്ങള്‍ ഉന്നയിച്ച് പ്രധാനമന്ത്രി നരേമ്പ്ര മോദിയും ആവര്‍ത്തിച്ച് രംഗത്തുവന്നു. പാകിസ്താനില്‍ മതത്തിന്റെ പേരില്‍ ക്രൂരമായി പീഡിപ്പിക്കപ്പെടുന്നവരെ അകറ്റി നിര്‍ത്തുകയാണ് കോണ്‍ഗ്രസെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. അയല്‍ രാജ്യങ്ങളില്‍ നരകതുല്യമായ ജീവിതം നയിക്കുന്നവരെയാണ് സര്‍ക്കാര്‍ ഈ നിയമത്തിലൂടെ രക്ഷിക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ കക്ഷികളും അതിനെതിരെയാണ് പോരാടുന്നതെന്നും മോദി പറഞ്ഞു. പാകിസ്താന്‍ മതത്തിന്റെ പേരിലാണ് സ്ഥാപിക്കപ്പെട്ടത്. അതുകൊണ്ട് ഹിന്ദുക്കള്‍, സിഖ്, ജൈന, ക്രിസത്യന്‍ മതക്കാര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുകയാണ്. എന്നാല്‍ കോണ്‍ഗ്രസോ അവരുടെ സഖ്യകകക്ഷികളോ പാകിസ്താനെതിരെ ഒരക്ഷം മിണ്ടില്ലെന്നും മോദി പറഞ്ഞു.

ഇതിനിടെ, പൗരത്വ ഭേദഗതി നിയമത്തിന് എതിരെ കേരളത്തിന് പിറകെ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനമായ പഞ്ചാബ് പൗരത്വ ഭേദഗതി നിയമം റദ്ദ് ചെയ്യണം എന്നാവശ്യപ്പെട്ട് പ്രമേയം പാസ്സാക്കി. പാര്‍ലമെന്റ് പാസ്സാക്കിയ പൗരത്വ ഭേദഗതി നിയമത്തിന് എതിരെ രാജ്യവ്യാപകമായി ആശങ്ക പരക്കുകയും പ്രതിഷേധം നടക്കുകയുമാണ്. പഞ്ചാബിലും പൗരത്വ നിയമത്തിന് എതിരെ പ്രതിഷേധങ്ങള്‍ നടക്കുകയുണ്ടായി.

അവ സമാധാനപരവും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളേയും ഉള്‍ക്കൊളളുന്നതുമാണെന്ന് പ്രമേയത്തില്‍ പറയുന്നു. പൗരത്വ ഭേദഗതി നിയമത്തിന് പിന്നിലുളള ആശയം വിഭാഗീയതുയുടേതാണെന്നും പ്രമേയത്തില്‍ പറയുന്നു. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളില്‍ ഒന്നായ ഇന്ത്യയുടെ മതേതരത്വ അടയാളത്തെ ഇല്ലാതാക്കുന്നതാണ് പൗരത്വ ഭേദഗതി നിയമം. പൗരത്വം നല്‍കുന്നതിന് മതത്തിന്റെ പേരില്‍ വിവേചനമുണ്ടാക്കുന്നത് ഒഴിവാക്കാനും ഇന്ത്യയിലെ എല്ലാ മതക്കാര്‍ക്കും നിയമത്തിന് മുന്നില്‍ തുല്യത ഉറപ്പ് വരുത്താനും പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് പ്രമേയം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഏതായാലും പൗരത്വ നിയമത്തിനെതിരെ രാജ്യവ്യാപകമായ പ്രതിഷേധാഗ്നി അണയുന്നില്ല.


പൗരത്വ നിയമവും പ്രതിഷേധാഗ്നിയും (ഹരി നമ്പൂതിരി)
Join WhatsApp News
vayanakaaran 2020-01-19 16:30:38
തിരുമേനി ക്ഷ പിടിച്ചുട്ടോ. അവിടെയും ഇവിടെയും തൊടാതെ അങ്ങനെ.. യേശുകൃസ്തുപോലും അത്ഭുതപെടുന്നുണ്ടാകും കേരളത്തിലെ ജനങ്ങളുടെ അയല്പക്കക്കാരനോടുള്ള സ്നേഹം കണ്ടിട്ട്. അതേസമയം അദ്ദേഹം ദുഖിക്കയും ചെയ്യും. വിശന്നപ്പോൾ ഒരു മണി അരി കാശു കൊടുക്കാതെ എടുത്ത പാവം ആദിവാസിയെ തല്ലിക്കൊന്നപ്പോൾ എവിടെ പോയി സഹോദര സ്നേഹം. പട്ടിണികൊണ്ട് പാവം പിഞ്ചുകുഞ്ഞുങ്ങൾ മണ്ണ് തിന്നുന്നത് കാണാതെ മഹാത്മാഗാന്ധിയാകുന്ന തമാശ. ഭാരതീയ സ്ത്രീകളിൽ ആരോ പ്രസവിച്ച് വളർത്തി വലുതാക്കിയ ചുരുങ്ങിയത് നാല് പേരെ വച്ച് കാസ്മീർ താഴ്വരയിൽ പ്രതിദിനം കൊന്നു കളയുന്ന ഒരു രാജ്യത്തിലെ ആളുകളെ ഭാരതത്തിലേക്ക് കൊണ്ട് വരണമെന്ന് മുറവിളി കൂട്ടുന്നത് എത്രയോ ക്രൂരത. വേണ്ടി വന്നാൽ ഇന്ത്യ വെട്ടിമുറിക്കുമെന്നു പറയുന്ന മതതീവൃവാദികൾക്ക് വേണ്ടി (എല്ലാവരുമല്ലെങ്കിലും} എന്തിനു വാദിക്കുന്നു. അതിൽ ആത്മാര്ഥതയുണ്ടോ മുതലക്കണ്ണീരല്ലേ ഭൂമിയിൽ വീഴുന്നത്, ഭൂമിക്ക് രക്തം കൊടുക്കുന്നതിനു മുമ്പ് കണ്ണീർ പൂജ.
രാമൻ നമ്പുതിരിപ്പാട് 2020-01-20 11:27:46
വിശകലനം, നിരീക്ഷണം , അവലോകനം സ്വന്ധം അഭിപ്രായം എഴുതുക. താങ്കൾ എവിടെ നിൽക്കുന്നു ? അതു പറയ് . എസ് ഓർ നോ പറയ് .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക