Image

മീ ടൂ ആരോപണം; തെളിവില്ല, അനു മാലിക്കിനെതിരായ കേസ് അവസാനിപ്പിച്ചു

Published on 18 January, 2020
മീ ടൂ ആരോപണം; തെളിവില്ല, അനു മാലിക്കിനെതിരായ കേസ് അവസാനിപ്പിച്ചു

മീ ടൂ ആരോപണവുമായി ബോളിവുഡ് സംഗീത സംവിധായകന്‍ അനു മാലിക്കിനെതിരേ നില നിന്ന കേസ് ദേശീയ വനിത കമ്മീഷന്‍ അവസാനിപ്പിച്ചു. അനു മാലിക്കിനെതിരേ ലൈംഗികാരോപണവുമായി ഗായികമാരായ സോന മഹാപത്ര, ശ്വേത പണ്ഡിറ്റ്, കാരലിസ മൊണ്ടെയ്റോ, നേഹഭാസിന്‍, നിര്‍മാതാവ് ഡാനിക ഡിസൂസ എന്നിവരാണ് രംഗത്ത് വന്നത്.


രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് അനു മാലിക്കിനെതിരേ ലൈംഗികാരോപണം ഉയരുന്നത്. തുടര്‍ന്ന് അദ്ദേഹം സിനിമയില്‍ നിന്ന് താല്‍ക്കാലികമായി മാറി നില്‍ക്കുകയും ചെയ്തു. അതിനിടെ ഒരു ടെലിവിഷന്‍ റിയാലിറ്റി ഷോയില്‍ വിധികര്‍ത്താവായി രംഗത്തെത്തി. ഇതേ തുടര്‍ന്നും അദ്ദേഹത്തിനെതിരേ കടുത്ത എതിര്‍പ്പ് ഉയര്‍ന്നു. പ്രതിഷേധം ശക്തമായതോടെ അനു മാലിക് വിധി കര്‍ത്താവ് സ്ഥാനത്തു നിന്നു പിന്‍മാറി. സംഭവത്തില്‍ ദേശീയ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുക്കുകയും ചെയ്തു.


പരാതിക്കാര്‍ കേസുമായി സഹരിക്കുന്നില്ലെന്നും തെളിവുകള്‍ സമര്‍പ്പിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കമ്മിഷന്‍ ഇപ്പോള്‍ കേസ് അവസാനിപ്പിച്ചിരിക്കുന്നത്. പരാതിക്കാരോ അല്ലെങ്കില്‍ അവരുമായി ബന്ധപ്പെട്ട മറ്റാരെങ്കിലോ തെളിവു സമര്‍പ്പിക്കുകയോ മുന്നോട്ടുവരികയോ ചെയ്താല്‍ കേസ് വീണ്ടും അന്വേഷിക്കാന്‍ തടസ്സമില്ലെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ രേഖശര്‍മ പറഞ്ഞു.


എന്നാല്‍ വനിത കമ്മീഷന്‍ തങ്ങളെ വിളിക്കുകയോ തെളിവ് ആവശ്യപ്പെടുകയോ ചെയ്തിട്ടില്ലെന്ന് സോന മഹാപത്ര ട്വീറ്റ് ചെയ്തു. വനിതാ കമ്മീഷനുമായി ബന്ധപ്പെട്ടപ്പോള്‍ എന്താണ് തങ്ങള്‍ സമര്‍പ്പിക്കേണ്ടതെന്ന് വ്യക്തമായി പറഞ്ഞില്ല. വനിതാ കമ്മീഷന്റെ ഭാഗത്ത് നിന്ന് തണുത്ത പ്രതികരണമായിരുന്നു ഉണ്ടായിരുന്നത്. ലൈംഗികാതിക്രമത്തിന് എന്ത് തെളിവാണ് ഞങ്ങള്‍ നല്‍കേണ്ടത്. ആരെങ്കിലും അതിക്രമിക്കാന്‍ വരുമ്ബോള്‍ പെണ്‍കുട്ടികളോട് ഇനി മുതല്‍ അത് ഷൂട്ട് ചെയ്യാന്‍ പറയാം- സോനം മഹാപത്ര ട്വീറ്റ് ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക