Image

ശബരിമല കേസില്‍ വാദം 22 ദിവസം; ഓരോ പക്ഷത്തിനും പത്തു ദിവസം വീതം, മറുപടി വാദത്തിന് ഒരു ദിവസം

Published on 17 January, 2020
ശബരിമല കേസില്‍ വാദം 22 ദിവസം; ഓരോ പക്ഷത്തിനും പത്തു ദിവസം വീതം, മറുപടി വാദത്തിന് ഒരു ദിവസം

ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശനം ഉള്‍പ്പെടെ മതവിശ്വാസവും ഭരണഘടനാ അവകാശങ്ങളുമായി ബന്ധപ്പെട്ട കേസില്‍ 22 ദിവസത്തെ വാദം കേള്‍ക്കാന്‍ സുപ്രീം കോടതി സെക്രട്ടറി ജനറല്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനം. പത്തു ദിവസം വീതം ഇരുവിഭാഗത്തിനും ഒന്‍പതംഗ ബെഞ്ചിനു മുന്നില്‍ വാദങ്ങള്‍ അവതരിപ്പിക്കാം. മറുപടി വാദത്തിനായി ഇരുപക്ഷത്തിനും ഓരോ ദിവസം നല്‍കാനും ഇന്നു ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. അടുത്ത മാസം മൂന്നിനാണ് വിശാല ബെഞ്ച് കേസ് പരിഗണിക്കുന്നത്.


ചീഫ് ജസ്റ്റിസ് എസ്‌എ ബോബ്‌ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ച് പ്രാഥമിക വാദം കേള്‍ക്കലില്‍ നിര്‍ദേശിച്ചത് അനുസരിച്ചാണ് സെക്രട്ടറി ജനറല്‍ യോഗം വിളിച്ചുചേര്‍ത്തത്. കേസില്‍ വിവിധ കക്ഷികളെ പ്രതിനിധീകരിക്കുന്ന അഭിഭാഷകന്‍ യോഗത്തില്‍ പങ്കെടുത്തു. വിശാലമായ വിഷയങ്ങള്‍ ആയതില്‍ ഓരോരുത്തരും ഏതെല്ലാം ഭാഗങ്ങള്‍ വാദിക്കണം എന്നതില്‍ വ്യക്തത വരുത്താനായിരുന്നു യോഗം.

ശബരിമല യുവതീ പ്രവേശനവും മുസ്ലിം സ്ത്രീകളുടെ പള്ളിപ്രവേശനവും ഉള്‍പ്പെടെ മതവുമായി ബന്ധപ്പെട്ട നിയമ പ്രശ്‌നങ്ങള്‍ ഒന്‍പത് അംഗ ബെഞ്ച് പരിശോധിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. ദാവൂദി ബോറ വിഭാഗത്തിലെ സ്ത്രീകളുടെ ചേലാ കര്‍മം, പാഴ്‌സി സ്ത്രീകളുടെ ആരാധനാലയ പ്രവേശനം എന്നീ വിഷയങ്ങളും കോടതി പരിശോധിക്കുമെന്ന് ചീഫ് ജസ്റ്റിസ് എസ്‌എ ബോബ്‌ഡെ വ്യക്തമാക്കി. അതേസമയം മുസ്ലിംകളിലെ ബഹുഭാര്യാത്വം ബെഞ്ചിന്റെ പരിഗണനാ വിഷയമല്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.


മതവിശ്വാസവും ഭരണഘടനാ പ്രശ്‌നങ്ങളും ആയി ബന്ധപ്പെട്ട ഏഴു ചോദ്യങ്ങളാണ്, ശബരിമല കേസിലെ പുനപ്പരിശോധനാ ഹര്‍ജികള്‍ പരിഗണിച്ച അഞ്ച് അംഗ ബെഞ്ച് മുന്നോട്ടുവച്ചത്. ഈ ഏഴു ചോദ്യങ്ങള്‍ മാത്രമാണ് ഒന്‍പത് അംഗ ബെഞ്ച് പരിഗണിക്കുകയെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ശബരിമല കേസിലെ പുനപ്പരിശോധനാ ഹര്‍ജികള്‍ ഈ ബെഞ്ച് പരിഗണിക്കില്ല. എന്നാല്‍ മതവിശ്വാസവും ഭരണഘടനാ പ്രശ്‌നങ്ങളും ആയി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ ഉത്തരം കണ്ടെത്തുന്നതോടെ ശബരിമല കേസിലും വ്യക്തത വരുമെന്ന് കോടതി സൂചിപ്പിച്ചു.


ബഹുഭാര്യാത്വം ഈ ബെഞ്ചിന്റെ പരിഗണനയിലുള്ള വിഷയമാണോയെന്ന്, കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആരാഞ്ഞു. നവംബര്‍ 14ന്റെ വിധിയില്‍ ഉള്‍പ്പെട്ട ചോദ്യങ്ങള്‍ മാത്രമാണ് ബെഞ്ച് പരിഗണിക്കുന്നത് എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക