Image

കൊച്ചിയിലൊരു പൂച്ചയെ രക്ഷിച്ചതും 'ചുഞ്ചു നായര്‍' എന്ന പൂച്ചയുടെ ഓര്‍മയും (ശ്രീനി)

Published on 19 January, 2020
കൊച്ചിയിലൊരു പൂച്ചയെ രക്ഷിച്ചതും 'ചുഞ്ചു നായര്‍' എന്ന പൂച്ചയുടെ ഓര്‍മയും (ശ്രീനി)
വളര്‍ത്തുമൃഗങ്ങളോട് മനുഷ്യര്‍ക്കുള്ള സ്‌നേഹവായ്പും ആ അരുമകള്‍ തിരികെ നല്‍കുന്ന സ്‌നേഹവും അധികം വിവരിക്കേണ്ടതില്ല. വളര്‍ത്തു പൂച്ചയോ നായയോ മരിച്ചാല്‍ മനസ് വിങ്ങുന്നവരാണ് നമ്മളെല്ലാവരും. മൃഗങ്ങളോടുള്ള മനുഷ്യ സ്‌നേഹത്തിന്റെ ആഴവും പരപ്പും പ്രകടമാക്കുന്നതായിരുന്നു കൊച്ചിയില്‍ ഇന്ന് (ജനുവരി 19) നടന്ന ഈ സംഭവം. കൊച്ചി മെട്രോയുടെ പില്ലറുകള്‍ക്കിടയില്‍ കുടുങ്ങിയ പൂച്ചയെ രക്ഷപ്പെടുത്തിയതാണത്. രണ്ട് മണിക്കൂറോളം ഫയര്‍ ഫോഴ്‌സിന്റെയും നാട്ടുകാരുടേയും നീണ്ട പരിശ്രമത്തിനൊടുവിലാണ് പൂച്ചയെ രക്ഷിച്ചത്. വൈറ്റില ഫാഷന്‍ മാര്‍ബിളിന് മുന്നിലായി റോഡില്‍ നിന്ന് നാല്പ്പതടി ഉയരത്തിലുള്ള പില്ലറുകള്‍ക്കിടയിലാണ് കഴിഞ്ഞ ആറുദിവസമായി പൂച്ച ഭയന്ന് കരഞ്ഞ് കുടുങ്ങിക്കിടന്നത്.

ഇത്രയും ദിവസമായി വെള്ളമോ ഭക്ഷണമോ കിട്ടാതെ, വെയിലും മഞ്ഞുമേറ്റ് അവശനിലയിലായിരുന്നു പൂച്ച. എങ്ങനെയാണ് പൂച്ച ഇതിന്റെ മുകളില്‍ എത്തിയതെന്ന് വ്യക്തമല്ല. നിര്‍ത്താതെയുള്ള കരച്ചില്‍ കേട്ടാണ് സമീപത്തെ കച്ചവടക്കാരും യാത്രക്കാരും പൂച്ച എവിടെയാണെന്നുള്ള അന്വേഷണമാരംഭിച്ചത്. തൂണിനു മുകളില്‍ പൂച്ചക്കുട്ടിയെ കണ്ടെത്തിയതിനെത്തുടര്‍ന്ന് സമീപത്തെ കട ഉടമകളാണ് ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചത്. പൂച്ചയെ രക്ഷിക്കുന്ന കാര്യത്തില്‍ മെട്രോ അധികൃതര്‍ നിഷേധാത്മകമായ നിലപാടാണ് സ്വീകരിച്ചതെന്ന് മൃഗ സ്‌നേഹികള്‍ പറഞ്ഞു.

വലയിലാക്കാന്‍ ശ്രമിച്ചെങ്കിലും പേടിച്ചരണ്ട പൂച്ച തൂണിന് മുകളില്‍നിന്ന് താഴേയ്ക്ക് ചാടുകയായിരുന്നു. ജീവനുംകൊണ്ട് ഓടിപ്പോയ പൂച്ചയുടെ പിന്നാലെ നാട്ടുകാരും കാമറ സഹിതം മാധ്യമപ്പടയും പാഞ്ഞു. ഓടുവില്‍ അതിനെ പിടിച്ച് മൃഗാശുപത്രിയില്‍ ഏല്‍പ്പിക്കുകയായിരുന്നു. പൂച്ചയെ പിടിക്കുന്നതിനിടയില്‍ പലര്‍ക്കും അതിന്റെ കടിയും മാന്തും ഏറ്റു. അവര്‍ ആശുപത്രിയില്‍ മതിയായ ചികില്‍സ തേടി. ഫയര്‍ഫോഴ്‌സിനെയും നാട്ടുകാരെയും ചുറ്റിച്ച പൂച്ച ഗതാഗതക്കുരുക്കുമുണ്ടാക്കി. ഏതായാലും പൂച്ചയെ രക്ഷിക്കാന്‍ ശ്രമിച്ചതിലുള്ള സന്തോഷത്തിലാണ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും നാട്ടുകാരും സംഗതി ലൈവായി ചി.വിയില്‍ കണ്ട പ്രേക്ഷകരും.

കണ്ണു നനയ്ക്കുന്ന മറ്റൊരു പൂച്ച വിശേഷമിങ്ങനെ. സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയ ഒരു പൂച്ചയുടെ കഥ നാം അറിഞ്ഞത് 2019 മെയ് 26-ാം തീയതിയാണ്. ടൈംസ് ഓഫ് ഇന്ത്യ മുംബൈ എഡിഷനിലെ ടൈംസ് ഇന്ററാക്റ്റ് പേജില്‍ ഒരു പൂച്ചയുടെ ചരമ വാര്‍ഷിക പരസ്യം വന്നു. ഏറ്റവും വിചിത്രം പൂച്ചയുടെ പേരായിരുന്നു, 'ചുഞ്ചു നായര്‍'. വളര്‍ത്തുമൃഗങ്ങളെ സ്വന്തം കുഞ്ഞുങ്ങളേക്കാള്‍ ഏറെ സ്‌നേഹിക്കുന്നവരുടെ ഒരുപാട് കഥകള്‍ ഈ ലോകത്തിന് പറയാനുണ്ടാവും. സ്വന്തം കുട്ടികളെ പോലെ ഒരു പൂച്ചയെ സ്‌നേഹിച്ച കഥയാണ് 'ചുഞ്ചു നായരെ' വളര്‍ത്തിയവര്‍ക്കും പറയാനുള്ളത്. ''മോളൂട്ടി നീ ഇല്ലാത്തത് ഒരുപാട് വേദനിപ്പിക്കുന്നു...'' എന്നായിരുന്നു പരസ്യത്തിലെ വാചകങ്ങള്‍. പൂച്ചയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് 'അമ്മ, അച്ഛന്‍, ചേച്ചിമാര്‍, ചേട്ടായിമാര്‍, സ്‌നേഹസമ്പന്നരായ എല്ലാവരും...' എന്ന് ചേര്‍ത്തിരുന്നു. ആരാണ് പരസ്യം നല്‍കിയതെന്ന് വെളിപ്പെടുത്തിയിരുന്നില്ല. എന്നാല്‍ പരസ്യം വൈറലായി. സോഷ്യല്‍ മീഡിയില്‍ ചര്‍ച്ചകളും ആരംഭിച്ചു. പരസ്യത്തിന്റെ ആധികാരികത പോലും ചോദ്യം ചെയ്യപ്പെട്ടു. മിണ്ടാപ്രാണികളോടുള്ള ക്രൂരതയും അവഗണനയും ചര്‍ച്ചയാകുന്ന കാലത്ത് ഒരു വര്‍ഷം മുന്‍പ് ജീവന്‍ നഷ്!ടപ്പെട്ട പൂച്ചയെ ഓര്‍മ്മിച്ച് പരസ്യം ചെയ്തത് ആരായിരിക്കും എന്നതിലായിരുന്നു എല്ലാവര്‍ക്കും കൗതുകം.

അതേ സമയം പൂച്ചയുടെ പേരില്‍ ജാതിപ്പേര്‍ ചേര്‍ത്തത് നിരവധി പേര്‍ വിമര്‍ശിക്കുകയും ചെയ്തു. മനുഷ്യര്‍ക്കുള്ളത് പോലെ മൃഗങ്ങള്‍ക്കും ജാതി ചാര്‍ത്തിക്കൊടുക്കുന്നത് എന്തിനെന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ അധികം പേരും ചോദ്യം ചെയ്തത്. 'നായര്‍ പൂച്ച'യെന്ന് പരിഹസിക്കുകയും ചെയ്തു. നിരവധി ട്രോളുകളാണ് ചുഞ്ചു നായരെക്കുറിച്ച് ഇറങ്ങിയിരിക്കുന്നത്. എന്നാല്‍ ഇത് ആരോ ഫോട്ടോഷോപ്പ് ചെയ്ത് പ്രചരിപ്പിക്കുന്നതാണെന്നും വാര്‍ത്ത പരന്നിരുന്നു. ഇതോടെ ഉടമസ്ഥര്‍ പ്രതികരണവുമായി രംഗത്ത്‌വന്നു. ''ചുഞ്ചുവിന്റെ പേരിന് ജാതിയുമായി ബന്ധമില്ല. നിങ്ങള്‍ക്ക് അത് വെറുമൊരു പൂച്ചയായിരിക്കും. എന്നാല്‍ ഞങ്ങള്‍ക്ക് ഞങ്ങളുടെ സ്വന്തം മകളായിരുന്നു. ഞങ്ങളുടെ കുടുംബത്തിലെ റാണിയായിരുന്നു അവള്‍. അവള്‍ ഇന്ന് ഒപ്പമില്ലെന്ന് ഞങ്ങള്‍ക്ക് വിശ്വസിക്കാനായിട്ടില്ല...'' രണ്ട് പെണ്‍മക്കളുമായി നവി മുംബൈയില്‍ താമസിക്കുന്ന മലയാളികളായ ദമ്പതികള്‍ വിശദീകരിച്ചു. ''ചുഞ്ചു ഞങ്ങളോടൊപ്പം 18 വര്‍ഷം ഉണ്ടായിരുന്നു. അവസാന നാളുകളില്‍ അസുഖം ബാധിച്ച് വളരെ ദാരുണമായായിരുന്നു അവളുടെ അന്ത്യം...'' അവര്‍ പറഞ്ഞു. കുടുംബത്തില്‍ പല കാര്യങ്ങളും തീരുമാനിച്ചിരുന്നത് അവളായിരുന്നുവത്രേ.

പൂച്ചയ്ക്ക് നായര്‍ എന്ന് ജാതിപ്പേര് നല്‍കിയത് അനുകൂലിച്ച് മൃഗസംരക്ഷണ പ്രവര്‍ത്തക സാലി വര്‍മ്മ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. കുടുംബത്തിലെ അംഗത്തെപ്പോലെയാണ് മൃഗങ്ങളെ കാണുന്നത് എന്നതുകൊണ്ടാകാം പൂച്ചയ്ക്ക് നായര്‍ എന്ന് പേരിട്ടതെന്നാണ് സാലി വാദിച്ചത്. ഇത് തെളിയിക്കാന്‍ തന്റെ അച്ഛന്‍ മുന്‍പ് വളര്‍ത്തിയിരുന്ന നായയ്ക്ക് അമ്മു വര്‍മ്മയെന്നായിരുന്നു പേരെന്നും ഇവര്‍ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ എഴുതി. സാധാരണ ഗതിയില്‍ ഒരു പൂച്ചയുടെ ശരാശരി ആയുസ് 13 മുതല്‍ 14 വര്‍ഷം വരെ ആണ്. എന്നാല്‍ ചുഞ്ചു വീട്ടുകാര്‍ക്കൊപ്പം കഴിഞ്ഞത് നീണ്ട 18 വര്‍ഷങ്ങള്‍ ആണ്. അങ്ങനെ വരുമ്പോള്‍ പൂച്ചയോട് ആ വീട്ടുകാര്‍ക്കുണ്ടായ അടുപ്പം എത്രത്തോളം ആണെന്ന് ഊഹിക്കാവുന്നതേയുള്ളു. 2018 മെയ് 26 നായിരുന്നു ചുഞ്ചു മരിച്ചത്. അതിനും മാസങ്ങള്‍ക്ക് മുമ്പേ ശാരീരിക അവശതകള്‍ തുടങ്ങിയിരുന്നു. ഒരു പൂച്ചായുസിനും അപ്പുറം ജീവിച്ചാണ് ചുഞ്ചു വിടപറഞ്ഞത്. അതിന് കാരണം ആ വീട്ടുകാരുടെ സ്‌നേഹവും പരിചരണവും ഒക്കെ തന്നെ ആയിരിക്കും.

ചുഞ്ചുവിനെ ''മോളൂട്ടി...'' എന്നാണ് വീട്ടുകാര്‍ സ്‌നേഹത്തോടെ വിളിച്ചിരുന്നത്. വെറും ഒരു പൂച്ചയായ ചുഞ്ചു എങ്ങനെ ചുഞ്ചു നായര്‍ ആയി എന്നതിനും വീട്ടുകാര്‍ക്ക് ഉത്തരമുണ്ട്. ചുഞ്ചുവിനെ ചികിത്സിച്ചിരുന്ന മൃഗഡോക്ടര്‍ ആണ് പേരിനൊപ്പം നായര്‍ എന്ന് ചേര്‍ത്തത്. ത്വന്തം മകളെ പോലെ സ്‌നേഹിക്കുന്ന പൂച്ചയുടെ പേരില്‍ നിന്ന് ആ ജാതിപ്പേര് എടുത്ത് കളയണം എന്ന് വീട്ടുകാര്‍ക്ക് ഒരിക്കലും തോന്നിയില്ല. മൃഗാശുപത്രിയിലെ വൈദ്യുത ശ്മശാനത്തില്‍ ആയിരുന്നു ചിഞ്ചുവിന്റെ അന്ത്യകര്‍മങ്ങള്‍ നടന്നത്. എന്നാല്‍ മരിച്ച ശേഷം ഒരു വര്‍ഷത്തില്‍ ഒരു ദിവസം പോലും ചുഞ്ചുവിനെ ഓര്‍ക്കാതെ കടന്നുപോയിട്ടില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്. ഒരു വര്‍ഷം ഓണവും വിഷുവും അടക്കമുള്ള എല്ലാ ആഘോഷങ്ങളും ഒഴിവാക്കിയിരുന്നു എന്നും വീട്ടുകാര്‍ പറയുന്നു.

ഇനിയല്‍പ്പം ജാതി വിചാരം. കേരളത്തില്‍ രണ്ടാം നവേത്ഥാനം നടക്കുന്നുവെന്ന് ഇടതു സര്‍ക്കാര്‍ അവകാശപ്പെട്ട സമയത്താണ് ചുഞ്ചുസംഭവം വൈറലായത്. അതുകൊണ്ട് പേരിനൊപ്പമുള്ള ജാതി വാലുകള്‍ക്ക് വലിയ പ്രസക്തിയില്ലത്രേ. വാലും പേറി നടക്കുന്നവരുണ്ട്. പക്ഷേ ഒരു കുടുംബം സ്‌നേഹിച്ച് വളര്‍ത്തിയ പൂച്ചയ്ക്ക് ജാതി വാലിട്ടതാണ് ചിലരെ ചൊടിപ്പിച്ചത്. ഇവരോട് ''നിങ്ങള്‍ക്കൊന്നും വേറേ പണിയില്ലേ...'' എന്നാണ് സഭ്യമായ ഭാഷയില്‍ ചോദിക്കേണ്ടത്. ജാതിയും മതവുമൊക്കെ മാറ്റിവച്ചിട്ട് ഈ പരസ്യത്തിലടങ്ങിയിരിക്കുന്ന സ്‌നേഹത്തിന്റെ ഉറവയെപ്പറ്റിയായിരുന്നു ചിന്തിക്കേണ്ടത്.

വിശുദ്ധ ഫ്രാന്‍സിസ് വിടവാങ്ങിയപ്പോള്‍ അദ്ദേഹത്തിന്റെ മൃതദേഹത്തിന്റെയടുത്തേയ്ക്ക് വിവരമറിഞ്ഞെത്തിയ പക്ഷികള്‍ തലതല്ലിക്കരഞ്ഞുകൊണ്ട് തങ്ങളുടെ ബന്ധുവായിരുന്ന അദ്ദേഹത്തോടുള്ള അതിരറ്റ സ്‌നേഹം പ്രകടിപ്പിക്കുകയുണ്ടായി. സ്‌നേഹത്തിന്റെ ഒരു തുള്ളിക്കുവേണ്ടി ഞങ്ങള്‍ ദാഹിച്ചിരിക്കുന്നു എന്ന് മനുഷ്യരാശി ഒന്നായി വിലപിക്കുന്നതുപോലുള്ള ഒരു കാലത്തിന്റെ ഇരുള്‍മൂടിയ നാളുകളില്‍, നേര്‍ത്ത ഒരു സ്‌നേഹസ്പര്‍ശം പോലും നമ്മെ ജീവിതത്തോടടുപ്പിക്കുന്നു. ''നിങ്ങള്‍ നിങ്ങളെ സ്‌നേഹിക്കുന്നുണ്ടോ..?'' എന്ന് ആരും ചോദിക്കാത്ത കാലം.

ജനങ്ങള്‍ സ്വയം വെറുക്കുന്നു, സ്വയം നിന്ദിക്കുന്നു, സ്വയം ജീര്‍ണിച്ചവരാണെന്ന് തെളിയിച്ചുകൊണ്ടേയിരിക്കുന്നു. സ്‌നേഹമില്ലാതെ മനുഷ്യന് സ്വസ്ഥമായി ജീവിക്കാനാവില്ല. പക്ഷേ, നിലനില്‍ക്കാന്‍ കഴിഞ്ഞേക്കും. സ്‌നേഹമില്ലാതെ നിലനിന്നുപോരുന്നതിനെ ജീവിതമെന്ന് പറയാനാവില്ലല്ലോ. തിന്നുക, കുടിക്കുക, പണിയെടുക്കുക, നടക്കുക, ഇരിക്കുക, കിടക്കുക, ഉറങ്ങുക, അങ്ങനെ ദിനരാത്രങ്ങള്‍ കഴിക്കുക. ഇങ്ങനെ കഴിഞ്ഞുകൂടുന്നതിനെയത്രേ ജീവിതം എന്ന് നാമിന്നു വിളിക്കുന്നത്. നാം ജീവിക്കുന്ന കാലത്ത് സ്‌നേഹം ഹൃദയത്തില്‍ നിന്ന് പുറത്ത് കടക്കുകയും അത് തലയില്‍ കുടിയേറുകയും ചെയ്തിരിക്കുന്നു. ഇതുകൊണ്ടത്രേ പുതിയ മനുഷ്യര്‍ക്കൊക്കെയും തലവേദനയാണ്. ഹൃദയത്തിനുപകരം തല സ്‌നേഹത്തിനുവേണ്ടി നോക്കുന്നതുകൊണ്ടാണിത്. പാവം ഹൃദയം. അതിന് സ്‌നേഹം നഷ്ടമായിരിക്കുന്നു.

യഥാര്‍ത്ഥ സ്‌നേഹം അനുഭവിക്കാനായി ഒരാള്‍ സ്വയം ചോദിക്കണം...''എന്റെ ഹൃദയം ശുദ്ധമാണോ...അത് സത്യമാണോ..?'' എന്ന്. ഹൃദയത്തില്‍ സത്യമില്ലാത്ത സ്‌നേഹം, വഞ്ചിക്കാത്ത സ്‌നേഹമാണെന്ന് ഒരാള്‍ തിരിച്ചറിയുമ്പോഴേയ്ക്കും അയാള്‍ അതുണ്ടാക്കിയ ചതിക്കുഴിയില്‍ എന്നെന്നേയ്ക്കുമായി വീണുപോയിരിക്കും. ഹൃദയത്തില്‍ സത്യമില്ലാത്തതുകാരണം ഹൃദയം പൊട്ടിത്തകര്‍ന്നിരിക്കും. ശരിയായ സ്‌നേഹം സത്യമെന്താണെന്ന് കാണിച്ചുതരുന്നു. ഇതു കാണാതെയാണ് ഒരാള്‍ സ്‌നേഹിക്കുന്നതെങ്കില്‍ അമൃതിനു പകരം വിഷമാവും അയാളുടെ വായില്‍ വീഴുന്നത്. ബന്ധങ്ങളൊക്കെയും ഉപരിപ്ലവമാവുമ്പോള്‍ മാതൃസ്‌നേഹം, സഹോദരസ്‌നേഹം, സുഹൃദ്‌സ്‌നേഹം ഒക്കെയൊരു ചടങ്ങായി മാറുമ്പോള്‍ ഒരാള്‍ ഇങ്ങനെ പറയും...''ഞാനൊരിക്കലും ആരെയും സ്‌നേഹിക്കാന്‍ പോകുന്നില്ല. ആരും എന്നെ സ്‌നേഹിക്കുകയും വേണ്ട...'' എന്നാല്‍ സ്‌നേഹത്തിനുമാത്രമേ ജീവിതത്തില്‍ ക്രമവും സമാധാനവും ഉണ്ടാക്കാനാവൂ.

ഇവിടെ ചുഞ്ചു നായര്‍ എന്ന പൂച്ച മണ്‍മറഞ്ഞപ്പോള്‍ അതിനെ ഓമനിച്ചു വളര്‍ത്തിയവര്‍ ചരമവാര്‍ഷിക പരസ്യമിട്ടത് ആ മിണ്ടാപ്രാണിയോടുള്ള അതിരറ്റ സ്‌നേഹത്തിന്റെ ബഹിര്‍സ്ഫുരണമായി മാത്രം കണ്ടാല്‍മതി. തല്‍പര കക്ഷികള്‍ അതിന്റെ 'നായര്‍' വാലില്‍പിടിച്ച് ആത്മരോഷം പ്രകടിപ്പിച്ചു. ഇതിനര്‍ത്ഥം ജാതി, മത ചിന്തകള്‍ നമ്മുടെ മനസില്‍ ശക്തമായിത്തന്നെ വേരോട്ടം തുടരുന്നുവെന്നാണ്. ഇന്ത്യ ഒരു മതേതര രാഷ്ട്രം എന്നാണ് നാം വിശ്വസിക്കുന്നത്. കേരളം സഹിഷ്ണുതയ്ക്ക് പേരുകേട്ട സംസ്ഥാനവും. എന്നാല്‍ രാഷ്ട്രീയ ഭിക്ഷാംദേഹികള്‍ മതേതരത്വത്തെ മതാതിഷ്ടിതമാക്കി അധികാരമുറപ്പിക്കുകയാണിവിടെ.

അതേ, മനുഷ്യന്‍ ആണ് യഥാര്‍ത്ഥ മൃഗം. അനന്തരം ബൈബിള്‍ പറയുന്നു...''ദൈവം മനുഷ്യനെ സൃഷ്ടിച്ചു. പുരുഷനെയും സ്ത്രീയെയും. അവരെ ആശീര്‍വദിച്ചുകൊണ്ട് ദൈവം പറഞ്ഞു...പെറ്റുപെരുകി ഈ ഭൂതലം മുഴുവന്‍ വ്യാപിക്കുക. മല്‍സ്യങ്ങളുടെ, മൃഗങ്ങളുടെ യജമാനന്‍മാര്‍ നിങ്ങളായിരിക്കും...'' പക്ഷേ, കാടിന്റെ നിയമപ്രകാരം കരുത്തനായ സിംഹം താനാണ് സര്‍വ ജീവികളുടെയും രാജാവ് എന്ന് സ്വയം പ്രഖ്യാപിച്ചു. അവന് മൂര്‍ച്ചയേറിയ പല്ലുകളുണ്ടായിരുന്നു. അതിഭയങ്കരമായ അലര്‍ച്ചയും ഊക്കേറിയ കാലുകളും. ചെറു മൃഗങ്ങള്‍ ഒരിക്കല്‍ അവനോടു പറഞ്ഞു...''മനുഷ്യന്‍ എന്ന വിചിത്രമായ ഒരു മൃഗത്തെ ഞങ്ങള്‍ കണ്ടു. രണ്ടുകാലുകളേ അവനുള്ളൂ. ഈ ലോകത്തുള്ളതിന്റെയൊക്കെ രാജാവ് താനാണെന്നും അവന്‍ പറഞ്ഞു...''

ഇതു കേട്ട സിംഹം കോപത്തോടെ ഗര്‍ജിച്ചു...''എങ്കില്‍ അവന്റെ ശക്തിയൊന്ന് എനിക്ക് കാണണം...'' ഒടുവില്‍ സിംഹം ആ മൃഗം നടന്നുപോകുന്നത് കണ്ടു. സിംഹം അവനോടു ചോദിച്ചു...''ജീവികളുടെയൊക്കെ യജമാനനെന്ന് അവകാശപ്പെടുന്ന മനുഷ്യന്‍ എന്ന പേരുള്ള മൃഗത്തെപ്പറ്റി നീ കേട്ടിട്ടുണ്ടോ..?''

അയാള്‍ നിഷ്‌കളങ്കതയോടെ പറഞ്ഞു...''എനിക്കും അവനെയൊന്ന് കാണാന്‍ താത്പര്യമുണ്ട്. ഇപ്പോള്‍ രാത്രിയായി. നമുക്ക് നാളെ കാലത്ത് പോയി അയാളെ കാണാം...''

''സമ്മതിച്ചു...'' സിംഹം പറഞ്ഞു.

പിറ്റെ ദിവസം രാവിലെ മനുഷ്യമൃഗത്തെയൊന്ന് കാണാന്‍ അവരൊപ്പം നടന്നുപോയി. ഇരുവരും ഒരു കമ്പിക്കൂടിന്റെ മുന്നിലെത്തുകയും ഇരുകാലി അതിന്റെ വാതില്‍ തുറക്കുകയും ചെയ്തു. അയാള്‍ പറഞ്ഞു...''ഇതിന്റെ അകത്താണ് ആ മനുഷ്യന്‍ ഉള്ളത്...'' സിംഹം ധൃതിപ്പെട്ട് അതിനകത്തേയ്ക്ക് കയറുകയും അയാള്‍ ഉടന്‍ തന്നെ കമ്പിക്കൂടിന്റെ വാതില്‍ അടയ്ക്കുകയും ചെയ്തിട്ട് പറഞ്ഞു...''സിംഹമേ...എന്റെ ചെങ്ങാതീ...ഞാനാണ് മനുഷ്യന്‍...''

ഭൂമിയുടെ യജമാനനായി മനുഷ്യനെ സൃഷ്ടിച്ചത് ദൈവത്തിനു പറ്റിയ ഏറ്റവും വലിയ തെറ്റായിരുന്നുവെന്ന് പറയാത്ത ഒരു ആധുനിക ചിന്തകനും ലോകത്തെവിടെയുമില്ല. മൃഗബുദ്ധിയുള്ള മനുഷ്യന്‍ ഭൂമിക്കുമീതെ, ജീവജാലങ്ങള്‍ക്കുമീതെ നടത്തിയ കൈയേറ്റം പോലെ വിനാശകരമായ ഒന്നും മനുഷ്യനുതാഴെയുള്ള ഒരു മൃഗവും ഇവിടെ നടത്തിയിട്ടില്ല. മനുഷ്യന്റെ ഏറ്റവും വലിയ ശത്രു ഇന്ന് മനുഷ്യന്‍ തന്നെയാണ്. മനുഷ്യന്റെ വിശാല ബുദ്ധി, ധ്യാനം വഴി ദിവ്യ ബുദ്ധിയാവുമ്പോള്‍ മാത്രമേ ദൈവം ഇച്ഛിച്ചതുപോലെ മനുഷ്യന്‍ ഭൂമിയുടെ യഥാര്‍ത്ഥ യജമാനനാകുകയുള്ളൂ.

''സ്‌നേഹിക്കയില്ല ഞാന്‍
നോവുമാത്മാവിനെ,
സ്‌നേഹിച്ചിടാത്തൊരു
തത്വശാസ്ത്രത്തെയും...'' 
കൊച്ചിയിലൊരു പൂച്ചയെ രക്ഷിച്ചതും 'ചുഞ്ചു നായര്‍' എന്ന പൂച്ചയുടെ ഓര്‍മയും (ശ്രീനി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക